അമേരിക്കൻ രാഷ്ട്രീയം; ആഴത്തിൽ കുഴിക്കുമ്പോൾ :

പണ്ട് ഞാൻ അനിയന്ത്രിതമായ ചില സാഹചര്യങ്ങളിൽ പെട്ട് ആറാം      ക്‌ളാസ്സിൽ  തൃശൂർ മോഡൽ സ്‌കൂളിൽ രണ്ടു മാസം ലേറ്റ് ആയി ചേരുക ഉണ്ടായി . (ആക്ചുവലി , മൂക്കളയും ഒലിപ്പിച്ച് ലൂസ് നിക്കർ വലിച്ചു വലിച്ചു കേറ്റിക്കൊണ്ടിരുന്ന എന്നെ അവിടെ ചേർക്കുക ആയിരുന്നു സുഹൃത്തുക്കളെ . അല്ലാതെ ഞാൻ സ്വയം ….ഏയ് .)

ലേറ്റ് ആയി ചെന്ന ഞാൻ ഏറ്റവും പുറകു ബെഞ്ചിൽ പോയിരിക്കുകയും ‘തൃശൂർ മേട്ടാസ്’ എന്നറിയപ്പെട്ടിരുന്ന ഒരു ഗാങ്ങിന്റെ ഭാഗം ആവേണ്ടി വരികയും ചെയ്തു . പല വേണ്ടാതീനങ്ങൾ കാണിക്കുന്ന ഈ ഗാങിന്റെ പ്രവർത്തന മണ്ഡലങ്ങൾ ഞാൻ പിന്നെ ഒരിക്കൽ പറയാം .

ഒരിക്കൽ , ഞങ്ങൾ ഇന്റെര്വല് സമയത്ത് പുറത്ത് ഇങ്ങനെ ഉലാത്തിക്കൊണ്ടിരിക്കുമ്പോ രണ്ടു അഞ്ചാം ക്‌ളാസുകാർ തമ്മിൽ അടി കൂടുന്നത് കണ്ടു . വളരെ ഡീസന്റും പൊതുജനസമ്മതനും ആയ രമേശും , മഹാ തല്ലിപ്പൊളിയും തല്ലുകൊള്ളിയുമായ തോമാസും തമ്മിലാണ് അടി .

ഇത് കണ്ടതും , ഞങ്ങടെ ഗാങ്ങിന്റെ നേതാവായ ജലീൽ , ചാടി വീണ് രമേശനെ ഉന്തുകയും , തെറി വിളിക്കുകയും ചെയ്ത് , തോറ്റു കൊണ്ടിരുന്ന തോമാസിനെ രക്ഷിച്ചു !!

ഇത് കണ്ട എനിക്ക് കാർമിക് ദോഷം ഉണ്ടായി .

സോറി . ധാർമിക രോഷം . അതാണ് ഉണ്ടായത് . ഞാൻ ചോദിച്ചു .

“നീ എന്തിട്ടിനാ ആ തെണ്ടീടെ സൈഡ് പിടിച്ചേ ?”

അപ്പൊ ജലീൽ , വളരെ ഗൗരവത്തോടെ , ആ സാർവലൗകിക സത്യം , ആ ഭയാനക യാഥാർഥ്യം , ആ പരമ ലളിത ലോക നിയമം ചുരുക്കത്തിൽ സംഗ്രഹിച്ചു പറഞ്ഞു തന്നു :

“ഡാ ഡാവേ. അവൻ തെണ്ടീണ് . പച്ചേ , അവൻ മ്മ്‌ടെ തെണ്ടീണ് .”

എന്തിന് , കോൾഡ് വാർ സമയത്ത് , അമേരിക്കൻ പ്രസിഡണ്ടിന്റെ ആളുകൾ തന്നെ , ലോകത്തെ ചില രാജ്യങ്ങളിലെ പോക്കിരി ഏകാധിപതികളെ പറ്റി പറഞ്ഞിട്ടുണ്ട് –

“He is a Bastard. But – he is OUR Bastard “

നമ്മൾ ഒരു കാര്യം മനസിലാക്കണം . ഭീകര യുക്തി ഭദ്രമായി തീരുമാനങ്ങൾ എടുക്കുന്നു എന്ന് സ്വയം വിചാരിക്കുന്ന നമ്മൾ മിക്കവരും , ആദ്യം വികാരപരമായി തോന്നുന്ന വിധേയത്വങ്ങളെ ന്യായീകരിക്കുക ആണ് മിക്കപ്പോഴും . നമ്മടെ ചിന്തകൾക്ക് മലബന്ധം ഇവ്വിധം ഉണ്ടാക്കുന്ന ഫുഡ് ഐറ്റംസിൽ ഏറ്റവും പ്രധാനപ്പെട്ടവയിൽ  ഒന്നാണ് , സ്വജാതിയോട് , സ്വ വർഗത്തോട് , സ്വ ഗ്രൂപ്പിനോട് തോന്നുന്ന കൂറ് . മനുഷ്യനെ ഉണ്ടാക്കിയിരിക്കുന്നതേ ഈ വയറിങ് ഡിഫക്റ്റോടു കൂടി ആണ് . അതിന്റെ കാരണങ്ങളിലേക്ക് ഞാൻ കടക്കുന്നില്ല .

ഇത്രയും വിരുതന്മാരും , ബുദ്ധിമാന്മാരുമായ അമേരിക്കക്കാർ വലിയ ഒരു വിഭാഗം  , പൊതുവെ സ്ത്രീ വിരുദ്ധനും, ശാസ്ത്ര വിരുദ്ധനും , ഉളുപ്പില്ലാതെ നുണ പറയുന്നവനും , സർവോപരി വകതിരിവ് തീരെ കുറവ് ഉണ്ടെന്നു തോന്നിപ്പിക്കുന്നവനും , ജനാധിപത്യ രീതികളോട് തീരെ ബഹുമാനം ഇല്ലാത്തവനുമായ ആളിനെ ഇത്രയും പിന്തുണക്കുന്നത് എന്ത് കൊണ്ട് ? ഇതാണ് ചോദ്യം .

ഉത്തരം വളരെ ലളിതമാണ് . എന്നാൽ ചരിത്രപരമായ ആഴം ഉള്ളതുമാണ് .

ലോകത്തെ ആദ്യത്തെ ശരിയായ ജനാധിപത്യം എന്നറിയപ്പെടുന്ന അമേരിക്കൻ ഡെമോക്രസി പറയുന്നു :

“ഈ സത്യം – എല്ലാ മനുഷ്യരും തുല്യർ ആയി സൃഷ്ടിക്കപ്പെട്ടതാണ് എന്ന സത്യം – പരമമായ ഒരു സത്യമായി ഞങ്ങൾ കണക്കാക്കുന്നു “

നുണ ! നല്ല സൊയമ്പൻ നയൻ വൺ സിക്സ് നുണ . ചെറിയ ഒരു മാറ്റം വേണം  :

“ഞങ്ങൾ വെളുമ്പൻ ജാതിക്കാർ ഒക്കെ” – എന്ന് തിരുത്തണം!

എന്തൊക്കെ കോപ്രായങ്ങൾ ആണ് ‘അമേരിക്ക കണ്ടു പിടിച്ചേ ‘ എന്നും പറഞ്ഞ് സായിപ്പന്മാർ കാണിച്ചു കൂട്ടിയത് ? പതിനയ്യായിരം കൊല്ലങ്ങൾ ആയി അവിടെ ഉണ്ടായിരുന്ന സംസ്കാരസമ്പന്നർ ആയ ജനതയെ തോക്കും , കുതിരയും , ലോഹ ആയുധങ്ങളുടെയും ആധുനിക ടെക്നൊളജിയുടെയും സഹായത്തോടെ കൊന്നൊടുക്കി ബാക്കി ഉള്ളവരെ നമ്മുടെ ആദിവാസികളെ എന്ന പോലെ ഒരു സൈഡാക്കി . അവരെ കൊണ്ട് അടിമപ്പണി ചെയ്യിച്ചു .

അവർ പെട്ടന്ന് മരിച്ചു പോകുന്നു എന്ന് മനസിലാക്കി , ആഫ്രിക്കയിൽ നിന്ന് പതിനായിരക്കണക്കിന് ആഫ്രിക്കൻ വംശജരെ പിടിച്ചു കൊണ്ട് വന്നു , മൃഗങ്ങളാക്കി , അടിമപ്പണി ചെയ്യിച്ചു . അടിച്ചു , ഇടിച്ചു , പീഡിപ്പിച്ചു . വിശന്ന് ഒരു കഷ്ണം ബ്രെഡ് എടുത്താൽ ചാട്ടക്ക് നാൽപ്പത് അടി . മുറിവിൽ ഉപ്പും മുളകും ചേർത്ത വെള്ളം പിന്നെ തേക്കും കേട്ടോ – കുറ്റം പറയരുതല്ലോ . നിലത്ത് കമത്തി കിടത്തി കെട്ടി വച്ചാണ് അടിക്കുക . ഗർഭിണികളെ അടിക്കുമ്പോ  വയർ വയ്ക്കാൻ നിലത്ത് കുഴി മാന്തി കൊടുക്കും – ഹോ എന്തൊരു കരുതൽ ആണീ വെളുത്ത മനുഷ്യർക്ക് !

മക്കളെയോ , ഭാര്യയെയോ , ഭർത്താവിനെയോ , ചന്തയിൽ   വിൽക്കുമ്പോ , പിന്നെ ഇനി കാണില്ലല്ലോ എന്നോർക്കുമ്പോ ചില കറുത്ത മനുഷ്യർക്ക് കരച്ചിൽ വരും കേട്ടോ . പക്ഷെ അതിനു കിട്ടും അടി ! ഇങ്ങനെ ചിരിച്ചോണ്ടിരിക്കണം . ഇല്ലെങ്കിൽ ഉള്ള വില കിട്ടിയില്ലെങ്കിലോ ?

അങ്ങനെ അധികകാലം ഇല്ല കേട്ടോ . സിംപിൾ ആയി ഒരു ഇരുനൂറ്റന്പത് കൊല്ലം . അത്രേ ഉള്ളു .

അത് കഴിഞ്ഞാണ് അമേരിക്ക രണ്ടു ഭാഗമായി അങ്ങോട്ടും ഇങ്ങോട്ടും അടിച്ചത് . അടിമത്തം അങ്ങനെ തന്നെ നില നിർത്തണം എന്ന് തെക്കന്മാരും , അത് നിർത്തണം എന്ന് അബ്രഹാം ലിങ്കന്റെ നേതൃത്വത്തിൽ വടക്കൻമാരും . പ്ലീസ് നോട്ട് – ലിങ്കൺ ഒരു റിപ്പബ്ലിക്കൻ ആയിരുന്നു – ട്രമ്പിന്റെ പാർട്ടി . അത് കൊണ്ട് തന്നെ , ആ കാലം മുതൽ 1960 കൾ വരെ , തെക്കൻ സ്റ്റേറ്റുകളിൽ ഉള്ള വെളുമ്പൻമാർ ഒക്കെ ഡെമോക്രാറ്റിക്‌ പാർട്ടി സപ്പോർട്ടർമാർ ആയിരുന്നു .

അത് പോട്ടെ. കഷ്ടം എന്താണെന്നു വച്ചാൽ , വടക്കന്മാർ 1865 ൽ യുദ്ധം ജയിച്ചെങ്കിലും , വെളുമ്പൻമാർ തമ്മിലുള്ള ഒരു അനൗദ്യോഗിക കരാർ വഴി കറുത്തവന്മാരെ അടിമകളെ പോലെ തന്നെ, ഏറ്റവും താഴ്ന്ന ജാതിയാക്കി വച്ചു . വേറെ ജോലി ചെയ്യാൻ പറ്റില്ല . സ്വത്ത് കയ്യാളാൻ പറ്റില്ല . വെളുമ്പൻമാരുടെ സ്ഥലങ്ങളിൽ ഒന്നും പ്രവേശിപ്പിക്കാൻ  പാടില്ല . കൊടിയ അപ്പാർതീഡ് ! കുറെ ഉടായിപ്പ് നിയമങ്ങളുണ്ടാക്കി വോട്ട് ചെയ്യാനും സമ്മതിച്ചില്ല . പിന്നെ ഒരു നൂറു കൊല്ലം ആൾക്കൂട്ട കൊലകളുടെ കാലം ആയിരുന്നു . ആയിരക്കണക്കിന് കറുത്ത വർഗക്കാരെ ആണ് പരസ്യമായി ഇങ്ങനെ പേപ്പട്ടിയെ പോലെ കൊന്നിട്ടുള്ളത് .

ഇതിനൊക്കെ ഇച്ചിരി മാറ്റം വരുന്നത് 1960 കളിൽ ആണ് . മാർട്ടിൻ ലൂഥർ കിംഗ് ഒക്കെ നടത്തിയ സമരങ്ങൾ ഓർക്കു . ഡെമോക്രാറ്റ് ആയ പ്രെസിഡന്റ്റ് ലിണ്ടൻ ജോൺസൺ സിവിൽ അധികാരങ്ങൾ 1964 ൽ , കറുത്ത വർഗക്കാർക്ക് കൊടുത്തു .

ഇതേ അറുപതു കളിൽ ആണ് വൻതോതിൽ ലോകത്തെ പല ഭാഗങ്ങളിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറ്റക്കാർ വന്നത് . സൗത്ത് അമേരിക്കയിൽ നിന്ന് വന്ന ലാറ്റിനോകളെ വെളുമ്പൻമാർ സ്വജാതി ആയി അംഗീകരിക്കുന്നില്ല . പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ , ഒരു സെൻസസ് റിപ്പോർട്ടും വന്നു – 2042 ആകുമ്പോഴേക്കും വെളുമ്പൻമാർ അൻപത് ശതമാനത്തിനു താഴെ ആവും ! (ഒരു മാതിരി വെളുത്ത ലാറ്റിനോകളെ കൂട്ടിയിട്ടില്ല കേട്ടോ )

പോരെ പൂരം ! മിക്ക വെളുമ്പൻമാരും തിരിഞ്ഞു . റിപ്പബ്ലിക്കൻ സപ്പോർട്ടർമാർ ആയി . അത് അവരുടെ പാർട്ടി പോലായി . മഹത്തായ വെളുമ്പൻ സംസ്കാരം , പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ , യൂറോപ്യൻ പൈതൃകം , ആര് സംരക്ഷിയ്ക്കും ? ഇത് വരെ ഉണ്ടായിരുന്ന ജാത്യ ഉന്നതി എന്താവും ?

പിന്നെ നോക്കിയാൽ അറിയാം . 1964 കഴിഞ്ഞ് , ആകെ മൂന്നു ഡെമോക്രാറ്റിക്‌ പ്രെസിഡന്റുകളെ ഉണ്ടായിട്ടുള്ളൂ – കാർട്ടർ , ബിൽ ക്ലിന്റൺ , ബാരാക് ഒബാമ . ഇവർക്കാർക്കും വെള്ളക്കാരുടെ ഭൂരിപക്ഷം  വോട്ട് കിട്ടിയിട്ടില്ല !

ഒബാമ 2008 ൽ കയറിയപ്പോ , ജാതി പോയെ , വംശീയത പോയെ എന്നായി ആളുകൾ . എവിടെ ?                     

 2008 ൽ 43 ഉം , 2012 ൽ , 39 ഉം ശതമാനം വെളുമ്പൻമാരേ , ഇത്രയും മിടുക്കനും വാഗ്മിയും കഴിവുള്ളവനുമായ ഒബാമക്ക് വോട്ട് ചെയ്തിട്ടുള്ളു!

പിന്നെ ട്രംപ് വന്നപ്പോ , ചരിത്രത്തിലെ ഏറ്റവും മോശം പ്രെസിഡൻറ്റ് സ്ഥാനാർഥി ആണെന്ന് മിക്കവരും  പറഞ്ഞിട്ടും , ഭൂരിപക്ഷം വെളുത്ത വർഗക്കാർ ആണുങ്ങളും പെണ്ണുങ്ങളും (വെള്ളക്കാരി ഹിലാരിക്ക് ചെയ്യാതെ ) ട്രമ്പിനാണ് വോട്ട് ചെയ്തത് !

അതായത് സഹോ , സഖീസ് – ജാതി , മതം , വർഗം – ഇവക്ക് മീതെ , അമേരിക്ക ആയാലും , പരുന്തും , പട്ടവും പോട്ടെ , എയ്‌റോപ്ലെയ്‌ൻ പോലും പറക്കില്ല .

എങ്കിലും ചെറിയ ഒരു പ്രതീക്ഷയുടെ കിരണം ഉണ്ട് കേട്ടോ – വിദ്യാഭ്യാസം കൂടുന്തോറും ട്രമ്പിനു വോട്ട് ചെയ്യാനുള്ള അദമ്യ വാഞ്ഛ കുറഞ്ഞു വരുന്നതായി പഠനങ്ങൾ കാണിക്കുന്നു .

എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ തീവ്ര കാപിറ്റലിസ്റ്റ് പോളിസി ഏറ്റവും കഷ്ടപ്പെടുത്തുന്ന പാവങ്ങളായ വെളുമ്പൻമാർ ആണ് ട്രമ്പിന്റെ ഏറ്റവും വലിയ ആരാധകർ! എന്നാൽ ശരിക്കും നോക്കിയാൽ വെളുത്ത വർഗക്കാരുടെ സ്ഥിതി മറ്റുള്ള ആളുകളുടെ തള്ളിക്കയറ്റം കൊണ്ട് മോശമായിട്ടുണ്ടോ ? ഇല്ല . പക്ഷെ വേറെ വർഗക്കാരുടെ സ്ഥിതി നന്നായിട്ടുണ്ട് ! ഒബാമ കാലത്തോടെ , ജാതീയ ഉയർച്ചക്ക് കോട്ടം തട്ടുമോ എന്ന ഭയവും !

അപ്പൊ , എകണോമി , പോളിസികൾ ഇവയൊക്കെ കൂലം കഷമായി നോക്കി ആണോ , ഈ ആളുകൾ വോട്ട് ചെയ്യുന്നത് ?

കേര വൃക്ഷ അനവധി ഫല – തേങ്ങാക്കൊല .

ഏറ്റവും പ്രബുദ്ധ ജനങ്ങൾ ഉണ്ട് എന്ന് നമ്മൾ വിചാരിക്കുന്ന അമേരിക്കയിൽ  പോലും ഇപ്പൊ കുറെ ഏറെ ആളുകൾ വിചാരിക്കുന്നത് ഇതാണ് :

“ജനാധിപത്യം വേണോ വെളുമ്പത്വ വേണോ ? വെളുമ്പത്വ പോരേ ?”

നമ്മുടെ ഇവിടെ ഒന്നും അടുത്ത കാലത്തൊന്നും വരാൻ സാദ്ധ്യത ഇല്ലാത്തത്ര ശക്തിയിൽ അവിടെ ലിബറൽ ചിന്താ ധാരകൾ ഉണ്ട് – എന്നിട്ടാണ് ഈ സ്ഥിതി . അത് കൊണ്ട് തന്നെ ട്രമ്പിന് നല്ല രാഷ്ട്രീയ എതിർപ്പ് ഉണ്ട് കേട്ടോ .

അപ്പൊ ഞാൻ പറഞ്ഞു വന്നത് എന്താണ് എന്ന് വച്ചാൽ , ട്രമ്പിന് ഒരൊറ്റ മുദ്രാവാക്യം മതി ശരിക്കും . അതാണ് പണ്ടും പറഞ്ഞത് , ഇപ്പോഴും പറയുന്നത് :

“വെളുമ്പൻസ് ഖത്രെ മേ ഹേ .” (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .