ആന്ഡമാനികൾ – ഒറിജിനൽ ഇന്ത്യൻ സാംസ്കാരികൾ .

പാവം ഒരു അമേരിക്കൻ സായിപ്പ് , തികച്ചും അനാവശ്യവും ചെയ്യാൻ പാടില്ലാതിരുന്നതുമായ ഒരു കാര്യം ചെയ്യുന്നതിനിടെ കൊല്ലപ്പെട്ടത് നമ്മൾ വായിച്ചിരിക്കുമല്ലോ .

പതിനായിരക്കണക്കിന് വർഷങ്ങൾ ആയി ആരെയും ശല്യപ്പെടുത്താതെ സ്വന്തം സ്ഥലത്ത് കഴിഞ്ഞിരുന്ന മനുഷ്യരെ , എന്തൊക്കെയോ പഠിപ്പിച്ച് അവരുടെ ആത്മാവിനെ രക്ഷിക്കാം എന്ന ഡെല്യൂഷൻ അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് തോന്നുന്നു . രണ്ടാം വത്തിക്കാൻ സൂനഹദോസോടെ ഈ സംഭവം വളരെ അപ്രസക്തം ആയത് പുള്ളി മനസ്സിലാക്കിയിട്ടില്ല എന്ന് തോന്നുന്നു .

രണ്ടാം വത്തിക്കാൻ കൗൺസിൽ, അന്നത്തെ പോപ്പ് ജോൺ 23 അമന്റെ നേതൃത്വത്തിൽ, 1962ൽ തീരുമാനിച്ചത് , സ്വന്തം മനഃസാക്ഷിക്കനുസരിച്ച് , നല്ല കാര്യങ്ങൾ ചെയ്ത് ജീവിച്ച ഒരാൾക്ക് , സ്വർഗ്ഗരാജ്യം കിട്ടും എന്നാണു !

അപ്പോൾ 1962 ന് മുൻപ് ജനിച്ച അകത്തോലിക്കർ പാവങ്ങൾ . അവർക്ക് രക്ഷയില്ല എന്ന് തോന്നുന്നു .

എങ്കിലും , യേശുവിനെ പറ്റിയും , സഭയെ പറ്റിയും , മനസ്സിലാക്കിയിട്ടും കൂട്ടത്തിൽ കൂടാത്തവരുടെ കാര്യത്തിൽ ഇപ്പോഴും കൺഫ്യൂഷൻ ഉണ്ട് . അങ്ങനെ ഉള്ളവർ നരകത്തിൽ തന്നെ പോകും എന്ന് ചിലർ പറയുമ്പോൾ , അങ്ങനെ ഒന്നും ഇല്ല എന്ന് മറ്റുള്ള ചിലർ അഭിപ്രായപ്പെടുന്നു . ഇത് സത്യം ആണെങ്കിൽ , അമേരിക്കൻ സായിപ്പ് ചെയ്യാൻ ഉദ്ദേശിച്ചത് ഒരു കോല ച്ചതി ആണ് . ഒന്നും അറിയാതിരുന്നെകിൽ ആദിവാസികൾ കുറെ പേരെങ്കിലും സ്വർഗത്തിൽ എത്തിയേനെ . എല്ലാം പറഞ്ഞിട്ട് ആണ് അവർ അങ്ങേരെ കൊന്നതെങ്കിലോ ? എല്ലാവരും നരകത്തിൽ തന്നെ പോകും .

കൊല്ലപ്പെട്ട ഒരാളെ സത്യമായും ഞാൻ കളിയാക്കിയത് അല്ല . വസ്തുതകൾ പച്ചക്ക് പറഞ്ഞു എന്ന് മാത്രം .

അതവിടെ നിൽക്കട്ടെ . ഈ കഥ കേൾക്കുന്ന നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എന്താണ് എന്ന് വച്ചാൽ . ഈ ആൻഡമാൻ ഗോത്രവർഗ്ഗക്കാരുടെ ഏറ്റവും അടുത്ത ബന്ധുക്കൾ ആണ് , ഇന്ത്യയിലെ ഒറിജിനൽ സംസ്കാരത്തിന്റെ ഉടമകൾ ! എന്റെയും നിങ്ങളുടെയും ഡി ൻ എ എന്ന് പറയുന്ന ജനിതക തന്മാത്രയിൽ ഇതിന്റെ തെളിവുകൾ കിടപ്പുണ്ട് ! നിഷേധിക്കാൻ പറ്റാത്ത , തെളിഞ്ഞു കഴിഞ്ഞ തെളിവുകൾ . ഉച്ചവെയിൽ പോലെ നമ്മൾ ആരാണ് എന്ന് വ്യക്തമാക്കാൻ കെല്പുള്ള പോപ്പുലേഷൻ ജനറ്റിക്സ് എന്ന ശാസ്ത്ര ശാഖാ ഉപയോഗിച്ച് , ഏതൊക്കെ ജനതകൾ ലോകം മൊത്തം , ഏതാണ്ട് എന്ന് , ഏത് രീതിയിൽ പടർന്നു , എന്ന് ഇന്ന് നമുക്കറിയാം .

കുറെ അധികം ആളുകളുടെ ഡി ൻ എ എടുത്ത് പരിശോധിച്ച് തന്നെ വളരെ അധികം വിവരങ്ങൾ കിട്ടി . കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി , മണ്മറഞ്ഞ ആളുകളുടെ തലയോട്ടിയിലെ , ടെംപോറൽ ബോൺ എന്ന അസ്ഥിയിലെ മജ്ജ യിൽ നിന്നും ഡി ന് എ വേർതിരിച്ചെടുക്കുന്ന പരിപാടി ശരിയായതോടെ , എല്ലാം പൂർത്തിയായി .

നമുക്ക് ഇപ്പോൾ ഏകദേശം നന്നായി അറിയാം , നമ്മൾ എങ്ങനെ നമ്മളായെന്ന് .

ഇന്ത്യക്കാർ എങ്ങനെ ഇൻഡ്യാക്കാർ ആയി ?

വളരെ ചുരുക്കി പറയാം . സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കണം . ഉത്തരം നല്കാൻ ശ്രമിക്കാം . എന്റെ പരിമിത വിവരം വച്ച് .

രണ്ടു ലക്ഷം വർഷങ്ങൾ ആയി മനുഷ്യൻ ഉണ്ടായിട്ട് . ഇത് പറയാതെ എനിക്ക് ഒരു ലേഖനവും തുടങ്ങാൻ പറ്റുന്നില്ല . നമുക്ക് ഒരു കാക വീക്ഷണം വേണമല്ലോ – മോളിൽ നിന്ന് .

ഹോമോ റെക്ടസ് – മനുഷ്യൻ തന്നെ . തീ ഉപയോഗിച്ചു . കല്ലിന്റെ ആയുധങ്ങളും . പതിനഞ്ചു ലക്ഷം വർഷങ്ങൾക്ക് മുൻപേ ഉണ്ടായി .

പുരാതന ഹോമോ സാപിയൻ – ആറു ലക്ഷം വര്ഷം മുൻപ് ഉണ്ടായി .

ഹോമോ സാപിയൻ – നമ്മൾ – രണ്ടു ലക്ഷം വര്ഷം മുൻപ് ഉണ്ടായി .

ആഫ്രിക്കയിൽ ആണ് ഉണ്ടായിരുന്നത് . ഹോമോ റക്ട്‌സ് ഏഷ്യ , യൂറോപ് , മൊത്തം പടർന്നിരുന്നു . പിന്നീട് ഇവ നാമാവശേഷം ആയി . നമ്മൾ ഇങ്ങനെ ആഫ്രിക്കയിൽ തന്നെ തെണ്ടി തിരിഞ്ഞു നടക്കുകയായിരുന്നു .

ഒരു അറുപതിനായിരം , എഴുപതിനായിരം കൊല്ലങ്ങൾക്ക് മുൻപ് , ഒരു കൂട്ടം മനുഷ്യർ , അവർ തീരദേശങ്ങളിൽ മീൻ പിടിച്ചു നടന്നവർ ആയിരിക്കാം എന്ന് തോന്നുന്നു – ആഫ്രിക്കയിൽ നിന്ന് തൊട്ടടുത്ത മ്മ്‌ടെ ഗൾഫ് മേഖലയിലേക്ക് കടക്കുന്നു . കടൽത്തീരത്തുകൂടി ഇങ്ങനെ പരക്കുന്നു . തെക്കൻ കടൽത്തീരം . പിന്നെ ഗൾഫ് തീരങ്ങളിലൂടെ , പാകിസ്ഥാൻ , പിന്നെ ഗുജറാത്ത് , അങ്ങനെ ഇന്ത്യയിൽ . പിന്നെയും മോളിലോട്ട് – ബംഗാൾ , ഒറീസ – തീരത്തൂടെ , മലേഷ്യ , ഇൻഡോനേഷ്യ , അങ്ങനെ പോയിപ്പോയി , ദ്വീപുകൾ ചാടി , ചങ്ങാടങ്ങളിലൂടെയും മറ്റും , ഓസ്‌ട്രേലിയയിൽ എത്തുന്നു . നമ്മുടെ ആൻഡമാൻ ഗോത്രങ്ങളിലെ നെഗ്രിറ്റോ ഗ്രൂപ്പുകാർക്ക് , ആസ്ട്രേലിയൻ ആദിവാസികളും ആയി അടുത്ത ബന്ധം ഉണ്ട് !

ഈ ആൻഡമാൻ ട്രൈബലുകൾ ആണ് , ഏറ്റവും കലർപ്പ് കുറഞ്ഞ , ശുദ്ധമായ , ഇന്ത്യൻ ജനത . പത്തമ്പതിനായിരം വർഷമായി അവർ അവിടെ തന്നെ ഉണ്ട് . വേറാരും അവരുടെ മേഖലയിൽ വന്നു മിക്സിങ് നടന്നിട്ടില്ല . (ശുദ്ധം എന്നൊക്ക ചുമ്മാ പറഞ്ഞതാണ് . ഉദാത്തം എന്ന അർത്ഥത്തിൽ അല്ല . കലർപ്പ് കുഴപ്പം ആണെന്നും അല്ല . അത് നല്ലതാണ് . ഇപ്പോഴത്തെ ട്രെൻഡിന് അനുസരിച്ച് പറഞ്ഞെന്നെ ഉള്ളു .)

പിന്നെയും മനുഷ്യർ കൂട്ടങ്ങളായി ആഫ്രിക്കന്ന് പൊറത്തിറങ്ങാൻ തുടങ്ങി . അതെന്താണാവോ ? ഇത്ര നാൾ ഇല്ലാത്ത ഒരു ത്വര ?

അതറിയില്ല . ജനപ്പെരുപ്പം ആയിരിക്കും . മുപ്പതിനായിരം കൊല്ലം ആയപ്പോൾ യൂറോപ്പ് , ഏഷ്യ ഒക്കെ , വേറെ പല ഗ്രൂപ് മനുഷ്യരും കോളനികൾ സ്ഥാപിച്ചു . കുറച്ച് വടക്കോട്ട് പോയവർ അമ്പരന്നു പോയി . അതാ , തണുപ്പുള്ള സ്ഥലങ്ങളിൽ കഴിയാൻ ശീലിച്ച വേറെ ഒരു കൂട്ടം മനുഷ്യർ – നിയാണ്ടർത്താലുകൾ !! പണ്ടത്തെ പുരാതന ഹോമോ സാപിയൻസ് ഇല്ലേ – അവർ കുറച്ചു പേര് പണ്ടേ യൂറോപ്പിൽ എത്തിയിരുന്നു . അവരുടെ പിൻഗാമികൾ ആണ് ! എന്താ കഥ . ഈ കൂട്ടി മുട്ടലിനു ശേഷം , ഒരു പത്തിരുപത്തിനായിരം വർഷങ്ങൾ കഴിഞ്ഞപ്പോൾ , നിയാണ്ടെർത്താലുകൾ – ഡിം – തീർന്നു . അതെങ്ങനെ ?

ആ – അറിഞ്ഞൂടാ . ഒരു കാര്യം മാത്രം അറിയാം . പഴേ നിയാണ്ടർത്താൽ അസ്ഥിയിൽ നിന്നും ഡി ന് എ എടുത്ത് സ്റ്റഡി ചെയ്തിട്ടുണ്ട് . സ്റ്റഡി ക്‌ളാസിൽ മനസ്സിലായത് , ആഫ്രിക്കയുടെ പുറത്തുള്ള – നിങ്ങളും ഞാനും ഉൾപ്പെടെ – ഉള്ള മനുഷ്യരിൽ , 2 ശതമാനം മനുഷ്യ വ്യത്യസ്ഥത നിയാണ്ടര്താല് ഡി ന് എ കാരണം ആണ് . അതായത് , നമ്മളും , നിയാണ്ടർത്തലുകളുമായി മിക്സിങ് നടന്നിട്ടുണ്ട് !

അതെന്തെങ്കിലും ആവട്ടെ .

പിന്നെ ഇന്ത്യയിൽ എന്ത് സംഭവിച്ചു ? രണ്ടു വളരെ പ്രധാനപ്പെട്ട മനുഷ്യഗ്രൂപ്പുകൾ , ഇന്ത്യയിലേക്ക് , വലിയ തോതിൽ പ്രവഹിച്ചു – ഒന്ന് ഒമ്പതിനായിരം കൊല്ലം മുൻപും , വേറൊന്നു , ഏതാണ്ട് അയ്യായിരം കൊല്ലം മുൻപും . പിന്നത്തെ കഥ ലിങ്കിൽ ഉണ്ട് . പഴേ ഒരു ബ്ലോഗ് പോസ്റ്റ് .

(ആദ്യത്തെ ഫോട്ടോ , ആൻഡമാൻ ആദിവാസികൾ . രണ്ടാമത്തേത് , ട്രൂഗാനിനി എന്ന ആസ്ട്രേലിയൻ ആദിവാസി .)

(ജിമ്മി മാത്യു )

 

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .