ആരാണ് തോയ്‌ലാളീ ? ആരാണ് മൊയ്‌ലാളി ?

അതായത്, പി വി സ് ആശുപത്രി പൂട്ടാൻ പോകുന്നു എന്നറിയുന്നു . ഒരു കൊല്ലമായി ആർക്കും ശമ്പളം കിട്ടിയിട്ടില്ല . ഇപ്പൊ കിട്ടും എന്ന് കരുതി കാത്ത് നിന്നവരും കുറവല്ല . ബാങ്കിന്റെ ലോൺ ഒക്കെ അടക്കേണ്ടവർ അടക്കം ഒത്തിരി പേർക്ക് ജോലി പോയിരിക്കും . കഷ്ടം തന്നെ . ജെറ്റ് ഐർവേസിന്റെ കാര്യവും ഏകദേശം ഇത് പോലൊക്കെ തന്നെ .

റോബർട്ട് കിയോസാകി എഴുതിയ – ‘അടിപൊളി അപ്പനും , ചൊറി കുത്തി അപ്പനും ‘ എന്ന് പരിഭാഷ വേണേൽ ചെയ്യാവുന്ന , ‘റിച്ച് ഡാഡ് , പുവർ ഡാഡ്’ എന്ന ഒരു പുസ്തകവും , അത് വൻ വില്പനവിജയം ആയതോടു കൂടി , അയാളുടെ കുറച്ചധികം തുടർ പുസ്തകങ്ങളും മുപ്പത് വയസ്സ് കഴിഞ്ഞു വായിച്ച ഞാൻ അന്തം വിട്ട് ഒരമ്പത് പൈസാ വിഴുങ്ങിയ പോലെ ഇരുന്നു പോയി .

അത് വരെ , എല്ലാ പിള്ളാരെയും പോലെ , “നീ പഠിച്ചു പഠിച്ചു ഇങ്ങനെ നടന്നാ മതി . വേറെ ഒന്നും അറിയണ്ട . എന്നിട്ട് വലിയ ഒരു ജോലി മേടിക്കുക . അപ്പൊ ഭാവി അടിപൊളി ആകും .”- ഈ സ്റ്റൈൽ ഉപദേശം കേട്ട് ആണ് വളർന്നത് . കൂടുതലും അമ്മമാർ ആണല്ലോ ഇതൊക്കെ ഉപദേശിക്കുന്നത് . അപ്പൊ മിണ്ടാതിരുന്ന അപ്പൻ , പിന്നീട് , പത്തിരുപത് വയസ്സായപ്പോ പറഞ്ഞു തന്നായിരുന്നു – “കാശും പ്രധാനം തന്നെ . അതില്ലായിരുന്നെ നീ ഒക്കെ മൂക്ക് കൊണ്ട് ക്ഷ , ട്ട , ണ്ണ വരച്ചേനെ “. അങ്ങനെ ഒന്നും പറഞ്ഞില്ല കേട്ടോ . ആദ്യത്തെ – കാശ് പ്രധാനം ആണെന്ന് – മാത്രമേ പറഞ്ഞുള്ളു . പക്ഷെ അത് വരെ പഠിക്കാതിരുന്ന കുറെ കാര്യങ്ങൾ കിയോസാകി എന്ന നല്ല കഴുത്തറപ്പൻ മൊയ്‌ലാളീന്റെ ബുക്ക് വായ്ച്ചപ്പോ ആണ് ഞമ്മക്ക് മനസ്സിലായത് .

അത് കൊണ്ട് ഗുണം ഉണ്ടായോ എന്ന് ചോദിച്ചാൽ – അമിത പ്രതീക്ഷകൾ കുറഞ്ഞു കിട്ടി എന്നതാണ് ഏറ്റവും വലിയ ഗുണം . പ്രതീക്ഷകൾ ആണല്ലോ ദുഖങ്ങൾക്ക് കാരണം ? അങ്ങനാണ് ബുദ്ധൻ പറഞ്ഞിരിക്കുന്നത് .

അതിനു മുൻപ് -ഒരിച്ചിരി എം ബി ബി സ് , അല്ലെങ്കി ബി ടെക് . പിന്നിച്ചിരി എം സ് , എം ഡി , എം ടെക്ക് ഒക്കെ വേണെങ്കി ലേശം . സ്വല്പം ജോലിക്ക് കയറി പണി . പിന്നെ ലക്ഷങ്ങൾ ഒഴുകുക അല്ലെ …..എന്ന ലൈൻ ആയിരുന്നു . ബുക്ക് വായിച്ച കൊണ്ട് മാത്രം അല്ല കേട്ടോ . ജീവിച്ചും കണ്ടും പഠിച്ചതിൽ നിന്നും ഒക്കെ ചില കാര്യങ്ങൾ മനസിലാക്കി . വളരെ സിംപിളും ഹമ്പിളും ആയി , തനി മൂരാച്ചി ആയ കിയോസാക്കി പറഞ്ഞ ചില മൊഴിമുത്തുകൾ ഞാൻ നിങ്ങൾക്ക് മുന്നിൽ വിളമ്പുകയാണ് , വച്ച് തരികയാണ് , കാട്ടുകയാണ് . വേണേൽ എടുത്തോ . ഗുണം ഉണ്ടാവുമോ എന്നെനിക്കറിയില്ല . എല്ലാരും മുതു മൂരാച്ചികൾ അല്ലല്ലോ .

നിങ്ങൾ എം ബി ബി സ് എടുത്തു എന്നിരിക്കട്ടെ . അപ്പൊ നിങ്ങൾ എന്ത് പഠിച്ചു ?

രോഗികളെ ചികിൽസിക്കാൻ . ഓക്കേ .

നിങ്ങൾ കമ്പ്യൂട്ടർ പ്രോഗ്രാമിങ് പഠിച്ചു എന്ന് വയ്ക്കുക . അപ്പൊ നിങ്ങൾക്ക് എന്തറിയാം ?

പ്രോഗ്രാമിങ് അറിയാം . (അത് എന്താണെന്നു ചോദിക്കരുത് . എന്തരോ വലിയ കുന്തം ആണ് . ഇപ്പഴത്തെ ഓരോരോ ഫാഷനെ .)

എന്നാൽ ചിലർ സ്വയമോ , പാരമ്പര്യമോ ആയി കാശുണ്ടാക്കാൻ പഠിച്ചവർ ആയിരിക്കും . അവർ എന്ത് ചെയ്യും ?

കാശുണ്ടാക്കും . അല്ലെങ്കിൽ വലിയ റിസ്ക് എടുത്ത് കാശുണ്ടാക്കാൻ ഉള്ള സ്ഥാപനങ്ങൾ കെട്ടി പൊക്കും . വ്യവസ്ഥിതികൾ സ്ഥാപിക്കും . കുറ്റം പറയാൻ പറ്റില്ല . സർക്കാരിന്റെ മിക്കവാറും നികുതി സ്രോതസ്സും ഇവ ആയിരിക്കും . കിമ്പളവും എല്ലാം . റിസ്ക് ഉണ്ട് . പൊട്ടിയാൽ പൊട്ടി . കളി പഠിച്ച പലർക്കും നിൽക്കാനും അറിയാം എന്ന് കൂട്ടിക്കോ .

അതേ – വ്യവസ്ഥിതി തുലയട്ടെ . ജിമ്മിച്ചൻ നീതി പാലിക്കുക . പോടാ പുല്ലേ ജിമ്മിച്ചാ , നിന്നെ പിന്നെ കണ്ടോളാം – ഇതല്ലേ നിങ്ങടെ ഒക്കെ മനസ്സിൽ ?

സീ – ഈ സംഭവം ഒന്നും ഞാൻ ഉണ്ടാക്കിയതല്ല . ബദൽ വ്യവസ്ഥിതികൾ ഉണ്ടാക്കാൻ ഇറങ്ങിയ താടിക്കാർ തുടങ്ങിയ രാജ്യങ്ങൾ ഒക്കെ കുത്തു പാള എടുത്തു , അല്ലെങ്കിൽ മുതലാളിത്ത സമ്പത് വ്യവസ്ഥിതിയിലേക്ക് തിരിച്ചു പോയി . ഈ കാപിറ്റലിസത്തിനും ഒത്തിരി പ്രശ്നങ്ങൾ ഉണ്ട് .

പക്ഷെ സത്യം എന്തെന്നാൽ – ഇതൊന്നും നമ്മ നോക്കിയാ കൂടുന്ന കേസൊന്നും അല്ല . ഈ കടലിന്റെ മുൻപിൽ പകച്ചു നിൽക്കുന്ന ഒരു കുട്ടിയാണ് , ഞാനും —ഒരു പക്ഷെ നിങ്ങളും .

അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ , കാശ് ഉണ്ടാക്കാൻ ശരിക്കും അറിയുന്നവർ , രോഗികളെ ചികിൽസിക്കാൻ അറിയുന്നവരെയും , കെട്ടിടം ഉണ്ടാക്കാനും , ചിത്രം വരക്കാനും , ബ്ലോഗിങ്ങ് – സോറി പ്രോഗ്ഗ്രാമിങ് – അറിയാവുന്നവരെയും ഒക്കെ ജോലിക്ക് വച്ച് അവരെ ഉപയോഗിച്ച് കാശ് ഉണ്ടാക്കും . അതിന്റെ ഒരു ചെറിയ പങ്ക് , അവർക്ക് കൊടുക്കും . ഈ ജോലി ചെയ്യുന്നവർ ആണ് തോയ്‌ലാളി .

എന്തോരും പങ്ക് കൊടുക്കും ?

എത്ര ചെറുത് കൊടുക്കാമോ അത്രേം കൊടുക്കും . നല്ല ഒരു കാർഡിയോളജിസ്റ്റ് ന് മാസം രണ്ടു ലക്ഷം കൊടുക്കണമെങ്കിൽ കൊടുക്കും . പക്ഷെ നാളെ – കാർഡിയോളജിസ്റ്റുകൾ ഒത്തിരി ആയി . പതിനായിരം രൂപക്ക് ഒരാളെ കിട്ടും എന്ന ഒരു സ്ഥിതി ആയി എന്ന് വയ്ക്കുക . അപ്പൊ – അയ്യോ പാവം . ഇത്രേം കഷ്ടപ്പെട്ട് ഇത്രേം നാൾ പരിശീലനം കഴിഞ്ഞ ആളല്ലേ , നമുക്ക് ഒരു ലക്ഷം കൊടുത്തേക്കാം എന്ന് ഒരു മൊയലാളി വിചാരിക്കുമോ ?

ഇല്ല ! ബാക്കി എല്ലാ മൊയലാളിമാരും പതിനായിരം അല്ലെ , കൊടുക്കുന്നുള്ളു ? അപ്പൊ ഇങ്ങേർ ഒരു ലക്ഷം കൊടുത്താൽ , അങ്ങേരുടെ ബിസിനെസ്സ് പൊളിയും!

സർക്കാർ മിനിമം വേതനം വയ്ക്കും എന്ന് വേണേൽ വെള്ളം ഇറക്കാം . വലിയ കാര്യം ഒന്നുമില്ല .

എന്നാൽ ഇതിനെ അതിജീവിക്കാൻ ഒരേ ഒരു വഴിയേ ഉള്ളു – യൂണിയൻ ! യൂണിയൻ ഉണ്ടാക്കുക .

സമരം, യൂണിയൻ , മൊയലാളിമാർ , സർക്കാർ – ഇങ്ങനെ വടം വലി തുടർന്നൊണ്ടെ ഇരിക്കും . കാര്യങ്ങൾ അഞ്ജലിക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലെ ? സിംപിൾ ആണ് കാര്യങ്ങൾ .

അപ്പൊ അപ്പോളോ എന്ന ബ്രാൻഡ് ഉണ്ടെന്നു വയ്ക്കുക . അപ്പോളോ ആശുപത്രിയിലേക്ക് ആളുകൾ പേര് കേട്ട് തന്നെ ഇടിച്ചു കേറും . അവർക്ക് ആരെയും കൂസണ്ട .

എന്നാൽ അവർ പോലും ചില , ഒത്തിരി രോഗികൾ തേടി വരുന്ന കാർഡിയോളജിസ്റ്റുകൾക്ക് ഒത്തിരി പണം കൊടുക്കാൻ തയാർ ആവും . അതെന്താ ?

ആ ഡോക്ടർ സ്വന്തം പേര് ഒരു ബ്രാൻഡ് ആക്കി എടുത്തിരിക്കുന്നു എന്നർത്ഥം . അതായത് അങ്ങനത്തെ ഒരു ഡോക്ടർ വെറും തോയ്‌ലാളി അല്ല ! സ്വയം തൊഴിൽ നോക്കുന്നവന് കൂടി ആണ് .

അപ്പൊ നാല് തരം ആളുകൾ ഉണ്ടെന്നു കിയോസാകി പറയുന്നു :

ഒന്ന് – വെറും തോയ്‌ലാളി . ഇയാൾ കമ്പനിയുടെ അടിമ ആണ് . പണി കുറച്ച് മാക്സിമം കാശ് വാങ്ങാൻ അയാൾ നോക്കുമ്പോൾ , അയാളെ കൊണ്ട് എത്രയും കൂടുതൽ പണി ചെയ്യിച്ച് , ഏറ്റവും കുറവ് ശമ്പളം കൊടുക്കാൻ മൊയലാളി നോക്കുന്നു . യൂണിയൻ ഇല്ലെങ്കിൽ ഇയാൾ വെറും പിച്ച ആണ് . ടാക്‌സും കൊടുത്ത് മുടിയും .

രണ്ട് – സ്വയം തോയ്‌ലാളി – ചെറു ക്ലിനിക് , ആശുപത്രി നടത്തുന്ന ,അല്ലെങ്കിൽ ബ്രാൻഡാകാൻ മാത്രം പേരുള്ള ഡോക്ടർമാർ , സ്വന്തം ഓഫീസ് നടത്തുന്ന ചാർട്ടേർഡ് അക്കൗണ്ടന്റുകൾ , വക്കേലന്മാർ , ക്ലിനിക് ഉള്ള ഡെന്റിസ്റ്റുകൾ , കണ്സള്ട്ടന്റുകൾ , ട്യൂഷൻ ടീച്ചർമാർ , ചെറു കടകൾ നടത്തുന്ന കച്ചവടക്കാർ , ചെറു കൃഷിക്കാർ . ഇവർ കൂടുതൽ പണി എടുത്താൽ കാശ് കൂടുതൽ ഉണ്ടാക്കും . അതോണ്ടെന്താ – രാവും പകലും ജോലി ചെയ്യുന്ന ഇക്കൂട്ടർ എപ്പോഴും പണിയോട് പണി ആയിരിക്കും . കമ്മീഷൻ വ്യവസ്ഥയിൽ ജോലി ചെയ്യുന്നവരും ഇതിൽ വരും .

മൂന്ന് – ബിസിനസ് മൊയലാളി : വലിയ ബിസിനസ് മൊതലാളി . ഇതിന്റെ കൃത്യം നിർവചനം മൂരാച്ചി കിയോസാക്കി കൊടുക്കുന്നുണ്ട് . ആറ് മാസം പാരീസിലോ സഹാറൻ മരുഭൂമിയിലോ , ആമസോൺ വനന്തരങ്ങളിലോ വെകേഷൻ പോയാലും , വല്ലപ്പോഴും ഫോണിൽ കൂടി എല്ലാം നോക്കാം . ലാഭത്തിനു ഒരു കുറവും വരികയില്ല . അംബാനി , ഒക്കെ ഉദാഹരണങ്ങൾ ആവാം . അത്രേം ഒന്നും വളരണം എന്നുമില്ല .

നാല് – ഇൻവെസ്റ്റർ മൊയലാളിമാർ – ഇവർക്ക് ഒന്നും ചെയ്യണ്ട . കാശിട്ടു കളിച്ച് കാശ് ഉണ്ടാക്കുന്നവർ . ഓട്ടോമാറ്റിക് ആയി കാശ് ഉണ്ടായിക്കോളും .

വളരെ രസകരമായ ഒരു നിർവചനം വേറൊരു കാര്യത്തിന് കിയോസാക്കി തരുന്നുണ്ട് .

നിങ്ങൾക്ക് ആകെ എത്ര ആസ്തി ഉണ്ട് ?

അപ്പൊ നമ്മൾ ബാങ്ക് അകൗണ്ടും , വീടിന്റെ വിലയും , ഇട്ട ജെട്ടിയുടെ കാശും ഒക്കെ ഇട്ട് കൂട്ടും . ശമ്പളോം നോക്കി എന്നിരിക്കും .അതിലൊന്നും കാര്യം ഇല്ലത്രെ .

ഒരുത്തന്റെ ആസ്തി = സമയം .

ഇന്ന് ജോലി ചെയ്യുന്നത് നിർത്തിയാൽ , ജീവിതത്തിനു ഒരു മാറ്റവും വരാതെ എത്ര നാൾ ഓടിക്കാൻ പറ്റും ?

അതാണ് ഇങ്ങടെ ആസ്തി .

പിറ്റേ ആഴ്ച തന്നെ വീട് ജപ്തി ചെയ്യാൻ ആൾ വന്നാലോ ?

യുവർ ആസ്തി ഈസ് ഈക്വൽ റ്റു = സീറോ .

എന്നാൽ നമ്മുടെ ആകെ ചിലവ് പതിനായിരം രൂപയെ ഉള്ളു എന്നിരിക്കട്ടെ . നമുക്കുള്ള വീട് കൂടാതെ , പതിനയ്യായിരം രൂപ വാടക കിട്ടുന്ന ഒരു വീട് ഉണ്ടെന്നിരിക്കട്ടെ –

കൺഗ്രാച്ലഷൻസ് ! യൂ ആർ വെരി റിച്ച് .

വളരെ സിമ്പിൾ ആണ് കാര്യങ്ങൾ . പക്ഷെ പവർഫുൾ ആയ ഈ കാര്യങ്ങൾ കേട്ട് ഞാൻ വിഷാദത്തിൽ ആണ്ടു പോയി . എന്തൊരു ലോകത്തിൽ ആണ് നമ്മൾ ജീവിക്കുന്നത് . നമ്മൾ നമ്മുടെ പിള്ളേരെ പഠിപ്പിക്കുന്നത് എന്ത് , കാര്യങ്ങളുടെ കിടപ്പ് എവടെ ?

എന്തരോ എന്തോ. അഭിപ്രായങ്ങൾ കമന്റിൽ . നിർദേശങ്ങളും . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .