അന്നാമ്മ ചേടത്തി വെറും അന്നാമ്മയും , പത്രോസ് ചേട്ടൻ വെറും പത്രോസും ആയ ഒരു കാലം ഉണ്ടായിരുന്നു . അവരടെ കല്യാണത്തിന് മുൻപ്.
പത്രോസ് ചേട്ടൻ നാട്ടിലെ മിക്ക ചെറുപ്പക്കാരും ചെയ്യുന്ന പോലെ കുറെ കള്ളൂ കുടിച്ചു , കുറെ ചീട്ടു കളിച്ചു . അല്ല . മിക്കവരെയും തോപ്പിക്കുന്ന പെർഫോമൻസ് ആയിരുന്നു പുള്ളിയുടെ . താപ്പ് കിട്ടിയാൽ വീട്ടീന്ന് കാശ് കട്ട് വല്ല പെണ്ണുങ്ങക്കും കൊണ്ട് കൊടുക്കും – ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ . അത്രേ ഉള്ളു .
വീട്ടുകാർ ഒരു തീരുമാനത്തിലെത്തി . എത്രയും പെട്ടന്ന് കല്യാണം കഴിപ്പിക്കണം ! സർവ ദു സ്വഭാവ സംഹാരി !
ആഹാ , ആഹഹാ – എല്ലാരും കയ്യടിച്ചു പാസാക്കി . കുടുംബത്തീന്നു കയ്യൊഴിയാൻ പറ്റിയ ഒരു വഴി ആണല്ലോ അത് . ഇനി നീ ആയി , നിന്റെ പാടായി .
അന്നാമ്മക്ക് ആണ് നറുക്കു വീണത് . അന്നാമ്മക്ക് ചെറു പ്രായത്തിൽ തന്നെ ധാരാളം കാമുകന്മാർ ഉണ്ടായിരുന്നു . അതിന് ഫേമസ് ആയിരുന്നു പുള്ളി .
പിന്നെ താപ്പ് കിട്ടിയാൽ ഇളയതുങ്ങൾക്കിട്ട് വീക്കും . അതുങ്ങളെ ഒന്നിനേം ഒത്തു കിട്ടീല്ലെങ്കിൽ പൂച്ചയെ മടലെടുത്ത് ചാമ്പും . അല്ലെങ്കിൽ ഇഷ്ടിക എടുത്ത് പട്ടിയെ എറിയും . എന്തെങ്കിലും ഒരു എന്റർടൈൻമെന്റ് വേണ്ടേ .
അന്നാമ്മയുടെ തങ്കമാന സ്വഭാവം കാരണം വീട്ടുകാർ പുളകിതരായി . ഛെ , അതല്ല . പൊരുതി …..ഹോ . പണി ആയല്ലോ .
പൊറുതി . ങ്ങാ അത് തന്നെ . അത് മുട്ടി . പൊറുതി മുട്ടി .
ഇതിനൊക്കെ മരുന്ന് ഉണ്ടല്ലോ – കല്യാണം ! അയ്നല്ലേ , മ്മ്‌ടെ പത്രോസ് ! ചുള്ളൻ ചെക്കനാ . ഇച്ചിരി ഗഡുവാ ഗഡി . സാരല്യ . ഒക്കെ ശര്യായിക്കോളും . കല്യാണം കഴിയുമ്പോ ….
അന്നാമ്മ വരും , എല്ലാം ശരിയാവും . എന്ന് പത്രോസിന്റെ വീട്ടുകാർ .
പത്രോസ് വരും , എല്ലാം ശരിയാവും . എന്ന് അന്നമ്മയുടെ വീട്ടുകാർ .
കല്യാണം കഴിഞ്ഞു കുറെ നാൾ ആയി . പത്രോസ് മിക്കപ്പോഴും അടിച്ചു ഫിറ്റായി ചില ഗെഡികളുടെ കൂടെ കറങ്ങും . വല്ലപ്പോഴും ജോലിക്ക് പോവും . ഇടക്ക് വീട്ടിൽ വരുമ്പോ അന്നാമ്മ പച്ച തെറി വിളിക്കും . പത്രോസ് അന്നാമ്മയുടെ ചെപ്പക്ക് അടിക്കും . അന്നാമ്മ റെഡി ആക്കി വെച്ചിരിക്കുന്ന മുളക് വെള്ളം പത്രോസിന്റെ മോന്തക്ക് ഒഴിക്കും .
ഇങ്ങനെ സ്വസ്ഥവും സമാധാനവുമായി പത്തിരുപത് വര്ഷം കടന്നു പോയി . രണ്ടു മൂന്നു പിള്ളേർ ഒക്കെ എങ്ങനെയോ ഉണ്ടായി വളർന്നു വന്നു .
കുറെ വർഷങ്ങൾ ആവുമ്പൊ പല ചീള് സംഭവങ്ങളും ഉണ്ടാവുമല്ലോ . അത് ഇവിടെയും ഉണ്ടായിട്ടുണ്ട് – ഇല്ലെന്നില്ല . ഒരിക്കൽ എന്തോ താത്വിക വിശകലനത്തിന്റെ ഇടയിൽ സ്വല്പം അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോ പത്രോസ് ചേട്ടൻ അന്നാമ്മ ചേടത്തിയുടെ അപ്പനെ വിറക് കൊള്ളി എടുത്ത് സമാധാനപരമായി ഒന്ന് വീക്കി . അങ്ങേരുടെ ക്ലാവിക്കിൾ എന്ന എല്ലു പൊട്ടി ആശുപത്രിയിൽ ആയി .
അതിനു പകരം സ്വസ്ഥതയോടെ ഇച്ചിരെ വിം സാമ്പാറിൽ കലക്കി അന്നാമ്മ ചേടത്തി പത്രോസ് ചേട്ടന് കൊടുത്തു . പുള്ളി രണ്ടു ദിവസം സമാധാനപരമായി തുടർച്ചയായി നിരന്തരം വെളിക്കിരുന്ന് പക വീട്ടി .
ഇടക്ക് അന്നാമ്മ ചേടത്തി പത്രോസ് ചേട്ടന്റെ അമ്മയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ചു . സ്വാഭാവികം. ഈ മുളക് വെള്ളം ആണല്ലോ സാറേ , അന്നാമ്മയുടെ ഒരു മെയിൻ . പത്രോസ് ചേട്ടൻ അന്നമ്മയുടെ കൈ തിരിച്ച് ഒടിച്ചു .
ഇങ്ങനെ പല സംഭവങ്ങളും ചരിത്രത്തിൽ ഉണ്ട് . എല്ലാം വിശദമായി എഴുതാൻ ചരിത്രകാരന് സമയമില്ല . വേറെ പണിയുണ്ട് അതാ . ഡോണ്ട് മിസാൻഡേർസ്റ്റാൻഡ് , ഓക്കേ ?
പത്രോസ് ചേട്ടൻ ഇങ്ങനെ കള്ളു കുടിച്ച് , പെണ്ണ് പിടിച്ചു നടക്കുന്നത് അറിഞ്ഞ് അന്നമ്മയുടെ പഴേ കാമുകന്മാർ ഇടക്ക് വരും . ചുമ്മാ സമാധാനിപ്പിക്കാൻ . ആ സമാധാനം ഒക്കെ ചേടത്തി സ്വീകരിക്കും . അതിനിപ്പം സത്യമായിട്ടും ആർക്കും കുറ്റം പറയാൻ പറ്റൂല്ല .
എന്തിന് , ഈ കഴിഞ്ഞ ആഴ്ച അല്ലെ , അടുത്ത കവലയിലെ ഏതോ സ്ത്രീ – “കാശ് താടാ പട്ടീ ” ന്നും പറഞ്ഞ് പത്രോസ് ചേട്ടനെ തിരക്കി വീട്ടി വന്നത് ?
ഒരു ദിവസം കഴിഞ്ഞ് പഴേ ഒരു കക്ഷി വന്നപ്പോ പുള്ളീടെ കൂടെ അന്നാമ്മ ചേടത്തി ഒറ്റ പോക്ക് പോയി . രണ്ടു ദിവസം കഴിഞ്ഞു തിരിച്ചു വന്നു കേട്ടോ .
അതിന്റെ കലിപ്പ് തീരാൻ മിനിയാന്ന് ….
ങ്ങാ . ക്ളൈമാക്സ് ആവാറായി കേട്ടോ . മിനിയാന്ന് ആണ് പത്രത്തിൽ വന്ന സംഭവം നടക്കുന്നത് .
സംഭവങ്ങൾ എല്ലാം വളരെ പെട്ടന്നാണ് , കേട്ടാ . കാരണങ്ങൾ വളരെ സിമ്പിളും . വർഗീയ ലഹള പെട്ടന്ന് പൊട്ടി പുറപ്പെടുന്നു . സിമ്പിൾ ആണ് കാര്യങ്ങൾ . ലവർ ശരിയല്ല . അല്ലേൽ മറ്റവർ പോക്കാണ് .
എകണോമി കൂപ്പ് കുത്തുന്നു . യുദ്ധം വരുന്നു . കൃഷിക്കാർ മൂഞ്ചുന്നു . സർക്കാരുകൾ വീഴുന്നു . പാലം പൊട്ടി ഒലിക്കുന്നു . എല്ലാം വളരെ പെട്ടെന്നാണ് . കാരണങ്ങൾ വളരെ സിമ്പിളും .
ഛെ . ബാക്ക് റ്റു ദി പോയിണ്ട് . ഈ ചരിത്രകാരൻ ആള് ശരിയല്ല .
മിനിയാന്ന് , പത്രോസ് ചേട്ടൻ അന്നാമ്മ ചേടത്തിയെ അച്ചാലും മുച്ചാലും വീക്കുന്നു . എന്താ ഈ അച്ചാൽ ന്നു വച്ചാൽ ? മുച്ചാലോ ? എനിക്കറിഞ്ഞൂടാ . ആകെ അറിയാവുന്നത് , അന്നാമ്മ ചേടത്തിയുടെ തല പൊട്ടി , ചോര വന്നു . ചെറുതായി ഒന്ന് ബോധം കെട്ടു . അര മണിക്കൂർ കിടന്നു . പിന്നെ പതിയെ എണീറ്റു .
അപ്പോഴേക്കും കവലയിലെ ഷാപ്പിൽ പോയി രണ്ടു കുപ്പി കുടിച്ചിട്ട് പത്രോസ് ചേട്ടൻ തിരിച്ചു വന്നു . ഉമ്മറത്ത് ചാര് കസേരയിൽ ഇരുന്നു . അകത്തേക്ക് നോക്കി ഒറ്റ അലർച്ചയാണ് . നാട്ടുകാർ ചിലർ ഒക്കെ മുറ്റത്ത് ഉണ്ട് .
“എടീ , പരട്ട നാറീ , പെഴ കെട്ടവളേ . തന്തയില്ലാത്ത ഡാഷ് മോളേ . ഒരു ചായ എടുത്തോണ്ട് വാടീ ഇവിടെ ”
അടുക്കളയിൽ നിന്നും അന്നാമ്മ തേങ്ങാ പൊതിക്കുന്ന വെട്ടുകത്തി എടുത്തു കൊണ്ട് വന്ന് , സർവ ശക്തിയും സംഭരിച്ച് ഒരൊറ്റ വെട്ടാണ് . പത്രോസ് ചേട്ടന്റ്റെ കഴുത്തിന് .
വെട്ട് കഴുത്തിന് തന്നെ കൊള്ളുകയും , കരോട്ടിഡ് ആർട്ടറി എന്ന മസ്തിഷ്കത്തിലേക്ക് രക്തം എത്തിക്കുന്ന …
ഇതാണ് പ്രശ്നം. അനാവശ്യമായ കാര്യങ്ങൾ നീട്ടി പരത്തി എഴുതുന്ന ചില ചരിത്രകാരന്മാരെ കൊണ്ട് തോറ്റു . ഊളകൾ . അരിങ്ങോടന്മാർ . ഛെ – മരങ്ങോടന്മാർ .
സിമ്പിൾ ആയിട്ട് പറഞ്ഞാൽ , പത്രോസ് ചേട്ടൻറ്റെ കാറ്റ് അങ്ങോട്ട് പോയി . അത്രേ ഉള്ളു . വല്യ ഡെക്കറേഷൻ ഒന്നും വേണ്ട .
പിറ്റേ ദിവസത്തെ പത്രത്തിൽ ആണ് സിമ്പിൾ ആയ , എല്ലാര്ക്കും ഒറ്റയടിക്ക് കാര്യങ്ങൾ മനസിലാകുന്ന ആ തലക്കെട്ട് കാപ്സിക്കം വലിപ്പത്തിൽ വന്നത് :
” ചായ ചോദിച്ചതിന് , ഭർത്താവിനെ ഭാര്യ വെട്ടിക്കൊന്നു !”
ഈ വാർത്ത വായിച്ച് സകലമാന ജനങ്ങളും ആബാലവൃദ്ധം , മൂക്കത്ത് വിരൽ വച്ചു .
“ശോ . എന്തൊരു ലോകമാണല്ലേ ? എങ്ങോട്ടാണ് ഈ ലോകത്തിന്റെ പോക്ക് ? “
(ജിമ്മി മാത്യു )