ഒരു ഡ്രെസ്സും ഇടാതെ ഓപ്പറേഷൻ തീയേറ്ററിൽ കയറണോ?

ഓപ്പറേഷൻ തീയേറ്ററിൽ ഹിജാബ് ഇടണം തുടങ്ങിയ വിവാദങ്ങൾ കേട്ടപ്പോ തന്നെ പലരെയും പോലെ എനിക്കും തോന്നി:

ഇവർക്ക് ഇത് എന്തിന്റെ കേടാണ്?

ഒരു എല്ലാരും ഉള്ള സമൂഹത്തിൽ ഇങ്ങനെ സൂപ്പർമാൻ അണ്ടർവെയർ ഇട്ട പോലെ മതവും പൊക്കിപ്പിടിച്ച് നടക്കണോ?

ഇത് മനഃപൂർവം വിവാദം ഉണ്ടാക്കാനായി അങ്ങോട്ട് വിളിച്ച ഫോണല്ലേ?

ഈ സാമാനം ലീക് ആക്കിയത് കത്ത് കൊടുത്തവരുടെ പിന്നിലുള്ള ആൾക്കാർ തന്നെ ആവില്ലേ?

ഈ ചോദ്യങ്ങൾ ഒക്കെ കാമ്പുള്ളതാണ്. പക്ഷേ ഇതൊന്നും ശാസ്ത്രീയ ചോദ്യങ്ങൾ അല്ല!!

പണ്ടേ ഇതിനെപ്പറ്റി തെളിവുകൾ നോക്കിയ ആളെന്ന നിലയിൽ ഒന്നൂടി നോക്കി. ഒന്നൂടി ഗുണിച്ചും ഹരിച്ചും നോക്കിയാൽ നല്ലതല്ലേ?

എന്തുട്ടാണ് ഓപ്പറേഷൻ റൂം വേഷത്തിന്റെ എവിഡൻസ് ബേസ്? തെളിവടിസ്ഥാനം?

പണ്ട് സിമ്മെൽവെയ്‌സിന്റെയും ജോസപ്പ് ലിസ്റ്ററേട്ടന്റെയും, പാസ്ചറളിയന്റെയും, കോക്ക് എളേപ്പന്റെയും ഒക്കെ കാലം മുതൽ നമുക്ക് അറിയാവുന്ന കാര്യമാണ് ഓപ്പറേഷൻ ചെയ്യുന്ന ശരീര ഭാഗങ്ങളും ചെയ്യുന്ന ആളുകളുടെ കയ്യുകളും ഉപകരണങ്ങളും ആ ഭാഗത്തെ സ്പർശിക്കുന്ന എല്ലാം അണുവിമുക്തം ആയിരിക്കണം എന്നത്. അതിന്റെ ഭാഗമായി ആണ് ഓപ്പറേഷൻ ചെയ്യുന്ന ആളുകൾ മുഴുവൻ ദേഹം മൂടുന്ന (കൈകൾ അടക്കം) സ്റ്റെറിലൈസ് ചെയ്ത വേഷവും സ്റ്റെറിൽ ഗ്ലവ്സും ധരിക്കുന്നത്. ഇവ സർജിക്കൽ അണുബാധകൾ തടയും എന്ന് കുറെ തെളിവുകൾ ഒക്കെ ഉണ്ട് താനും.

പക്ഷെ ചോദ്യം അതല്ല.

ഓപ്പറേഷൻ ചെയ്യാത്ത, ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിക്കുന്ന മറ്റ് ആളുകളും, ഓപ്പറേഷൻ ചെയ്യുന്നവർ തന്നെ, ഓപ്പറേഷൻ ചെയ്യാത്ത സമയത്തും എന്താണ് ധരിക്കേണ്ടത്? അസോസിയേഷൻ ഓഫ് ഓപ്പറേഷൻ റൂം നേഴ്‌സുമാരുടെ ഗൈഡ്‌ലൈൻ പ്രകാരം തലയിലെ ഒരു മുടി പോലും പുറത്തു കാണാത്ത രീതിയിലുള്ള ക്യാപ്പും കൈ മൊത്തം മൂടുന്ന നീളൻ മുറുക്കമുള്ള ഡ്രെസ്സും ധരിച്ച് വന്നിട്ട്, കൈ കഴുകേണ്ടി വരുമ്പോ മാത്രം ഡ്രെസ്‌കൈ മടക്കി വെച്ചാൽ മതിയോ?

ങേ- കൺഫ്യൂഷൻ ആയല്ലേ?? അങ്ങനെ ആൺ അവർ പറയുന്നത്!

അതോ യു കെയിലെ നൈസ് ഗൈഡ്‌ലൈൻ പ്രകാരം ഉള്ള ‘ബെയർ ബിലോ എൽബോ’ പോളിസി എന്ന കൈമുട്ടിനു താഴെ ഒന്നും ഇടാതെ ആണോ നടക്കേണ്ടത്? അവിടെ പക്ഷെ വിവാഹ മോതിരം ഇടാം!!

അതെന്താ വിവാഹമോതിരം കാണുമ്പോ സെക്സ് എന്താണെന്നറിയാത്ത ബാക്ടീരിയ ഒക്കെ നാണിച്ച് ഓടിപ്പോകുമോ??

പൊന്നുസുഹൃത്തുക്കളെ- വൈദ്യശാസ്ത്രത്തിൽ ഒത്തിരി കാര്യങ്ങൾ തെളിവടിസ്ഥാനം ഉള്ളവയാണ്. എന്നാൽ ചിലവ വെറും പാരമ്പര്യം അഥവാ നാട്ടുനടപ്പ് ആണ്. അതിൽ കുറെ വേറെ അടിസ്ഥാനകാര്യങ്ങളെ വെച്ചുള്ള സാമാന്യബോധം ആണെന്ന് വെച്ചോളൂ. എങ്കിലും ശരിയായ തെളിവില്ലാത്ത കാര്യങ്ങൾക്ക് കടും പിടിത്തം ആവശ്യം ഇല്ല.

അത് കൊണ്ട് തന്നെ, CDC, WHO, എന്നിവ ഒക്കെ പുറത്തിറക്കിയ സർജിക്കൽ അണുബാധ കുറക്കാൻ ഉള്ള നിർദേശങ്ങളിൽ തീയേറ്ററിൽ ഇടേണ്ട ഡ്രെസിനെ പറ്റി കാര്യമായി ഒന്നും ഇല്ല!

താഴെ പറയുന്നവ ഒന്നും ഓപ്പറേഷൻ ചെയ്യുന്ന സമയത്തെ കാര്യങ്ങൾ അല്ല എന്നോർക്കുമല്ലോ:

അതായത് ഏതെങ്കിലും തരം തൊപ്പി ഉപയോഗിക്കുന്നത് കൊണ്ട് സർജിക്കൽ അണുബാധ കുറയും എന്ന് യാതൊരു തെളിവും ഇല്ല. വേണേൽ ഉപയോഗിച്ചോ.

നമ്മൾ സാധാരണ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോൾ ഉപയോഗിക്കുന്ന വൃത്തിയായി ഡ്രെസും ഓപ്പറേഷൻ തീയേറ്ററിൽ ഉപയോഗിക്കുന്ന (ചെയ്യുമ്പോൾ അല്ല) സ്റ്റെറിലൈസ് ചെയ്യാത്ത ഡ്രെസ്സുമായി സർജിക്കൽ അണുബാധകൾക്ക് എന്തെങ്കിലും ബന്ധമുള്ളതായി ഇത് വരെ കണ്ടെത്തിയിട്ടില്ല. ബാക്ടീരിയ ഉതിർന്നു വീഴുന്നത് (bacterial shedding)- അതിൽ പോലും വലിയ മാറ്റമില്ല.

മുട്ടിനു കീഴെ ഉള്ള നീളൻ ഡ്രെസുകൾ ഉണ്ടെങ്കിൽ ആളുകൾ കൈ കഴുകില്ല എന്നോ കഴുകാൻ പറ്റില്ല എന്നോ ഉള്ള വാദങ്ങൾ ശരിയല്ല എന്ന് പഠനങ്ങൾ ഉണ്ട്. ബെയർ ബിലോ എൽബോ പോളിസി കൊണ്ട് അണുബാധകൾ കുറഞ്ഞിട്ടുണ്ടോ എന്ന് പല പഠനങ്ങളും നടന്നിട്ടുണ്ട്. ഒരു ചുക്കും കണ്ടെത്താൻ പറ്റിയിട്ടില്ല. ഇത്  NHS ന്റെ തെളിവില്ലാതെ  ചുരുക്കമായി മാത്രം വരുന്ന ഒരു അനാവശ്യ നിയമം ആയെ കാണാൻ പറ്റൂ. 

ബാക്ടീരിയ ഉതിർന്നു വീഴുന്നത് മാത്രം ഇതിന്റെ ഒരു മാനദണ്ഡം ആയി കാണാൻ പറ്റില്ല. (അതാണ് ക്യാപ്പിന്റെ ഗുണം ആയി പറയുന്നത്). ഉദാഹരണത്തിന്, ആണുങ്ങളുടെ ശരീരത്തിൽ നിന്ന് പെണ്ണുങ്ങളുടെ ശരീരത്തെക്കാൾ ഇരട്ടി ബാക്ടീരിയ ആണ് ഉതിരുന്നത്!

വേറെ ഒന്നൂടി ഉണ്ട്- ഡ്രെസ് മേത്ത് ഉരഞ്ഞിട്ടാണ് ബാക്ടീരിയൽ ഷെഡിങ് ഉണ്ടാകുന്നത്. പൂര്ണനഗ്നനായ ഒരു മനുഷ്യന്റെ ബാക്റ്റീരിയൽ ഷെഡിങ് വളരെ കുറവാണ്!

അതായത്, ഇത് വെച്ച് നോക്കിയാൽ ആണുങ്ങളെ ആരെയും ഓപ്പറേഷൻ തീയേറ്ററിൽ കേറ്റാൻ പാടില്ല!!

പെണ്ണുങ്ങളെ തന്നെ, ഒരു ഡ്രെസും ഇടാതെ ആണ് കയറ്റേണ്ടത്! എന്നിട്ട് സർജറി ചെയ്യുന്ന സമയത്ത് കൈ കഴുകി ഗൗൺ ഇട്ടാൽ മതി.

ചുരുക്കം എന്തെന്നാൽ:

– ഡോക്ടർമാർ എല്ലായിടത്തും മതം കേറ്റേണ്ടതില്ല. കഷ്ടം തോന്നുന്നു. പക്ഷെ, അതൊരു ശാസ്ത്രീയ ഇഷ്യൂ അല്ല.

– രോഗികൾക്കുള്ള റിസ്ക് ആണ് മാനദണ്ഡമെങ്കിൽ, ഹിജാബ് ആകാം. കൈ നീളമുള്ള ഡ്രസ്സ് ആവാം. പേഷ്യന്റ് കോൺടാക്ട് ഉണ്ടാകുന്ന സമയത്ത് കൈ തെറുത്തു കയറ്റി കൈ കഴുകണം എന്ന് മാത്രം.

– ഉള്ള തെളിവുകൾ പരിശോധിച്ച് നോക്കാതെ പൊതുബോധത്തിനനുസരിച്ച് ചാടി  ഇറങ്ങുന്നത് പ്രശ്നമാണ്: അയ് എമ്മേ ആയാലും.

(ജിമ്മി മാത്യു)

  1. Bartek M, Verdial F, Dellinger EP. Naked surgeons? The debate about what to wear in the operating room. Clinical Infectious Diseases. 2017 Oct 16;65(9):1589-92.
  2. Salassa TE, Swiontkowski MF. Surgical attire and the operating room: role in infection prevention. JBJS. 2014 Sep 3;96(17):1485-92.
  3. ACS A, ASA A, AST T. A statement from the meeting of ACS. AORN, ASA, APIC, AST, and TJC concerning recommendations for Q12 operating room attire. 2018.
  4. Farach SM, Kelly KN, Farkas RL, Ruan DT, Matroniano A, Linehan DC, Moalem J. Have recent modifications of operating room attire policies decreased surgical site infections? An American College of Surgeons NSQIP review of 6,517 patients. Journal of the American College of Surgeons. 2018 May 1;226(5):804-13.
  5. Tse G, Withey S, Yeo JM, Chang C, Burd A. Bare below the elbows: was the target the white coat?. Journal of Hospital Infection. 2015 Dec 1;91(4):299-301.

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .