ഏപ്രിൽ 2004 ൽ ആണ് അയാൾ അത് ചെയ്തത് . ആൾ ഒരു പാവം ആയിരുന്നു . ബെർണാഡ് ഹിഗിൻ ബോതം എന്നാണു പേര് . ഭാര്യയുടെ പേര് ഇഡാ .
അയാൾക്ക് നൂറു വയസ്സ് ഉണ്ടല്ലോ . ഭാര്യയുമായി ദീർഘകാലം സന്തോഷത്തോടെ ജീവിച്ചു . ഭാര്യ എന്ന് വച്ചാൽ ജീവനായിരുന്നു ബെർണാഡിന് . ആറു പിള്ളേരും ഉണ്ടായി . ആറെണ്ണത്തിനെയും ഭംഗിയായി വളർത്തി വലുതാക്കി .
ഭയങ്കര ഭക്തനും പള്ളിയിലെ വലിയ പ്രവർത്തകനും ഒക്കെ ആയിരുന്നു ബെർണാഡ്. പെട്ടന്നാണ് ഇഡാ ഒരു വീഴ്ചയെ തുടർന്ന് കിടപ്പിലായത് . അന്ന് എൺപതു കഴിഞ്ഞിരുന്നു ഇഡാക്ക് . ബെർണാഡ് തൊണ്ണൂറു കഴിഞ്ഞു . കുറെ വർഷങ്ങൾ ബെർണാഡ് അപ്പാപ്പൻ പൊന്നു പോലെ നോക്കി – ഭാര്യയെ . ഭക്ഷണം വാരി കൊടുത്തു . പുണ്ണൊന്നും വരാതെ തിരിച്ചും മറിച്ചും കിടത്തി .
കുറെ കഴിഞ്ഞപ്പോൾ തീരെ വയ്യാതായി ഇഡാക്ക് . വീട്ടിൽ വച്ച് നോക്കാൻ പറ്റില്ല . സർക്കാർ നഴ്സിംഗ് ഹോമിലേക്ക് മാറ്റി . പ്രശ്നം അതല്ല . ഒരു നഴ്സിംഗ് ഹോമിൽ പറ്റാതാകുമ്പോൾ കുറെ കൂടി സൗകര്യങ്ങൾ ഉള്ള വേറൊന്നിലേക്ക് മാറ്റും . അവിടെ അങ്ങനാണ് .
എല്ലാ ദിവസവും ബെർണാഡ് അപ്പാപ്പൻ ഭാര്യയെ കാണാൻ പോകും . അടുത്തിരിക്കും . നാൾക്കു നാൾ ഇഡാ യുടെ സ്ഥിതി മോശമായി വന്നു .
കൊല്ലങ്ങൾ കടന്നു പോയി . ബെര്ണാടിന് നൂറു വയസ്സായി . ഇഡാ ക്ക് എൺപത്തി ഏഴും .
പെട്ടന്ന് അധികാരികൾ അറിയിച്ചു – ഇഡാ യെ ദൂരെ ഉള്ള ഒരു നഴ്സിംഗ് ഹോമിലേക്ക് മാറ്റണം . ഇഡാ ക്ക് ബെർണാർഡിനെ പിരിയാൻ പറ്റില്ല . പക്ഷെ വേറെ നിവർത്തിയില്ല . നമ്മുടെ അപ്പാപ്പന് അത്രയും കൂടെ പറ്റില്ല .
അങ്ങനെ പോകുന്നതിനു മുൻപ് ഒന്ന് കാണാൻ അപ്പാപ്പൻ ചെന്നു . ഒരു കുഞ്ഞു കത്തിയും ആയി ആണ് ചെന്നത് . ഒളിപ്പിച്ചു വച്ചിരുന്നു. ഒറ്റക്ക് മുറിയിൽ ഇരിക്കുമ്പോൾ ബെർണാഡ് അപ്പാപ്പൻ കത്തി എടുത്ത് ഭാര്യയുടെ കഴുത്തു മുറിച്ചു . നേരെ വീട്ടിലേക്ക് പോയി .
ഇഡാ മരിച്ചു.
പോലീസ് വീട്ടിൽ ചെന്ന് അപ്പാപ്പനെ അറസ്റ് ചെയ്തപ്പോൾ പുള്ളി പറഞ്ഞോണ്ടിരുന്നു :
“എന്റെ പാവം ഇഡാ . എന്റെ പാവം ഇഡാ .”
കോടതിയിൽ ജഡ്ജ് പറഞ്ഞത് ഇതാണ് :
“താങ്കൾ ചെയ്തത് ഒരു ഭീകര കുറ്റം ആണെങ്കിലും , സ്നേഹം ആണ് നിങ്ങളെ കൊണ്ട് ഇത് ചെയ്യിച്ചത് എന്ന് കോടതി മനസിലാക്കുന്നു . അത് കൊണ്ട് ഒരു കൊല്ലത്തെ സമൂഹ സേവനത്തിനു മാത്രം വിധിക്കുന്നു .”
മനഃപൂർവം കോല ചെയ്തതിനു ഇത്ര ശിക്ഷ മതിയോ കൂട്ടുകാരെ ? എനിക്കറിയില്ല (ജിമ്മി മാത്യു )