ഉടൻ നിങ്ങൾ ചോദിക്കും – മയി (ർ ) അല്ലെ ഉദ്ദേശിച്ചത് ?
മയിലൊളെ – അതെ . അപ്പൊ നിങ്ങക്ക് ഇഷ്ടം ഉള്ളത് പോലെ വായിക്കുക . ഞാൻ മാന്യൻ ആയത് ഒരു ബലഹീനത ആണ് . നിങ്ങൾ എന്ത് വിചാരിച്ചാലും “ഒരു മയിലൂല്യാ . ഷ്ടോ ” എന്ന് പറയാൻ എനിക്ക് പറ്റുന്നതും ഇല്ല .
ഈ മയില്‍ നാട് ഒരു മതരാജ്യം ആയാലും എനിക്ക് ഒരു മയിലൂല്യ .
നിങ്ങൾ എന്നെപ്പറ്റി എന്ത് വിചാരിച്ചാലും എനിക്ക് ഒരു മയിലൂല്യ .
ഞാൻ കോവിഡ് വന്നു ചത്താലും എനിക്ക് ഒരു മയിലൂല്യ . അങ്ങനെ പലതും പറയണം എന്നുണ്ട് . പക്ഷേ …
ഞാൻ മോഡൽ ഉസ്കൂളിൽ പഠിക്കുമ്പോ ഒരു കറുത്ത ചെറിയ സഹപാഠി ഉണ്ടായിരുന്നു . ഒരു കാലിൽ ചട്ടുണ്ട് . പൊതിച്ചോർ കൊണ്ട് വരുമ്പോ അച്ചാർ മാത്രേ കാണു ; യൂണിഫോം കഴുകീട്ട് ഉണങ്ങാതെ പിന്നേം ഇടും .
കുറെ പേര് കളിയാക്കും . പച്ചത്തെറി പറയും അവൻ .
ഒരിക്കൽ കുറെ പിള്ളേർ ചേർന്ന് അവനെ ഇടിച്ചു . അടിച്ചു പതം വരുത്തി. അവൻ ചട്ടി ചട്ടി ഓടി . ഇടക്ക് തിരിഞ്ഞു നിന്നോണ്ട് അവൻ പറഞ്ഞു ;
“എനിക്ക് ഒരു മയിലൂല്യ ഡോ , മയിലോളേ .”
രണ്ടു കവിളിലൂടെയും കണ്ണീർ ഒളിച്ചിറങ്ങുന്നുണ്ട് . എന്ത് മയിലില്ല ? ഒരു കാക്കത്തൊള്ളായിരം പൊള്ളുന്ന മയിൽ അവന്റെ ഉള്ളിൽ ഉണ്ട് എന്നുറപ്പല്ലേ ?
എല്ലാരും ആർത്ത് ചിരിച്ചു . ഞാനും ചിരിച്ചു കേട്ടോ .
എന്ത് മയില്‍ സ്വഭാവം ആണല്ലേ , മയില്‍ മനുഷ്യരുടെ ?
ഇതിന്റെ ഒക്കെ കിടപ്പ് വശം ആണ് എനിക്ക് ദേഷ്യം ഉണ്ടാക്കുന്നത് . എന്ത് അർത്ഥ ശൂന്യത ?
ഇത് ഒരു കളിപ്പീരാണോ ഈ ലോകം ? അല്ലേ ?
സീ മയിലേ :
ആയിരത്തി നാനൂറ് കോടി കൊല്ലത്തോളം എനിക്ക് ഒരു മയിലും ഇല്ലായിരുന്നു . എന്തു സംഭവിച്ചാലും എനിക്ക് ഒരു മയിലും ഇല്യാരുന്നെന്നേ – സത്യം .
ഒരു ഭീകര തെറി ഉണ്ടായത്രേ – ദി ബിഗ് ബാംഗ് ! എന്തരോ എന്തോ .
കോസ്മിക് ലോട്ടറി കളി ഇങ്ങനെ ആവർത്തിച്ചപ്പോൾ ഒരു സംഭവം ഉണ്ടായി . യാതൊരു മയിലും ഇല്ലാതെ സമാധാനമായിരുന്ന എനിക്ക് ഒരു സാമാനം കിട്ടി .
ലോട്ടറി സമ്മാനം . അസ്തിത്വം.
- കോപ്പ് .
അത് വരെ മയിൽ സീറോ ആയിരുന്ന എനിക്ക് ഒരു പതിനായിരം മയില്‍ ഒന്നിച്ചു വന്നു ! എന്ത് കഷ്ടാല്ലേ ?
ഇതിന്റെ മര്യാദ ഇല്ലായ്മ ആണ് ദേഷ്യം കൊണ്ട് എന്റെ മയിലുകളൊക്കെ എഴുന്നു നില്ക്കാൻ കാരണം . ഒരു മയിലനും ഈ അസ്തിത്വ സാമാനം വേണോ എന്നോട് ഒരു വാക്ക് ചോദിച്ചില്ല . സമ്മത പത്രം ഒപ്പിടീച്ചില്ല . ഡിസ്ക്ളൈമർ ഒന്നും തന്നില്ല .
“ഡോ – യു വാണ്ട് റ്റു ബി ഓർ യു ഡോണ്ട് വാണ്ട് റ്റു ബി ?” ഒരു ചിന്ന ചോദ്യം ? ങേഹേ .
മയിലാണ്ടി സുഹു കളെ . എന്നെ തെറ്റിദ്ധരിക്കരുത് . ലോകം എന്നെ ഒന്നും ചെയ്തില്ല .
ഞാൻ തന്നെ ആണ് , എന്റെ ചിന്തകൾ ആണ് , ഈ മയില്‍ പ്രശ്നങ്ങൾ മൊത്തം ഉണ്ടാക്കുന്നത് . അത് പക്ഷെ എന്റെ കുറ്റം അല്ല താനും . എന്ത് മയില്‍ പരിപാടി ആണെന്ന് നോക്കണേ ?
അതായത് , ചെറുപ്പത്തിൽ , ആരെങ്കിലും തടിയാ – എന്ന് വിളിച്ചാൽ അത് മതി മൂഡ് പോവാൻ . വെട്ടി വിഴുങ്ങാൻ ഇഷ്ടം പോലെ തന്നത് ഞാൻ ആലോചിച്ചേ ഇല്ല .
ശരാശരി പൊക്കം മാത്രം ഉള്ളത് കൊണ്ട്, ശോഭനയെ പോലെ പൊക്കം ഉള്ള പെണ്ണുങ്ങളെ ധൈര്യം ആയി പ്രേമിക്കാൻ പറ്റില്ലല്ലോ എന്ന ചിന്ത എന്നെ വളരെ അലട്ടി . എന്നാൽ ശരാശരി ഉണ്ടല്ലോ എന്നും , ആരോഗ്യം ഉണ്ടല്ലോ എന്നും , കയ്യും കാലും അവിടെ തന്നെ ഉണ്ടല്ലോ എന്നും ചിന്തിച്ചില്ല . എന്ത് മയിലാണല്ലേ ?
ഫസ്റ്റ് റാങ്ക് കിട്ടുമ്പോ സന്തോഷം . ആഹാ, ആഹഹാ . പക്ഷെ ഇനി സെക്കൻഡ് റാങ്ക് എങ്ങനെ ആവും ? മോശമല്ലേ . ആധിയായി ! അതായത് , ഫസ്റ്റ് റാങ്ക് കിട്ടിയതാണ് പിന്നെ ആധിക്ക് കാരണം !!
മയില്‍ !! ബില്യൺസ് ആൻഡ് ബില്യൺസ് ഓഫ് മയിൽസ് !!!
മെഡിസിന് കിട്ടിയപ്പോ എന്തൊരു സന്തോഷം ആയിരുന്നു . പക്ഷെ കഴിഞ്ഞപ്പോ , എം എസ് നു കിട്ടിയില്ലെങ്കിൽ ചത്ത് പോവും എന്ന് തോന്നി !!
മയില്‍ !! പതിനായിരം കാക്കകൾ ഒരുമിച്ചുള്ള തൊള്ളായിരം മയിലുകൾ !
ജസ്റ്റ് നിങ്ങൾ ഒന്ന് ആലോചിച്ച് നോക്കിയേ . ഈ ആക്രാന്തത്തിന്റെ പുറത്താണ് ലോക എകണോമി തന്നെ ഓടുന്നത് . ആക്രാന്തം ഇല്ലെങ്കിൽ എകണോമി ഇല്ല ! ഗമ്പ്ലീറ്റ് തല കുത്തി വീഴും .
എന്നിട്ട് നമുക്ക് – “ഒരു മയിലൂല്യ ഷ്ടോ ” എന്ന് ആത്മാർഥമായി പറയാൻ പറ്റുന്നുണ്ടോ ? അതുമില്ല .
അസ്തിത്വം ആനമയിൽ ഒട്ടകമാണ് , എല്ലാമാണ് , എന്ന് ആരോ എപ്പോഴും നമ്മോട് പറഞ്ഞോണ്ടിരിക്കുന്നു . പക്ഷെ വാസ്തവമെന്താ ?
ഒരു മയിലൂല്യ ഷ്ടോ . അതിൽ. ഇല വരും , പൂ വരും , കാ വരും . കാ ചീയും . മരം വേറെ വളരും . സൂര്യൻ പൊട്ടി തെറിക്കും . വേറെ സൂര്യൻമാർ തിളങ്ങും .
എങ്കിലും പ്രതീക്ഷ ഇല്ലാതില്ല . ഓരോ ദിവസവും ഞാൻ കാണുന്നുണ്ട് – എന്നിൽ . ഒരു ചെറു ചുളിവ് മുഖത്ത് . ഒരു പുതിയ നരച്ച മുടി .
ഈ ബ്രഹ്മാണ്ഡ ഭീകര പ്ലാൻ, ഈ വഞ്ചനാ വീഡിയോ ഗെയിം – എത്ര തന്നെ കളിപ്പീര് ആണെങ്കിലും , ഒരു രക്ഷാമാർഗം തുറന്നിടുന്നുണ്ട് . നമ്മൾ ശ്രമിക്കുക പോലും വേണ്ട . രക്ഷ – അതുറപ്പാണ് .
എന്റെ തലക്കുള്ളിലെ കോടിക്കണക്കിനു ന്യൂറോണുകൾ എല്ലാ മില്ലിസെക്കണ്ടിലും തിന്നു കൊണ്ടിരിക്കുന്ന ഗ്ലൂക്കോസും ഓക്സിജനും ഒരു കാലത്ത് അങ്ങ് നിക്കും . സിനാപ്റ്റിക് ബന്ധങ്ങളിൽ പൊട്ടലും ചീറ്റലും ഉണ്ടാവും . അവസാനമായി ഒരു എലെക്ട്രോകെമിക്കൽ തിര ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് ഒന്ന് പായും . അതെന്തോ പറയും .
ന്യൂറോട്രാൻസ്മിറ്ററുകൾ എന്ന കെമിക്കലുകൾ സെല്ലുകളിൽ നിന്ന് പുറത്തേക്കൊഴുകി അപ്രത്യക്ഷമാകും . അവയുടെ അതി സൂക്ഷ്മ താളങ്ങൾ മിനക്കെട്ടു മിനഞ്ഞെടുത്ത ബോധം എന്ന ഓർക്കസ്ട്ര അവസാനിക്കും .
അപ്പോൾ …അപ്പോൾ …..പറയാൻ പറ്റുമെങ്കിൽ പറയാമായിരുന്നു :
“എനിക്ക് ഒരു മയിലൂല്യ – ഷ്ടോ “
(ജിമ്മി മാത്യു )