ഒഴിച്ച് കൂടാൻ പറ്റാത്ത ഒരാൾ :

രാജു പുറത്തിറങ്ങിയപ്പോൾ ഡാകിനി എന്ന കാക്ക കരഞ്ഞു – കാ കാ . എന്നും രാജു പുറത്തിറങ്ങുമ്പോൾ അത് കരയും . അവൻ ഇട്ട പേരാണ് ഡാകിനി . പത്താം  ക്‌ളാസിൽ ആണ് രാജു അതിനെ നോട്ട് ചെയ്തത് . എപ്പോ പുറത്ത് ഇറങ്ങുമ്പോളും മുറ്റത്തെ മാവിന്റെ മേലെ ഇരുന്ന് അത് കരയും . എന്തിനാണോ എന്തോ .

അന്നാണ് മെഡിക്കൽ എൻട്രൻസ് . ഇതിനു വേണ്ടി ആണല്ലോ കഴിഞ്ഞ പതിനെട്ട് കൊല്ലമായി കഷ്ടപ്പെടുന്നത്. ഉറക്കമിളച്ചത് , അവറാച്ചൻ മാഷിന്റെ കോച്ചിങ് സെന്റർ എന്ന തലച്ചോർ അധ്വാനക്കളരിയിൽ ആക്രാന്തത്തിന്റെ വിയർപ്പ് ഒഴുക്കിയത് . ഒൻപതാം ക്ലാസ്സിൽ സെലീനയെ ലൈൻ അടിക്കാതിരുന്നത് . പന്ത്രണ്ട് പാസായി ഒരു കൊല്ലം കൂടി കുത്തിയിരുന്ന് ദിവസം പതിനാറു മണിക്കൂർ പഠിച്ചത് .

എൻട്രൻസ് കിട്ടി . മെഡിക്കൽ കോളേജിൽ കേറിയാൽ എല്ലാമായി എന്നാണു വീട്ടുകാർ പറഞ്ഞിരുന്നത് . പക്ഷെ സംഭവം നന്നായി പഠിക്കണം . പാസ്സായാൽ മാത്രം പോരല്ലോ . പിന്നെയും എൻട്രൻസുകൾ ഉണ്ട് .

ആശുപത്രിയിൽ പട്ടിപണി എടുക്കണം . എം ബി ബി സ് കഴിഞ്ഞും എൻട്രൻസ് ഉണ്ട് . അതിനു രണ്ടു കൊല്ലം ഇരുന്നു തന്നെ പഠിച്ചു . പിന്നെ എം സ് . അത് കഴിഞ്ഞു എം സി എച് . ആറേഴ് കൊല്ലം ട്രെയിനീ ആയി ആഴ്ച്ചേൽ എൺപതും തൊണ്ണൂറും  മണിക്കൂർ  പണിയെടുത്തു . അത് പിന്നെ കാശ് കൊടുക്കാതെ തന്നെ എല്ലാത്തിനും കിട്ടീല്ലേ ? നാട്ടുകാരെല്ലാം എപ്പോഴും രാജുവിനെ പുകഴ്ത്തും .

അയലത്തുകാർ അസൂയയോടെ രാജുവിന്റെ ‘അമ്മ രജനിയോട് പറയും :

“നിന്റെ ഒരു ഭാഗ്യം .”

അച്ഛനോട് , കൂടെ ജോലി ചെയ്യുന്ന ആൾ പറഞ്ഞു – “ഹോ – നിന്റെ എളേ മോൻ – ആള് ഉഷാറാട്ട . വലിയ ഭാഗ്യം.”

കുറെ പെണ്ണുങ്ങൾ രാജൂന്റെ പിറകെ നടന്നിട്ടും അവൻ ഒന്നും മൈൻഡ് ചെയ്തില്ല . അതിനൊന്നും സമയം ഇല്ലല്ലോ .

ഇതിനിടെ രാജൂന്റെ അപ്പനും അമ്മേം കൂടെ അവനെ പിടിച്ചു കെട്ടിച്ചു ! രാജു പോലും അറിഞ്ഞില്ല . ട്രെയിനിങ് പീരീഡില് അങ്ങനാണ് . ഒക്കെ ഒരു പൊഹ ആണ് . പല ഡോക്ടർമാരും ഈ ട്രെയിനിങ് സമയം മുഴുവനായി മറക്കും എന്ന് ആൾട്രോസ് ബുട്രോവിസ്കി ഇന്ത്യൻ  സയൻസ് കോൺഗ്രസിൽ ഒരു പ്രബന്ധത്തിൽ പറഞ്ഞിട്ടുണ്ടായിരുന്നു . എന്തോ സംഭവിച്ചു എന്ന് രാജൂന് തോന്നിയിരുന്നു .

പിന്നെ ഫെലോഷിപ്പ് എന്നൊക്കെ പറഞ്ഞു തനിയെ ഇംഗ്ലണ്ടിൽ ഒക്കെ ട്രെയിനിങ് കഴിഞ്ഞു വന്നു . അവിടെ സായിപ്പിന്റെ കാര്യങ്ങൾ ഒന്ന് ശീലമായി വരുമ്പോഴേക്കും , സംഭവം ടെൻഷൻ അടിച്ച് ഒരു പരുവം ആവും . അതിന്റെ കൂടെ സായിപ്പിന്റെ ഭാഷേല് സായിപ്പിനെ ചികില്സിക്കണം . ഇംഗ്ലണ്ട് ശൈലിയിൽ ഇംഗ്ളീഷിൽ തെറി കേൾക്കും . വലിയ സുഖം ഒന്നുമില്ല . അത് കൊണ്ട് തന്നെ , ജോലി അല്ലാത്ത ഒരു കാര്യത്തിലും ശ്രദ്ധിക്കാൻ രാജുവിന് പറ്റിയില്ല .

തിരിച്ചു വന്നു , നഗരത്തിലെ വലിയ ഒരാശുപത്രിയിൽ ജോലി തുടങ്ങി . കോർപറേറ്റ് ഭീമൻ. നല്ല ശമ്പളം . ഭയങ്കര ആത്മാർത്ഥത കാരണം , ദിവസവും നൂറു കണക്കിന് രോഗികൾ വന്നു . ഓപ്പറേഷനുകൾ ചെയ്തു . ഓ പി  , റൗണ്ട്സ് , ഓപ്പറേഷൻ , രാത്രീല് ഓടൽ .

രാത്രീല് ഓടൽ . ഓപ്പറേഷൻ . റൗണ്ടസ്, ഒപി . പിന്നെ ഒപി , ഓടൽ , ഓപ്പറേഷൻ . അങ്ങനെ ജീവിതം ഉഷാർ ആയി മുന്നോട്ട് പോയി . എന്നും ആശുപത്രീലേക്ക് ഇറങ്ങുമ്പോൾ ഡാകിനി കാക്ക കരയും – കാ കാ .

“ഈ കാക്ക ഇത് വരെ ചത്തില്ലേ ?” രാജു ഇടക്ക് ആലോചിക്കും .

“ഈ നഗരത്തിലേക്ക് എങ്ങനെ ഈ കാക്ക എന്നെ ഫോളോ ചെയ്തു ?”

ആ – അതാലോചിച്ചു വരുമ്പോഴേക്കും ഫോൺ അടിക്കും . സദാ സമയവും ഫോൺ വിളി ആണ് . രോഗികൾ രാവും പകലും വിളിക്കും . ആശുപത്രീന്ന് പകലും രാവും വിളിക്കും . എല്ലാര്ക്കും ഫോൺ നമ്പർ അറിയാം . മൂന്ന് ഐഫോൺ ക്ലോസറ്റിൽ വെള്ളത്തിൽ വീണു പോയി . എമെർജെൻസി കോൾ വരുമ്പോൾ , അപ്പി, എയ്‌നാൽ സ്ഫിങ്ക്ടർ ഉപയോഗിച്ച് പകുതി വച്ച് മുറിച്ച് പെട്ടന്ന് എഴുന്നേൽക്കുമ്പോൾ പറ്റുന്നതാണ് .

ഒരു പത്തു നാല്പതു വയസ്സ് ആയപ്പോൾ ആണ് , രാജുവിന് താനും ഭാര്യയും കൂടാതെ രണ്ടു പൊക്കം കുറഞ്ഞ മനുഷ്യജീവികൾ വീട്ടിൽ ജീവിക്കുന്നുണ്ടെന്നു മനസ്സിലായത് . ആരാണവർ ? ആരാണവർ ?

മക്കളായ ദീപയും ദീപക്കും ആയിരുന്നു അത് .

“ഇതെപ്പോ , എങ്ങനെ സംഭവിച്ചു ? ” എന്ന് ഭാര്യ രാധയോട് ചോദിയ്ക്കാൻ ഓങ്ങിയെങ്കിലും വേണ്ടെന്നു വച്ച് . അതൊക്കെ പുള്ളിക്കാരി നോക്കിക്കോളും . വീട്ടിലെ എല്ലാ കാര്യങ്ങളും അവർ ആണല്ലോ നോക്കുന്നത് .

അല്ലെങ്കിലും രാധ ഭാഗ്യവതി അല്ലെ ? ഭർത്താവിനെ ശല്യപ്പെടുത്തരുത് . അത് പിന്നെ മാലോകർക്ക് മൊത്തം അറിയാവുന്നത് ആണല്ലോ . ഡോക്ർ രോഗിക്ക് വേണ്ടി ഉള്ളതാണ് .

അയലോക്കക്കാരും ഇഷ്ടക്കാരികളും രാധയെ അസൂയയോടെ നോക്കി .

“എന്താ അവൾക്കൊരു കൊറവ് ? ഭയങ്കര ഭാഗ്യം തന്നെ .”

“എന്തോ ഒരു കുറവുണ്ടോ ?” കൂട്ടുകാരികളുടെ ഭർത്താക്കന്മാർ ചിലർ ഇങ്ങനെ ഒരു സംശയം പ്രകടിപ്പിക്കുക ഉണ്ടായി .

അതിനെ അയാലക്കക്കാരികള് അർഹിക്കുന്ന അവജ്ഞയോടെ തള്ളി . ഈ ആണുങ്ങളുടെ വിചാരം എപ്പോഴും ഈ വേണ്ടാത്ത കാര്യങ്ങളിലാ – അതവർക്ക് അറിയാവുന്നത് ആണല്ലോ . ചുമ്മാ ജോലി ചെയ്തു വീട്ടുകാര്യം നോക്കി നടന്നാ പോരെ ? ഈ രാത്രീല് കട്ടിൽ കാണുമ്പോഴേ ഓരോ അസുഖാന്നെ എല്ലാത്തിനും . മര്യാദക്ക് രാജുവിന്റെ പോലെ നാലു ലക്ഷം രൂപ ശമ്പളം വാങ്ങിക്കാൻ പറ്റുന്നുണ്ടോ ? ?അല്ല പിന്നെ .

രോഗികൾക്ക് രാജു ഇല്ലാതെ പറ്റില്ല . ആ ആശുപത്രിയിലെ എന്നല്ല , ആ പ്രദേശത്തെ തന്നെ ഈ സ്പെഷ്യലിറ്റി ചികിത്സ വേണ്ട എല്ലാ രോഗികൾക്കും രാജു തന്നെ മതി .

അടുത്ത കാലത്തായി , ഇതേ സ്പെഷ്യലിറ്റിയിൽ യോഗ്യത ഉള്ള ,  ന്യു ജെൻ പിള്ളേർ ആയ പലരും വന്നിട്ടുണ്ട് . ന്യു ജെൻ എന്ന് പറഞ്ഞാൽ മുപ്പത്തഞ്ച് വയസ്സൊക്കെ കഴിഞ്ഞവർ ആണ് . പീറ പിള്ളേർ . ഏതൊക്കെയോ ഫോറിൻ ഡിഗ്രി ഉണ്ടന്നൊക്കെ പറയുന്നുണ്ട് . പ്രശാന്ത് നായർ , ശോഭ പുന്നൂസ് , അങ്ങനെ പലരും ഉണ്ട് . ഇവരെ ഒന്നും നാട്ടുകാർ അധികം മൈൻഡ് ചെയ്തില്ല .

ശോഭക്ക് രാജു ജോലി ചെയ്യുന്ന അതെ ആശുപത്രിയിൽ തന്നെ വന്നാൽ കൊള്ളാം എന്നുണ്ട് . രാജുവിനോടും മാനേജ്‌മെന്റിനോടും ചോദിച്ചു . മാനേജ്‌മെന്റിന് ഓക്കേ . പക്ഷെ രാജു പൊട്ടിത്തെറിച്ചു .

“ആവശ്യത്തിൽ കൂടുതൽ രോഗികൾ ഉണ്ടല്ലോ ? ഒരു സഹായം ആവൂല്ലേ ?” അതാണ് മാനേജ്‌മെന്റിന്റെ ചോദ്യം .

വിവരക്കേട് . പിന്നെ അസൂയ . ഇതാണ് സംഭവം . രാജുവിന് ദേഷ്യം വന്നു . ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പ്രാക്ടീസ് . രാജു നോക്കിയാലേ രോഗികൾക്ക് തൃപ്തി ആകു . ഓപ്പറേഷനുകൾ പലതും ലോകത്തിൽ തന്നെ ആകെ ചെയ്യാൻ അറിയുന്ന ഒരേ ഒരു ആൾ രാജു ആണ് .

ഒഴിച്ച് കൂടാൻ പറ്റാത്ത ഒരാൾ ആണ് രാജു . അത് ഏകദേശം ആശുപത്രി ഉടമകൾക്കും അറിയാം .

ഉടനെ രാജു വീട്ടിലും പ്രാക്ടീസ് തുടങ്ങി . ഇല്ലെങ്കിൽ പ്രശ്നമാണ് . ആസ്പത്രീനേം വിശ്വസിക്കാൻ പറ്റില്ല .

രാവിലെ ആറ് മണിക്ക് തുടങ്ങിയാൽ രാത്രി പന്ത്രണ്ടു മണിക്കേ ജോലി തീരു .

ഇതിനിടെ ഭാര്യ വീണു കാൽ ഒടിഞ്ഞു . അവരുടെ അമ്മ വീട്ടിൽ വന്നു നിന്ന് മാനേജ് ചെയ്തു.

മൂത്ത മോൾ കലാ തിലകം ആയി . ഇങ്ങനെ പല സംഭവങ്ങൾ ഒരു വശത്തൂടെ നടന്നു . ഇതൊക്കെ മാട്രിക്സിൽ കീനു റീവ്സിന്റെ ചെവീടെ സൈഡിലൂടെ പോകുന്ന വെടിയുണ്ട പോലെ രാജൂനെ സ്പർശിക്കാതെ കടന്നു പോയി .

അന്ന് ഒരു ദിവസം ആശുപത്രീൽ പോകാൻ ഇറങ്ങിയപ്പോ ഡാകിനി പതിവ് പോലെ കരഞ്ഞു – കാ കാ .

പോകുന്ന വഴി രാജുവിന് ചെറിയ നെഞ്ചു വേദന തോന്നി .

യു സീ – നമ്മുടെ ഹൃദയത്തിലേക്ക് പോകുന്ന കൊറോണറി ആർട്ടറികളിൽ പ്ലാക്ക് (പ്രാക്ക് അല്ല ) എന്ന സാധനം കേറി കുറെ ഒക്കെ അടയുന്നത് സർവ സാധാരണം ആണ് . രാജൂന്റെ പോലെ പത്തു നാല്പത്തഞ്ചു വയസ്സ് കഴിഞ്ഞ മിക്ക ആളുകൾക്കും കുറെ ഒക്കെ അടപ്പ് കാണും . എന്നാൽ ചിലർക്കു മാത്രം പെട്ടന്ന് , ഈ പ്ലക്ക് വീർക്കുകയോ പൊട്ടുകയോ ചെയ്തു മുഴുവൻ ബ്ലോക്ക് ആകാം . ഇതിനു ആണ് ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് . അപ്പൊ ഹൃദയ ധമനി രോഗം ആയ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ കാണാൻ മാത്രം ബ്ലോക്ക് ഉണ്ടാവണം എന്നില്ല അറ്റാക്ക് വരാൻ . ഇത്രേം വായിച്ചിട്ട് , കുറച്ചെങ്കിലും വിവരം വച്ചില്ല എന്ന് നിങ്ങൾക്ക് തോന്നരുത് .

അപ്പൊ ആർക്ക് അറ്റാക്ക് വരും ? അത് മാനേജരുടെ യുക്തി . മ്മ്‌ടെ സ്വർഗത്തിൽ ഉള്ള ? അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ .

ഇങ്ങനെ അറ്റാക്ക് വരുന്ന എല്ലാവര്ക്കും , അറ്റാക്കിനെ തുടർന്ന് വെൻട്രിക്കുലർ ഫിബ്രിലാഷൻ  എന്ന ഹൃദയസ്തംഭനം വരണം എന്നില്ല .  എന്നാൽ രാജുവിന്റെ കാര്യത്തിൽ അതും സംഭവിച്ചു . മാനേജരുടെ ഒടുക്കത്തെ യുക്തി തന്നെ .

അങ്ങനെ ഏകദേശം അഞ്ചു പതിറ്റാണ്ടിനടുത്ത് തുടർച്ചയായി മിടിച്ചു കൊണ്ടിരുന്ന ഈ സാമാനം ഒരു സുപ്രഭാതത്തിൽ , പണി മുടക്കി . ഹർത്താൽ . ബന്ദ് .

ഇതൊക്കെ വലിയ സംഭവം ഒന്നുമല്ല . ആർക്കും ഇപ്പോഴും സംഭവിക്കാം .

ഹൃദയം നിന്നാൽ , തലച്ചോറിലേക്ക് രക്തം പോകില്ല , അപ്പോൾ , ഓക്സിജൻ, ഗ്ളൂക്കോസ് എന്നീ …..

മതി. ചുളുവിൽ ഇത്രേം വിവരം നിങ്ങ മേടിച്ചാ മതി. കഷ്ടപ്പെട്ട് പഠിച്ചതാണേ . അങ്ങനിപ്പം മുഴുവൻ അടിച്ചെടുക്കണ്ട .

ഇത്രേം മനസ്സിലാക്കിയാൽ മതി: .

ഡോക്ടർ രാജു രാമചന്ദ്രൻ , എം ബി ബി സ് , എം സ് . എം സി എച് , ഫ് ർ സി എം ഓ പി . (ഫെലോ , ബഫലോ യൂണിവേഴ്സിറ്റി , ഉ സ് എ ) ,

മരിച്ചു .

എന്തെ ? ഇഷ്ടപ്പെട്ടില്ലേ ? ഇത് വലിയ സംഭവം ഒന്നുമല്ല . ആർക്കും എപ്പോ വേണോ  സംഭവിക്കാം . എല്ലാവര്ക്കും ഒരിക്കൽ എങ്കിലും ജീവിതത്തിൽ സംഭവിക്കും . ഈ ലോകത്ത് അനേക ശത കോടി ജനങ്ങൾ ഉണ്ട് . സ്ഥിരം സംഭവം ആണ് മരണം . ഓരോ സെക്കന്റിലും ആയിരക്കണക്കിന് ആളുകൾ മരിക്കും .

സൂര്യൻ പിറ്റേ ദിവസം ഉദിച്ചു  . അത് പിന്നെ ഉദിക്കുമല്ലോ . കിളികൾ പാടി . ഹൈവേകളിൽ വണ്ടികൾ ചീറിപ്പാഞ്ഞു . സിഗ്നൽ ചുവന്നപ്പോൾ അവ നിന്നു . പച്ച ലൈറ്റ് കത്തിയപ്പോ ഷറർ …എന്ന് അവ പിന്നേം ഓടി .

കാറ്റ് പിന്നേം അടിച്ചപ്പോൾ , നഗരത്തിലെ ചവറ്റുകൂനെന്നു നാറ്റം പിന്നേം പരന്നു . നാട്ടുകാർ പിന്നേം അതും സഹിച്ച് , ശ്വാസം പഴേ പോലെ വിട്ടു .

ഒന്ന് രണ്ടു പ്രാവശ്യം പൂര്ണചന്ദ്രൻ ഉദിച്ചു , മാഞ്ഞു , വീണ്ടും തിരിച്ചും വന്നു .

രാധേടെ അപ്പന് നല്ല കാശ് ഉണ്ടായിരുന്നു . ബാങ്കിലും ഇഷ്ടം പോലെ ഉണ്ട് . രാധേടെ അപ്പനും അമ്മയും രാജൂന്റെ (ഇപ്പൊ രാധേന്റെ ) വീട്ടിലേക്ക് താമസം മാറ്റി . പിള്ളേർ സ്‌കൂളിൽ പോയി . മൂത്ത മോൾ പാട്ടും ഡാൻസ് പഠിത്തവും തുടർന്നു .

ശോഭ ഡോക്ടർ ആശുപത്രിയിൽ ജോലിക്ക് കേറി കേട്ടോ . അവരിക്ക് സ്വീഡനിൽ നിന്ന് ഡിഗ്രി ഉണ്ടത്രേ ! നല്ല പെരുമാറ്റം . രോഗികൾ ഒക്കെ ഹാപ്പി .

ശോഭ വീട്ടിൽ നിന്നിറങ്ങുമ്പോ ഡാകിനി എന്ന കാക്ക കരഞ്ഞു – കാ കാ .

തൊട്ടടുത്ത ആശുപത്രിയിൽ അതെ വിഭാഗത്തിൽ പ്രശാന്ത് നായർ ഉണ്ട് ! പുള്ളി ഫോറിനിൽ പോയിട്ടില്ലെങ്കിലും ജിപ്മെറിൽ ആണ് പഠിച്ചത് . അപ്പോളോ ഡൽഹിയിൽ ജോലി ചെയ്തിട്ടുണ്ട് . പുലി അല്ലെ – പുപ്പുലി . നല്ല ഉഷാർ . കുറെ രോഗികൾ അങ്ങോട്ട് ഓടി . ഒരു പ്രശ്നോമ് ഇല്ല .

പ്രശാന്ത് നായർ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ഡാകിനി എന്ന കാക്ക കരഞ്ഞു  – കാ കാ .

ഹോ – നിങ്ങൾ വിചാരിക്കുന്നുണ്ടാവും . ഇതെങ്ങനെ നടക്കും ? ആകെ രണ്ടു കോല്ലൊം ചില്ല്വാനോം മാത്രം ജീവിക്കുന്ന ഡാകിനി കാക്ക എങ്ങനെ രാജൂന്റെ ചെറുപ്പം മുതൽ ഇത്രേം നാൾ ജീവിച്ചു ?

എങ്ങനെ രാജൂന്റെ പുറകെ വന്നു ? എന്തിന് ?

ശോഭേടേം , പ്രശാന്തിന്റെയും വീടുകളുടെ മുന്നിൽ ഇരുന്ന് എന്തിനു കരഞ്ഞു ?

രണ്ടു പേരുടെയും വീടുകളിൽ എങ്ങനെ ഒരേ സമയം എത്തി ? ഈ കാക്ക കുമ്പിടി ആണോ , കുമ്പിടി ?

എന്റെ വിഡ്ഢി മനുഷ്യരെ , അതിലേറെ വിഡ്ഢികൾ ആയ മനുഷ്യത്തികളെ –

രണ്ടു കാക്കകൾ തമ്മിൽ എങ്ങനെ തിരിച്ചറിയും ? ഈ ലോകം മുഴുവൻ ഡാകിനി എന്ന കാക്കകൾ ആണ് . കാലാ കാലങ്ങളിൽ , കുറെ എണ്ണം ചാവുമ്പോ , കുറെ എണ്ണം മുട്ട വിരിഞ്ഞു പുറത്തിറങ്ങും . ഈ പ്രതിഭാസത്തെ , ‘കാക്കോസ് ഇല്ല്യൂഷൻ ഓഫ് നോൺ ഇറീപ്ലേസബിലിറ്റി” “എന്ന് പറയും .

ഇനി ഞാൻ കാരണം പുതിയ വിവരം ഒന്നും കിട്ടിയില്ല എന്ന് പറയരുത് . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .