ഓണറേറി മെമ്പർഷിപ് തുടങ്ങിയ ആദ്യമതം- ക്രിസ്ത്യാനിറ്റി:

ഒറിജിനൽ പെസഹാ എന്തായിരുന്നു?

ജൂതന്മാരുടെ ഗോത്ര മിത്തുകൾ അനുസരിച്ച് അവരുടെ ഗോത്രദൈവം ആയിരുന്നു യഹോവ. ഈജിപ്തിൽ അടിമകൾ ആയിരുന്നത്രേ ജൂതന്മാർ ഒരു കാലത്ത്. മോശ എന്ന ജൂതനേതാവ് ഇവരെ മോചിപ്പിക്കുന്നതിനായി ഫറവോയ്‌ക്കെതിരെ സമരം ചെയ്തു. പകർച്ചവ്യാധി, ക്ഷുദ്രജീവികൾ, വെട്ടുകിളികൾ, വിളനാശം മുതലായ കുറെ മാരണങ്ങൾ യഹോവ ഈജിപ്തുകാർക്കെതിരെ അയച്ചു. പുള്ളി ജൂതദൈവം ആണല്ലോ. അവസാനം അങ്ങേര് ഒരു ദൂതനെ വിട്ട് ഈജിപ്തുകാരുടെ മൂത്ത പുത്രന്മാരെ മൊത്തം വധിച്ചു കളഞ്ഞു!!! ഈ സംഭവം ആണ് ജൂതന്മാർ പെസഹാ ആയി ആഘോഷിക്കുന്നത്.

അപ്പോ ക്രിസ്ത്യാനികൾ എന്നാത്തിനാ കൂവേ ഇത് ആഘോഷിക്കുന്നത്?

അത് ക്രിസ്തു എന്ന യേശു എന്ന ഈശോ ഇത് ആഘോഷിച്ചത് കൊണ്ട്.

യേശു എന്ന ഈശോ എന്തിനാണ് മരിക്കുന്നതിന് തൊട്ടു മുന്നേ പെസഹാ ആഘോഷിച്ചത്?

ഈശോ നൂറു ശതമാനം ഒരു ജൂത ആക്ടിവിസ്റ്റ് ആയിരുന്നത് കൊണ്ട്.

ങേ- ഈശോ ജൂതനോ? അപ്പൊ ജൂതന്മാർ അല്ലേ ഈശോയെ കൊന്നത്? അതിന്റ്റെ പേരിലല്ലേ പത്തുരണ്ടായിരം കൊല്ലം യൂറോപ്പിൽ മൊത്തം ജൂതന്മാരെ കൊല്ലാക്കൊലയും ശരിക്കുള്ള കൊലയും കത്തോലിക്കാസഭ ചെയ്തത്?

സീ- ജൂതന്മാർ അല്ല ആക്ച്വലി ഈശോയെ കൊന്നത്. കൊന്നത് ടൈബീരിയസ് സീസർ ആണ്. പുള്ളി ആരുന്നല്ലോ റോമാ ചക്രവർത്തി. ജൂതന്മാരുടെ ജൂദിയ റോമാസാമ്രാജ്യത്തിന്റെ ഭാഗം ആരുന്നു. ജൂദ പുരോഹിതനും ജൂദ പ്രമാണികളും ഒക്കെ റോമാക്കാരുടെ പാവകൾ. അതിനെതിരെ ജനരോഷം തിളക്കുകയാണ് സുഹൃത്തുക്കളെ- തിളക്കുകയാണ്.

ഞങ്ങടെ സ്വന്തം യഹോവ ഞങ്ങക്ക് തന്ന രാജ്യം-
ഞങ്ങക്ക് വിട്ട് തരിക!!
റോമാ ചക്രവർത്തിയും പുള്ളിയുടെ ഗവർണർ ആയ പന്തിയോസ് പീലാത്തോസും റോമാ പോലീസ് ആയ ജൂദ പുരോഹിതനും ജൂദ നേതാക്കളും- സ്റ്റാൻഡ് വിടുക!!
ഞങ്ങടെ മിശിഹാ- പഴേ ജൂദാരാജാവ് ദാവീദിന്റ്റെ പുത്രപുത്രൻ എവിടുന്നോ മുളച്ചു വരും-
ഞങ്ങളെ രക്ഷിക്കും!!

ആ സമയത്താണ് നസ്രത്തിൽ ഒരു തച്ചന്റ്റെ മകനായി ജനിച്ച ഒരു സന്യാസി കൊടുങ്കാറ്റ് പോലെ അവതരിക്കുന്നത്! ജൂദിയയിൽ അങ്ങോളമിങ്ങോളം പുള്ളി നടന്നു പ്രസംഗിച്ചു. ജൂദന്മാർ ചുറ്റും കൂടി; പിറകെ നടന്നു!!-

മിശിഹാ!!

ഇവൻ തന്നെ മിശിഹാ.

മനസിലാക്കാൻ പ്രയാസമുള്ള ഉപമകളും കഥകളുമാണ് പുള്ളി കുറെ പറഞ്ഞത്. “കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നും പറഞ്ഞു. എന്തിനാണ് പുള്ളി ഇങ്ങനെ വളഞ്ഞു കാര്യങ്ങൾ പറഞ്ഞത്?

അതിപ്പോ എനിക്കൊക്കെ മനസിലാക്കാൻ ഒരു പാടുമില്ല. ദോമി രാജൻ ഒന്നാമൻറ്റെ കാലത്തുള്ള ആർക്കും അതെന്തു കൊണ്ടാണ് എന്ന് മനസിലാവും.

നേരെ റോമാ അധിനിവേശത്തിനെതിരെ പറഞ്ഞാൽ കുരിശിൽ കേറ്റി കൊല്ലും. രാജ്യദ്രോഹത്തിന് അതാണ് റോമൻ ശിക്ഷ.

പാവങ്ങൾക്ക് വേണ്ടി ശബ്ദിച്ചു. പാർശ്വവത്കരിക്കപ്പെട്ടവരുടെ കൂടെ നടന്നു. താഴ്ന്ന ജാതിക്കാരായ സമരിയക്കാരോട് കമ്പനി കൂടി, വേശ്യകളോട് ചിരിച്ചു കൊണ്ട് മിണ്ടി. റോമാ-പാവ ജൂദ നേതൃത്വത്തെ ചൊറിഞ്ഞു.

മതിയല്ലോ. പതിനായിരങ്ങൾ പുറകെ വന്നാൽ തന്നെ മതി. പന്തിയോസ് പീലാത്തോസ് വിധി പറഞ്ഞു. ഈശോയെ കുരിശിൽ തറച്ചു കൊന്നു.

അപ്പൊ അന്നത്തെ ജൂദ പ്രമാണികൾ കൊലക്ക് കൂട്ട് നിന്നില്ലേ?

നിന്നു. ഇന്ത്യക്കാർ പോലീസും പട്ടാളവും അല്ലേ ഭഗത് സിംഗിനെ കൊന്നത്? എന്നിട്ട് നമ്മൾ എന്താ ബ്രിടീഷുകാർ അങ്ങേരെ കൊന്നു എന്ന് പറയുന്നത്? അത് പോലെ തന്നെയേ ഉള്ളു കാര്യം.

ഈശോ ഉയർത്തു വന്നു എന്നും പറഞ്ഞ്, പഴേ ശിഷ്യർ ഒക്കെ കൂടി ഒരു ജൂദ കൂട്ടായ്മ ഉണ്ടാക്കി. ഈശോ പിന്നേം ഉടൻ വരും- എല്ലാം ശരിയാക്കും- അതായിരുന്നു അവരുടെ ഒരിത്. ഞങ്ങടെ കൂടെ കൂടിക്കോ- ജൂദന്മാരെ!! അങ്ങേര് ദേ പിന്നേം വരും- നമ്മുടെ രാജ്യം സ്ഥാപിക്കും!! ജൂദന്മാർ പുതിയ കൂട്ടായ്മയിലേക്ക് ഒഴുകി. ഇതിൽ പൊറുതി മുട്ടിയ ചില ജൂദന്മാർ ഇവരെ അടിച്ചൊതുക്കുവാൻ തുടങ്ങി!!

ടണ്ടണാ- ഇപ്പൊ മനസിലായല്ലോ ജൂദന്മാരോട് എങ്ങനെ ആണ് വിരോധം തുടങ്ങിയത് എന്ന്.

ഇങ്ങനെ ക്രിസ്ത്യാനികളെ അടിക്കാൻ നടന്ന ഒരു ആളായിരുന്നു സാവൂൾ. സാവൂളിന് പെട്ടന്ന് ഒരു നിയർ ഡെത്ത് എക്സ്പീരിയൻസ് ഉണ്ടായി. ഈശോയെ നേരിട്ട് കണ്ടത്രേ. ജൂദന്മാർക്ക് മാത്രം അല്ല. ലോകത്തിൽ എല്ലാ മനുഷ്യർക്കും ഉള്ളതാണ് ദൈവം!!

അത് വരെ ഉള്ളത് ഗോത്ര ദൈവങ്ങൾ ആയിരുന്നു- ഇടുങ്ങിയ വീക്ഷണ കോണകം ഉടുത്ത ദൈവങ്ങൾ. ഇല്ലേൽ ചെറു സമൂഹ ദൈവങ്ങളെ കോർത്തിണക്കിയ അനേക ദൈവ മിശ്രിതങ്ങൾ.

എല്ലാര്ക്കും ഒരൊറ്റ ദൈവം!!??

അതേ. ഈശോയുടെ വചനങ്ങളിൽ വിശ്വസിച്ചാൽ മതി. ചേലാകർമം പോലും ചെയ്യണ്ട!! ചുമ്മാ തലയിൽ ഇച്ചിരി വെള്ളം ഒഴിച്ച് കർമം ചെയ്താൽ മതി!!

മറ്റേ ജൂദ ഈശോ വിശ്വാസികൾ- പത്രോസ്, ജെയിംസ്, ആദിയായവർ ഇതിനെ നഖശിഖാന്തം എതിർത്തു. പക്ഷെ സാവൂൾ എന്ന പൗലോസ് കട്ടക്ക് നിന്ന്. പൗലോസ് ജയിച്ചു.

AD 30 ലോ മറ്റോ ആണല്ലോ ഈശോ മരിച്ചത്. AD 70 ഒക്കെ ആയപ്പോഴേക്കും ഒരു ഭീകര ജൂദ വിപ്ലവ ശ്രമത്തെ റോമാക്കാർ അതിക്രൂരമായി ഒതുക്കി. ജൂദപ്പള്ളി കത്തിച്ചു. ജൂദന്മാരെ ജറുസലേമിൽ നിന്നും ജൂദിയയിൽ നിന്നും ഓടിച്ചു. ജൂദക്രിസ്ത്യാനികൾ റോമാസാമ്രാജ്യത്തിൻറ്റെ മുക്കിലും മൂലയിലും- യൂറോപ്പിലും മിഡിൽ ഈസ്റ്റിലും മെഡിറ്ററേനിയൻ തീരങ്ങൾ ചുറ്റിലും, നോർത്ത് ആഫ്രിക്കയിലും ലോകം മുഴുവനും പടർന്നു. പക്ഷെ അപ്പോഴേക്കും, ചരിത്രത്തിൽ ആദ്യമായി ഒരു ഐഡിയ ഉദയം ചെയ്തിരുന്നു:

  • എല്ലാ മനുഷ്യർക്കും ഉള്ളതാണ് ദൈവം,
  • ചില കാര്യങ്ങൾ വിശ്വസിച്ചാൽ മതി!!
  • ഗോത്രീയ രക്ത ബന്ധം വേണ്ടാ!

ആൻ ഐഡിയ ക്യാൻ ചെയ്ഞ്ച് ഹിസ്റ്ററി!!

അങ്ങനെ റോമക്കാരെയും ഗ്രീക്കുകാരെയും ഒക്കെ ഓണററി ഗോത്രമെമ്പർമാരാക്കി മുന്നേറിയ ഈ പുതിയ മതം, റോമയിലെ ഒരു പ്രബലമതം ആകുകയും കോൺസ്റ്റാന്റിൻ ചക്രവർത്തി ക്രിസ്ത്യാനിയായതോടെ റോമാസാമ്രാജ്യ ഔദ്യോഗിക മതമായി മാറുകയും ചെയ്തത് AD 325 ഓടെ. അങ്ങനെ ആ ബ്രഹ്മാണ്ഡ മതഗോത്ര നേതൃത്വം ഉടലെടുക്കുകയായി-

ആഗോള ക്രൈസ്തവ സഭ.

എല്ലാ മനുഷ്യർക്കും ഉള്ള കാരുണ്യവാനായ ദൈവത്തിനു വേണ്ടി അനന്തമായ ദയാവായ്‌പോടെ ആചന്ദ്രതാരം മനുഷ്യകുലത്തെ സേവിച്ചോ; ഈ ആഗോള സഭ??

ഉണ്ട. വലിയ, ഭീമാകാരമായ പ്രാപഞ്ചിക ഉണ്ട.

ആ കഥ പിന്നൊരിക്കൽ.
(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .