ഹ്യൂമൻ റൈറ്സ് വാച് ഓണർ കൊല്ലലിനെ നിർവചിക്കുന്നത്:
ഒരു കുടുംബത്തിന്റ്റെ അഭിമാനത്തിന് കോട്ടം വരുത്തിയ ഒരു സ്ത്രീയെ അതേ കുടുംബത്തിൽ ഉള്ള ഒരാണൊ ആണുങ്ങളോ (പലപ്പോഴും മറ്റു പെണ്ണുങ്ങളുടെ സമ്മതത്തോടു കൂടി) കൊല്ലുന്നതാണ് ഓണർ കില്ലിംഗ് എന്ന ദുരഭിമാന കൊല. ആണുങ്ങളെയും പ്രണയജോഡികളെയുമൊക്കെ ഇങ്ങനെ കൊല്ലാറുണ്ട് കേട്ടോ.
മിക്കവാറും വേറെ മതത്തിലോ ജാതിയിലോ പെട്ട ആളുമായി ബന്ധത്തിലാവുന്നതാണ് ഒരു പ്രധാനകാരണം. അതായത് ഗോത്രീയതയാണ് ഇതിന്റെ അടിസ്ഥാനം. ഗോത്രനിയമങ്ങൾ അനുസരിക്കാത്ത മക്കളുള്ള കുടുംബത്തെ അങ്ങനെ തന്നെ കൊല്ലുക, നാട്ടിൽ നിന്ന് അടിച്ചോടിക്കുക, ഊരുവിലക്ക് കല്പിക്കുക തുടങ്ങിയ കലാപരിപാടികൾ പണ്ട് അതിസാധാരണമായിരുന്നു. അഭിമാനം വീണ്ടെടുത്ത് കുടുംബത്തിന് അവിടെ സമാധാനമായി കഴിയണമെന്നുണ്ടെങ്കിൽ പിന്നെ ഒരേ ഒരു മാർഗം- സ്വയം മുൻകയ്യെടുത്ത് മകളെ അല്ലെങ്കിൽ സഹോദരിയെ ഒക്കെ അതിനിഷ്ടൂരമായി അങ്ങ് കൊല്ലുക!
അഭിമാനം തിരിച്ചു പിടിക്കാം എന്നുമാത്രമല്ല, അഭിമാനം കാത്തതിന് അഭിനന്ദനവും കിട്ടും!! ഒരു യഥാർത്ഥ ഗോത്രീയ സമൂഹം ഇതിനെ വലിയ ഒരു പുണ്യമായാണ് പരമ്പരാഗതമായി കാണുന്നത്.
ലോകമെങ്ങും ഉണ്ടായിരുന്ന ഈ പ്രതിഭാസം ഇപ്പോൾ അറബ് രാജ്യങ്ങൾ, നോർത്ത് ആഫ്രിക്ക, പാകിസ്ഥാൻ പിന്നെ ഇന്ത്യ- ഈ രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങിയിരിക്കയാണ്. ഇന്ത്യൻ, പാകിസ്ഥാനി ഖാപ് പഞ്ചായത്തുകൾ ഇത്തരം കൊല്ലലുകൾക്ക് വളരെ പ്രസിദ്ധമാണ്.
ലോകം മൊത്തമുണ്ടായിരുന്ന ഈ സാധനം ഇത് പോലുള്ള കാലഹരണപ്പെട്ട ഗോത്രമൂല്യപ്രധാനമായ സമൂഹങ്ങളിൽ മാത്രമായത് എന്ത് കൊണ്ടാണ്?
വ്യക്തി സ്വാതന്ത്ര്യങ്ങളിലും വ്യക്തി അവകാശങ്ങളിലും മത, ജാതി നിരപേക്ഷതയിലും അധിഷ്ഠിതമായ ലിബറൽ മൂല്യങ്ങളുടെ ആവിർഭാവവും അതിന്റെ പടർച്ചയും. അത്രേ ഉള്ളു.
(ജിമ്മി മാത്യു)