ഒരു നാലാം ക്‌ളാസ് ആയപ്പോഴേ എനിക്ക് ഒരു കാര്യം മനസ്സിലായി . കണക്ക് എനിക്കൊരു കണക്കാണ് . ഏത് കോമാങ്ങനാണ് കണക്ക് കണ്ടു പിടിച്ചത് എന്നോർത്തു ഞാൻ കുറെ പ്രാകി യിട്ടുണ്ട് . ഇതെന്തു കൊണ്ടാണെന്ന് എനിക്കറിയില്ല . എന്നാൽ ബയോളജി , സോഷ്യൽ സയൻസ് ഒക്കെ വളരെ സിമ്പിൾ . ഇംഗ്ളീഷും മലയാളവും ഒക്കെ ചീള് കേസ് കെട്ടുകൾ . ഭാഷാ രണ്ടാം പേപ്പറിനൊക്കെ ഒൻപതാം ക്ലാസ്സിൽ ഒക്കെ നൂറിൽ നൂറൊക്കെ കിട്ടിയിട്ടുണ്ട് . അതായത് :
“ഗണിതം ദുഖമാണുണ്ണീ
തള്ളല്ലോ സുഖപ്രദം ”
നോട്ട് നിരോധിച്ചതൊക്കെ കണക്കറിയാവുന്നവർ എത്ര വിമർശിച്ചാലും തള്ളറിയാവുന്നവർ പിടിച്ചു നിൽക്കും എന്ന് നമ്മൾ കണ്ടതാണല്ലോ . അത് കൊണ്ട് എനിക്ക് പരാതി ഒന്നും ഇല്ല . പിന്നെ എനിക്ക് ആദ്യമായി പ്രേമം തോന്നിയത് നാലാം ക്ലാസ്സിലെ ബിയോളജി ടീച്ചറിനോട് ആയിരുന്നു . പേരൊക്കെ ഇപ്പോഴും ഓർമയുണ്ട് . (പറയൂല്ല ട്ടോ . ഇപ്പോഴും ഉണ്ടാവും . വളരെ ചെറുപ്പം ആയിരുന്നു ). കണക്ക് എടുത്തിരുന്നത് വയസ്സ് ചെന്ന ഒരു ടീച്ചർ ആയിരുന്നു . നല്ല ടീച്ചർ ആയിരുന്നു . പക്ഷെ പ്രേമം ഒന്നും തോന്നിയിട്ടില്ല .
പറഞ്ഞു വരുന്നത് , പാരമ്പര്യത്തിന് പുറമെ പല കാര്യങ്ങളും നമ്മളെ സ്വാധീനിച്ചിരിക്കാം . എന്തായാലും , അഞ്ച് , ആറ് ക്ലാസ്സുകളിൽ ആയി , തൃശൂർ മാഡെൽ ബെയ്സിൽ ആയപ്പോഴേക്കും തികച്ചും ഒരു ഗണിത വിരോധി ആയി കഴിഞ്ഞിരുന്നു .
“എന്തുട്ടിനാ ഇതൊക്കെ പടിക്കണേ …?” അങ്ങനെ ദയനീയമായി പലരോടും ചോദിച്ചിട്ടുണ്ട് .
എന്നാൽ പ്രപഞ്ചത്തിന്റെ സ്പന്ദനം ഗണിതത്തിൽ ആണെന്നും , ശാസ്ത്രത്തിന്റെ , പ്രപഞ്ച രഹസ്യങ്ങളുടെ പൊരുൾ മൊത്തം ഭാഷകൾക്ക് മുൻപ്, പ്രകൃതിയുടെ ഡി ൻ എ യിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ആ മഹാഗണിത ഭാഷയിൽ എഴുതിയതാണെന്നും –
ആരും പറഞ്ഞില്ലുണ്ണീ , അറിഞ്ഞുമില്ല . (പൊട്ടി ക്കരയുന്നു )
പറയുമ്പ ഇങ്ങനെ ഒക്കെ പറയാം . സംഭവം അറിയാഞ്ഞിട്ടൊന്നുമല്ല . ടൌൺ ഹാൾ കെട്ടിടത്തിൽ ഉള്ള ലൈബ്രറിയിൽ ആയിരുന്നല്ലോ താമസം മൊത്തം . സാഹിത്യം കഴിഞ്ഞാൽ വായിക്കുന്നത് മൊത്തം ശാസ്ത്രവും ചരിത്രവുമാണ് . അങ്ങനെ ആണ് ഈ ന്യുട്ടണേയും എയ്ൻസ്റ്റീനെയും പറ്റി ഒക്കെ അറിയുന്നത് .
ജീവന്റെ ഉത്പത്തി , പരിണാമം , ബിയോളജി മൊത്തം അരച്ച് കലക്കി കുടിച്ചു . എളുപ്പമാണല്ലോ . ചരിത്രം ഒക്കെ ചുമ്മാ വായിച്ചാൽ പോരെ .
പക്ഷെ ഭൗതിക ശാസ്ത്രം അങ്ങനല്ലല്ലോ . കണക്കറിയാതെ കാര്യമില്ല . പക്ഷെ ഐസക് അസിമൊവ്, കാൾ സാഗൻ ഒക്കെ സാധാരണക്കാർക്കായി എഴുതിയ ശാസ്ത്ര പുസ്തകങ്ങളിൽ നിന്ന് കാര്യങ്ങൾ ഒക്കെ മനസ്സിലായി .
പിന്നെ വളരെ നാളുകൾ കഴിഞ്ഞാണ് സ്റ്റീഫൻ ഹോക്കിങ്ങിന്റെ പുസ്തകം ഇറങ്ങുന്നത് . ഞാൻ മെഡിസിന് പഠിക്കുമ്പോൾ ആണ് എന്നാണോർമ . ഇതിനേക്കാൾ വളരെ നന്നായി കാര്യങ്ങൾ പറയുന്ന വേറെ എത്രയോ പുസ്തകങ്ങൾ ഉണ്ട് എന്നാണു എനിക്ക് തോന്നിയത് . ഇന്നും ആ അഭിപ്രായം ആണ് . ഭൗതിക ശാസ്ത്രത്തെ പറ്റി വേറെ വളരെ നല്ല പുസ്തകങ്ങൾ ഉണ്ട് – ബിൽ ബ്രൈസൺ (bill bryson ) ന്റ്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് എവെരിതിങ് നല്ല പുസ്തകമാണ് . ബ്രയാൻ ഗ്രീൻ , പോൾ ഡേവീസ് , ഒക്കെ ഉഷാർ തന്നെ .
ഇങ്ങനെ വീൽ ചെയറിൽ ഇരുന്നോണ്ട് ഈ നിലയിൽ എത്തിയത് ചില്ലറ കാര്യമല്ല . പ്രചോദനം തരുന്ന ആളാണ് സ്റ്റീഫൻ ഹോക്കിങ് . വലിയ ശാസ്ത്രജ്ഞൻ ആയിരുന്നു . പക്ഷെ ശരിക്കും ഭൗതിക ശാസ്ത്രത്തിൽ ഇതേ സമയത് അദ്ദേഹത്തോട് കിട പിടിക്കുന്ന സംഭാവനകൾ ചെയ്ത നൂറു കണക്കിന് ശാസ്ത്രജ്ഞർ വേറെ ഉണ്ട് . പക്ഷെ നമുക്ക് ബിംബങ്ങൾ വേണമല്ലോ . അദ്ദേഹം നല്ലൊരു ബിംബം ആയിരുന്നു .
എനിക്ക് സ്റ്റീഫൻ ഹോക്കിങ് പറഞ്ഞ ഒരു കാര്യം വളരെ ശ്രദ്ധേയം ആയി തോന്നി . ഈ അന്യഗ്രഹ ജീവികളെ കണ്ടു പിടിക്കാനുള്ള മനുഷമ്മാരുടെ തോര ഉണ്ടല്ലോ – ത്വര (സോറി )- അത് അത്ര നല്ലതല്ല എന്ന് ഒരിക്കൽ അങ്ങേരു പറഞ്ഞു .
അതായത് – നാലാം ക്ലാസ്സ് തുടങ്ങി ചില അസ്തിത്വ ചോദ്യങ്ങൾക്കുത്തരം കിട്ടാനാണ് പുസ്തകങ്ങളിൽ നിന്ന് പുസ്തകങ്ങളിലേക്ക് അലഞ്ഞത് . താടി വച്ചത് , ബീഡി വലിച്ചത് , കഞ്ചാവ് ചവച്ചത് . (ചുമ്മാ ആണ് – ബബിൾ ഗം മാത്രമേ ചവച്ചുള്ളു .)
ആരാണ് ഞാൻ ?
ഞാൻ എങ്ങനെ ഇവിടെ എത്തി ?
എന്റെ ഉദ്ദേശം എന്താണ് ? ഉദ്ദേശം വല്ലതും ഉണ്ടോ ?
ഇതേ ചോദ്യങ്ങൾ ആണ് മനുഷ്യ രാശിയെ മൊത്തം മന്തിച്ചത് – ഐ മീൻ – മഥിച്ചത് . ഈ മഥനത്തിൽ നിന്നാണ് ചില ഉത്തരങ്ങൾ ഉണ്ടായത് . ഇതിൽ തുടർന്നുണ്ടായ ചില ചോദ്യങ്ങൾ ആണ് :
നമ്മൾ ഈ പീറ ഭൂമിയിൽ ഒറ്റക്കാണോ ?
ഇത്രേം ബ്രഹ്‌മാണ്ഡ സമാനമായ ബ്രഹ്‌മാണ്ഡത്തിൽ വേറെ ആരും ഇല്ലേ ?
വേറെ ഒറ്റ ഒരുത്തനും ഇല്ലെടെ ?
ചോദിക്കുക മാത്രം അല്ല ; നമ്മൾ തിരയാനും തുടങ്ങി . റേഡിയോ , ടെലിവിഷൻ ഒക്കെ ഉള്ള കാലം തൊട്ടേ നമ്മൾ ശൂന്യാകാശത്തേക്ക് , പ്രപഞ്ചത്തിന്റെ അന്തരാളങ്ങളിലേക്ക് , ഇങ്ങനെ സിഗ്നലുകൾ അയക്കുകയാണ് ശുഹൃത്തുക്കളെ , അയക്കുകയാണ് .
“ഒയ് , പൂയ് – ആരെങ്കിലും ഉണ്ടോഷ്ട അവിടെ” . ഊണ് കഴിച്ചോ ..ന്നല്ല – ഉണ്ടോ ? ഉണ് …ണ്ടോ ?
ലോകം മൊത്തം റേഡിയോ ടെലിസ്കോപ്പുകൾ വച്ച് ഇങ്ങനെ ആകാശത്തേക്ക് വേഴാമ്പൽ നോക്കുന്നത് പോലെ ആന്റിന ചുണ്ടുകൾ പിളർത്തി വച്ച് , ദാഹിച്ചു മോഹിച്ചു ഇരിക്കുകയാണ് SETI യുടെ ആൾക്കാർ . search for extra terrestrial intelligence – പോലും . അന്യഗ്രഹ ബുദ്ധിക്കു വേണ്ടിയുള്ള അലച്ചിൽ . തിരച്ചിൽ . ഉഴിച്ചിൽ , പിഴിച്ചിൽ . സർക്കാരുകളെ ഒക്കെ കഷ്ടപ്പെട്ട് പിഴിഞ്ഞാണെ- കാശ് കൊറേ പൊടിയും . ഇന്നും ഇന്നലെയും തുടങ്ങിയതല്ല . 1970 കളിൽ തുടങ്ങിയതാണ് .
എന്തിനു 1972 – 73 കാലഘട്ടത്തിൽ വിട്ട പയനിയർ ഉപഗ്രഹങ്ങളിൽ ലോഹ തകിടുകൾ ഒക്കെ യുണ്ട് (പടം നോക്കുക ). തുണി ഉടുക്കാതെ ഒരാണും പെണ്ണും . കൈകൾ ഉയർത്തി അഭിവാദ്യം ചെയ്യുന്നു . തകിടിൽ പ്രപഞ്ചത്തിൽ നമ്മുടെ സ്ഥാനം , ഗാലക്സിയിൽ എവിടെ ആണ് , സൂര്യന്റെ എത്രാമത്തെ ഗ്രഹം ആണ് , ഒക്കെ കൊത്തി വച്ചിട്ടുണ്ട് . പയനീർ സാറ്റലൈറ്റ് ഇപ്പൊ സൗര യൂധം വിട്ട് അനന്ത ശൂന്യതയുടെ ഇരുട്ടിൽ മറഞ്ഞിട്ട് അനേക കൊല്ലങ്ങൾ ആയി . എന്തിനാണ് തകിട് ? വല്ല അന്യഗ്രഹ ജീവികളും കണ്ടാൽ വായിക്കാൻ !!
ഇന്ന് വരെ , ബഹ്‌മാണ്ഡത്തിന്റെ ഇരുണ്ട വയറിൽ നിന്ന് ഒരു ഏമ്പക്കം പോലും തിരിച്ചിങ്ങോട്ട് – ങേ ഹേ – ഇല്ല .
വരും , വരാതിരിക്കില്ല . ശാസ്ത്രജ്ഞർ പറയുന്നു . ഇവിടെ മാത്രം , സ്റ്റീഫൻ ഹോക്കിങ് നമ്മോട് ചോദിക്കുകയാണ് :
“എന്തുട്ട് പൂട്ട് ആണ് നിങ്ങൾ കാണിക്കുന്നത് ? നമ്മുടെ സ്വന്തം ചരിത്രം ഒന്ന് വായിച്ചൂടെ ഗഡിയോളെ ? നമ്മൾ ഉണ്ടായിട്ട് രണ്ടു ലക്ഷം കൊല്ലങ്ങൾ ആയി . ഒരു അറുപതിനായിരം കൊല്ലങ്ങൾ ആയി അമ്പും വില്ലും , വലയും കെണിയും ഒക്കെ ആയി ഭൂലോകം മൊത്തം പരന്നു തുടങ്ങി . ഏഷ്യയിലെ വലിയ ജീവികളെ ഒക്കെ കൊന്നു . മാമത് , വലിയ മാനുകൾ , മൃഗങ്ങൾ – കൊന്നു കോല വിളിച്ചു . ഉടൻ തന്നെ ഓസ്‌ട്രേലിയയിൽ എത്തി .ഭീമൻ കങ്കാരൂ . വൊമ്പാറ്റ് , ടാസ്മാനിയൻ ടൈഗർ , മോ എന്ന ജീവിച്ചിരുന്നതിൽ വച്ച് ഏറ്റവും വലിയ പക്ഷി – എല്ലാം ക്ടിൻ – കൊന്നു കളഞ്ഞു . പതിനയ്യായിരം കൊല്ലങ്ങൾക്ക് മുൻപ് അമേരിക്കയിൽ എത്തി . മാസ്റ്റഡോൺ എന്ന ആന , വമ്പൻ സ്ലോത്തുകൾ , വലിയ വേറെ അനേകം മൃഗങ്ങൾ -ഒക്കെ ഗോൺ . വയറ്റിലെ – ഗോൺ . മാനുഷമ്മാരുടെ വയറ്റിൽ . വയറു നിറക്കാൻ ഒന്നും അല്ലെങ്കിലും കൊന്നു .
എന്തുട്ടണ് കാരണം ? ഓ – ഒന്നൂല്യ – മ്മളെ ക്കാ ഇത്തിരി – ദേ ഇത്തിരി ബുദ്ധി കൊറവായി പ്പോയി .
അത്രെള്ളോ ?
അത്രേള്ളോ .
അത് പക്ഷെ …
“ഛെ , പറയട്ടെന്ന് . മ്മള് സായ്പ്പന്മാര് , അമേരിക്കയ കണ്ടൂടിച്ചൂത്രേ . അത് നേരത്തെ കണ്ടു പിടിച്ചു അവടെ താമസിച്ചോണ്ടിരുന്ന ലക്ഷക്കണക്കിന് മനുഷ്യരെ , എന്തുട്ടാ ചെയ്തേ ? എന്തുട്ടാ നീ അങ്ങട് നോക്കണേ ? ഇങ്ങട് നോക്ക് , ങ്ങ്ട് . കൊന്ന് തള്ളീല്ല്യ ? ഉവ്വ് .
ഓസ്‌ട്രേലിയെ ചെന്ന് . എന്തുട്ടാ ചെയ്തേ ? സായിപ്പ് മാത്രല്ലല്ലോ . എപ്പോഴൊക്കെ വ്യാവസായികമായി ഉയർന്ന ഒരു കൂട്ടം , വേറെ ഒരു കൂട്ടം മനുഷ്യരെ കണ്ടപ്പഴൊക്കെ എന്തുട്ട് ണ്ടായേ ?
എന്തായിരുന്നു കാര്യം ?
അവർ നമ്മുടെ അത്ര വികാസം പ്രാപിച്ചിട്ടില്ലായിരുന്നു . അതും യുദ്ധം ചെയ്യാനുള്ള കഴിവിൽ .
അത്രേള്ളോ ?
അത്രേള്ളോ .
അതായത് , ഏതോ ഒരു ഗ്രഹത്തിൽ കിടക്കുന്ന , എന്ത് തരം ജീവികൾ ആണെന്നറിയാത്ത , നമ്മുടെ ബുദ്ധിയേക്കാൾ പല മടങ്ങു ബുദ്ധി ഉണ്ടാവാൻ സാധ്യത ഉള്ള സാധനങ്ങളോട് ഇങ്ങനെ വിളിച്ചു പറയാണെ :
“ഞങ്ങ ഇവ്ടെ ണ്ടെ , വേണേ വന്നു കൊന്നോ ….ന്നു .
ഈ മനുഷ്യ തൊര ഫോർ അന്യഗ്രഹ ജീവി = തൊല്ല .
തൊര = തൊല്ല .
സ്റ്റീഫൻ ഹോക്കിങ് ഒരു കാര്യം കൂടി പറഞ്ഞു കെട്ടോ . നമ്മളെ എല്ലാം ഒന്നിപ്പിക്കാൻ കഴിവുള്ള ഒരേ ഒരു ടെക്‌നോളജി ആണത്രേ , അന്യഗ്രഹ ജീവീ തിരച്ചിൽ . അതായത് , അന്യഗ്രഹ ജീവിയെ നമ്മൾ കണ്ടെത്തുന്നു . അവരെ നമ്മൾ വിളിക്കുന്നു . അവർ കൂട്ടത്തോടെ പന്തവും , കമ്പും കോലുമായി നമ്മളെ വളയുന്നു ; ആക്രമിക്കുന്നു .
നമ്മൾ വ്യത്യാസങ്ങൾ എല്ലാം മറക്കുന്നു . തൊലിയുടെ നിറം , മുടിയുടെ കറപ്പ് , കണ്ണിന്റെ നീല നിറം – ഒക്കെ ചീള് കാര്യങ്ങൾ . അല്ലാഹു , ഈശോ , ഈശ്വരൻ – ഒക്കെ എന്ത് .
ഇഗ്ളീഷ് , ഹിന്ദി , ചൈനീസ് , റഷ്യൻ .
ഇന്ത്യ , പാകിസ്ഥാൻ , ചൈന , ഇറാൻ , അമേരിക്ക .- എന്തർത്തം?
ഒന്നുമില്ല . എല്ലാരും ഒന്ന് .
നമ്മുടെ ഒടുക്കത്തെ ഒന്നിക്കൽ ആണെന്ന് മാത്രം (ജിമ്മി മാത്യു )