കാശ് എങ്കേന്നു വരുന്നു? വായുവിൽ നിന്ന് വരുന്നു!

മോദിയുടെ എല്ലാ കാര്യങ്ങളോടും യോജിക്കാൻ പറ്റില്ലെങ്കിലും ഒരു കാര്യത്തിന് നമ്മൾ അങ്ങോരോട് കടപ്പെട്ടിരിക്കുന്നു. തള്ള് എന്ന വാക്കിന്. തള്ള് ഒരു വികാര തിര തള്ളൽ ആക്കിയത് അദ്ദേഹം ആണ്.

 

ഇതേ സമയത്താണ് അതുവരെ ഇംഗ്ളീഷിൽ മാത്രം തള്ളിയിരുന്ന ഞാൻ മലയാളത്തിൽ കൂടി തള്ളാൻ തുടങ്ങിയത്, ഭായിയോം ഓർ ബഹനോം. ഇത്രേം പേർ എൻ തള്ളിനെ കാതലിക്കിറെൻ എന്ന് തോന്നുന്നത് അപ്പോഴാണ്. മേരാ ബഹുത് ബഡാ ധാന്യവാദ്.

 

കാശിനെ ഒറ്റയടിക്ക് ഇല്ലാതാക്കി രാജ്യത്തെ ജന കോടികളെ മൊത്തം ക്യൂ വിൽ നിർത്തി പുഴുങ്ങി എടുത്തപ്പോളാണ് ഞാനടക്കമുള്ള നിഷ്‌കുക്കൾ അതിനെ പിന്തുണച്ചത്. അത് കൊണ്ട് ഒരു ഗുണം ഉണ്ടായി.

 

ഈ ഏകോണോമിക്സിനെ പറ്റി എനിക്ക് ഒരു കുന്തവും അറിയില്ല എന്ന് വളരെ സിംപിൾ ആയി തലക്കോട്ട് കേറി. ഇതിനും ഞാൻ നമ്മുടെ പൂജ്യനീയനായ, ഒറ്റയടിക്ക് നോട്ടുകൾ പൂജ്യമാക്കിയ , രാജ്യ പ്രജാ പതി, സർവ പരിത്യാഗി, കർമ്മ യോഗി, കൂര്മ ബുദ്ധി – ശ്രീമാൻ മോദിജി യോട് കടപ്പെട്ടിരിക്കുന്നു. ഇതിൽ പിന്നെ ആണ് നോം ഏകണോമിക്സ് കുറച്ചു വായിച്ചു തുടങ്ങിയത്. 

 

ഈ കാശ് എവിടന്നു വരുന്നു? അതാണ് ആദ്യം ഞാൻ മനസ്സിലാക്കാൻ ശ്രമിച്ചത്. സത്യം മനസ്സിലാക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. കാശ് വരുന്നത് വായുവിൽ നിന്നാണ്. 

 

അല്ല..വായുവിൽ നിന്ന് പോലും അല്ല, ശൂന്യാകാശത്തു നിന്നാണ്. 

 

ഭാവിയിൽ നിന്നാണ് എന്നും പറയാം. ഒരു ടൈം മെഷീനിൽ കയറി, കാലത്തിലൂടെ സഞ്ചരിച്ചു ഭാവിയിലെ നമ്മുടെയും നമ്മുടെ സന്തതി പരമ്പരകളുടെയും പോക്കറ്റിൽ കൈ ഇട്ടും പണപ്പെട്ടികൾ പ്രതീകാൽമകം ആയി കുത്തി തുറന്നും ആണ് കാശ് ബാങ്കിൽ നിന്നും നമ്മുടെ കൈയിൽ എത്തുന്നത്!

 

കംപ്ലീറ്റ് കിളി പോയോ എന്നായിരിക്കും നിങ്ങളുടെ ചോദ്യം. ഇത് മനസ്സിലാക്കിയപ്പോൾ എനിക്കും ഇതേ സംശയം തോന്നിയിരുന്നു. പക്ഷെ ഞാൻ സ്വയം നുള്ളി നോക്കി. 

 

അപ്പിയിട്ടും കാപ്പി കുടിച്ചും നോക്കി.

 

സംഗതി സത്യമാണ്, സ്വപ്നം അല്ല. 

 

ആദിയിൽ ആളുകൾ സാധനങ്ങൾ പരസ്പരം സെക്സ് ചേഞ്ച് ചെയ്തു. കുന്തത്തിന് പകരം കുടം. കാപ്പിക്കുരുവിന് പകരം പോപ്പി കുരു. ഉണക്കിറച്ചിക്കു പകരം പച്ച മാങ്ങ.

 

മഹാ തൊല്ല.

 

പിന്നെ സ്വർണം ആയി. ഇത്ര ഗ്രാം സ്വർണത്തിനു ഇത്ര മാങ്ങ, ഇത്ര തേങ്ങാ, ഇത്ര ചൊറിയാമ്പുഴു.

 

ചൊറിയാംപുഴു എന്തിനാണ് എന്ന് എന്നോട് ചോദിക്കരുത്. അത് വാങ്ങുന്നവനോട് ചോദിക്കണം.

 

സ്വർണം പണം ആയപ്പോൾ അത് കൂട്ടി വച്ചാൽ പിടിച്ചു പറിക്കും എന്നായി. അതാകുമല്ലോ. അപ്പോൾ ചില ലോക്കൽ ഗുണ്ടകൾ അത് സൂക്ഷിക്കും. നമുക്ക് രസീതും തരും. ഈ രസീതിൽ, ‘ജിമ്മിച്ചൻ തന്ന രണ്ടു കിലോ സ്വാർണത്തിന്റെ രസീത്’ എന്നെഴുതിയിട്ടില്ലാ! രണ്ടു കിലോ സ്വർണം എന്നേയുള്ളു. എനിക്ക് വേണേൽ ഒരു പറമ്പ് വാങ്ങാൻ ഈ രസീത് കൊടുക്കാം. സ്വർണം നേരിട്ട് കൊടുക്കണ്ട.

 

ഈ രസീതാണ് നോട്ട്. ലോക്കൽ ഗുണ്ടായാണ് ബാങ്ക്. വച്ചിട്ടുള്ള സ്വർണം ആണ് ഈട്. രസീത് കൊടുത്താൽ ബാങ്ക് പൊന്ന് കൊടുക്കണം.

 

1913 വരെ ഇതായിരുന്നു സ്ഥിതി. പൊന്ന് പെട്ടിയിൽ വച്ചിട്ട് അതിന്റെ വിലക്കാണ് രാജ്യങ്ങൾ നോട്ട് ഓടിച്ചിരുന്നത്. പിന്നീട് അത് കുറച്ചു പൊന്ന് എന്ന നിലയിലേക്ക് മാറി. അതായത് നൂറു രൂപ അടിച്ചാൽ പത്തു രൂപേടെ പൊന്ന് ബാങ്ക് എടുത്തു വക്കും.

 

രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞപ്പോൾ പൊന്ന് മൊത്തം അമേരിക്കയുടെ കൈയിൽ ആയി. ലോക രാജ്യങ്ങൾ എല്ലാം അമേരിക്കയുടെ ഡോളർ ഈട് വച്ച് പണം അടിച്ചു തുടങ്ങി. ഡോളർ അവർ സ്വർണം ഈടാക്കി ആണ് അടിക്കുന്നത് എന്നാണു വയ്പ്. കുറെ നാൾ അങ്ങനെ പോയി.

 

മറ്റു രാജ്യങ്ങൾ ഇതപകടം ആണെന്നറിഞ്ഞു പൊന്ന് തിരിച്ചു ചോദിച്ചു തുടങ്ങി. റിച്ചാർഡ് നിക്സൺ പോയി പണി നോക്കാൻ പറഞ്ഞു. ഇതിനിടെ ചരിത്രം ഒരു പാടുണ്ട്.

 

ചുരുക്കി പറഞ്ഞാൽ 1971 മുതൽ അടിക്കുന്ന കാശിനു പൊന്നും ഇല്ല ഒരു ചുക്കും ഇല്ല. അമേരിക്ക ഡോളർ അടിക്കുന്നു. നമ്മൾ രൂപ അടിക്കുന്നു. അത്ര തന്നെ. സർക്കാർ പറയുന്നു അതിനു വില ഉണ്ടെന്ന്. നമ്മൾ വിശ്വസിക്കുന്നു.

 

മാത്രവുമല്ല, 10 ശതമാനത്തിൽ താഴെ കാശ് മാത്രമേ നോട്ട് ആയിട്ടുള്ളു. ബാക്കി ഒക്കെ വിർച്വൽ മണി ആണ്. വെറും ഒരു വിശ്വാസം. കുറച്ചു വിശ്വാസം കമ്പ്യൂട്ടറിൽ കാശ് എന്ന് പറഞ്ഞു അക്കങ്ങളായി ഇരിക്കുന്നു.

 

നമ്മൾ ജോലി, കൃഷി, ബിസിനെസ്സ് എന്നിവ ചെയ്യുന്നു. കാശ് ഉണ്ടാക്കി ബാങ്കിൽ ഇട്ടു പലിശ മേടിക്കുന്നു. ബാങ്ക് ആ കാശ് ബിസിനെസ്സ്, കൃഷി, വ്യവസായം ഒക്കെ തുടങ്ങേണ്ടവർക്ക് കൊടുക്കുന്നു. കൂടുതൽ പലിശ മേടിക്കുന്നു. അങ്ങനെ ബാങ്കിന് ലേശം ലാഭം. അങ്ങനെ അങ്ങനെ….ഇതാണ് നടക്കുന്നത് എന്നാണു നമ്മുടെ വിചാരം. 

 

എന്നാൽ അതൊക്കെ വളരെ പണ്ട്. ഇപ്പൊ മിക്ക കാശും ഉണ്ടാകുന്നത് ഇങ്ങനല്ല!

 

ഞാൻ ഒരു ബിസിനെസ്സ് തുടങ്ങാൻ 10 കോടി രൂപ ആവശ്യപ്പെട്ടു എന്ന് വിചാരിക്കുക. ബാങ്കർ ഞാൻ ഒരു പുലിയാണ് എന്നത് കൊണ്ടും ബിസിനെസ്സ് ഐഡിയ അടിപൊളി ആണെന്ന് തോന്നുന്നത് കൊണ്ടും എനിക്ക് ലോൺ തരാം എന്ന് വിചാരിക്കുന്നു. അതായത്, എന്റെ അകകൗണ്ടിൽ ചുമ്മാ പത്തു കോടി എഴുതി ചേർക്കുന്നു.! അത്രേയുള്ളൂ.

 

ചുരുക്കം പറഞ്ഞാൽ ഞാൻ ഭാവിയിൽ ലാഭം കൊയ്‌ത് തിരിച്ചടക്കും എന്ന വിശ്വാസത്തിന് പുറത്ത്. അതായത് ബാങ്ക് ഒരു ടൈം മെഷീനിൽ കയറി എന്റെ ഭാവി ലാഭം എനിക്ക് തന്നെ തരുന്നു! എന്താല്ലേ.

 

ഈ കാശ് ബാങ്കിന് സെൻട്രൽ ബാങ്ക് ആയ റിസർവ് ബാങ്ക് കൊടുക്കുന്നു എന്നാണു വയ്പ്. റിസർവ് ബാങ്ക് എങ്ങനെ ആണ് കാശ് അടിക്കുന്നത്? സർക്കാർ ചിലവ് നടക്കുന്നത് ഈ കാശ് കൊണ്ടാണ് എന്നോർക്കണം. 

 

അപ്പൊ സർക്കാർ ബോണ്ട് റിസർവ് ബാങ്കിന് കൊടുക്കും. ബോണ്ട് ഒരു പ്രോമിസറി നോട് ആണ്. ബോണ്ടിനു പകരം റിസർവ് ബാങ്ക് കാശ് സർക്കാരിന് കൊടുക്കും. രാജ്യത്തെ ജനങ്ങൾ ജോലിയും വ്യവസായവും ഒക്കെ ചെയ്ത ഭാവിയിൽ ടാക്സ് ആയി സർക്കാരിന് കാശ് കൊടുക്കുമല്ലോ. അത് കണക്കാക്കിയാണ് ബോണ്ട് കൊടുക്കൽ. 

 

അപ്പൊ..ഭാവിയിൽ നമുക്ക് കൂടുതൽ വരുമാനം ഉണ്ടാകും എന്ന് മുന്നിൽ കണ്ട് അത് ഭാവിയിൽ നിന്ന് ഊറ്റിയെടുത് ബോണ്ടായി റിസർവ് ബാങ്കിന് കൊടുക്കുന്നു. ബാങ്ക് അതിനു പകരം നോട്ട് അടിച്ചും കമ്പ്യൂട്ടറിൽ അക്കങ്ങളായും കാശ് ഉണ്ടായതായി അങ്ങ് വിശ്വസിപ്പിക്കുന്നു_ ആരെ? നമ്മളെ.

 

അങ്ങനെ ഭാവിയിൽ എല്ലാക്കാലവും ഏകോണമി വികസിച്ചു കൊണ്ടിരിക്കും എന്ന അനുമാനത്തിന്റ പുറത്ത് പടച്ചു വിടുന്ന അഥവാ വരും കാലത്തു നിന്ന് കടം വാങ്ങുന്നവ ആണത്രേ ഈ കണ്ട കാശ് മൊത്തം.

 

എന്തരോ എന്തോ (പൊട്ടി കരയുന്നു).

 

എന്തൂട്ടൊക്കെ ആൺടെ ഇത്? അറിയാവുന്ന ആരെങ്കിലും ഒന്ന് പറഞ്ഞു തായോ. പ്ലീസ് (ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .