കുണുങ്ങിച്ചിരിക്കുന്ന കൊലയാളി അമ്മച്ചിയും സൈക്കോപതിയും :

നാനി ഡോസ് എന്ന ആ അമ്മച്ചി, ആയിരത്തി തൊള്ളായിരത്തി അൻപത്തി നാലിൽ , പെട്ടന്ന് അസുഖം ബാധിച്ച  ഭർത്താവിനെയും കൊണ്ട് ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർക്ക് പ്രത്യേകിച്ച് ഒന്നും   തോന്നിയില്ല . ഛർദിയും മറ്റുമായി മോശം അവസ്ഥയിൽ ആയിരുന്ന ആൾ നാലഞ്ചു ദിവസം കൊണ്ട് ഭേദപ്പെട്ടു വീട്ടിൽ പോയി . എന്താണ് അസുഖം എന്ന് വ്യക്തമായതുമില്ല .

വീട്ടിൽ ചെന്നയുടൻ അമ്മച്ചി ഭർത്താവിന് സ്നേഹപൂർവ്വം ഭക്ഷണം ഉണ്ടാക്കി വിളമ്പി . ഉടൻ ആള് വീണ്ടും മോശമായി . അപ്പൊ തന്നെ മരിക്കുകയും ചെയ്തു .

ഭർത്താവിന്റെ പേരിൽ ഇൻഷുറൻസ് എടുത്തിരുന്ന നാനി അമ്മച്ചി ഉടൻ അത് കിട്ടാനായി അപേക്ഷയും കൊടുത്തു .

ഇതിന്റെ ഇടയിൽ ഡോക്ടർക്ക് ആണ് സംശയം തോന്നിയത് . പോസ്റ്റ് മോർട്ടം വേണം എന്ന് ശഠിച്ച ഡോക്ടർ കണ്ടെത്തിയത് , ആര്സെനിക് എന്ന കൊടിയ വിഷം . അങ്ങനെ ആണ് നാനി അമ്മച്ചി കോടതിയിൽ എത്തുന്നത് .

ഒന്നും രണ്ടുമല്ല . നല്ല കലക്കനായി , ഏറ്റവും ചുരുക്കം പതിനൊന്നു പേരെ ആണ് അമ്മച്ചി കാലപുരിക്കയച്ചത് . കോടതിയിൽ താൻ ചെയ്ത ഓരോ കൊലയെയും പറ്റി പറയുമ്പോൾ , മനസാക്ഷിയുടെ കുത്തിന്റെ ചെറു അസ്വസ്ഥത പോലും അവർ കാണിച്ചില്ല . പലപ്പോഴും കുണുങ്ങി ചിരിക്കുകയും ചെയ്തു . അത് കൊണ്ട് തന്നെ , അമേരിക്കയിൽ , അവർ ‘കുണുങ്ങി ചിരിക്കുന്ന അമ്മച്ചി (giggling nanny ) എന്ന പേരിൽ പ്രസിദ്ധ ആയി .

ഒകലഹോമയിൽ 1905 ൽ ആണ് അമ്മച്ചി ജനിച്ചത് . ആദ്യഭർത്താവുമായി ചെറിയ വഴക്കൊക്കെ ആയിരുന്നു . നാല് മക്കൾ ഉണ്ടായിരുന്നു . പെട്ടന്ന് , നടുക്കുള്ള രണ്ടു മക്കളും മരിച്ചു ! പെട്ടന്ന് !

എന്തോ പന്തികേട് തോന്നിയ ഭർത്താവ് മൂത്ത മകളുമായി ഓടിപ്പോയി .

കുറച്ചു കഴിഞ്ഞു , കൂടെത്താമസിച്ചിരുന്ന അമ്മായിഅമ്മ – ദേ – മരിച്ചു കിടക്കുന്നു !

പിന്നെ നാല് പേരെ കൂടെ കെട്ടി കേട്ടോ . കെട്ടും . കൂടെക്കഴിയും . മടുക്കുമ്പോ കൊല്ലും . അങ്ങനെ ജോളിയായി, അങ്ങനെ പോയി .

ഇതിനിടക്ക് , മൂത്ത മോൾക്ക് രണ്ടു കുട്ടികൾ ഉണ്ടായി . നോക്കാനായി കൂടെ നിന്നു അമ്മച്ചി . രണ്ടാമത്തേത് ഉണ്ടായ ഉടൻ, മകൾ പാതി മയക്കത്തിൽ നോക്കുമ്പോൾ , അമ്മച്ചി ഉണ്ടായ കുഞ്ഞിന്റെ തലയിൽ ഒരു പിൻ കുത്തി കേറ്റുന്നു ! ഇത് ഒരു സ്വപ്നം ആണെന്നാണ് പാവം വിചാരിച്ചത് . കുഞ്ഞു മരിച്ചു .

പെരുമാറ്റം കൊണ്ട് ഒരു സംശയവും തോന്നാത്ത , സ്നേഹ സമ്പന്നയായ അമ്മച്ചിയെ പിന്നീടും അവർ വിശ്വസിച്ചു . ഫലമോ – മറ്റേ കൊച്ചിനെയും അവർ വിഷം കൊടുത്തു കൊന്നു !

ഓരോ കൊലക്ക് മുൻപും ഇൻഷുറൻസ് എടുക്കും കേട്ടോ അമ്മച്ചി . മരിച്ചു കഴിഞ്ഞാൽ തുക തനിക്കു കിട്ടുന്ന രീതിയാൽ ആണ് എടുക്കുക .

പിന്നെ സ്വന്തം സഹോദരിക്ക് അസുഖമായി . ശിസ്രൂഷിക്കാൻ അമ്മച്ചി കൂടെ നിന്നു . അധികം സുശ്രൂഷ വേണ്ടി വന്നില്ല . ആൾ പോയി . എന്താ സംശയം ? കൊന്നത് തന്നെ .

പിന്നെ സ്വന്തം അമ്മ – അവരെയും പൊന്നു പോലെ നോക്കി . പെട്ടന്ന് അവരെയും കൊന്നു .

ആകെ മൊത്തം ടോട്ടൽ കുറെ ആയി .

1920 നും , 1954 നും ഇടക്ക് , ഏറ്റവും ചുരുക്കം പതിനൊന്നു പേർ .

ജീവപര്യന്തം ശിക്ഷ നേടി പത്തോളം കൊല്ലം കൂടി ജീവിച്ചതിനു ശേഷം ആൾ മരിച്ചു . യാതൊരു കുറ്റബോധവും  ഒരിക്കലും കാണിച്ചിട്ടില്ല .

1940 ൽ ഹെർവി ക്ളക്ലി എന്ന ഒരു അമേരിക്കൻ സൈക്കാട്രിസ്റ്റ് ആണ് സൈക്കോപതി എന്ന ഒരു സ്വഭാവ വിശേഷം നിർവചിച്ചത് . നല്ല ബുദ്ധിയും ബോധവും ഉണ്ടായിരിക്കുക , സമൂഹത്തിൽ എല്ലാവരോടും ഹൃദ്യമായി ഇടപെടുക . അതെ സമയം , സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി , എന്ത് ക്രൂരതയും യാതൊരു മനഃസാക്ഷിയുമില്ലാതെ ചെയ്യുക , യാതൊരു കുറ്റ ബോധവും ഇല്ലാതിരിക്കുക , എന്നിവയാണ് ഈ സ്വഭാവ വിശേഷത്തിന്റെ പ്രത്യേകതകൾ .

അദ്ദേഹം ഒരു പുസ്തകവും ഇതിനെ പറ്റി എഴുതി – ‘സുബോധം എന്ന മുഖം മൂടി ” എന്നാണാ പുസ്തകത്തിന്റെ പേര് .

എന്നാൽ ഇപ്പോൾ ഉള്ള ഡിസം five (DSM -5 ) ൽ സോഷ്യോ പതിക് പേഴ്സണാലിറ്റി ഡിസോർഡർ എന്ന ഒരു അസുഖം ആയാണ് ഇത് ഉള്ളത് .

എന്നാൽ പല മന ശാസ്ത്രജ്ഞരുടെയും അഭിപ്രായത്തിൽ , സൈക്കോപാതി എന്ന ഒരു സ്വഭാവ വിശേഷം ആണിത് . മിക്ക ആളുകളിലും ഏറിയും കുറഞ്ഞും ഇതുണ്ടാവാമത്രെ . മിക്കവരിലും വളരെ കുറഞ്ഞിരിക്കും . എന്നാൽ വളരെ കൂടുതൽ ഉള്ളവരെ , സൈക്കൊപ്പതുകൾ എന്ന് വിശേഷിപ്പിക്കാറുണ്ട് (ഇതിനെ പറ്റി വിമർശനങ്ങൾ ഉണ്ട് )

പക്ഷെ സൈക്കോപാതി എന്ന ഒരു മനഃശാസ്ത്ര വിശേഷണം (PSYCHOLOGIC CONTRUCT) യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നതിൽ മിക്കവർക്കും സംശയം ഇല്ല .

റോബർട്ട് ഹാരെ എന്ന ഒരു മനഃശാസ്ത്രജ്ഞൻ ഇതിനെ പറ്റി കൂടുതൽ പഠിക്കുകയും സൈക്കോപാതി ചെക്ക് ലിസ്റ്റ് എന്ന ഒരു അളവ് ഉപയോഗിച്ച് ഓരോരുത്തരിലും ഈ സ്വഭാവ വിശേഷത്തെ അളക്കാം എന്ന് കാണിക്കുകയും ചെയ്തു .

പ്രശ്നം ഉണ്ടാവുന്ന തരത്തിൽ ഈ സംഭവം ഉള്ളവരെ സൈക്കോപത്തുകൾ എന്ന് വിളിക്കുകയാണെങ്കിൽ , പൊതു ജനസംഖ്യയിൽ ഒന്ന് രണ്ടു ശതമാനത്തോളം സൈക്കോപാത്തുകൾ ആണ് . എന്നാൽ ജയിലുകളിലും   മറ്റും , ഇത് പതിനഞ്ചു മുതൽ ഇരുപത്തഞ്ച് ശതമാനത്തോളം വരും എന്ന് പഠനങ്ങൾ ഉണ്ട് .

എങ്ങനെ ആണ് സൈക്കോപാതി വളരെ കൂടിയവർ ഉണ്ടാവുന്നത് ?

നമുക്ക് ഒരു വിചാരമുണ്ട് . ക്രിമിനലുകൾ എല്ലാവരും ഉള്ളിൽ നല്ലവർ ആണ് . സാഹചര്യങ്ങൾ ആണ് അവരെ അങ്ങനെ ആക്കുന്നത് എന്ന് . നമ്മുടെ ലിബറൽ പൊതു സമൂഹത്തിനു അങ്ങനെ വിശ്വസിക്കാനാണ് ഇഷ്ടം .

വളരെ അധികം പേർ – ഭൂരിപക്ഷം – അങ്ങനെ ആവും താനും .

എന്നാൽ നമ്മുടെ മനഃസാക്ഷിക്കനുസരിച്ചുള്ള ചിന്തകൾക്കും നീതി ന്യായ വ്യവസ്ഥയ്ക്കും വലിയ വെല്ലുവിളി ഉയർത്തുന്ന , ഒരു പ്രശ്നമാണ് , ചില സ്വഭാവ വിശേഷങ്ങൾ കുറെ ഏറെ , ജനിതകപരം ആണെന്നുള്ളത് . അനുഭവങ്ങൾ , സാഹചര്യങ്ങൾ , എന്നിവ വളരെ പ്രധാനം ആണെങ്കിലും , വലിയ ഒരു പങ്ക് തലച്ചോറിന്റെ ജന്മനാ ഉള്ള ഘടനയാൽ ഉണ്ടാവുന്നത് ആണത്രേ . ഇരട്ടകളെ വച്ചുള്ളതും അല്ലാത്തതുമായ  പാരമ്പര്യ പഠനങ്ങൾ, ബ്രെയിൻ സ്കാനുകൾ മുതലായ ഒത്തിരി തെളിവുകൾ ഇതിലേക്ക് വെളിച്ചം വീശുന്നു . കൂടുതൽ അവിടേക്ക് കടക്കുന്നില്ല .

ജന്മനാ ഉള്ള വാസനക്ക് വളരെ വലിയ ഒരു പങ്ക് ഉള്ളത്  ആയിട്ടാണ് സൈക്കോപാതിയെ ആധുനിക സൈക്കോളജി കാണുന്നത് .

ഇതിനാൽ തന്നെ , ചികിൽസിച്ചു മാറ്റാൻ പറ്റില്ല എന്ന് തന്നെ പറയാം . സമൂഹത്തിനാണ് ശരിക്കും ഇവരിൽ നിന്ന് സംരക്ഷണം വേണ്ടത് .

അപ്പോൾ , ശിക്ഷ എങ്ങനെ ആയിരിക്കണം ? എന്താണ് ശിക്ഷയുടെ ഉദ്ദേശം ? സമൂഹത്തിന് എങ്ങനെ സുരക്ഷ ഉറപ്പാക്കാം ? ഇതൊക്കെ നമ്മൾ ചേർന്ന സമൂഹവും , നീതി വ്യവസ്ഥയും , ശാസ്ത്ര -തത്വ ശാസ്ത്ര ചിന്തകരും നേരിടുന്ന ഒരു പ്രശ്നമാണ് . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .