ക്ളീഷേ- വീണ്ടും അതേ ചോദ്യങ്ങൾ

അഫ്ഗാനിസ്ഥാനിൽ നിന്ന് ജീവനും കൊണ്ടോടി ബെല്ജിയത്തിൽ വന്നിറങ്ങി തുള്ളിച്ചാടുന്ന കുട്ടിയുടെ ഫോട്ടോ വൈറൽ ആണല്ലോ.

ഒരു ക്രിസ്ത്യൻ രാജ്യത്തിന്റെ ഗുണം കണ്ടോ എന്നൊരു ചേട്ടൻ ചോദിച്ചു കണ്ടു. ആണോ? ക്രിസ്ത്യൻ മതത്തിന്റെ ഗുണം ആണോ?

കത്തോലിക്ക സഭ നല്ല കലക്കനായി , ഗിണ്ടൻ ഗിണ്ടനായി ഇരുന്ന കാലത്ത് , അന്നത്തെ രാജാക്കന്മാരുടെ സർക്കാരുകളുടെ നിയമ പരിരക്ഷ ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ, അന്നവിടെ ക്രിസ്ത്യൻ ഭരണം ആയിരുന്നു എന്ന് പറയാം.

എപ്പോഴും പറയാറുള്ള ഗലീലിയോ കേസ് ഇന്ന് എടുക്കുന്നില്ല . അതൊക്കെ വളരെ ചീള് ആണ് . ഗെലീലിയോയെ മര്യാദക്ക് ഒന്ന് ജീവനോടെ കത്തിച്ചിട്ട് കൂടെ ഇല്ല . എന്നിട്ടാണ് ഇവന്മാർ ഇങ്ങനെ അതും കൊണ്ട് നടക്കുന്നത് .

ആചാരപരമായി , മധ്യകാലത്ത് , സ്വജാതി മതത്തിൽ അല്ലാത്തവരെ ചെറുതായി കൊല്ലുന്നതിൽ യാതൊരു ആചാര വിരുദ്ധതയും ഉണ്ടായിരുന്നില്ല . ഒരു പത്തു മുന്നൂറു കൊല്ലം മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് സ്വർഗത്തിൽ പോവാൻ ഉള്ള ഒരു വഴി ആയിരുന്നു . അവർ കത്തോലിക്കരെയും കൂട്ടക്കൊല ചെയ്തു കേട്ടോ . അന്നൊക്കെ അങ്ങനെ ആണ് . അങ്ങോട്ടും ഇങ്ങോട്ടും സദാ കൂട്ടക്കൊല , കൂട്ടബലാത്സംഗം ഒക്കെ ചുമ്മാ ഇങ്ങനെ നടത്തിക്കൊണ്ടിരിക്കും . നമ്മുടെ എതിർ ഗ്രൂപ്പ് ആണെങ്കിൽ ഒരു കൊയപ്പോം ഇല്ല . ഒക്കെ ആചാര മര്യാദയുടെ ഭാഗം തന്നെ .

ജൂതൻമാരെ ഈ അടുത്ത കാലം വരെ നല്ല ആചാര മര്യാദയോടെ തന്നെ വേട്ടയാടി . കുറെ അധികം എണ്ണത്തിനെ കൊന്നു . ഇൻക്വിസിഷൻ എന്ന് പറഞ്ഞ് ഒരിക്കൽ ക്രിസ്തുമതം സ്വീകരിച്ച ആയിരക്കണക്കിന് പേരെ കൊന്നൂട്ടോ . ആചാരവ്യതിയാനം വന്നോ എന്ന് സംശയിച്ചിട്ട് . അവർക്ക് ഭൂസ്വത്ത് നിഷേധിച്ചു . അപ്പൊ അവർ കച്ചവടക്കാരും പണപ്പലിശക്കാരും , ഡോക്ടർമാരും , വിദഗ്ദ്ധ തൊഴിലാളികളും , പണ്ഡിതരും ആയി . അപ്പൊ അതിന്റെ പേരിൽ ആയി പീഡനം .

ഇതേ ബെല്ജിയത്തിന്റെ ലേയപ്പോൾഡ് രാജാവ് ആഫ്രിക്കക്കാരോട് ചെയ്തത് ഒക്കെ ഒന്ന് ഓർത്താൽ മതി.പിന്നെ പ്രത്യേകമായി ഓരോ സംഭവങ്ങൾ നോക്കിയാൽ നല്ല കുറെ ഉണ്ട് . ഒരൊറ്റ സാംപിൾ തരാം . എണ്ണിയാൽ ഒടുങ്ങില്ല കേട്ടോ .

ബൈബിൾ ലാറ്റിനിൽ മാത്രമേ ഉണ്ടായിരുന്നുള്ളു . അത് ഇംഗ്ളീഷിൽ ആക്കിയാൽ നല്ലതല്ലേ . എല്ലാര്ക്കും വായിക്കാമല്ലോ . അങ്ങനെ ആണ് വില്യം ടിൻഡെയിൽ എന്നൊരാൾ വിവർത്തനം ചെയ്തത് . സഭക്ക് അത്ര ഇഷ്ടപ്പെട്ടില്ല കേട്ടോ . ആചാര വിരുദ്ധത !

ചെറുതായി പേടിപ്പിച്ചാ വില്യം ചേട്ടൻ നന്നായേനെ . ഏയ് . അത് പോരെന്ന് ! അന്നത്തെ സ്ഥിരം ഏർപ്പാടായ, ജീവനോടെ കത്തിക്കുക എന്ന കരുണാമയമായ ശിക്ഷ ആണ് , അങ്ങേർക്ക് കൊടുത്തത് . ചില ചരിത്രരേഖകൾ പ്രകാരം , കഴുത്തു ഞെക്കി കൊന്നിട്ടാണ് ശരീരം കത്തിച്ചത് . അതേതായാലും നന്നായി .

അയ്യോ . ഇതൊന്നും ഞങ്ങക്ക് മാത്രം ഉള്ള ചരിത്രം അല്ലാട്ടോ . സമാധാനമതം , മഹത്തായ സാംസ്‌കാരിക നാഷണലിസ്റ്റ് മതം ഒക്കെ നല്ല ഉഗ്രൻ കണക്കാണ്. സ്റ്റാലിനിസ്റ്റു ഉടോപ്പിയയും ഇങ്ങനെ തന്നെ. മ്മളെ സ്വയം കുറ്റം പറഞ്ഞാ കൊഴപ്പം ഇല്ലല്ലോ . അത്രേ ഉള്ളു.


അപ്പൊ ഇതൊക്കെ നിന്നു , ആ ചരിത്രത്തിന്റെ കയ്പ്പ് ഇല്ലാതെ , നല്ല സൊയമ്പനായി ലിബറൽ ഹ്യൂമനിസം ഒക്കെ ഫ്രാൻസിസ് പാപ്പക്ക് ഇടക്കൊക്കെ ഒന്ന് കാച്ചാൻ പറ്റുന്നത് , സർക്കാരുകളുടെ നിയമ പരിരക്ഷ പൂർണമായും പോയി , സ്‌റ്റേറ്റും ചർച്ചും തമ്മിൽ നിർബന്ധച്ച് പിരിച്ചതിനു ശേഷം മാത്രമാണ്.

അതായത് , മതങ്ങൾ മാറിയത് , ലോകം മാറിയത് കൊണ്ടാണ് .

ആ മാറിയ ലോകത്തിന്റെ ഒരു കോണിലേക്ക് മാറാത്ത ലോകത്തിൽ നിന്ന് പലായനം ചെയ്യുക ആണ് ആ പെണ്കുട്ടി.

ജനാധിപത്യ, സെക്കുലർ, രാഷ്ട്രങ്ങളെ കുറ്റം പറയാൻ എളുപ്പം ആണ്. അവരുടെ മേല്കോയ്മയെയും.പണ്ട് സാമ്രാജ്യത്വം, കൂട്ടക്കൊല. ഇപ്പോഴും ചൂഷണം….ഹോ!!

പിന്നെ അവരുടെ നിലനിൽപ്പ് നോക്കാൻ അവർക്ക് പട്ടാളവും ആറ്റം ബോംബും ഒക്കെ വേണം. ഇല്ലേൽ അവരെ ഇവിടെ വെച്ചേക്കുമോ? ലോകം അത്രേം ഒന്നും നേരെ ആയിട്ടില്ലെന്നെ.

ഒക്കെ ശരിയാണ്. പക്ഷെ പണ്ട് എല്ലാ സമൂഹങ്ങളും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു ഷ്‌ടോ. സ്വന്തം ഗ്രൂപ്പും ജാതിയും ഒക്കെ തന്നെ. വേറെ ഒന്നും നോക്കാൻ ആർക്കും തോന്നീട്ടില്ല.

ആധുനികത വന്നേ പിന്നെ ആണ് ഇതൊക്കെ ഉണ്ടായത്.

“ഛേ!! അപ്പൊ മത വാദത്തോട് എന്തൊരു അസഹിഷ്ണുത ആണിവർക്ക്!!”

“ഞങ്ങൾ മാത്രം ആണ് ബെസ്റ്റ് എന്ന് ഉള്ള സ്വത്വ വാദത്തോട് എന്താണ് ഇത്ര അസഹിഷ്ണുത?”

ഇതൊക്കെ ആണ് ചോദിക്കുന്നത്.

നമ്മുടെ രാജ്യത്ത് തന്നെ, സെക്കുലറിസവും ഇത്രേം ജനാധിപത്യവും വേണ്ടാ എന്നും ചിലർ.

എന്റെ പൊന്നു ബ്രോസ്, ബ്രീസ്. മുൻപ് ഒരിക്കൽ ചോദിച്ച അതേ ചോദ്യങ്ങൾ ഒന്നൂടെ ചോയ്ക്കട്ടെ?

ലക്ഷ കണക്കിന് ആളുകൾ ആണ് എല്ലാ കൊല്ലോം ഇവിടന്നു അന്യ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. സ്വന്തം മക്കളും ചെറുമക്കളും അവരുടെ മക്കളും വളരാൻ ആളുകൾ തിരഞ്ഞെടുക്കുന്നത് ഏതൊക്കെ രാജ്യങ്ങൾ ആണ്?

പോട്ടെ. നമുക്ക് ഒരു ചിന്താ പരീക്ഷണം നടത്താം. താഴെ പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരൂ.

നിങ്ങൾ വേറൊരു രാജ്യത്തേക്ക് കുടിയേറാൻ ഉദ്ദേശിക്കുന്നു. കൂടെ മകളും മകളുടെ മകളും മാത്രമേ ഉള്ളു. വേറെ ആരും സഹായത്തിന് ഇല്ല. ചെറുമോൾക്ക് രാഷ്ട്രീയത്തിൽ ഒക്കെ താല്പര്യം ഉണ്ട്. അവൾക്ക് ഭാവിയിൽ ജനപ്രതിനിധി, ഗവർണർ, സെനറ്റർ, പോലുള്ള അധികാര സ്ഥാനങ്ങളിൽ എത്തണം എന്നുണ്ട്.

താഴെ പറയുന്ന ഏതൊക്കെ രാജ്യങ്ങളിലേക്ക് ആയിരിക്കും പോവാൻ താല്പര്യം?

അമേരിക്ക. പാകിസ്ഥാൻ, കാനഡ. ചൈന, ഓസ്ട്രേലിയ. അഫ്ഘാനിസ്താൻ, സ്വീഡൻ. ഇറാൻ, ഐയെർലൻഡ്. റഷ്യ , ഫിൻലൻഡ്‌ സിംബാംബ്‌വെ, ഫ്രാൻസ് സൗദി അറേബ്യാ

ഇനി ഒരു ചോദ്യം കൂടി.

നിങ്ങൾ ഒരു അന്യ രാജ്യത്ത് ജോലി ചെയ്യുന്നു. അവിടത്തെ ഒരു നാട്ടുകാരനുമായി നിങ്ങൾ ഉടക്കി. അയാൾ നിങ്ങളെ കള്ളക്കേസിൽ കുടുക്കി. വിചാരണ നേരിടണം. ഏത് രാജ്യങ്ങളിൽ ഇങ്ങനെ സംഭവിച്ചാൽ നിങ്ങൾക്ക് സ്വല്പം പ്രതീക്ഷ ഉണ്ട്?

അമേരിക്ക. പാകിസ്ഥാൻ, കാനഡ. ചൈന, ഓസ്ട്രേലിയ. അഫ്ഘാനിസ്താൻ, സ്വീഡൻ. ഇറാൻ, ഐയെർലൻഡ്. റഷ്യ, ഫിൻലൻഡ്‌, സൗദിഅറേബ്യാ, ഫ്രാൻസ്. സിംബാംബ്‌വെ

നിങ്ങൾ ഒരു അന്യ രാജ്യത്ത് ജോലി ചെയ്യുന്നു. അടിച്ചു ഫിറ്റ് ആയി ഒരു ദിവസം, ആ രാജ്യത്തെ ഏതോ ഒരു സാംസ്കാരിക, അഥവാ അധികാര ചിഹ്നത്തെ, അഥവാ നായകനെ നിങ്ങൾ കവലയിൽ നിന്ന് ചീത്ത പറയുന്നു. (ഉദാ: ട്രംപ്, ബിഡൻ, കുരിശ്, രാജാവ്, ആയതൊള്ള, പ്രവാചകൻ, കമ്മ്യൂണിസ്റ്റ് പാർട്ടി, ക്‌സി ജി പിംഗ് etc)

ആളുകൾ ക്ഷുഭിതനായി ചുറ്റും കൂടുന്നു.

ഏത് രാജ്യങ്ങളിൽ ആവണമേ എന്നാണ് നിങ്ങൾ ആശിക്കുന്നത്?

അമേരിക്ക. പാകിസ്ഥാൻ, കാനഡ. ചൈന, ഓസ്ട്രേലിയ. അഫ്ഘാനിസ്താൻ, സ്വീഡൻ. ഇറാൻ, ഐയെർലൻഡ്. റഷ്യ , ഫിൻലൻഡ്‌ സൗദി അറേബ്യാ, ഫ്രാൻസ്. സിംബാംബ്‌വെ

ദാറ്റ് ഈസ് ഓൾ , യൂവർ ഓണർ.(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .