ഈ രോഗികൾ , ചികിത്സ , എന്നിവ അല്ല പലപ്പോഴും പൊതുജനാരോഗ്യം !. പൊതുജനാരോഗ്യ രംഗത്തേക്ക് വരാൻ ഡോക്ടർമാർക്ക് സ്വല്പം എളുപ്പം ഉണ്ടായേക്കാം . പക്ഷെ അവരുടെ ചിന്തകൾക്ക് കുറെ മാറ്റം വരുത്തേണ്ടി വരും .
എം ബി ബി സ് കഴിഞ്ഞ ഉടൻ , ചെറിയ ഒരാശുപത്രിയിൽ ഞാൻ ജോലി ചെയ്യുകയാണ് . വേറെ ഒരു സീനിയർ ഡോക്ടർ കൂടി ഉണ്ട് .
ചെറിയ തൊണ്ടവേദനയുമായി ഒരമ്മച്ചി വരുന്നു . മിക്ക തൊണ്ടവേദനകളും വൈറസ് ആണ് . അത് കൊണ്ട്, ഉപ്പുവെള്ളം കൊള്ളുക , ആവി പിടിക്കുക , പനിക്ക് പാരസെറ്റമോൾ . എന്നിട്ട് അഞ്ചാറ് ദിവസം കഴിഞ്ഞിട്ട് നോക്കാം , ആന്റിബിയോട്ടിക് വല്ലതും വേണോന്ന് . ഇതാണ് ശരിയായ ചികിത്സ . ഞാൻ അത് നിർദേശിച്ചു .
ഒരു മാതിരി എല്ലാ തൊണ്ടവേദനകൾക്കും ആന്റിബിയോട്ടിക് നൽകുക എന്നതാണ് , സീനിയർ ഡോക്ടറുടെ പോളിസി . ഈ പരിപാടിയെ ഞാൻ പുച്ഛത്തോടെ കണ്ടു .
അതായത് സുഹൃത്തുക്കളെ . ലോകം മൊത്തം നേരിടുന്ന ഒരു വലിയ പ്രതിസന്ധി ആണ് , ഇപ്പോഴുള്ള ആന്റിബിയോട്ടിക്കുകളോട് വലിയ തോതിൽ പ്രതിരോധ ശക്തി ഉള്ള ബാക്ടീരിയകൾ . ഇങ്ങനെ പോയാൽ , പത്തു മുപ്പത് കൊല്ലം കഴിയുമ്പോഴേക്കും , പെനിസിലിൻ കണ്ടു പിടിക്കുന്നതിനു മുൻപുള്ള ഒരു അവസ്ഥയിലേക്ക് ലോകം പോയാലോ ? അങ്ങനെ പോയിക്കൂടെന്നില്ല .
ഹൃദ്രോഗം , കാൻസർ എന്നൊക്കെ പറഞ്ഞ് , നമ്മൾ ഇപ്പോൾ നടക്കുന്നത് തന്നെ , മനുഷ്യരെ തലങ്ങും വിലങ്ങും കൊന്നൊടുക്കിക്കൊണ്ടിരുന്ന, കോളറ , ടൈഫോയ്ഡ് , ക്ഷയം , കുഷ്ഠം , മലേറിയ , ന്യൂമോണിയ , മെനിഞ്ചൈറ്റിസ് മുതലായ മൊടകളെ ഒതുക്കിയത് കൊണ്ടാണ് . എന്തിന് , വൈറൽ രോഗങ്ങളിലേക്ക് ശ്രദ്ധ കൂടിയത് തന്നെ ഇത് കൊണ്ടാണ് . ആന്റി വൈറലുകൾ ഉണ്ട് . എങ്കിലും അത്രയും ഫലപ്രദം അല്ല .
അപ്പൊ , നമ്മുടെ മക്കളും കൊച്ചു മക്കളും ഒക്കെ പഴേ നിസ്സഹായാവസ്ഥയിലേക്ക് തിരിച്ചു പോവുന്ന ആ സ്ഥിതി ഒന്ന് ഓർത്തു നോക്കിക്കേ . അദ്ദാണ് .
ഇതിനുള്ള ഒരു പ്രധാന പ്രതിവിധി , ആവശ്യത്തിന് മാത്രം , ഇവ ഉപയോഗിക്കുക എന്നതാണ് . ഈ പാവന ഉദ്യമത്തിന്റെ കടക്കൽ ആണ് ആ കാലമാടൻ സീനിയർ ഡോക്ടർ കത്തി വച്ചുകൊണ്ടിരിക്കുന്നത് . ദുഷ്ടൻ ! മനുഷ്യ കുളത്തിന്റെ കുലം തോണ്ടുന്നവൻ ! ഛെ – കുലത്തിന്റെ കുളം .
കുളം കുത്തി ! ക്രാ തുഫ് !
ഇതാണ് എന്റെ ചിന്ത .
പിന്നെ സംഭവിച്ചത് എന്താണ് എന്ന് വച്ചാൽ , രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോ , നമ്മുടെ അമ്മച്ചിയെ , ഭീകര പനിയായി , കഴുത്തൊക്കെ കഴല വന്നു വീർത്ത് , അഡ്മിറ്റ് ചെയ്യേണ്ടി വന്നു . കഴലയിൽ പഴുപ്പ് !
വലിയ എമണ്ടൻ ആന്റി ബിയോട്ടിക് ഒക്കെ നാല് നേരം ഇൻജെക്ഷൻ . സർജൻ വന്ന് കഴല കീറി പഴുപ്പ് കളയുന്നു . ഭാഗ്യത്തിന് അമ്മച്ചി രക്ഷപ്പെട്ടു .
രോഗിയുടെ ബന്ധുക്കൾ എന്നെ ദേഷ്യത്തോടെ നോക്കുന്നു . എന്തോ ഭാഗ്യത്തിന് , ശാരീരിക ആക്രമണം ഇല്ല . വാക്കുകൾ കൊണ്ടുള്ള കുത്തലുകളെ ഉള്ളു . നല്ല മനുഷ്യർ ആയിരുന്നു .
‘ആന്റി ബിയോട്ടിക് കൊടുത്തില്ല അല്ലെ ?’ സീനിയർ ഡോക്ടർ .
ബെസ്റ്റ് . ഞാൻ ചെയ്ത തെറ്റെന്താ ? മനുഷ്യരാശിയെപ്പറ്റി ലേശം ആശങ്ക കൂടിപ്പോയി . ലോകം രക്ഷിക്കാനുള്ള , മാഞ്ചിയം , ഛെ , വാഞ്ച – എന്നിൽ മുഴച്ചു നിന്നു .
ഫലമോ ? മൂഞ്ചി . അടി കൊണ്ട് തലയിൽ മുഴ വരാഞ്ഞത് ഭാഗ്യം .
വളരെ വിരളമായി ഇങ്ങനെ ഒക്കെ സംഭവിക്കാം . അതാണ് ഇവിടെ നടന്നത് . എന്നാൽ മിക്കവർക്കും ആന്റി ബിയോട്ടിക് കൊടുത്തു എന്ന് വച്ച് , ഓരോ രോഗിക്കും ഒന്നും കാര്യമായി പറ്റാൻ പോകുന്നില്ല . ആളോളുടെ വിചാരം പോലെ , ആന്റി ബയോട്ടിക്കുകൾ സാധാരണ , വലിയ റിയാക്ഷനുകളോ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന മരുന്നല്ല .
അപ്പൊ , മിക്കവർക്കും ഇത് കൊടുത്താൽ , രോഗികളും ഹാപ്പി , ആശുപത്രിയും ഹാപ്പി , മരുന്ന് കമ്പനികളും ഹാപ്പി , ഡോക്ടർമാരും ഹാപ്പി . കമ്മീഷൻ , മരുന്ന് കമ്പനി സൗജന്യങ്ങൾ ഒക്കെ വാങ്ങുന്ന ചെറിയ ഒരു ശതമാനം ഡോക്ടർമാർ കണ്ടമാനം ഹാപ്പി .
ഇങ്ങനെ കുറെ അനുഭവങ്ങൾ ഉണ്ട് . മരണത്തിനു വരെ ഉത്തരം പറയേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് . അന്ന് ഒരു പ്രധാന ആരോപണം , ഒരു ആവശ്യവുമില്ലാത്ത ഒരു കാര്യത്തിന് , എന്ത് കൊണ്ട് ആന്റിബിയോട്ടിക് കൊടുത്തില്ല എന്നതായിരുന്നു .
പ്രശ്നം പറ്റരുത് എന്ന പേടി മാത്രമല്ല ഇഷ്യൂ . മുന്നിലുള്ള രോഗിയുടെ ജീവനും സുഖവുമാണ് ഒരു ഡോക്ടറുടെ ഏറ്റവും വലിയ പ്രശ്നം . അത് കഴിഞ്ഞേ മറ്റെന്തും ഉള്ളു .
മനുഷ്യ രാശിയോ – പോവാൻ പറ ഷ്ടോ .
മുപ്പത് വര്ഷം കഴിഞ്ഞു എല്ലാം കുളമാവുമെന്നോ – ഓഡ്രോ .
ഓരോ ആശുപത്രിയിലും ഒരു ആന്റിബയോട്ടിക് നിരീക്ഷണ കമ്മറ്റി ഉണ്ട് . സർജറി കഴിഞ്ഞ് , എപ്പോൾ , എന്തൊക്കെ കൊടുക്കണം എന്നതിന് കൃത്യ മാനദണ്ഡങ്ങൾ ഉണ്ട് . ഞാൻ അടക്കമുള്ള ഡോക്ടർമാരുടെ ചെവി പിടിക്കൽ ആണ് പ്രധാന പരിപാടി . എവിടെ ! ചെറിയ ഒരു സംശയം തോന്നിയാൽ , നല്ല അതിശക്ത ആന്റിബിയോട്ടിക് നമ്മൾ ഉപയോഗിച്ചിരിക്കും . നമ്മളെ വിശ്വസിച്ച് കത്തി വയ്ക്കാൻ ശരീരം കാണിച്ചു തന്ന രോഗിയുടെ മുന്നിൽ , എന്ത് മനുഷ്യരാശി , എന്ത് ആഗോള സ്റ്റാറ്റിസ്റ്റിക്സ് ? ഒന്ന് പോടോ ഹേ .
“ഫാക്ട് ഫുൾനെസ് ” എന്ന സൂപ്പർ ബുക്ക് എഴുതിയ ഹാൻസ് റോസ്ലിങ് എന്ന ലോക പ്രശസ്ത പൊതു ജനാരോഗ്യ വിദഗ്ദ്ധൻ ഉണ്ട് . ആ ബുക്കിൽ അദ്ദേഹം വിവരിക്കുന്ന ഒരു രംഗമുണ്ട് .
മൊസാംബിക്കിലെ ‘നകാല ‘ എന്ന ജില്ലയിലെ ഏക പ്രധാന ആശുപത്രിയിലെ ഏക കുട്ടികളുടെ ഡോക്ടർ ആണ് ഹാൻസ് . ആ ജില്ലയിലെ മൊത്തം പൊതുജന ആരോഗ്യത്തിന്റെ ചുമതലയും അദ്ദേഹത്തിന് തന്നെ ! പത്തു നാൽപ്പത് കൊല്ലം മുൻപാണ് കേട്ടോ .
എല്ലാ ദിവസവും , അനേകം തീരെ ചെറിയ കുഞ്ഞുങ്ങൾ വരും . ഗുരുതര രോഗങ്ങൾ ആണ് . മിക്കതും ഡയേറിയ , ന്യൂമോണിയ , മെനിഞ്ചൈറ്റിസ് ഒക്കെ ആണ് . ഒരാൾക്ക് പോലും വെയ്നിൽ കുത്തി ഡ്രിപ് ഇടില്ല , ഇന്ജെക്ഷനുകൾ മസിലിൽ മാത്രം . വായിലൂടെ ട്യൂബ് ഇട്ട് അതിലൂടെ ഓ ആർ എസ് ലായനി കലക്കി കൊടുക്കും, നിര്ജ്ജലീകരണത്തിനു . ഐ വി ലൈൻ ഇടാൻ അറിയാവുന്ന നേഴ്സുകളും ഇല്ല .
വേറൊരു സായിപ്പ് ഡോക്ടർ ഹാൻസിനെ കാണാൻ വന്നു . ആ സമയത്ത് , ഡയേറിയ പിടിച്ച് മരിക്കാറായ ഒരു കൂട്ടിയെയും കൊണ്ട് , ഒരമ്മ വന്നു . ഹാൻസ് കുട്ടിയെ അഡ്മിറ്റ് ചെയ്തു . വായിലൂടെ ട്യൂബ് ഒക്കെ ഇട്ടു .
മറ്റേ സായിപ്പ് ഡോക്ടർ ഒരേ കലിപ്പ് !
“താൻ എന്തിട്ടാ ചെയ്യണെ , രാ ? ഇയാക്ക് വീട്ടീ പോണം . അത് കൊണ്ട് ഐ വി സൂചി ഇടാൻ മടി , അല്ലെ ? മ്മ്ടെ മുന്നിലൊള്ള രോഗിയെ എന്ത് വില കൊടുത്തും നമ്മൾ രക്ഷിക്കണം .”
ഹാൻസ് ഒന്നും മിണ്ടിയില്ല . മറ്റേ ഡോക്ടർ ആ ഒരു കുട്ടിയുടെ ശോഷിച്ച കയ്യിൽ സൂചി ഇടാൻ രണ്ടുമണിക്കൂർ എടുത്തു . വെയ്ൻ തൊലി തുറന്ന് എടുക്കേണ്ടി വന്നു .
ആ സമയത് ഹാൻസ് ഒരു അഞ്ചാറ് കുട്ടികളെ കൂടി നോക്കി അഡ്മിറ്റ് ചെയ്തു കാണണം . മാത്രമല്ല , പുറത്തിറങ്ങണം . ജില്ലാ മൊത്തം ചുറ്റണം . അമ്മമാരെ ബോധവൽക്കരിക്കണം . ചെറു ഹെൽത്ത് സെന്ററുകൾ സെറ്റ് അപ് ചെയ്യണം . അവിടൊക്കെ സപ്ലയ്കൾ ഉറപ്പാക്കണം . ആരോഗ്യ പ്രവർത്തകരെ പരിശീലിപ്പിക്കണം .
ഹാൻസ് റോസ്ലിങിന്റെ വാക്കുകളിൽ :
” ഒരു അൻപത് കുട്ടികൾ എല്ലാ വർഷവും എന്റെ ആശുപത്രിയിൽ വന്നു മരിക്കുന്നുണ്ടായിരുന്നു . എന്നാൽ ഞാൻ ചുമതലയിൽ ഉള്ള ജില്ലയിൽ , എല്ലാ വർഷവും മൊത്തം മൂവായിരത്തിലധികം കുട്ടികൾ മരിക്കുന്നുണ്ട് ! മൊസാംബിക്കിലെ , ശിശു മരണ നിരക്ക് 26 ശതമാനം ആയിരുന്നു . ഇത് പകുതിയായി കുറക്കാൻ , ആകെ വേണ്ടത് അമ്മമാരുടെ വിവരം കൂട്ടുക എന്ന സിംപിൾ കാര്യം മാത്രം ആണ് . അതായത് , ശുചിത്വം , ഭക്ഷണം , ചികിത്സ , രോഗങ്ങൾ , എപ്പോ സഹായം തേടണം എന്നീ കാര്യങ്ങൾ അമ്മമാരേ പഠിപ്പിക്കുന്നത് വഴി , ആയിരത്തി അഞ്ഞൂറ് മരണങ്ങൾ ഒറ്റയടിക്ക് തടയാൻ സാധിക്കും ! പത്തു പൈസ ചിലവില്ലാതെ .”
“പിന്നെ എനിക്ക് ഇടക്ക് വീട്ടിലും പോണം കേട്ടോ . ഇല്ലെങ്കിൽ ഇവിടെ ഒരു മാസം തികച്ച് ആരും നിൽക്കില്ല !” ഡോക്ടർ റോസ്ലിങ് തുടരുന്നു .
പൊതു ജനാരോഗ്യം ചികിത്സ അല്ല . മുന്നിലുള്ള രോഗിയെ , അല്ലെങ്കിൽ ഏതെങ്കിലും ഒരു രോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ മാത്രം ഇടുങ്ങിയ വീക്ഷണ കോണിൽ കണ്ടാൽ ഒരിക്കലും വേണ്ട പോലെ പ്രവർത്തിക്കാൻ നമുക്കാവില്ല . പൊതുജനാരോഗ്യം , ചികിത്സ ശാസ്ത്രം എന്നതിനുപരി , രാഷ്ട്രീയം , ചരിത്രം , എക്കണോമിക്സ് , സോഷ്യൽ സൈക്കോളജി , സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഒക്കെ ആണ് .
അധികാരം ഉള്ള ഒരു നല്ല രാഷ്ട്രീയക്കാരന് രക്ഷിക്കാവുന്ന അത്രയും ജീവനുകൾ , ഒരു ഡോക്ടർക്കും രക്ഷിക്കാൻ സാധിക്കില്ല . (ജിമ്മി മാത്യു )