പലരും എന്നോട് ചോദിച്ചിട്ടുണ്ട്- നിനക്ക് മാത്രം എവിടുന്നാഷ്ടോ ഇത്രേം അനുഭവങ്ങൾ ? ഒക്കെ ഞാൻ ഉണ്ടാക്കുന്നതാണ് എന്ന് ആരോപിച്ചവർ ഉണ്ട്.
സീ – യഥാർത്ഥ ജീവിതം അങ്ങനെ തന്നെ ആവിഷ്കരിക്കുന്നത് അല്ല കല . അത് കള .
ഇച്ചിരി മൈദയും എണ്ണയും കാൽ കിലോ ബീഫും കിട്ടിയാൽ പൊറോട്ടയും ബീഫ് കറിയും ആവില്ല . അതിന് ഇച്ചിരി തീ വേണം , അടുപ്പ് വേണം , അടുക്കള വേണം . അടുക്കളക്കാരനും കയ്യടക്കവും കരയാമ്പൂവും വേണം .
ഞാൻ എഴുതുന്ന അനുഭവങ്ങൾ ഒക്കെ സത്യമാണ് . പക്ഷെ എന്റെ മാത്രം ആവണം എന്നില്ല കേട്ടോ .
ഒരു പതിനഞ്ചു കൊല്ലങ്ങൾക്കു മുൻപ് . പാണ്ടിച്ചേരി ജിപ്മെറിൽ സർജറി റെസിഡന്റ് ആയിരിക്കുന്ന കാലം . ഓപ്പറേഷൻ , റൗണ്ടസ് , പട്ടിപ്പണി, ഓട്ടം . ഡ്രസിങ് , സ്റ്റിച്ചിടൽ . വല്ലപ്പോഴും ഫുഡ് . ചിലപ്പോൾ മാത്രം കുളി . ഷൂവിൽ സദാ ചോരത്തുള്ളികൾ . ചോര മാത്രമല്ല , വേറെ പലതും .
എങ്കിലും മലയാളികൾ കുറെ പേര് ആഴ്ചയിൽ ഒരിക്കൽ ഫിലോ ബാറിൽ ഒത്തു കൂടും . വേറെ ഒന്നിനുമല്ല . പല സ്പെഷ്യാലിറ്റികളിൽ ഉള്ളവർ തമ്മിൽ ഒരു കേസ് ഡിസ്കഷൻ- അത്രേ ഉള്ളു . പിന്നെ യൂണിറ്റ് ചീഫുമാരെയും എച് ഓ ടികളെയും മ , ക , പ ഒക്കെ കൂട്ടി ഒരു ഓര്മ പ്രാർത്ഥന . ഒരു ഓൾഡ് കാസ്കിൽ ഇച്ചിരി നാരങ്ങാ വെള്ളം . പിന്നെ പഴയ മലയാള സിനിമാ ഗാനങ്ങൾ പാർട്ടീ സൂക്തങ്ങളായി ഉറക്കെ ചൊല്ലും . ചടങ് കഴിഞ്ഞു .
ഉറ്റ സുഹൃത്ത് മുട്ട എന്ന് വിളിക്കുന്ന പ്രശാന്ത് പൾമനോളജിയിൽ ആണ് . അദ്ദേഹം കഥ തുടങ്ങി :
ഭയങ്കര തിരക്കാണ് ഒപിയിൽ . എല്ലാ വിഭാഗത്തിലുമതെ . നൂറ് കണക്കിന് കിലോമീറ്ററുകൾക്കപ്പുറത്തു നിന്നും വെറുതെ കിട്ടുന്ന ചികിത്സക്കും മരുന്നിനും വേണ്ടി ചില്ലറകളുമായി ആനവണ്ടി കേറുന്നവർ . ‘പെരിയാർ വണ്ടി’ ആണവർക്ക് സർക്കാർ ബസ് . റോഡിന്റെ നടുവിൽ ഉള്ള മീഡിയനിൽ കിടന്ന് ഉറങ്ങി പിറ്റേ ദിവസം ആണ് ആസ്പത്രിയിൽ എത്തുന്നത് .
പൾമനോളജിയിൽ നിറച്ച് ക്ഷയരോഗം ഉള്ള രോഗികൾ ഉണ്ട് . അവിടെ കർശന നിയമം ആണ് – എല്ലാവരുടെയും കയ്യിൽ ഒരു തോർത്ത് വേണം . അത് കൊണ്ട് വായ് മൂടണം . ചുമക്കുമ്പോ അതിലെക്കെ ചുമക്കാവൂ .
അതാ ഒരാൾ . അടുത്തത് വരിയിൽ അയാളാണ് . കറുത്ത് മെലിഞ്ഞു വളഞ്ഞു കൊരഞ്ഞു നിൽപ്പുണ്ട് . മുഷിഞ്ഞ മുണ്ടും ഷർട്ടുമുണ്ട്. ഭവ്യത കൂടുതൽ . ഓഛാനം ഇഷ്ടം പോലെ . വായ മൂടി ‘തമ്പ്രാ ‘ സ്റ്റൈലും ആവോളം .
അത് പിന്നെ – എല്ലാരും അങ്ങനാണ് . ഇതാണ് മക്കളെ ഇന്ത്യ . ഇത് മാത്രം അല്ല ഇന്ത്യ . കമ്പ്യൂട്ടറും ബ്ലൂ ചിപ്പും ഉണ്ട് ഇന്ത്യക്ക് . അത് വേ . പക്ഷെ ഇതും ആണ് ഇന്ത്യ .
ഛെ . കാര്യം പറയട്ടെ . നല്ല ഒരു രോഗിയുടെ എല്ലാ സദ്ഗുണങ്ങളും ഒത്തിണങ്ങിയ ആ മനുഷ്യരൂപത്തിൽ ഇല്ലാത്ത ഒന്നാണ് എന്റെ പ്രിയ സുഹൃത്ത് പ്രശാന്തിനെ ദേഷ്യം പിടിപ്പിച്ചത് .
“തോർത്ത് എവിടെ? തോർത്ത് ഇല്ലാതെ ഇങ്ങോട്ട് വരേണ്ട .”
തികച്ചും ന്യായം . ആർക്കും എതിർപ്പുണ്ടാവാൻ ഇടയില്ല . തോർത്തില്ലാതെ വന്ന കഷ്മലനെ മറ്റു രോഗികൾ ക്രുദ്ധരായി നോക്കി .
തോർത്ത് ഇല്ല , മറന്നു . അയാൾ താണു വീണ് എന്തൊക്കെയോ പറഞ്ഞു .
“ജങ്ക്ഷനിൽ പോയി വാങ്ങിയിട്ട് വന്നാ മതി .” തമിഴിൽ പ്രശാന്ത് മൊഴിഞ്ഞു . അയാൾ പോയി .
കുറെ രോഗികൾ കഴിഞ്ഞപ്പോ ആൾ തിരികെ എത്തി . തോർത്ത് കൊണ്ട് വായ പൊത്തിയിട്ടുണ്ട് . ടി ബി രോഗിയാണ് . സ്ഥിരം വരുന്നയാൾ . പരിശോധിച്ച് , മാസങ്ങൾ കഴിക്കേണ്ട മരുന്നുകൾ കൊടുത്ത് , ആളെ ഒന്നൂടി നോക്കി .
ഭവ്യത പഴയ പോലെ തന്നെ . ഒരു പന്തികേട് . ഒരു പരുങ്ങൽ . സൂക്ഷിച്ചു നോക്കി .
തോർത്ത് – വായ പൊത്തിയ തോർത്ത്- നല്ല സ്റ്റൈലൻ ആണ് . ചുവന്ന വരയുള്ള ഡിസൈനർ തോർത്ത് ! പുതിയതല്ല . മുഷിഞ്ഞതാണ് . ഓട്ടകൾ ഉണ്ട് . നാറ്റം ഉണ്ടോ ?
പ്രശാന്ത് ചിരിച്ചു മറിഞ്ഞു :
“അപ്രത്ത് പോയി ജെട്ടി ഊരി എടുത്തു കൊണ്ട് വന്ന് അതും കൊണ്ട് വായെം പൊത്തി വന്നു നിക്കാഡോ ……!”
ഞങ്ങൾ എല്ലാവരും ചിരിച്ചു . “ശരിക്കും ?” ഞങ്ങൾ മാറി മാറി ചോദിച്ചു .
“ശരിക്കും “
എന്തൊരു തമാശ . ഹഹഹ . ഹിഹിഹി .
കക്കക്കക്കക്ക . കാക്കക്കക്കാക്ക .
ഇല്ല . ഞങ്ങൾ ആരും അയാളുടെ ഗതികേട് ഓർത്ത് കരഞ്ഞില്ല . ആലോചിച്ച് പോലുമില്ല . ഞങ്ങക്ക് വേറെ പ്രശ്നങ്ങൾ ഇഷ്ടം പോലെ ഉണ്ടല്ലോ . എല്ലാ ദിവസവും പത്തു പതിനച്ചു മണിക്കൂർ ജോലി ചെയ്യുന്നുണ്ട് . ഇതൊന്നും ഓർക്കാൻ സമയമില്ല .
പിന്നീട് ഞാൻ ഓർത്തിട്ടുണ്ട്. ഞങ്ങൾ എല്ലാവരും ഓർത്തിട്ടുണ്ടാവണം . വായ മൂടാൻ ജെട്ടി !
എല്ലാരും മാസ്ക്ക് ഇടണം എന്ന് പറഞ്ഞപ്പോൾ ഓർത്തതാണ് . പിന്നെ ഇപ്പൊ ഒരു വീഡിയോയും വന്നല്ലോ, ജെട്ടി മാസ്കിന്റെ . അല്ലാതെ പ്രെസ്സിൽ വെറുതെ ഇരിക്കുമ്പോൾ തോന്നിയതല്ല.
അപ്പൊ നിങ്ങൾ ചോദിക്കും :
“ശരിക്കും ?”
ശരിക്കും . ശരിക്കും . ഒട്ടും മസാലയോ പാചകമോ ഇല്ല . പച്ചയായ മൈദാ . ചോര കിനിയുന്ന ഇറച്ചി . ചുവപ്പ് ചൊങ്കൻ ജെട്ടി .
അതെങ്ങനെ . ചങ്ക് പറിച്ചു കാണിച്ചാൽ ടാൻറ്റെക്സ് ജെട്ടി ആണെന്ന് പറയുന്ന ഊളകൾ ആണ് ഇവിടെ മൊത്തം . (ജിമ്മി മാത്യു )