പറ്റില്ല എന്ന് പറയാൻ പറ്റില്ലേ ?

എവിടെയോ പേര് പറയാൻ താല്പര്യമില്ലാത്ത ഒരു സ്ഥലത്തെ ഒരാശുപത്രി . അവിടെ വലിയ മൂപ്പില്ലാത്ത പ്ലാസ്റ്റിക് സർജൻ ആയി ഞാൻ .

 

സ്ഥലത്തെ ആളുകളുടെ വിചാരം അത് ഒരു വെറും ടൗൺ അല്ല – ഭയങ്കര ഒരു സിറ്റി ആണെന്നാണ്. വേറെ ആർക്കും ആ വിചാരമില്ല .

 

ഒരു പ്ലാസ്റ്റിക് സർജൻ മൈക്രോ സർജറി ചെയ്യുമെന്നോ , ക്യാൻസർ , അപകട മുറിവുകൾ എന്നിവയിൽ പലപ്പോഴും ചികിത്സകൻ ആകുമെന്നോ ആർക്കും ഒരു വിവരവും ഇല്ല . എല്ലു ഡോക്ടർ ചിലപ്പോൾ വിളിക്കും . അങ്ങനെ പോകുന്നു .

 

ഒഴിഞ്ഞ ഒപിയിൽ ഒരു ചെറുപ്പം ആണും പെണ്ണും വരുന്നു . ദമ്പതികളാണ് . ഞാൻ നോക്കി . ആണിന് നല്ല മീശ , വില്ലൻ ലുക്ക് . പക്ഷെ കഷണ്ടി ഉണ്ട് . ഓ – ഹെയർ ട്രാൻസ്‌പ്ലാന്റ് ചെയ്യാൻ ആയിരിക്കും . പെണ്ണ് ലേശം തടിച്ചിട്ടാണ്. കാണാൻ കുഴപ്പമില്ല – ഇനി അവർക്ക് കൊഴുപ്പു കളയാൻ ഉള്ള ലിപോസക്ഷൻ വല്ലതും ചെയ്യാൻ ആണോ ?

 

പക്ഷെ എന്തോ കുഴപ്പമുണ്ട് . പെൺകുട്ടി കരച്ചിലിന്റെ വക്കിൽ ആണ് . മനുഷ്യൻ കുറച്ചു ദേഷ്യത്തിൽ ആണെന്ന് തോന്നുന്നു .

 

“കല്യാണം കഴിഞ്ഞു ഒരാഴ്ചയേ ആയുള്ളൂ ഡോക്ടർ . പക്ഷെ ഇവൾ കന്യകയല്ല . എനിക്കറിഞ്ഞൂടെ ഇതൊക്കെ .” അയാൾ മുറി അടച്ച ഉടനെ പറഞ്ഞു .

 

പെണ്ണ് ചെറുതായി കരഞ്ഞു കൊണ്ട് കരയുന്ന ശബ്ദത്തിൽ – ” സത്യായിട്ടും ആണ് ” എന്ന് പതിയെ പറഞ്ഞു .

 

ഞാൻ പകച്ചു നിന്നു . പിന്നെ ” ഈ കന്യാചർമം ചിലപ്പോ ഭയങ്കര കട്ടി കുറവാരിക്കും . നിങ്ങൾ വിചാരിക്കുന്ന പോലെ ഇതൊന്നും അറിയാൻ പറ്റില്ല .” എന്ന് പറഞ്ഞു . എന്തിനായിരിക്കും ഇയാൾ വന്നത് ? അതിനു ഞാനെന്തു വേണം ? അലവലാതി . പല പല ചിന്തകൾ എന്നിൽ മാറി മറഞ്ഞു .

 

“അതൊന്നുവല്ല – ഹൈമിനോപ്ലാസ്റ്റി ഡോക്ടർ ഇവൾക്ക് ചെയ്ത തരണം . അതിനാണ് ഞാൻ വന്നത് .”

 

ഹൈമെനോപ്ലാസ്റ്റി – കന്യാചർമം പുനർനിർമിക്കൽ . ഒരു തരം ലളിത ശസ്ത്രക്രിയ ആണ് . ഇന്ത്യയിൽ ഇപ്പോഴും രഹസ്യമായി പലേടത്തും ചെയ്തു വരുന്നു . നമ്മൾ ഇപ്പോഴും ഇങ്ങനെയൊക്കെ തന്നെ ആണല്ലോ .

 

സത്യത്തിൽ എനിക്ക് നല്ല ദേഷ്യം വന്നു .

 

“മിസ്റ്റർ …., കന്യകാത്വത്തില് നിങ്ങൾക്കിത്ര കാര്യമുണ്ടേൽ ആയിക്കോ . ഭാര്യ പറഞ്ഞല്ലോ കന്യകയാണെന്ന് . വേറെ ഒരു രീതീലും അത് മനസ്സിലാക്കാൻ പറ്റില്ല . ഇനി കന്യകാത്വം ഹൈമിനോപ്ലാസ്റ്റി ചെയ്തത് കൊണ്ട് എങ്ങനെ തിരിച്ചു വരും ഹേ .”

 

“അല്ല .. അത് എന്റെ ഒരു സാറ്റിസ്ഫാക്ഷന് ആണ് . ഞാൻ അവൾക്കു മാപ്പ് കൊടുത്തു . ഡോക്ടർക്ക് മനസ്സിലാകുന്നുണ്ടല്ലോ., അല്ലെ ?”

 

“ഇല്ല ”

 

“മനസ്സിലായാലും മനസ്സില്ല .”

 

“ഡോക്ടർ എന്താണ് ഉദ്ദേശിച്ചത് ?”

 

“എനിക്ക് ചെയ്യാൻ മനസ്സില്ലെന്ന്. അതാണ് ഉദ്ദേശിച്ചത് .”

 

അയാൾ പെട്ടന്ന് തന്നെ എണീറ്റ് പോയി . ഒപ്പം പെണ്ണും . അവളുടെ മുഖം കുനിഞ്ഞിരുന്നു . ഭൂമിക്കടിയിലേക്ക് പോകാൻ വെമ്പുന്നതു പോലെ .

 

ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോ അതാ ആൺ നേഴ്സ്  സുഗുണൻ പോകുന്ന ദമ്പതികളെ നോക്കി നിക്കുന്നു .

 

“നളിനി അല്ലെ സാർ അത് ? എന്റെ കൂടെ പഠിച്ചതാ- ചെറിയ ക്ലാസ്സിൽ . കല്യാണം കഴിഞ്ഞല്ലേ .”

 

“ആണെന്ന് തോന്നുന്നു . നിന്റെ ഫ്രണ്ട് ആര്ന്നു ?”

 

“അതെ സാർ ”

 

“എന്നാ ഓടി ചെന്ന് പരിചയപ്പെട് . ഫോൺ നമ്പർ വാങ്ങിക്കോ . അവൾ എന്തോ പ്രശ്നത്തിലാ .” ഇതാണ് എന്റെ വായിൽ വന്നത് . എന്തിനായിരിക്കും ഞാൻ അങ്ങനെ പറഞ്ഞത് ? ആവോ . എനിക്ക് തന്നെ അതറിയാൻ പാടില്ല .

 

ഒരര മണിക്കൂർ പോയി കാണും .

 

നിനക്കറിയാൻ  മേലങ്കി നീ  എന്നോട് ചോദിക്ക് നീ പറഞ്ഞതെന്തിനാണെന്ന് , ഞാൻ പറഞ്ഞു തരാം എന്തനാണെന്നും നീ ആരാണെന്നും ……അങ്ങെനെ ആരോ പപ്പു ശൈലിയിൽ പറയുന്നത് സ്വപ്നം കണ്ടു ഇരുന്നുറങ്ങിയ ഞാൻ  പെട്ടന്ന് അടുത്ത രോഗി വന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോ ഞെട്ടി ഉണർന്നു ഡീസന്റായി . പെട്ടന്ന് ഡീസന്റ് ആവാൻ എനിക്ക് ഒരു പ്രത്യേക കഴിവുണ്ട് . പറയുന്നതാരാ ? ഈ ഞാൻ .

 

ഡീസന്റ് ആയി നോക്കിയത് വേറൊരു ആൺ പെൺ ജോഡിയുടെ മുഖത്താണ് . കറുത്ത ഒരു സുന്ദരൻ . കറുത്ത ഒരു സുന്ദരി . ഇന്നെന്താ ചെറുപ്പ ജോഡികളുടെ സംസ്ഥാന സമ്മേളനാ ?

 

അവർ എന്റെ മുഖത്ത് തന്നെ നോക്കി ഇരിക്കയാണ് . ഞാൻ അവരുടെ നേർക്കും . ആരും ഒന്നും മിണ്ടുന്നില്ല .

 

“പറയ് ..എന്താ നിങ്ങൾ വന്നത് ?” ഞാൻ മൗനം ഭുജിച്ചു . ഐ മീൻ ഭഞ്ജിച്ചു .

 

“ഇവളുടെ മുഖം മാറ്റണം സർ .” അവൻ പറഞ്ഞു .

 

ഞാൻ മൗനം ഭഞ്ജിച് ഇരുന്നു . അല്ല – ഭജിച്ചിരുന്നു . പകച്ചു ഇരുന്നു എന്ന് പറയുന്നതാകും ശരി .

 

“ഇവളുടെ മുഖം ശരിയല്ല . ആകെ മൊത്തം മാറ്റണം സർ .”

 

എനിക്ക് പ്രാന്ത് വന്നു .

 

“നിങ്ങൾക്ക് അവൾടെ മുഖം മാറ്റണോ ? അവർക്ക് അത് വേണ്ടേ ?”

 

“വേണം . മുഖം മാറ്റണം .” കറുത്ത സുന്ദരി പറഞ്ഞു . നല്ല ഓവൽ മുഖം . അയല പോലത്തെ കറുത്ത മിഴികൾ . നല്ല മൂക്ക് , നല്ല താടി . നല്ല ഉശിരൻ നെറ്റിയിലേക്ക് നല്ല ഒന്നാന്തരം മുടിക്കെട്ടിൽ നിന്ന് ഏതാനും സൊയമ്പൻ ഇഴകൾ വീണു കിടക്കുന്നു .

 

എന്തോന്ന് മാറ്റാൻ ?

 

“മൂക്ക് മാറ്റിയാൽ മതിയോ സർ ? തീരെ ചെറിയ മൂക്കല്ലേ ?” അവൾ പറഞ്ഞു .

 

“അല്ല – നോർമൽ മൂക്കാണ് .”- ഞാൻ

 

“താടി – അത് മാറ്റാം സർ.” അയാൾ പറഞ്ഞു .

 

ഞാൻ രണ്ടു പേരെയും മാറി മാറി നോക്കി . എന്റെ തലച്ചോറിൽ ഒരു ൽ ഇ ഡി കത്തി .

 

“അതായത് – അവളെ ആരും തിരിച്ചറിയാൻ പാടില്ല അല്ലെ ? ” ഞാൻ ചോദിച്ചു . അപ്പോഴാണ് കാര്യങ്ങൾ പുറത്തു വരുന്നത് .

 

അതായത് , ജീവിക്കാൻ വേണ്ടി വേശ്യ ആയതാണ് യുവതി . കുഞ്ഞി അനിയനെ പഠിപ്പിക്കാൻ . അവളുമായി പ്രേമത്തിൽ ആയതാണ് അവൻ . മിസ്റ്റർ രക്ഷക് എന്നവനെ വിളിക്കാം . അവന്റെ കൂട്ടുകാർ പലരും അവളെ പ്രാപിച്ചിട്ടുണ്ട് . കെട്ടി നാട്ടിൽ എങ്ങനെ ജീവിക്കും ? ഇതാണ് കാര്യം .

 

“മുഖം മാറ്റാൻ പറ്റില്ലേ സർ ?”

 

“അതില്ലാതെ നമുക്ക് നോക്കാം . നിങ്ങൾ എന്ത് ചെയ്യുന്നു ? ”

 

“ഡ്രൈവർ ആണ് സർ .”

 

ഞാൻ ഫോൺ എടുത്ത് സന്ദീപിനെ വിളിച്ചു . എന്റെ സഹപാഠി ആണ് . എന്നെ പോലെ ദരിദ്രവാസി അല്ല . ഗൾഫിൽ മൊത്തം സ്വന്തം ക്ലിനിക്കുകൾ ഉണ്ട് . വെറും കോടീശ്വരൻ അല്ല . അനേക ദശ കോടീശ്വരൻ . 

 

“ഹലോ സന്ദീപ് . ഞാനാണ് . ങാ . ആംബുലൻസിനു ഡ്രൈവർ വേണോ ? ഇന്നാള് പറഞ്ഞിരുന്നില്ലേ ?”

 

                                                   ###########################

 

 

ഒരു രണ്ടു വർഷം കഴിഞ്ഞാണ് ഞാൻ മസ്കറ്റിൽ ചുമ്മാ പോയത് . ഡോക്ടർ സന്ദീപിന്റെ അടുത്തും പോയി . നമ്മുടെ മിസ്റ്റർ രക്ഷക് അവിടെ നിൽക്കുന്നു . മിസ്സസ് രക്ഷക്കുമുണ്ട് . കൈയിൽ കണ്ണും പൂട്ടി ഉറങ്ങുന്നു ഒരു കറുത്ത സുന്ദരൻ കുഞ്ഞ് !

 

ഞാൻ വീട്ടിൽ വിരുന്നിനു ചെല്ലണം എന്ന് രക്ഷക് ദമ്പതികൾക്ക് ഭയങ്കര നിർബന്ധം . ഞാൻ ചെന്നു . ഡിന്നർ കഴിക്കുന്നതിനു മുന്നേ രക്ഷക് പറഞ്ഞു :

 

സാറിനെ കാണാൻ അവർ വരുന്നുണ്ട് .

 

ആര് ?

 

അപ്പോൾ കാളിംഗ് ബെൽ അടിച്ചു . വാതിൽ തുറന്നപ്പോൾ അതാ നഴ്‌സ് സുഗുണൻ ! അവൻ പണ്ടേ ഗൾഫിൽ പോയെന്ന് ഞാൻ അറിഞ്ഞിരുന്നു . പക്ഷെ അവൻ ഇവിടെ ആണെന്ന് എനിക്കറിയില്ലായിരുന്നു . ഞെട്ടിയത് കൂടെ ഉള്ള പെണ്ണിനെ കണ്ടപ്പോൾ ആണ് . നമ്മുടെ പഴേ ഹൈമിനോപ്ലാസ്റ്റി ചെയ്യിക്കണം എന്ന് പറഞ്ഞ – ലവൾ തന്നെ .

 

“കല്യാണം കഴിഞ്ഞു സർ . ഒളിച്ചോടി പോന്നതാ . പറയാൻ പറ്റിയില്ല .” സുഗുണൻ പറഞ്ഞു .

 

“ആ ബന്ധം ഒഴിഞ്ഞു സർ .” അവൾ പറഞ്ഞു .

 

ഞാൻ മൗനം ഭജിച്ചു കൊണ്ട് കുറെ നേരം ആലോചിച്ചു ഇരുന്നു പോയി . കന്യകാത്വം , സ്നേഹം , വേശ്യകൾ , ചില മലരന്മാർ . മലരന്മാർ അല്ലാത്ത മലർ തുല്യർ . അങ്ങനെ ആലോചിച്ചു പോയി .

 

തിരിച്ചു നാട്ടിൽ ചെന്നപ്പോൾ ആശുപത്രിയിലെ ഒരു മേലധികാരി പറയുകയാണ് :

 

“ഡോക്ടർ , പല രോഗികളോടും ഓപ്പറേഷൻ ചെയ്യാൻ പറ്റില്ല എന്ന് പറയാറുണ്ടല്ലേ ? അത് പറ്റില്ല .”

 

ഞാൻ നിവർന്നിരുന്നു :

 

“നമുക്ക് പറ്റുമെങ്കിൽ പറ്റും എന്ന് പറയണം . പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറയണം . പറ്റില്ലാത്തതു കൂടി  പറ്റും എന്ന് പറഞ്ഞാൽ പറ്റുന്നത് കൂടി പറ്റാണ്ടാകും . മാത്രല്ല , പല പറ്റും പറ്റും . ഓപ്പറേഷൻ പറ്റില്ലെങ്കിലും പറ്റുന്നത് ഞാൻ പറ്റിക്കാതെ  ചെയുന്നുണ്ട് .”

 

അയാളുടെ കണ്ണുകൾ ബൾബുകളായി .

 

“എന്ത് പറ്റി രമണാ ?..അല്ല മാനേജർ സാറേ ….” ഞാൻ ചോദിച്ചു .

 

നമുക്ക് പറ്റുന്നതല്ലേ പറ്റൂ . എത്ര നാൾ ഇങ്ങനെ പറ്റ്വോ ആവോ ? (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .