പ്രത്യക്ഷപ്പെട്ടു സുഹൃത്തുക്കളെ – ദൈവം …അല്ല , ദൈവത്തിന്റെ വി ……..

അനേകമനേകം പതിറ്റാണ്ടുകൾ ഞാൻ ജീവിച്ചു എന്ന് നിങ്ങൾക്കറിയാമല്ലോ . ശരിക്കും പറഞ്ഞാൽ നാല് പതിറ്റാണ്ട് . കൊറേ പായസോം , അരവണേം , ലെഡും , ഉണ്ണിയപ്പോം ഒക്കെ കിട്ടിയത് കിട്ടിയത് അപ്പോൾ തന്നെ തിന്നു . തീറ്റ ഒരു പാപമാണോ ? ആർത്തി ഒരു പാപം ആണ് എന്ന് പഠിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ആർത്തിയോടെ കപ്പു കുപ്പെന്ന് വിഴുങ്ങുന്നതിനു പകരം ബഹുമാന പുരസ്സരം നക്കി നക്കി ആണ് തിന്നാറ്‌ . അവസാനം കൈ ചന്തീൽ തൊടക്കേം ചെയ്യും . അമ്പലത്തീന്നാണോ പള്ളീന്നാണോ എന്നൊന്നും നോക്കാറില്ല .

അങ്ങനെ ഞാൻ പുണ്യവാളൻ ആണെന്ന് വിചാരിച്ചു സിംപ്ലനായി ഞെളിഞ്ഞു നിൽക്കുമ്പോഴാണ് സുഹൃത്ത് മണ്ട ശിരോമണി ഇത് പാപം ആണെന്ന് പറഞ്ഞത് . ഈ നരകത്തിൽ പോകുന്നത് എനിക്ക് ഇഷ്ടമല്ല . തീ പണ്ടേ പേടിയാണ് . പിന്നെ ഗന്ധകത്തിന്റെ ഗന്ധം – അയ്യേ . ഇരുപത്തയ്യായിരം ചെകുത്താന്മാർ ഒരുമിച്ചു വളി വിടുന്നതാണത്രേ നരകത്തിന്റെ നാരകീയ അറ്റ്മോസ്ഫെറിനു കാരണം . പലപ്പോഴും നമ്മുടെ …ളി തന്നെ നമുക്ക് സഹിക്കുന്നില്ല . അപ്പോഴാണ് ….

മാത്രമല്ല – അതിനെപ്പറ്റി ഒരു പോസ്റ്റ് വൈറൽ ആയിരിക്കുന്നു . ഞാനും എന്തെങ്കിലും പോസ്റ്റേണ്ടേ ? ഒരു ഐഡിയയും കിട്ടുന്നുമില്ല 🙁

വിഷാദ നിർന്നിമേഷനായി –അല്ല …നിമഗ്നനായി ആണ് അന്ന് ഉറങ്ങാൻ കിടന്നത് . ഭീകര സ്വപ്നം ഒക്കെ കണ്ടു . കൈയുള്ള ഉണ്ണിയപ്പങ്ങൾ കഴുത്തു പിടിച്ചു ഞെക്കുന്നു ..അമ്മെ . പായസം പാത്രത്തോടെ വിഴുങ്ങാൻ ഒരു രാക്ഷസൻ നിർബന്ധിക്കുന്നു . ഞെട്ടി ഉണർന്നു . വിയർപ്പിൽ കുളിച്ചിരുന്നു . അതാ ദൈവം !

എനിക്ക് ഒറ്റയടിക്ക് മനസ്സിലായി . ദൈവമാണെന്ന് . അതീന്ദ്രിയ ജ്ഞാനം . അതോ ഇ സ് പി യോ . കാരണം നമ്മൾ വിചാരിക്കുന്ന പോലെ താടിയുള്ള ആൽബസ് ഡംബിൾ ഡോറിന്റെ പോലെ അല്ല ദൈവം ഇരിക്കുന്നത് . ഒരു പാമ്പിന്റെ മാതിരി ആണ് ! അതോ കയറോ . ഒരു കറുത്ത പെരുംബാബ്ബ് തൂങ്ങി കിടക്കുന്നതു പോലെ . മേലോട്ട് വീടിന്റെ മേൽക്കൂര തുളച്ചു ഇറങ്ങിയത് പോലുണ്ട് . അറ്റത്തു കുറെ രോമങ്ങൾ . അറ്റം എന്റെ മുഖത്തിന് മേലെ കിടന്നാടുകയാണ് . ഒരു കണ്ണ് പെട്ടന്ന് അറ്റത്തു (രോമത്തിനു തൊട്ടു മോളിൽ ) പ്രത്യക്ഷപ്പെട്ടു .

ഞാൻ പേടിച്ചു വിറച്ചില്ല . പക്ഷെ മുള്ളിപ്പോയി – എന്താണെന്നറിയില്ല . ദൈവം ആണെന്ന് മനസ്സിലായല്ലോ – അതിന്റെ ഷോക്കിൽ ആയിരിക്കും .

“ദൈവമേ …നീ ക്രിസ്ത്യാനി ദൈവം തന്നല്ലേ ?”

“ഗ്രിഷ്‌റൂം .. ഡറൂം കൂം …ഒയ് ഒയ് …” അങ്ങനെ എന്തോ പറഞ്ഞു . ഒയ് എന്ന് പറഞ്ഞത് ആണ് എന്നാണ് എന്ന് ഞാൻ അങ്ങ് വിചാരിച്ചു . ക്രിസ്ത്യാനിടെ അടുത്തു ക്രിസ്ത്യൻ ദൈവം അല്ലെ വരൂ .

“ഈ പായസം …നിവേദിച്ചത് …അതൊന്നും തിന്നാൻ പാടില്ലേ പ്രഭോ ?”

“അശൂ , ഹൂ വാ ഗൂ ലോലോൽ ” ദൈവം പറഞ്ഞു . സ്പഷ്ടത ഇല്ല . എനിക്ക് ദേഷ്യം വന്നു . ഞാൻ പറഞ്ഞു :

“ഹലോ- ഒന്നും തോന്നരുത് . മനസ്സിലാവുന്ന ഭാഷേല് പറയണം . എനിക്ക് കുറച്ചു ചോദ്യങ്ങൾ ഉണ്ട് :

ഒന്ന് – നിങ്ങൾ കയറു മാതിരി ഇരിക്കുന്നത് എന്ത് കൊണ്ട് ?

രണ്ട് – നിങ്ങൾ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിൽ ആകാത്ത എന്ത് കൊണ്ട് ?”

പെട്ടന്ന് പാമ്പിന്റെ ആട്ടം നിന്നു . വ്യക്തമായ സ്വരം പച്ച മലയാളത്തിൽ പ്രവഹിച്ചു :

“ഡോ ….നിസ്സാര കീടമേ …നികൃഷ്ട അണു ജീവീ …” “എന്തോ ” . ഞാൻ വിളി കേട്ടു .

“എന്റെ വിരലിന്റെ അറ്റം ആണ് നീ കണ്ടത് .നടുവിരൽ ആണ് നിനക്ക് കാണിക്കുന്നത്. മുഴുവൻ നീ എന്നല്ല ഒരു പട്ടി….സോറി ..ഒരു മഹാ ശുനകനും കണ്ടിട്ടില്ല . ഞാൻ പറയുന്നത് മനസ്സിലാക്കാൻ പാടാ . അത്രേം തലച്ചോറല്ലേ നിനക്ക് ഞാൻ തന്നിട്ടുള്ളു ? മ ..മ …മത്തങ്ങാ മോറാ ? ഞാൻ പോവാ . നീ നിനക്ക് ഇഷ്ടോള്ളത് വാരി വലിച്ചു തിന്നു ജീവിക്ക് . ഇനി അധികം കാലമില്ല – അത് മറക്കണ്ട . ”

“അയ്യോ ..ദൈവമേ ..പോസ്റ്റ് . മറു പോസ്റ്റിനു ഒരു ഐഡിയ തന്നിട്ട് പോ ”

“പോടാ ശുനക ജന്മമേ . കീഴ്ശ്വാസ വാനരാ , വട്ടൻ കോമാങ്ങേ. വളിക്കുത്തരം മറു വളി അല്ല . ഇങ്ങനാ ലോകം മൊത്തം നാറുന്നത്. ”

ഞാൻ അന്തം വിട്ടു നിൽക്കെ കണ്ണുള്ള ആ കയർ മേൽക്കൂരയിലെ ഓട്ടേൽ കൂടെ ഊർന്നിറങ്ങി അപ്രത്യക്ഷം ആയി .(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .