ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണെന്ന് തോന്നുന്നു . ഒരു പെൺകുട്ടിയെ കാണുമ്പോൾ ഒരു ആന്തൽ . നെഞ്ച് ബുള്ളെറ്റ് എൻജിൻ പോലെ ഇടിക്കുന്നു . എപ്പോഴും കാണണം എന്ന് തോന്നും . മിണ്ടാൻ പേടി ആണെങ്കിലും അടുത്തൊക്കെ ചുറ്റി പറ്റി നിൽക്കാന് ഒരു വാഞ്ഛ . ഇതെന്തര് ഗുലുമാൽ ആണപ്പാ എന്നും കരുതിയത് ഓർക്കുന്നു . കുറച്ചു കഴിഞ്ഞപ്പോ , ഇതേ കുണാണ്ടറി ബയോളജി പഠിപ്പിക്കുന്ന സുന്ദരി ടീച്ചറോടും തോന്നി . അപ്പൊ മറ്റേത് മാറി . പിന്നെ പലരോടും തോന്നിയിട്ടുണ്ട് . എന്തിനു ; ഏതോ ഒരു സിനിമ കണ്ടിട്ട് ശോഭനയോട് തോന്നി ; ഒരിക്കൽ . അത് ഒരു രണ്ടു മൂന്നാഴ്ച എടുത്തു മാറാൻ – കോപ്പ് .
ക്രഷ് എന്നൊക്കെ ആളോള് ഇതിനു പറയും . അടിസ്ഥാനപരമായി വേറൊരാളോട് അദമ്യമായ ഒരു ആകർഷണം ആണിത് . പുറകെ കുറെ നടന്നാൽ ചിലപ്പോ , സാഹചര്യങ്ങൾ ഒത്തു വന്നാൽ , ഇങ്ങോട്ടും തോന്നാം . അപ്പൊ , ലൈൻ ആയി . സംഭവം ഇത്രേ ഉള്ളു .
ഡോപ്പാമിൻ എന്ന ഞരമ്പ് രാസ വസ്തു തലച്ചോറിൽ ഒഴുകുന്നു . ഈ സാധനം – മദ്യം , കഞ്ചാവ് , മുതലായ മരുന്നുകൾ ഉത്തേജിപ്പിക്കുന്ന അതെ തലച്ചോർ സ്ഥലത്ത് ആണ് പ്രവർത്തിക്കുന്നത് ! അതായത് നമ്മക്ക് പങ്കാളിയുടെ സാമീപ്യവുമായി അഡിക്ഷൻ ഉണ്ടാവുന്നു .
പിന്നെ ഓക്സിടോസിൻ ഉണ്ട് . വേറൊരു ഹോർമോൺ ആയ വാസോപ്രെസ്സിന്റെ കസിൻ ആയിട്ട് വരും . പെൺ സസ്തനികൾക്ക് കുഞ്ഞുങ്ങളോട് തോന്നുന്ന സ്നേഹം ഇതാണ് ഉണ്ടാക്കുന്നത് . കുഞ്ഞിന് മുല കൊടുക്കുമ്പോൾ പാൽ ചുരത്തുന്നതിലും ഈ ഹോർമോൺ പ്രധാനം ആണ് . ഇതേ സാധനം ഇണയോടൊത്ത് സല്ലപിക്കുമ്പോഴും , മറ്റു കാര്യങ്ങൾ ചെയ്യുമ്പോഴും (ടാണ്ടടാ , ടാണ്ടടാ – അതൊക്കെ തന്നെ ), തലച്ചോറിൽ ചുരത്തപ്പെടുന്നു .
പ്രണയത്തിൽ തല കുത്തി വീണു കിടക്കുന്നവരെ ഫ് എം ആർ ഐ സ്കാനറിൽ ഇട്ട് തലച്ചോർ സ്കാൻ ചെയ്തു നോക്കിയിട്ടുണ്ട് അരസികർ ഗവേഷകർ . ഇണയുടെ മോന്ത കാണുമ്പോഴേ- ചോക്കലേറ്റ് കേക്ക് , നല്ലൊന്നാന്തരം വൈൻ , ലോട്ടറി അടിച്ച വാർത്ത – ഇവ ഒക്കെ കിട്ടിയാൽ സന്തോഷം ഉണ്ടാക്കുന്ന തലച്ചോറിലെ സെൻറ്ററുകൾ ഏലി പുന്നെല്ലു കണ്ടാൽ എന്നത് പോലെ തെളിയുന്നു ; തിളങ്ങുന്നു . മോർഫിൻ സമാന എൻഡോർഫിനുകൾ പ്രവഹിക്കുകയായി . ഓക്സിടോസിനും റോൾ ഉണ്ട് .
വേറെ ഒരു തമാശ എന്താണെന്ന് വച്ചാൽ , ഇവരുടെ പ്രീ ഫ്രോണ്ടൽ കോർട്ടക്സിൽ പ്രവർത്തനം മന്ദീഭവിക്കുന്നു എന്നതാണ് . തിയറി ഓഫ് അദർ മൈൻഡ്സ് ഉണ്ടാക്കുന്ന സ്ഥലങ്ങൾ മൊത്തത്തിൽ ഡിം ആകുന്നു . കാര്യങ്ങളെ വിമർശനാത്മക ബുദ്ധിയോടെ സമീപിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു . നമ്മുടെ പ്രണയ ഭജനയുടെ ….ഛെ ….ഭാജനത്തിന്റെ യഥാർത്ഥ സ്വഭാവം അളക്കുന്ന സെൻറ്ററുകൾ പ്രവർത്തനം കുറക്കുന്നു .
ഓക്സിടോസിൻ മൂക്കിലൂടെ സ്പ്രേ ആയി അടിക്കാം . അങ്ങനെ കൊടുത്ത ആളുകളിൽ മറ്റുള്ളവരെ – പ്രത്യേകിച്ചും ഇണയെ , അഥവാ സുഹൃത്തുക്കളെ , കണ്ണുമടച്ച് വിശ്വസിക്കാൻ ഉള്ള പ്രവണത കൂടുന്നു . ബിഹേവിയറൽ എകണോമിസ്റ്റുകൾ ഇത് അളക്കാൻ ചില ചീട്ടു കളി പോലുള്ള കളികൾ ഉണ്ടാക്കിയിട്ടുണ്ട് .
ചുരുക്കം പറഞ്ഞാൽ , പ്രണയം ആനയാണ് , ചേനയാണ് , മാങ്ങാ തൊലിയാണ് . ഉദാത്തമായ എന്തോ കോമാങ്ങയാണ് .
ഒക്കെ ശരിയാണ് . പക്ഷെ , പ്രണയം ഒരു ലഹരി ആണ് . തലച്ചോറിന്റെ കാര്യ കാരണ വിശകലന ശക്തിയെ കാര്യമായി ബാധിക്കുന്ന ഒരു കോപ്പാണ് .
പക്ഷെ , മധുരതരമാണ് . ഇതൊന്നും ഇല്ലെങ്കിൽ എന്ത് ജീവിതം . അപ്പൊ നമുക്ക് സംശയം തോന്നാം . ഇത്രേം ജൈവ ശാസ്ത്ര പരമായി വിശദീകരിക്കാവുന്നതാണോ പ്രണയം ?
പ്രയറീ വോളുകൾ എന്ന എലികളെ പ്പോലെ ഉള്ള ചില ജീവികളിൽ ആണ് പഠനങ്ങൾ കുറെ നടന്നിട്ടുള്ളത് . ജീവിത കാലം മൊത്തം ഒരൊറ്റ ഇണയോടൊത്ത് , മാതൃകാ ദമ്പതീ ജീവിതം നയിക്കുന്നവർ ആണ് പ്രയറീ വോളുകൾ . ഗവേഷകർ , മൂരാച്ചികൾ , ഇവയുടെ ഓക്സിടോസിൻ , വാസോപ്രെസ്സിൻ ബ്രെയിൻ റിസെപ്റ്ററുകൾ മരുന്ന് കൊടുത്തു ബ്ലോക്കി . അതാ – ഞൊടിയിട കൊണ്ട് ഈ ജീവികളുടെ വിശ്വസ്തത പോയി ! തോന്നിയ പോലെ ആരുമായും ബന്ധപ്പെടാൻ തുടങ്ങി! വാട്ട് എ ട്രാജഡി ! ഗവേഷകാ – നീ ഗുണം പിടിക്കാതെ പോണേ .
ഈ വോളുകളിലെ റിസപ്റ്റർ ഉണ്ടാക്കുന്ന ജീനുകൾ എടുത്ത് , അടുത്ത ബന്ധു ആയ മീഡോ വോളുകളിൽ നിക്ഷേപിച്ചു . അവ സ്വതവേ തോന്നിയ പോലെ ആരുമായും ബന്ധപ്പെടുന്നവർ ആണ് . സ്ഥിരമായ ഇണ എന്ന ഒരു കാര്യമേ അവയ്ക്കിടയിൽ ഇല്ല . പക്ഷെ ജീൻ മാറ്റിയ മീഡോ വോളുകൾ ആജീവനാന്ത ദാമ്പത്യത്തിന്റെ വർത്താക്കൾ ആയി മാറി! എന്താല്ലേ ?
അങ്ങനെ – പ്രണയത്തിൽ ആവുക എന്ന് പറഞ്ഞാൽ , അത് ജൈവീകമായ , സുന്ദരമായ , അടിച്ചു ഫിറ്റായ , ഒരു എമണ്ടൻ അവസ്ഥയാണ് . സുന്ദരം മാത്രമല്ല കേട്ടോ – തല്ലാനും , കൊല്ലാനും , ചാവാനും ഇത് പ്രേരിപ്പിച്ചേക്കാം .
ഭാഗ്യവശാൽ , ഗവേഷണങ്ങൾ കാണിക്കുന്നത് , ഇത് ഒരു താൽക്കാലിക അവസ്ഥ ആണെന്നാണ് . കുറച്ചു കഴിഞ്ഞാൽ ഇത് മാറിയേക്കാം . വേറെ ഒരു ബന്ധത്തിൽ വീണാൽ ഇത് മാറാം . ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയാൽ നിശ്ചയമായും ഇത് മാറും .
മനുഷ്യർ , പ്രണയം തോന്നുന്നോ എന്ന് നോക്കി മാത്രമല്ല ഇണയെ തിരഞ്ഞെടുക്കുന്നത് . പ്രത്യേകിച്ചും സ്ത്രീകൾ . കുറെ ഏറെ പ്രായോഗിക കാര്യങ്ങൾ കൂടി നോക്കും . അതായത് , ജൈവീക ചോദന നമ്മളെ എടുത്തു ചാടാൻ പ്രേരിപ്പിക്കുമെങ്കിലും , നമ്മുടെ ബുദ്ധിയെ അമർച്ച ചെയ്യാൻ നോക്കുമെങ്കിലും , അതിൽ അത് പൂർണ വിജയം നേടുന്നില്ല . “ആറ്റിലേക്ക്അച്യുതാ ചാടൊല്ലേ , ചാടൊല്ലേ , വീട്ടിലെ പൊയ്കയിൽ പോയി നീന്താം ” എന്നു പലപ്പോഴും നമ്മൾ നമ്മോട് തന്നെ പറയുന്നു .
അത് കൊണ്ട് തന്നെ , പ്രേമം , ജൂൺ , എന്നീ സിനിമകൾ യാഥാർഥ്യവുമായി അടുത്ത് നിൽക്കുന്നവ ആണ് . ഓം ശാന്തി ഓശാന , 96 , മൊയ്തീൻ , ഒക്കെ – ഒരാളോട് എന്തെങ്കിലും തോന്നിയാൽ പിന്നെ അത് ഇല്ലെങ്കിൽ ജീവിതം കോഞ്ഞാട്ട ആവും എന്ന വസ്തുതാപരമല്ലാത്ത ഒരു മൂല്യത്തെ മുൻപിൽ വയ്ക്കുന്നു .
ദീർഘകാല ബന്ധങ്ങൾ വെറും പ്രണയത്തിന്റെ പുറത്ത് നിൽക്കുന്നവ അല്ലേയല്ല . ഇനി പറയുന്ന കാര്യങ്ങൾ അത്ര പുരോഗമനപരം ഒന്നുമല്ല . എങ്കിലും പറയാതെ നിവർത്തി ഇല്ല . ദീർഘകാല ബന്ധങ്ങളെ നില നിർത്തുന്നത് മൂന്നു കാര്യങ്ങൾ ആണെന്ന് തോന്നുന്നു :
– ചുമതലകൾ ഏറ്റെടുത്ത് , അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കൽ വാങ്ങലുകൾ നടത്തുന്നത് . വിവാഹം വ്യക്തികൾ തമ്മിൽ ഉള്ള കോൺട്രാക്ട് മാത്രം ആവുമ്പോൾ , എനിക്ക് ഇതിൽ നിന്ന് എന്ത് ഗുണം എന്നതാണ് ഓരോ പങ്കാളിയും നോക്കുന്നത് . പാശ്ചാത്യ വിവാഹങ്ങളിലെ പഠനങ്ങൾ അനുസരിച്ച് , ആണും പെണ്ണും , എൺപത് ശതമാനം പേരും പറയുന്നത് , “ഞാൻ ആണ് കൂടുതൽ കാര്യങ്ങൾ ചെയ്യുന്നത് , ത്യാഗം ഞാൻ ആണ് സഹിക്കുന്നത് , ” എന്നാണ് ! അതിപ്പോ അങ്ങനെ അല്ലെ പറയൂ . നമ്മൾ നമ്മെ എപ്പോഴും ന്യായീകരിക്കും . നമ്മുടെ സമൂഹത്തിൽ മിക്കവാറും സ്ത്രീകൾ ആണ് ത്യജിക്കുന്നത് . അത് ഒരു സത്യം ആണ് . മിക്ക വിവാഹങ്ങളും സ്ത്രീകളുടെ ത്യാഗത്തിന്റെ പുറത്ത് മാത്രം ആണ് നിൽക്കുന്നത് .
– വിവാഹം എന്നത് പവിത്രമാണ് . ഇച്ചിരി ത്യാഗങ്ങൾ സഹിച്ചാലും സാരമില്ല ; എന്ന സമൂഹ കണ്ടീഷനിംഗ് . അങ്ങനെ ഉള്ള ഒരു മൂല്യ ബോധം .
– സമൂഹത്തിന്റെ അതി ഭയങ്കരമായ സമ്മർദം .
സ്റ്റഡി ക്ളാസ് അത്രേ ഉള്ളു . ഹോ – മടുത്തു . ചില കാര്യങ്ങൾ ഊന്നി പറയണം എന്ന് തോന്നുന്നു .
പറഞ്ഞ കാര്യങ്ങൾ ഒക്കെ മനസ്സിലാക്കി , വേണമെങ്കിൽ മാത്രം കെട്ടിയാൽ മതി . ഇല്ലെങ്കിൽ ആരും തൂക്കി കൊല്ലുകയൊന്നും ഇല്ല . ജസ്റ്റ് പ്രണയം തോന്നി എന്നത് കൊണ്ട് മാത്രം ചാടരുത് , പ്ലീസ് . പ്രണയിച്ച് , ഇങ്ങനെ നടന്നോ .
ഒരു പത്തിരുപത്തഞ്ചു വയസ്സ് എങ്കിലും കഴിഞ്ഞ് , ഒരു ജോലി ഒക്കെ ആയി , സ്വന്തം കാലിൽ നിന്നിട്ട് മതി , കല്യാണം . പ്രത്യേകിച്ചും പെണ്ണുങ്ങൾ ഇത് ശ്രദ്ധിക്കണം പ്ലീസ് . ഈ അടുത്ത കാലത്തെ വലിയ ഒരു കണ്ടു പിടിത്തം ആണ് , ഇരുപത്തഞ്ചു വയസ്സ് വരെ തലച്ചോർ വളർന്നു കൊണ്ടിരിക്കയാണ് എന്നത് . ഈ പതിനെട്ട് ആവുമ്പൊ , പ്രായപൂർത്തി ആവുന്നത് നിയമപരമായി മാത്രമാണ് . ഹ ഹ ഹ – അമ്മാവൻ സിൻഡ്രോം തന്നെ . ഇതിനെ പറ്റി വേറൊരു ലേഖനം വേണ്ടി വരും .
അമ്മാവൻ എങ്കിൽ അമ്മാവൻ , സത്യത്തിന്റെ മുഖം വികൃതമായ ഒരു അമ്മാവന്റെ മുഖം ആണെന്നാ …..തോന്നുന്നത് . ഞാൻ ഓടി . (ജിമ്മി മാത്യു )