മതമല്ല പ്രശ്നം , ഗുദമാണ് പ്രശ്നം .

ഏഴാം ക്‌ളാസിൽ ആണെന്ന് തോന്നുന്നു . തൃശൂർ മോഡൽ സ്‌കൂൾ ആണ് . ശാരദ ടീച്ചർ പ്രശ്നക്കാരിയാണ് (പേര് സാങ്കല്പികം ) . നല്ല ചന്തവും വണ്ണവുമുണ്ട് . പക്ഷെ ആർക്കും കണ്ടൂടാ . ചൂരൽ ഉണ്ട് . ഇപ്പോഴത്തെ പോലല്ല , ഉപയോഗിക്കാൻ മടിയും ഇല്ല . കുട്ടികൾ തമ്മിൽ തിരിച്ചു ഭേദം കാണിക്കും .

ഞങ്ങടെ ക്‌ളാസ്സിന്റെ മുന്നിൽ , ടീച്ചർ പഠിപ്പിക്കുന്നതിന്റെ പുറകിൽ , ഒരു അടഞ്ഞ വാതിൽ ഉണ്ട് . അതിനപ്പുറത്താണ് എട്ടാം ക്‌ളാസ് . ഈ വാതിലിൽ ഒരു ഓട്ടയുണ്ട് . ആ ഓട്ടയിലൂടെ നോക്കാൻ പാടില്ല ! അതെന്താണ് എന്ന് വഴിയേ മനസ്സിലാവും .

ഓട്ട ഉള്ള കാര്യം ടീച്ചർ ശ്രദ്ധിക്കുന്നില്ല . ഒരു ദിവസം ക്‌ളാസെടുക്കുമ്പോൾ, അപ്പുറത്തെ ക്‌ളാസിൽ ടീച്ചർ ഇല്ലാത്ത സമയത്ത് , ഏതോ ഒരു വിരുതൻ , ഒരു കോൽ എടുത്ത് , ഓട്ടയിലൂടെ ഒരൊറ്റ കുത്ത് ! ശാരദ ടീച്ചറുടെ ചന്തിക്കിട്ട് !

അയ്യോ – ടീച്ചർ ഒറ്റച്ചാട്ടം . ഞങ്ങൾ ചിരിയോടു ചിരി . ഉടൻ തന്നെ ടീച്ചർ ഒരു കണ്ണടച്ച് ഓട്ടയിലൂടെ നോക്കി !

ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ആണെന്ന് , ഇവിടെ കൊച്ചു കുഞ്ഞുങ്ങൾ ഞങ്ങൾക്ക് വരെ അറിയാം .

എന്താണന്നല്ലെ ?

തണ്ണിൽ കുപ്പും !

തണ്ണിൽ കുപ്പും ന്ന് .

അതായത് , ആ ഒറ്റയിലൂടെ നോക്കിയാൽ , അപ്പുറത്തുള്ള ആരേലും നോക്കുന്നവന്റെ കണ്ണിൽ തുപ്പും !

ടീച്ചർ ആണെങ്കിലും ശരി !

കണ്ണ് തുടച്ചു നിവർന്ന ടീച്ചർ അലറി ചിരിക്കുന്ന ഞങ്ങളെ നോക്കി . ഒരൊറ്റ പോക്കാണ് . ചൂരലുമായി വന്നു , ഞങ്ങളെ എല്ലാവരെയും അച്ചാലും മുക്കാലും വീക്കി . അപ്പുറത്തെ ക്‌ളാസിൽ പോയി അവരെ ഡബിൾ സ്ട്രെങ്ങ്തിൽ വീക്കി .

“ആരാന്നു പറയടാ ” എന്ന് പറഞ്ഞാണ് വീക്ക് . “ഞാനല്ല , ഞാനല്ല , ടീച്ചർ ‘ എന്നൊക്കെ ഞങ്ങൾ കരയുന്നുണ്ട് . ഒരു രക്ഷയുമില്ല .

പിന്നെ രണ്ടു മൂന്നാഴ്ച്ചക്ക് ആരും ഞങ്ങൾക്ക് ക്‌ളാസും എടുക്കുന്നില്ല .

അല്ല സുഹൃത്തുക്കളെ – ഞാൻ ചോദിക്കുകയാണ് , ഞങ്ങൾ എന്ത് ചെയ്തിട്ടാണ് ? ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ അവനെ പിടിക്കണം . അല്ലാതെ ഒരു മാതിരി …..

കള്ളപ്പണം ഉണ്ട് , കള്ളാ നോട്ട് ഉണ്ട് , കിടുതാപ്പി ഒക്കെ ഉണ്ടത്രേ .

പോയി പിടിക്കണം ഹേ – ആരുടെ പിതാമഹന്റെ കൈയിലാണ് പോലീസും പട്ടാളോം എൻഫോഴ്‌സ്‌മെന്റും ?

അല്ലാതെ എന്റേം നിങ്ങടേം കയ്യിലുള്ള നോട്ടൊക്കെ നിരോധിച്ചിട്ട് അത് കള്ളപ്പണം അല്ലെന്നു നമ്മൾ തെളിയിക്കണം പോലും . എത്ര സാധാരണക്കാരാണ് മൂട്ടിൽ തീ പിടിച്ച പോലെ – സോറി; ഗുദത്തിൽ ആഴി വന്നു വെന്ത പോലെ  ഓടിയത് ?

സീ , എന്റെ രക്തത്തിൻ രക്തമാന സുഹൃത്തുക്കളെ . പത്തു നാൽപ്പത് കൊല്ലം മുൻപ് , ഒരു കുറ്റാക്കുറ്റിരുട്ടുള്ള രാത്രിയിൽ . ഡിം എന്നൊരു ശബ്ദം കേട്ടു . പിന്നെ ഒരു കുഞ്ഞിന്റെ കരച്ചിലും .

വേറൊന്നുമല്ല , ഞാൻ പെറ്റു വീണതാണ് .

എനിക്ക് ഒന്നും ഓര്മയില്ല . ആരും എന്നോട് ഒന്നും ചോദിച്ചില്ല . ബ്രൗൺ നിറമുള്ള ദ്രവീഡിയൻ ആവാൻ ഞാൻ ചോദിച്ചില്ല . മലയാളനാട്ടിൽ ജനിക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല . ഇന്ത്യ മഹാരാജ്യത്ത് തന്നെ വന്നു സംജാതം ആകണം എന്ന് എനിക്ക് യാതൊരു നിര്ബന്ധവും ഉണ്ടായിരുന്നില്ല . നസ്രാണി മാപ്പിള എന്ന ജാതിയിൽ ജനിക്കണം എന്ന് തീരെ ആവശ്യപ്പെട്ടതുമല്ല .

ഇവിടെ വളർന്നു . ഇവിടെ ജോലി ചെയ്തു , ടാക്സ് അടച്ചു . എം സ് പഠിച്ചോണ്ടിരിക്കുന്ന എന്നെ അർജന്റ് ആയി വിളിച്ചു വരുത്തി, വോട്ടേഴ്‌സ് ഐ ഡി എടുക്കണമത്രേ . എടുത്തു . വോട്ടും ചെയ്തു .

പിന്നെ പാൻ കാർഡ് വേണമെന്നായി . അതിനും ഗുദത്തിൽ ആഴിയുമായി ഓടി .

പിന്നെ മണിക്കൂറുകൾ ക്യൂ നിന്ന് കണ്ണൊക്കെ സ്കാൻ ചെയ്ത് , ഉള്ള വിരലിലെ ഫിംഗർപ്രിന്റ് ഒക്കെ എടുത്ത് ഒരു സാധനം തന്നു – ആധാർ . “ആധാർ നമ്മുടെ അവകാശം പോലും !” – ഒക്കെ . നല്ലതിനല്ലേ . നടക്കട്ടെ .

പിന്നെ ബന്ധിപ്പിക്കണം ! ഫോൺ നമ്പർ ബന്ധിപ്പിക്കണം . അകൗണ്ട് ഒക്കെ ബന്ധിപ്പിക്കണം . അങ്ങനെ ഒക്കെ ചെയ്തു . നെറ്റിയിൽ വിയർപ്പുണ്ടേ , ഗുദത്തിൽ ആഴിയും .

ഇപ്പൊ പറയാണെ – പൗരത്വം തെളിയിക്കണമത്രേ . ഗുദത്തിൽ ആഴി ന്യായമായും വരും . നമ്മുടെ നാടല്ലേ .

എന്തിനാണത് ? ആദി പിടിക്കേണ്ട യാതൊരു ആവശ്യവുമില്ലത്രേ .

ദേ – ഇന്നാള് ഡ്രൈവിംഗ് ലൈസൻസ് പുതുക്കി . അപ്പൊ ജിമ്മി മാത്യു എന്നതിന്റെ ജിമ്മിയുടെ സ്പെല്ലിങ് , y ക്കു പകരം ഐ ! എന്താണെന്നു നോക്കണേ .

കഴിഞ്ഞ മാസം വീട്ടുകരം അടക്കാൻ പോയപ്പോ , ഇപ്പൊ കീറും എന്നുള്ള സ്‌പെഷ്യൽ പേപ്പറിൽ രസീത് – നോക്കിയപ്പോ “ജിമ്മി മത്തി “.

ആരാണ് ഹേ  ഈ മത്തി ?

മാറ്റി എഴുതാൻ പറഞ്ഞപ്പോ പറയുകയാ , കഴിഞ്ഞ വർഷോം അത് തന്നെ ആണത്രേ എഴുതിയത് ! നോക്കിയപ്പോ ശരിയാ . ദേ എഴുതി വച്ചിരിക്കുന്നു – “ജിമ്മി മത്തി “

അപ്പൊ ഇനി എങ്ങനെ ശരിയാക്കും ? അതിനു ആധാർ കാർഡ് , ആധാരം. അപേക്ഷ , -ഗുദത്തിൽ ആഴീടെ പ്രശ്നം തന്നെ – മനസ്സിലായല്ലോ ? ആരുടെ കുഴപ്പമാണ് ഹേ ? നമ്മുടെ തന്നെ . ആദ്യം നമ്മൾ ശ്രദ്ധിച്ചില്ലല്ലോ ? ഏത് ?

ആധാർ എടുത്തു നോക്കിയപ്പോ ഇംഗ്ളീഷിൽ എഴുതിയിരിക്കുന്നത് ശരിയാണ് . പക്ഷെ അടുത്ത് , മലയാളം പരിഭാഷ ഉണ്ട്- അതിൽ എഴുതി വച്ചിരിക്കുന്നു – ജി മ് മി മ ത തെ ! ആരാണ് ഈ ജി മ് മി മ ത തെ ?

കുഴപ്പം ഉണ്ടാക്കാൻ ഇതൊക്കെ മതി . “ഇത് ഒരു സംസ്കാര ഇന്ത്യൻ പേരല്ല ” – അതും ഒരു പ്രശ്നമാകാം എന്ന് കൂടി ആളുകൾക്ക് തോന്നിയാലോ ? പേടിക്കണ്ട , പേടിക്കണ്ട എന്നൊക്കെ പറയാൻ കൊള്ളാം .

നുഴഞ്ഞു കയറ്റക്കാർ ഉണ്ടത്രേ ! ഉണ്ടെങ്കിൽ പിടിക്കണം ഹേ . അതിനല്ലേ പൊതുജനം വിയർപ്പൊഴുക്കുന്ന പണം വച്ച് നിയന്ത്രിക്കുന്ന പോലീസും , ഉദ്യോഗസ്ഥരും ഒക്കെ? അതല്ലേ ഹീറോയിസം . പാവം ഞങ്ങടെ നെഞ്ചത്തേക്ക് എന്തിനു കേറുന്നു ?

ആരോ പറയുന്നത് കേട്ടു – “ഇന്ത്യ ഇന്ന ആളുടെ അപ്പന്റെ വകയല്ല ” എന്ന് . തെറ്റാണത് . ഈ മണ്ണ് അങ്ങേരുടെ അപ്പന്റെ വക തന്നെ ആണ് . അമ്മയുടെയും വക ആണ് .

എന്റെയും നിങ്ങടെയും അപ്പന്റേയുടേം അമ്മയുടെയും കൂടി ആണെന്ന് മാത്രം .

ഡെമോഗ്രാഫിക് ഡിവിഡന്റ് കത്തി നിൽക്കുന്ന സമയം ആണെന്ന് ഓർക്കണം . നാട്ടിൽ മൊത്തം ചെറുപ്പക്കാരാണ് . അവരെ പഠിപ്പിക്കണം . കോളേജുകൾ , സ്‌കൂളുകൾ വേണം . ജോലി വേണം . ഫാക്ടറികളും, ശാസ്ത്ര പുരോഗതിയും വേണം. തുല്യ അവസരങ്ങൾ വേണം. അടുത്ത ഒരു ഇരുപത് വര്ഷം ആണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും പ്രധാനം . ,

“മതമല്ല , മതമല്ല , പ്രശ്നം .

ഗുദമാണ് ഗുദമാണ് പ്രശ്നം

ആഴിയാൽ വേവുന്ന ഗുദമാണ് , ഗുദമാണ് പ്രശ്നം .

മതമല്ല , മതമല്ല , പ്രശ്നം .

ചോറാണ് പ്രശ്നം , കറിയാണ് പ്രശ്നം

വയറും അതിനുള്ളിൽ വിളിയാണ് പ്രശ്നം

മതമല്ല , മതമല്ല പ്രശ്നം .

ആസന്നഭാവിയിൽ വരും എന്ന് ഭയമുള്ള

കൂട്ടക്കൊലകൾ തൻ മണമാണ് പ്രശ്നം

ചോര തൻ ചൂരാണ് പ്രശ്നം .

മതമല്ല , മതമല്ല പ്രശ്നം

പശുവല്ല , പാലാണ് പ്രശ്നം

കുരിശല്ല പ്രശ്നം , തരിശു കിടക്കുന്ന

മണ്ണിന്റെ തിള ആണ് പ്രശ്നം .

മതമല്ല , മതമല്ല പ്രശ്നം

മണ്ണാണ് പ്രശ്നം ,

എന്റെയും നിന്റെയും

തന്തേടേം തള്ളേടേം

മണ്ണാണ് പ്രശ്നം

അത് തന്നാണ് പ്രശ്നം .(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .