എട്ടാണോ ഒന്പതാണോന്ന് ഓർമയില്ല. തൃശൂർ മോഡൽ ബോയ്സിൽ ആണല്ലോ നോം പഠിച്ചത്. ചില മാഷുമ്മാരുടെ ക്ളാസ് ഭയങ്കര ബോറാണ്. അപ്പൊ നമ്മൾ ബാക്കിൽ പോയിരുന്നു ഹർഡി ബോയ്സ് വായിക്കുമല്ലോ. സ്വാഭാവികം. തികച്ചും സാമാന്യ ബോധ യുക്തവും ന്യായീകരണ യോഗ്യവും അക്ഷന്ത്യം നിരൂപദ്രവും ആയ ഈ നടപടി പക്ഷെ ആശാൻ എന്നു വിളിക്കുന്ന കേശവൻ മാഷിന് തീരെ ബോധിച്ചില്ല. “ആശാനാശയ ഗംഭീരൻ, ….ബട്…….. ചറ പറ വളിയൻ; തെറിയൻ.പെണ് പിടിയൻ.” ഇങ്ങനെ ഒരു കവിത കുറെ മാസങ്ങൾക്ക് മുന്നേ ചുവരെഴുത്തായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന്റെ കര്ത്താവ് ഞാനാണോ എന്ന് അദ്ദേഹത്തിന് സംശയമുണ്ട്. എന്ത് ചെയ്യാം. ഇച്ചിരി വളവുള്ള സർഗ വാസന എന്റെ കൂടപ്പിറപ്പ് ആയിപ്പോയി! ഫലമോ. മാപ്പ്, മാപ്പ് എന്ന് അഞ്ഞൂറ് പ്രാവശ്യം എഴുതാൻ ഉത്തരവായി. എന്തുട്ട് ആനിഷ്ടോ. ആ സമയം കൊണ്ട് ഒരു ഹർഡി ബോയ്സോ ഈനിഡ് ബ്ലയറ്റന്റെ നോവലോ വായിക്കാം. അങ്ങനെ ആണ്, ഒന്നര രൂപയുടെ രണ്ടു കോണ് എയസ് ക്രീം വാങ്ങി തരാം എന്ന് പറഞ്ഞു ടാവ് ജോസപ്പിന് ഔട്സ്ഓർസ് ചെയ്യുന്നത്. പത്തു പൈസക്ക് ഐസ് ഫ്രൂട്ടും, ഇരുപത്തഞ്ചു പൈസക്ക് പാൽ ഐയ്സ് ഫ്രൂട്ടും കിട്ടുന്ന കാലം ആണെന്നോർക്കണം. അവൻ എഴുതി കൊണ്ടന്നത് അങ്ങനെ തന്നെ മാഷിന് കൊടുത്തു. മാഷ് മറിച്ചു നോക്കി. നീട്ടട കൈ. അടി തുടങ്ങി. നമ്മൾ അടി വാങ്ങുന്നു, കൈ കുലുക്കുന്നു, അടി വാങ്ങുന്നു. മോങ്ങുന്നു. പിന്നേം കുലുക്കുന്നു. കൈ. അടി, കുലുക്കൽ , മൊങ്ങൽ. മൊങ്ങൽ, കുലുക്കൽ, അടി. അവസാനം: “കാര്യം പറ മാഷെ”- ദയനീയമായാണ്. “എന്ത് മ…വൃത്തികേടാഡ ദ്??” സംഭവം ഇത്രേ ഉള്ളു. മാപ്പ്, മാപ്പ്, മാപ്പ് എന്നെഴുത്തുന്നതിനിടയിൽ ആ സാമദ്രോഹി, ആ ഉടായിപ്പ് വീരൻ, ആ ഡാഷ് മോൻ, ആ ക്ണാപ്പൻ, ആ ആജന്മ ശാർദൂല വിക്രീഡിതൻ, നനമയുഗമെട്ടിൽ തട്ടിയതാണ്. എന്റെ നെഞ്ചത്തേക്ക്. മാപ്പ്, മാപ്പ് എഴുതുന്നതിന്റെ ഇടയിൽ ഇടക്ക് ‘,കോപ്പ്’ ‘കോപ്പ്’ എന്നെഴുതി ചേർത്തിരിക്കുന്നു!! എന്റെ ഭാഗത്തും തെറ്റ് ഉണ്ട്. ടാവ് ജോസപ്പിന് ആ പേര് എങ്ങനെ വന്നു എന്ന് അന്വേഷിക്കേണ്ടത് ആയിരുന്നു. അടി പിന്നേം കൊള്ളുന്നതിനിടയിൽ, ഞാൻ പറഞ്ഞു നോക്കി: “മാറെ, സോപ്പ്…..ഛേ….. സാറേ, മാപ്പ്.” അപ്പൊ മാഷ് പറയുകയ: “നീ ഇനി ഒരു കോപ്പും പറയണ്ട.!!,””(ജിമ്മി മാത്യു) |
