മിസ് പ്രീതിയും കൊല്ലാൻ നടക്കുന്ന ഞാനും- ഒരു ഗൗരി ലങ്കേഷ്യൻ സ്വപ്നം .

പതിനേഴു വയസ്സിൽ എനിക്കും തോന്നിയിരുന്നു – കൊല്ലബിൾ ആവണം ! എന്ന് വച്ചാൽ ഏബിൾ ടു കിൽ .ഗൗരി ലങ്കേഷിനെ കൊന്നവരെ പോലെ , ഫൈസലിനെ കൊന്നവരെ പോലെ, ടി പി ചന്ദ്രശേഖരനെ കൊന്നവരെ പോലെ, ചേകന്നൂർ മൗലവിയെ കൊന്നവരെ പോലെ  – നല്ല ഒരു കാരണം വേണം . കാരണം ലോകത്തെ രക്ഷിക്കാനുള്ളതാവണം .

 

അറ്റ് ലീസ്റ് – ജോർദീനോ ബ്രൂണോ യെ കൊന്നവരെ പോലെ .എങ്കിലും….?

 

ലോകത്തെ രക്ഷിക്കാനല്ലേ ഈ കൊല്ലലൊക്കെ ?

 

ആണ് . കൊല്ലൽ ഇല്ലാതെ എന്ത് രക്ഷ ? ഈശോയെ കൊന്നതും രക്ഷക്ക് വേണ്ടി അല്ലെ ? നല്ല ഒരു ഫോർമുല ഉണ്ടാവണം . മനുഷ്യ രാശിയുടെ സമഗ്ര രക്ഷക്കുള്ള പ്ലാൻ . എവിടെ പ്ലാൻ ? എവിടെ പ്ലാൻ ? ഞാൻ അതും നോക്കി അലഞ്ഞു . പ്രായത്തിന്റെ ഓരോ ഇതേ .

 

പ്രായത്തിന്റെ വേറൊരു പ്രശ്നം ആണ് പെണ്ണുങ്ങൾ . ഐ മീൻ പെണ്ണുങ്ങളോടുള്ള ആക്രാന്തം .

 

പക്ഷെ അതും പെർഫെക്ട് പെണ്ണ് വേണം , എനിക്ക് പ്രേമിക്കാൻ . അല്ലാതെ മാന്ത്യ പോരാ .

 

ഓ – പറയാൻ മറന്നു . മാന്ത്യ എന്നാണു അവളുടെ വിളിപ്പേര് . എങ്ങനെ ആ പേര് വന്നു എന്നറിയില്ല . മാന്തുന്ന സ്വഭാവം ആയിരുന്നിരിക്കും . മാന്ത്യക്കു മാത്രമേ ക്ലാസ്സിൽ എന്നെ നോട്ടമുള്ളൂ .

 

മാന്ത്യ പാവമാണ് – നല്ലവൾ ആണ് . കറമ്പിയാണ് – മുഖത്ത് കുറെ കുരു ഉണ്ട് . എനിക്കതൊന്നും കുഴപ്പമില്ല . ഭംഗിയൊക്കെ ഉണ്ട് . പക്ഷെ ആളോള് എന്ത് പറയും ? അയ്യേ – ഈ കറമ്പീന്യാ നെനക്ക് കിട്ട്യേ ? ഛെ . ഞാൻ മൈൻഡ് ചെയാറില്ല .

 

“ഹലോ ജിമ്മ്യേ .” അവളുടെ ഒരു ലോഹ്യം . ഞാൻ മൈൻഡ് ചെയ്യാതെ നടന്നു . മാന്ത്യയുടെ മുഖം വാടി . നാലാം ഓണത്തിലെ പൂക്കളം പോലെ .

 

കൊലപാതകി ആവാനാണ് ഞാൻ നടക്കുന്നത് . പെർഫെക്ട് കാരണം ഉള്ള കൊലപാതകി . പെർഫെക്ട് പെണ്ണാണ് വേണ്ടത് . അല്ലാതെ .

 

വൈകിട്ട് തിരിച്ചു നടക്കുമ്പോൾ മിഷൻ ക്വാർട്ടേഴ്‌സ് സെമിത്തേരി യുടെ വശത്തൂടെ പോണം . അവടെ കൊറേ മരങ്ങളുണ്ട് . ആരുമില്ല . വിജനം ആണ് . ഒരു വളവു തിരിഞ്ഞപ്പോൾ അതാ റോഡിന്റെ സൈഡിൽ നിൽക്കുന്നു !

 

ഒരു പെണ്ണ് . ഒരടിപൊളി . ഐശ്വര്യാ റായ് എങ്ങനെ തോറ്റു പോകും എന്ന് നിങ്ങൾ വിചാരിച്ചേക്കാം . എന്നാൽ ഞാൻ പറയുന്നു – പുള്ളിക്കാരിയൊന്നും ഒന്നുമല്ല .

 

ഐശ്വര്യ റായ് യുടെ പൊക്കം . ഉഗ്രൻ മുഖം. സൗന്ദര്യം ജ്വലിക്കുന്ന – അങ്ങനെ ഒക്കെ കേട്ടിട്ടില്ലേ ? അത് പോലത്തെ മുഖം ആണ് . സണ്ണി ലിയോണിന്റെ ഷേപ്പ് , കാവ്യാ മാധവന്റെ ചിരി .

 

കൂടുതൽ ഒന്നും പറയുന്നില്ല എന്റെ സാറേ – വേറെ ഒന്നും കാണാൻ പറ്റുന്നില്ല .

 

പെർഫെക്ട് വുമൺ !

 

ഞാൻ അടുത്തേക്ക് ചെന്നു . സാരി ആണ് ഉടുത്തിരുന്നത് . നല്ല രീതിയിൽ ഉടുത്തിട്ടുണ്ട് . വയറൊക്കെ കാണാം . എന്റെ മോനെ ആ വയർ വെറും വയറല്ല – ഒരൊന്നൊന്നര …..വേണ്ടാ . എന്നെ കൊണ്ട് പറയിപ്പിക്കണ്ട .

 

നമ്മുടെ എയർ ഹോസ്റ്റസ്സുമാരുടെ പോലെ ഒരു നെയിം പ്ലേറ്റ് ഒക്കെയുണ്ട് .

 

മിസ് . പ്രീതി …പിന്നെയെന്തോ . അങ്ങനെ ഒരു പേരാണ് എഴുതി യിരിക്കുന്നത് .

 

പ്രീതിക്ക് പക്ഷെ എന്തോ ഒരു വശ പിശക് എനിക്ക് തോന്നി . എന്തോ ഒരു …..ഇത്….ഏയ് തോന്നൽ ആവും .

 

“ഹലോ ജിമ്മി . ഞാൻ ഭാവികാലത്തു നിന്ന് വരുന്നു . നിങ്ങളെപ്പറ്റി ഭാവിയിൽ വലിയ അഭിപ്രായം ആണ് .”

 

ഞാൻ കുളിരു കോരി . സ്വയം നുള്ളി നോക്കി . സത്യം തന്നെ ? ഭാവിയിൽ എങ്ങനെ ആണ് ലോകം ?

 

ഞാൻ ചോദിച്ചു :

 

“ഭാവിയിൽ ലോകം ഏതു നിറമാണ് ? ലോകം പെർഫെക്ട് ആയി കഴിഞ്ഞിട്ടുണ്ടാകുമല്ലോ ? എല്ലാം പെർഫെക്ട് . ഏതു നിറമാണ് ആ പെർഫെക്ട് ലോകം ? കാവി ആയിരിക്കും ? ചുവപ്പ് ആണോ ? ആവാൻ സാധ്യത ഉണ്ട് . പച്ച ആയിരിക്കുമോ ? വെള്ളയും മഞ്ഞയും കലർന്നതാവാനും സാധ്യത ഇല്ലാതില്ല .”

 

“എന്റെ നിറമാണ് . വാ – വന്നു നോക്ക് “. അവൾ പറഞ്ഞു . ഞാൻ അടുത്തേക്ക് ചെന്നു . മുഖം തൊട്ടടുത്താണ് . പെർഫ്യൂമിന്റെ സുഗന്ധം . ഡ്രാഗൺ ഫ്രൂട് പോലെ ചുവന്ന ചുണ്ടുകൾ . ഉമ്മ വക്കണ്ടേ . വേണം . ആരും വച്ച് പോകും . ഞാൻ ചുണ്ട് പതുക്കെ അടുപ്പിച്ചു – ചുണ്ടോട് .

 

“ഞാൻ ശരിക്കും ഇല്ല കേട്ടോ .” അവൾ കൊതിപ്പിക്കുന്ന സ്വരത്തിൽ പറഞ്ഞു . ങേ – ഞാൻ പതുക്കെ പുറകോട്ടാഞ്ഞു . അപ്പോഴാണ് നെയിം പ്ലേറ്റ് ശരിക്കും കണ്ടത് . മിസ് പ്രീതി എന്നല്ല . സ്വല്പം കൂടി വലുതാണ് ഫുൾ നെയിം . സ്വർണ വര്ണത്തിൽ വ്യക്തമായി എഴുതി വച്ചിരിക്കുന്നു:

 

“മിസ് . പ്രത്യ. y . a . ശാസ്ത്ര .”

 

ഇപ്പോഴാണ് ശരിക്കും മിസ് പ്രീതിയെ പറ്റി എന്തോ ഒരു വശ പിശക് തോന്നി എന്ന് പറഞ്ഞില്ലേ . അത് എന്താണെന്നു മനസ്സിലായത് . മിസ് പ്രീതി . അല്ല സോറി :

 

മിസ് . പ്രത്യ . y . a . ശാസ്ത്ര – അങ്ങനെ ഒരു പെർഫെക്ട് വുമൺ ഇല്ല . ഇല്ല . മായ . മായ .

 

എനിക്ക് സങ്കടം കൊണ്ട് തല ചുറ്റുന്നത് പോലെ തോന്നി . കുന്തം . പവനാഴി – അല്ല – പവനാഴിച്ചി ശവമായി .

 

ഡും – എന്റെ മുന്നിൽ വച്ച് മിസ് പ്രത്യ പൊട്ടി തെറിച്ചു .

 

ഞാൻ ഞെട്ടി എഴുന്നേറ്റു . ഡെസ്കിൽ തല വച്ച് ഉറങ്ങി പോയതാണ് . പണ്ടാരം . ഡെസ്കിൽ ആ നശിച്ച മാന്ത്യ ഡും എന്ന് തട്ടിയാണ് .

 

“ഒറങ്ങ്വാ ? ജിമ്മ്യേ ?”

 

ദേഷ്യം തോന്നിയില്ല . ഞാൻ ചിരിച്ചു എഴുന്നേറ്റു .

 

“ശരിക്കും തന്റെ പേരെന്താ ?”

 

“മധ്യ . മധ്യ. m. y . മാർഗ് . ആർക്കും ഇഷ്ടമല്ല എന്റെ പേര് . കണ്ടില്ലേ – മന്തി എന്നൊക്കെയാ വിളിക്കുന്നത് .”

 

“നമുക്ക് ഒരു കാപ്പി കുടിച്ചാലോ . പിന്നെ , സൂപർ പേരാ തന്റെ പേര് . എനിക്ക് ഈ കറമ്പികളെ ഇഷ്ടാടോ .”

 

അവൾ ചിരിച്ചു . പെർഫെക്ട് ചിരി . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .