പണ്ടെന്ത് സുഖമായിരുന്നു . ഒരു പത്തിരുനൂറ് കൊല്ലം മുൻപൊക്കെ . കൗമാരം എന്നൊരു സാധനമേ ഇല്ല . ചെറു ചൂടുള്ള അമ്മവയറ്റിൽ നിന്ന് തണുത്ത , കഷ്ടപ്പെട്ട് ശ്വസിക്കേണ്ട ലോകത്തേക്ക് ഒരൊറ്റ വീഴ്ച പോലെ , കുട്ടിത്തമാകുന്ന പ്രഭാതത്തിൽ നിന്ന് ഉച്ചവെയിൽ മദ്ധ്യവയസിലേക്ക് ഒരു ചാട്ടം .
സദ്യ – ജീവിതമാകുന്ന സദ്യ എങ്ങനെ ഉണ്ടാക്കണം ? അത് നമ്മൾ ആലോചിക്കയെ വേണ്ട . കുശിനിയിൽ കയറുക , കറിക്ക് അരിയുക , ഇളക്കുക – അങ്ങനെ പറയുന്നതൊക്കെ ചെയ്യുക . പരമസുഖം . പിന്നെ , ഒരു നാല്പത് , അൻപത് വയസ് വരെ ജീവിച്ചാലും മതി . ആർക്കും വേണ്ടാതെ ഇരുന്നിരുന്നു പുഴു അരിക്കണ്ട .
പിന്നെ വേറൊന്നുണ്ട് – ബസ് . അന്ന് ബസില്ല . ബസ് സ്റ്റാൻഡില്ല . ആരും പോവണ്ട ബസുകൾക്കായി കാത്തു നിൽക്കുന്നില്ല .
എന്റെ കൗമാരം – അത് തുടങ്ങിയതേ വൈകി ആണ് . പത്തു പതിനേഴു വയസ്സായി ഷ്ടോ . പുത്തൻ പള്ളി ദിങ്ങനെ നിക്കാണ് . വടക്കുംനാഥൻ കുംഭകർണ സേവ . തിരുവാമ്പാടിയും പാറമേക്കാവും ഇടക്ക് ഡാൻസ് കളിക്കും .
പുലർച്ചെ വെള്ളിവെളിച്ചം ! വെള്ളപ്പായ – വെളപ്പായ .
കുശിനിക്കകത്ത് അത്ര വെളിച്ചം ഇല്ല . കുറച്ചു ചൂടുണ്ട് .
ഞാൻ അരിയലോടരിയൽ . ഇളക്കലോടിളക്കൽ . ഓടലോടോടൽ . ഉപ്പ് നോക്കൽ , പുളി നോക്കൽ , തൊട്ടു നക്കൽ .
പെട്ടി ഓട്ടോറിക്ഷകൾ സാധനങ്ങൾ ഇറക്കുന്നു . വേറെ അടുക്കളകളിൽ നിന്ന് പാചകക്കാർ ചിലർ ഇടക്ക് കേറി വരും , അഭിപ്രായങ്ങൾ പറയും . ചിലപ്പോ സഹായിക്കും .
അടുപ്പുകളിൽ തീ സദാ ഉണ്ട് . ഉള്ളിൽ ആന്തൽ ഉണ്ട് . സദ്യ ഉഷാർ ആവണം ! ഞാൻ മാത്രം ആണ് ഉത്തരവാദി .
സാമ്പാർ വയ്ക്കണം . അതിന്റെ കൂട്ട് ആണ് മറന്നത് . എന്തൊക്കെയോ ചെയ്തു നോക്കി .
സാമ്പാർ ഇല്ലാതെ എന്ത് സദ്യ ? വരുന്നവരോടൊക്കെ ചോദിച്ചു . കുശുമ്പന്മാർ . കുശുമ്പികൾ . ആരും പറഞ്ഞു തരുന്നില്ല .
“പ്ലീസ് , പ്ലീസ് ” ഞാൻ കെഞ്ചി . കണ്ണിൽ നിന്ന് വെള്ളം വന്നു .
മിണ്ടാതെ ഒരു പെൺകുട്ടി വന്നു . ചിരിച്ചു .
“ഇത് ഞാൻ ഉണ്ടാക്കാം .” അവൾ പറഞ്ഞു . ഞാനും ചിരിച്ചു .
ഞാൻ പിന്നെയും ഓടി നടന്നു . അവിയൽ എന്താ രണ്ടാം കുടിയാ ? പായസം വേണ്ടേ ? അതും രണ്ടു കൂട്ടം ? കായ ആര് വറുക്കും ?
എങ്കിലും ഉള്ളു മുഴുവൻ സാമ്പാറിനടുത്ത് . ഇടക്ക് വന്ന് കുറെ നേരം അവളോട് മിണ്ടും . അപ്പൊ വിയർപ്പ് ആറും .
മണിക്കൂറുകൾ പോയി . അത് പോവുമല്ലോ .
പെട്ടന്നവൾ വന്നു .
“എന്റ്റെ ബസ് വന്നു !” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു . കണ്ണിൽ എന്തോ .
നനവാണോ? അതോ വെറും സഹതാപമോ ?
എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി . തല കറങ്ങുന്നു .
“അപ്പൊ സദ്യക്ക് നിൽക്കുന്നില്ല ?’
“പോവാതിരിക്കാൻ പറ്റ്വോ ?
പറ്റില്ലല്ലേ . സാരമില്ല .”
ഞാൻ തിരിഞ്ഞു നടന്നു . ഇലകൾ വന്നു . വിളമ്പാറായി . കൂടുതൽ ആലോചിച്ചു നിൽക്കാൻ സമയമില്ല . ഇല ഇടണം . വിളമ്പണം . ആളുകൾ ഇരുന്നു തുടങ്ങി .
സദ്യ തുടങ്ങി . ഹോ . വെയ്ക്കൽ നിന്നു . അപ്പൊ ആശ്വസിക്കാം അല്ലെ ?
എവിടെ ? ഇലയിടലോടിലയിടൽ . ഇല കളയലോടില കളയാൽ . എച്ചിൽ എടുപ്പോടെച്ചിലെടുപ്പ് .
വിളമ്പു തന്നെ വിളമ്പ് . വിളംബലോടു വിളമ്പൽ .
എന്റെ കൈ കഴച്ചു . തോൾ വേദനിച്ചു . വിയർപ്പ് ധാര ധാരയായി ഒഴുകി .
സാരമില്ല . ആളുകൾ കഴിച്ചു നിറഞ്ഞു . നല്ലത് പറഞ്ഞു . വിയർപ്പ് ഒഴുകി കറികളിൽ വീണിരുന്നു . അത് ആളുകൾക്കിഷ്ടമായത് കൊണ്ടാവണം, സാമ്പാർ ഇല്ലാഞ്ഞതിന് ആരും കുറ്റം പറഞ്ഞില്ല !
ദിവസം കഴിയാറായി . പന്തി ഒഴിഞ്ഞു തുടങ്ങി . അപ്പോഴാണ് അത് തിരിച്ചറിയുന്നത് – മൂലയിൽ ഉള്ള സാമ്പാർ വിളമ്പിയിട്ടില്ല !
വലിയ പാത്രത്തിന്റെ അടിയിൽ ഉള്ള തീ കെടുത്താൻ തന്നെ മറന്നു പോയിരുന്നു .
ഞാൻ ഓടി പോയി നോക്കി . എല്ലാം വറ്റിക്കരിഞ്ഞ് അടിക്ക് പിടിച്ചിട്ടുണ്ടാകണം .
ഇല്ല !
തീ ഉണ്ട് . വെട്ടി തിളക്കുന്നു . കായത്തിന്റെയും മസാലയുടെയും മാദക ഗന്ധം . കഷണങ്ങൾ എല്ലാം പാകം . തക്കാളി പോലും വെന്ത് ഉടഞ്ഞിട്ടില്ല . ഉള്ളിയും പരിപ്പും താളത്തിന് ഡാൻസ് കളിക്കുന്നു .
എന്തിനോ വേണ്ടി തിളയ്ക്കുന്ന സൊയമ്പൻ സാമ്പാർ .
ചിരിക്കുന്ന , കണ്ണുകൾ എന്തോ പറയാൻ വെമ്പുന്ന ഒരു മുഖം ഓർമയിൽ പൊന്തി .
രണ്ടു ചെറു തുള്ളികൾ എന്റെ കണ്ണിൽ നിന്ന് ഒഴുകി സാമ്പാറിലേക്ക് വീണു .
ഇപ്പൊ സാമ്പാർ പാകം . എന്ത് മണം . ഒന്ന് രുചി നോക്കാൻ പറ്റില്ല പക്ഷെ . എന്തോ . അതവിടെ ഇരിക്കയെ ഉള്ളു .
പാത്രത്തിൽ അത് തിളച്ചു കൊണ്ടേ ഇരുന്നു . എന്തിനോ വേണ്ടി .
മധ്യാഹ്ന സൂര്യൻ പടിഞ്ഞാട്ടേക്ക് മറിഞ്ഞു തുടങ്ങിയിരുന്നു . വെയിൽ മങ്ങി . ഇനി രാത്രിയാകും .
സദ്യ ഇപ്പൊ കഴിയും .
(ജിമ്മി മാത്യു )