ഹോമിയോപ്പതി- ഇനി പഠനങ്ങൾ വേണം!!??

ഉണ്ട.

മുപ്പത്തിരണ്ട് വയസ്സ് മാത്രം ഉള്ള ആ ചെറുപ്പക്കാരി സ്തനത്തിൽ ഉള്ള മുഴ പരിശോധിപ്പിക്കാനാണ് ആശുപത്രിയിൽ വന്നത്.

അപ്പൊ എന്തൊക്കെ ചെയ്യണം? രോഗവിവരങ്ങൾ തിരക്കണം; ദേഹ പരിശോധന ചെയ്യണം. മാമോഗ്രാമോ അൾട്രാസൗണ്ടോ ചെയ്യണം.

അതിൽ മുഴയുണ്ട്. BIRAADS 5 ആണത്രേ. അതായത് വളരെ അധികം പഠനങ്ങളുടെ വെളിച്ചത്തിൽ, ബ്രെസ്റ്റ് ഇമേജിങ് കണ്ടെത്തലുകൾ ഇങ്ങനെ ഒന്ന് മുതൽ ഗ്രേഡ് ചെയ്തിട്ടുണ്ട്. അഞ്ച് എന്ന് പറഞ്ഞാൽ കാൻസർ ആവാ നുള്ള സാദ്ധ്യത അധികമാണ്- ബയോപ്സി എടുക്കണം എന്നാണ്.

ബയോപ്സി ഒരു സൂചി വഴി എടുക്കാം. റിസൾട്ട് വന്നു. കാൻസർ ആണ്.

സർജറി ചെയ്യണം. ചെറിയ മുഴ ആയത് കൊണ്ട് അത് മാത്രം എടുത്ത് കളഞ്ഞാൽ മതി- സ്തനം മൊത്തം എടുക്കേണ്ട. റേഡിയോതെറാപ്പി വേണ്ടി വന്നേക്കാം. കീമോതെറാപ്പി വേണോ എന്ന് ഫൈനൽ ബയോപ്സി റിപ്പോർട്ട് വന്നാലേ പറയാൻ പറ്റൂ.

ആലോചിച്ച് വരാം  എന്ന് പറഞ്ഞു പോയ യുവതി തിരിച്ചു വന്നത് ഇനി മോഡേൺ മെഡിസിൻ ചികിത്സ വേണ്ട എന്ന് പറഞ്ഞാണ്. മാതാപിതാക്കൾ പറഞ്ഞത്രേ- ഹോമിയോ മതി എന്ന്. ആൾ വിവാഹം കഴിച്ചിട്ടില്ല.

“ഹോമിയോപ്പതിയിൽ സൈഡ് എഫക്ട് ഇല്ലാത്ത നല്ല ചികിത്സ ഉണ്ടല്ലോ. അങ്ങനെ ആണ് സെർച്ച് ചെയ്തപ്പോൾ മനസിലായത്. എല്ലാ സിസ്റ്റങ്ങൾക്കും എല്ലാ അസുഖത്തിനും ചികിത്സ ഉണ്ട്. മോഡേൺ മെഡിസിൻ ചികിത്സ വളരെ കഠിനമാണ്. ഓപ്പറേഷൻ വേണം. റേഡിയേഷൻ, കീമോതെറാപ്പി ഒക്കെ ഭീകരമാണ്. വളരെ മോശമായ സൈഡ് എഫെക്ടുകളോ അപ്രതീക്ഷിതമായ കോമ്പ്ലികേഷനുകളോ ഉണ്ടാവില്ല എന്ന് ഡോക്ടർക്ക് ഉറപ്പ് പറയാൻ പറ്റുമോ?”

അത് തീർച്ചയായും പറ്റില്ല.

“ഇത്രയും കഷ്ടപ്പെട്ട് മോഡേൺ മെഡിസിൻ ചികിത്സ എടുത്താൽ എൻ്റെ അസുഖം ഭേദമാകും എന്ന് ഗ്യാരണ്ടി ഉണ്ടോ?”

അതില്ല.

“മോഡേൺ മെഡിസിൻ ആശുപത്രികളും ഡോക്ടർമാരും രോഗികളെ പലപ്പോഴും പിഴിയുന്നില്ലേ? ഇനി അഥവാ കൂടുതൽ ചാർജ് ചെയ്യുന്നില്ലെങ്കിൽ തന്നെ, ചികിത്സാ ചിലവ് വഹിക്കാൻ നമ്മുടെ നാട്ടിൽ ആളുകൾക്ക് ബുദ്ധിമുട്ടില്ലേ? അനാവശ്യ ടെസ്റ്റുകൾ ചിലർ ചെയ്യാറില്ലേ? വലിയ ചികിത്സാ പിഴവുകൾ ഉണ്ടാവാറില്ലേ?”

ഒക്കെ ശരിയാണ്. സമ്മതിച്ചേ പറ്റൂ.

നല്ല വിവരമുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനിയർ ആണ് രോഗി. ചികിത്സാ ടീമിന്റെ ഭാഗം എന്ന നിലയിൽ എനിക്ക് എന്നോട് തന്നെ പുച്‌ഛം തോന്നി.

വളരെ പരിമിതികൾ ഉള്ള ഒരു ശാസ്ത്ര മേഖല ആണ് ചികിത്സ. ഇപ്പോഴുള്ള ചികിത്സകൾ പലപ്പോഴും വളരെ ഫലപ്രദമാണ്- പക്ഷെ എല്ലായിപ്പോഴുമല്ല. കോമ്പ്ലിക്കേഷനുകൾ ഉണ്ടാവാം- ചിലത് ഗുരുതരം.

എല്ലാം അറിഞ്ഞു കൊണ്ട് ചികിത്സ വേണ്ടെന്നു വെയ്ക്കാനും വേറൊരു ശാസ്ത്രീയമല്ലാത്ത ചികിത്സാ സിസ്റ്റം തിരഞ്ഞെടുക്കാനും രോഗികൾക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്. ആ രീതിയിൽ ഈ രോഗിയുടെ തീരുമാനം ഓക്കേ ആണ്.

കുറച്ചു കാര്യങ്ങൾ കൂടി പറയാനുണ്ട്.

ഈ ഏർലി സ്റ്റേജിൽ ബ്രെസ്റ്റ് കാൻസറിന് കൃത്യമായ ചികിത്സ എടുത്താൽ പൂർണമായി സുഖപ്പെടാൻ ഉള്ള സാദ്ധ്യത എഴുപത് മുതൽ തൊണ്ണൂറ് ശതമാനം വരെ ആണ്. അപ്പോഴും നമ്മൾ പൂർണസൗഖ്യം കിട്ടാത്ത പത്തു മുപ്പത് ശതമാനത്തിൽ  പെടാം കേട്ടോ. ഇതൊക്കെ പഠനങ്ങൾ വഴി നമുക്ക് അറിയാവുന്നവ ആണ്. സൈഡ് ഫക്ടുകൾ, കോമ്പ്ലികേഷനുകൾ ഒക്കെ സൂക്ഷ്മമായി തന്നെ നമുക്കറിയാം.

അപ്പൊ ഹോമിയോപ്പതിയോ? നമുക്ക് ഈ പ്രത്യേക അസുഖത്തിന് കൃത്യമായി അറിയില്ല. പക്ഷെ വളരെ അധികം പഠനങ്ങൾ ഹോമിയോ ചികില്സയെ സംബന്ധിച്ച് ഉണ്ട്. അത് വെച്ച് നോക്കിയാൽ, ഹോമിയോക്ക് ഏതൊരു അസുഖത്തിനും, പ്ലസീബോ അഥവാ ഡമ്മി ചികിത്സയുടെ അത്രയുമേ ഏകദേശം എഫെക്ട് ഉള്ളു!

നൂറോളം പ്ലസീബോ കൺട്രോൾഡ് ട്രയലുകൾ ഹോമിയോ ചികിത്സയെ സംബന്ധിച്ച് ഉണ്ട്. ഇവയെ സമന്വയിപ്പിച്ച് ഉള്ള ഒരു മെറ്റാ അനാലിസിസിൽ (ലിൻഡെ ഏറ്റ് അൽ 1998ൽ  നടത്തിയത്) ഡമ്മി ചികിത്സയ്‌യേക്കാൾ വളരെ ചെറിയ ഒരു എഫെക്ട് ഹോമിയോപ്പതിക്കുണ്ട് എന്ന നിഗമനം ഉണ്ടായി. ഇതാണ് ചിലർ പൊക്കിപ്പിടിച്ചു നടക്കുന്ന ആകെ ഉള്ള ഒരു “തെളിവ് കാട്ടുന്ന സ്റ്റഡി”

രസകരമായ കാര്യം, ഇതിൽ തന്നെ, ലിൻഡെ ഇതേ കണ്ടെത്തലെ പറ്റി പറഞ്ഞിട്ടുള്ളതാണ്. (ഫോട്ടോ നോക്കുക):

“ഇതിലെ നന്നായി നടത്തിയ പഠനങ്ങളെ നോക്കിയാൽ ഹോമിയോപ്പതിയും ഡമ്മിയും ആയി ഒരു വ്യത്യാസവുമില്ല എന്ന് കാണാം.”

പിന്നീട് നടന്ന മിക്ക അവലോകനങ്ങളിലും ഹോമിയോപ്പതിയും ഡമ്മിയും തമ്മിൽ ഒരു മാറ്റവും ഇല്ല എന്ന് കണ്ടെത്തി. അതിൽ ഏറ്റവും പ്രധാനം ഷാങ് ഏറ്റ് അൽ 2005ൽ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച മെറ്റാ അനാലിസിസ് ആണ്. കുറച്ചെങ്കിലും നന്നായി നടത്തിയ പഠനങ്ങൾ വെച്ച് നോക്കിയാൽ ഹോമിയോപ്പതിയും ഡമ്മി ചികിത്സയും ആയി ഒരു വ്യത്യാസവും ഇല്ല!!

ചുരുക്കി പറഞ്ഞാൽ ഹോമിയോപ്പതിക്ക് എഫെക്ട് ഇല്ല എന്ന് പറയാനാകില്ല. ഡമ്മി ചികിത്സയുടെ അതെ എഫക്ട് അതിനുണ്ട്. തനിയെ മാറുന്ന അസുഖങ്ങൾ, കൂടുകയും കുറയുകയും ചെയ്യുന്ന അസുഖങ്ങൾ, ഇവയിൽ ഒക്കെ നല്ല ഫലപ്രാപ്തി ഉണ്ട് എന്ന് തന്നെ രോഗികൾക്ക് തോന്നാം. പക്ഷെ അത് പ്രാർത്ഥന ചികിത്സ, മന്ത്രവാദം, റെയ്‌കി, അരോമതെറാപ്പി, ചൈനീസ് അകുപന്ക്ച്ചർ, മാഗ്‌നെറ്റോ തെറാപ്പി അങ്ങനെ ഒക്കെ ഉള്ള ചികിത്സയ്ക്കുള്ള അതെ ഫലമേ ഉണ്ടാവു.

അപ്പൊ ഇനിയും പഠനങ്ങൾ വേണ്ടേ? അറിയില്ല. ആവാം, അത്രേയുള്ളു. നമുക്ക് ഇന്ത്യയിൽ വളരെ വലിയ, സർക്കാർ അംഗീകരിച്ച ഹോമിയോ സിസ്റ്റം ഉണ്ട്. ആയുഷ് ചികിത്സാ ഗവേഷണത്തിന് ഇപ്പോൾ ഇഷ്ടം പോലെ ഫണ്ടിങ് കിട്ടും. ഇപ്പോഴത്തെ ഇന്ത്യൻ സർക്കാരിന് ഇതിൽ പ്രത്യേക താല്പര്യവും ഉണ്ട്. നല്ല പഠനങ്ങൾ നന്നായി ചെയ്ത് ലോകോത്തര ജേര്ണലുകളിൽ പ്രസിദ്ധീകരിക്കുക. ഹോമിയോ സിസ്റ്റത്തിലുള്ളവർ ആണ് ചെയ്യേണ്ടത്.  അവ ആളുകൾ വീണ്ടും ചെയ്തു നോക്കും എന്ന ഓര്മ ഉണ്ടായിരിക്കണം. പിന്നെയും പിന്നെയും ഇവ തെളിഞ്ഞാൽ നിഗമനങ്ങൾ തീർച്ചയായും ലോകം മൊത്തം അംഗീകരിക്കും. മരുന്ന് മാഫിയ ഇതിനെ നെഞ്ചിലേറ്റാൻ ക്വു നിൽക്കും.

കഴിഞ്ഞ നൂറു കൊല്ലമായി നടന്ന കൂലംകഷ പഠനങ്ങളിൽ  ഇത് വരെ ഡമ്മിയെ മറി കടക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

(ജിമ്മി മാത്യു)

  1. Shang A, Huwiler-Müntener K, Nartey L, Jüni P, Dörig S, Sterne JA, Pewsner D, Egger M. Are the clinical effects of homoeopathy placebo effects? Comparative study of placebo-controlled trials of homoeopathy and allopathy. The Lancet. 2005 Aug 27;366(9487):726-32.
  2. Ernst E, Pittler MH. Re-analysis of previous meta-analysis of clinical trials of homeopathy. Journal of Clinical Epidemiology. 2000 Nov 1;53(11):1188.
  3. Ernst E. A systematic review of systematic reviews of homeopathy. British journal of clinical       pharmacology. 2002 Dec;54(6):577-82.
  4. Linde K, Melchart D. Randomized controlled trials of individualized homeopathy: a state-of-the-art review. The Journal of Alternative and Complementary Medicine. 1998 Dec 1;4(4):371-88.

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .