നമ്മൾ ഇതെങ്ങനെ ഗണിച്ചു , ഷ്ടോ .

ഞാൻ എങ്ങനെ ഉണ്ടായി – ഒരദ്‌ഭുത ചരിത്രം :

നമ്മൾ ഇതെങ്ങനെ ഗണിച്ചു , ഷ്ടോ .

അപ്പൊ പറഞ്ഞു വന്നത് എന്താന്ന് വച്ചാൽ , ആയിരത്തി നാനൂറ് കോടി വർഷങ്ങൾക്ക് മുൻപ് സിംഗുലാരിറ്റി എന്ന ഒരു ബിന്ദു ദപക്കോ എന്ന് വീർത്ത് , പ്രകാശം ഉണ്ടായി , മൂലകങ്ങൾ ഉണ്ടായി , ആറ്റങ്ങൾ ഉണ്ടായി . ഇതൊക്കെ ചേർന്ന് സൂര്യന്മാർ എന്ന നക്ഷത്രങ്ങൾ ഉണ്ടായി . അതിനകത്ത് ന്യൂക്ലിയർ ഫ്യൂഷൻ നടന്ന് മൂലകങ്ങൾ ഉണ്ടായി . ചുറ്റും ഗ്രഹങ്ങൾ ഉണ്ടായി . അതിന്റെ കൂടെ ഏതോ ഒരു മൂലയ്ക്ക് , നമ്മുടെ സൂര്യനും ഭൂമിയും ഉണ്ടായി .

അപ്പൊ ഒന്നുമില്ലായ്മയിൽ നിന്ന് ഇവയൊക്കെ എങ്ങനെ ഉണ്ടായി ?

അതറിയില്ല . ഉണ്ടായി .

അപ്പൊ കണക്ക് എങ്ങനെ ഒത്തു ?

അദായത്,  ഇത്രേം ഊർജവും സാധനവും ഉണ്ടായി – ചുമ്മാ . എയ്ൻസ്റ്റീൻ പറഞ്ഞല്ലോ – സാധനം ഈസ് ഈക്വൽ റ്റു ഘനീഭവിച്ച ഊർജം. അപ്പൊ ഇത്രേം പോസിറ്റീവ് ഊർജം ഇല്ലായ്മയിൽ നിന്ന് എങ്ങനെ ഉണ്ടായി ?

കണക്ക് ശരിയാകുന്നില്ലല്ലോ !

ഉവ്വല്ലോ . ഈ നമ്മുടെ ഗുരുത്വആകര്ഷണം ഒരു തരം  നെഗറ്റീവ് എനർജി ആണത്രേ .  അപ്പൊ ഈ അണ്ഡകടാഹം മൊത്തം ഉള്ള പാരാവാര ഗാലക്‌സി ക്കൂട്ടങ്ങളും , ഇടക്കുള്ള പൊടി എന്ന ധൂളികളും , വികിരണങ്ങളും , ഡാർക്ക് മാറ്റർ എന്ന കുണാണ്ടറിയും ഒക്കെ തമ്മിൽ ഇങ്ങനെ ആകർഷിച്ചു ചുരുങ്ങി പഴയ ബിന്ദുവിൽ അലിയാൻ (അയ്യേ , അതല്ല ), വെമ്പി നിൽക്കുകയാണ് . എന്നാൽ ആദ്യത്തെ ബിഗ് ബാംഗ് എന്ന വലിയ തെറിയുടെ ഫോഴ്സിൽ , അഥവാ തള്ളിച്ചയിൽ , ഇങ്ങനെ വികസിച്ചു തകർക്കുകയാണ് . ഈ ബാലൻസിൽ ആണ് നമ്മൾ നിൽക്കുന്നത് .

അപ്പൊ പോസറ്റീവ് ഊർജം ഓഫ് പ്രപഞ്ചം = നെഗറ്റീവ് ഊർജം ഓഫ് ഗുരുത്വ ആകർഷണം .

രണ്ടും തമ്മിൽ വെട്ടിപ്പോയി . ബാക്കി പൂജ്യം .

 അപ്പൊ കണക്ക് ശരിയായില്ലേ ?

എന്തുട്ട് തേങ്ങയാടാ ഈ പറയുന്നേ എന്നല്ലേ ?

ഇത് ഞാൻ പറയുന്നതല്ല . അതിന്റെ ഒക്കെ കണക്ക് അറിയാവുന്ന ആൾക്കാർ പറയുന്നത് ആണ് .

അപ്പൊ ഈ വികസന ത്വര എങ്ങനെ ഉണ്ടായി ?

അതിനല്ലേ ഇൻഫ്‌ളെഷൻ എന്ന ഒരു ഗണിത സൂത്രം . ഇൻഫ്ലാറ്റൺ ഫീൽഡ് എന്ന ഒരു സാധനം ഉണ്ട്.

ദയവു ചെയ്ത കൂടുതൽ ചോദിക്കരുത് . എനിക്ക് ഈ കണക്ക് പണ്ടേ പേടി ആണ് . അറിയാനുള്ള അദമ്യം ആയ ആഗ്രഹം മൂലം പല പല പൊസ്തകങ്ങൾ വായിച്ച് ഏതാണ്ടൊക്കെ മനസ്സിലാക്കിയിട്ടുണ്ട് എന്നെ ഉള്ളു.

എന്നാൽ ഈ പ്രപഞ്ചത്തിന്റെ സ്പന്ദനം കണക്കിലാണ്, എന്ന് ചാക്കോ മാഷ് പറഞ്ഞത് വെറുതെ അല്ല .

ഗുരുത്വ ആകർഷണം, ചലനം, പ്രകാശം, ദ്രവ്യം മുതലായ അടിസ്ഥാന ഭൗതിക ശാസ്ത്ര വസ്തുതകളെ നിർവചിച്ച്, ചൊൽപ്പടിയിലാക്കിയ എയ്സക് ന്യൂട്ടന്റെ മുന്നേ തന്നെ തല തൊട്ടപ്പൻ ആയ ഗലീലിയോ ഗലീലി പറയുന്നത് നോ ക്ക് :

“ദൈവം പ്രപഞ്ചത്തിന്റെ ഡിസൈൻ എഴുതിയിരിക്കുന്നത് ഗണിതം എന്ന ഭാഷ ഉപയോഗിച്ചാണ്.”

ആൽബർട്ട് എയ്ൻസ്റ്റീൻ തന്റെ അന്തം വിടൽ ഇങ്ങനെ പുറത്തു കാട്ടി :

“അനുഭവങ്ങൾ ഇല്ലാതെ തന്നെ, മനുഷ്യന്റെ മനസ്സിൽ മാത്രം ഉണ്ടായി വരുന്ന ഗണിതത്തിന്റെ ആശയങ്ങൾക്ക് , ഇത്ര നന്നായി പ്രപഞ്ചത്തിന്റെ പ്രവർത്തനങ്ങളെ എങ്ങനെ വിശദീകരിക്കാൻ സാധിക്കുന്നു?”

ഇത് ഫിസിക്സിൽ മാത്രം അല്ല കേട്ടോ. ആരോഗ്യ ശാസ്ത്രം മൊത്തം സ്റ്റാറ്റിസ്റ്റിക്സ് ആണ്. ആളുകളുടെ പണത്തിന്റെ കൊടുക്കൽ വാങ്ങലുകളും, ഓഹരി വിപണിയിലെ കയറ്റമിറക്കങ്ങളും ഒക്കെ ഗണിതം കൊണ്ടാണ് നമ്മൾ മനസ്സിലാക്കുന്നത് .

അപ്പൊ ഈ ഗണിതം കൊണ്ട് മനസ്സിലാക്കുന്ന കാര്യങ്ങളും, യഥാർത്ഥത്തിൽ സംഭവിക്കുന്നതും തമ്മിൽ നല്ല പൊരുത്തം ഉണ്ട് താനും. കറുത്ത കുഴി എന്ന തമോ ഗർത്തം എന്ന ബ്ലാക്ക് ഹോൾ, നമ്മുടെ സ്വന്തം ചന്ദ്രശേഖർ എന്ന ശാസ്ത്രജ്ഞൻ അടക്കം ഉള്ളവർ ഉണ്ടായേ പറ്റൂ എന്ന് കണക്ക് കൂട്ടി ഗണിച്ചു പറഞ്ഞിട്ട് എത്രയോ കാലം കഴിഞ്ഞാണ് ഒന്നിനെ കണ്ടു പിടിക്കുന്നത്. വളരെ പണ്ടേ എയ്ൻസ്റ്റീൻ ഗണിച്ചു പറഞ്ഞ ഗുരുത്വ ആകർഷണ തിരകൾ എന്ന ഗ്രാവിറ്റേഷണൽ വേവ്സ് ഈ അടുത്തല്ലേ നമ്മൾ കണ്ടെത്തിയത്? അങ്ങനെ എത്ര എത്ര?

എന്നാൽ ശരിക്കും എന്താണ് ഈ ഗണിതം?

അത് ഒരു കണ്ടെത്തൽ ആണോ ഉണ്ടാക്കൽ ആണോ?

പൈതഗോറസ് തിയറം ഉണ്ടാക്കൽ ആണോ അതോ കണ്ടെത്തൽ ആണോ ?

അത് ഉണ്ടായിരുന്നു – ശരി .

എന്നാൽ നമ്മുടെ യഥാർത്ഥ ലോകവുമായി ഒരു ബന്ധവുമില്ലാത്ത ഒത്തിരി സങ്കേതങ്ങൾ ഗണിത ശാസ്ത്രജ്ഞന്മാർ ഉപയോഗിക്കാറുണ്ടത്രെ . പലപ്പോഴും പുതിയ ഫിസിക്സിലെ തിയറികൾ വരുമ്പോൾ, ഇവ വളരെ ചിട്ടയോടെ, പുതിയ തിയറികൾ മെരുക്കാൻ ഉപയോഗപ്രദം  ആവാറുണ്ട്! .

ഇതിനേക്കാൾ ആശ്ചര്യം ആയ കാര്യം, ഈ ഭീമാകാര പ്രപഞ്ചത്തിന്റെ ഏതോ ഒരു മൂലയിൽ , ദേ ഇന്നലെ മാത്രം പരിണമിച്ച് ഉണ്ടായി വന്ന , ലക്ഷക്കണക്കിന് വർഷങ്ങൾ ആഫ്രിക്കൻ പുൽമേടുകളിൽ പെറുക്കിയും നായാടിയും , അടിച്ചും രമിച്ചും ജീവിക്കാൻ മാത്രം ഉണ്ടായി വന്ന നമ്മുടെ തലച്ചോറുകൾ കൊണ്ട് , പതിനാലു ബില്യൺ വർഷങ്ങൾക്ക് മുൻപ് ഉണ്ടായ പ്രപഞ്ചത്തിന്റെ ഇത്രയും പ്രവർത്തന രഹസ്യങ്ങൾ എങ്ങനെ കണ്ടെത്താൻ സാധിച്ചു എന്നുള്ളതാണ് .

നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ എന്നെനിക്കറിയില്ല. എന്നെ സംബന്ധിച്ച് , തികച്ചും അദ്‌ഭുതകരമായ ഒരു കാര്യം ആണത് .

ആൽബർട്ട് എയ്ൻസ്റ്റീൻ പറഞ്ഞ ഒരു കാര്യം കൂടി പറഞ്ഞ് ഈ അധ്യായം അവസാനിപ്പിക്കാം:

“ഈ ലോകത്തിനെ പറ്റി ഏറ്റവും എനിക്ക് മനസ്സിലാക്കാൻ പറ്റാത്ത കാര്യം, എങ്ങനെ അതിനെ മനസ്സിലാക്കാൻ സാധിക്കുന്നു , എന്നുള്ളതാണ് .”

(The most incomprehensible thing about the world is that it is comprehensible.)

((ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .