വെറും പത്തുപതിനഞ്ച് ദിവസങ്ങൾക്ക് മുന്നേ ആണ് യുവ ഡോക്ടർ അയ്‌ദ റോസ്തമി ആശുപത്രീയിൽ നിന്ന് ഇറങ്ങിയത്. പിന്നീട് അവരെ കാണാതായി. കഴിഞ്ഞ ഒരു ദിവസം അവരുടെ വീട്ടുകാരോട് അയ്‌ദയുടെ ശവം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടു കൊണ്ട് സർക്കാർ നോടീസ് വന്നു. ഒരു കണ്ണ് ചൂഴ്ന്നെടുത്ത്, മുഖം അടിച്ചു പൊളിച്ച്, കയ്യൊക്കെ ഒടിച്ച നിലയിലായിരുന്നു ശവം.
ഇറാനിൽ ആണ് സംഭവം. പോലീസ് ആക്രമണങ്ങളിൽ പരുക്കേറ്റ ആളുകളെ വീട്ടിൽ പോയി ചികിൽസിച്ചു എന്നതാണ് അവർ ചെയ്ത കുറ്റം എന്നാണ് പറയപ്പെടുന്നത്.
ഇങ്ങനത്തെ ക്രൂരത എങ്ങനെ ചെയ്യാൻ സാധിക്കുന്നു?
ഇറാനിൽ മാത്രമല്ല- ഇത് പോലെ തന്നെ, രാഷ്ട്ര അധികാരം കയ്യാളാൻ പതിനായിരങ്ങൾ കൊല്ലപ്പെട്ടേക്കും എന്ന് അറിഞ്ഞിട്ടും കലാപ ആഹ്വാനത്തിന് ഡോഗ് വിസിൽ മുഴക്കുന്നത് എങ്ങനെ ആയിരിക്കും മനസ്സിൽ ന്യായീകരിക്കുന്നത്? വേഷം കൊണ്ടും, എഴുതി വെച്ച് തയാറാക്കിയ നോട്ടുകൾ നോക്കിയും ‘തിരിച്ചറിയാവുന്ന’ ‘കലാപകാരികളെ’ ആയിരക്കണക്കിന് കൊന്നൊടുക്കിയിട്ട് ‘ഞങ്ങൾ പാഠം പഠിപ്പിച്ചേ’ എന്ന് ആഘോഷിക്കാൻ എങ്ങനെ സാധിക്കുന്നു?
മദ്ധ്യകാല യൂറോപ്പിൽ ജീവനോടെ ആളുകളെ തീയിട്ട് കൊന്നത്, ലക്ഷക്കണക്കിന് ആളുകളെ പീഡിപ്പിച്ച് കൊന്നത്, എങ്ങനെയാണ് കത്തോലിക്കാ സഭ വിശദീകരിച്ചത്?
വെറും ഉദാഹരണത്തിന്, 1572ൽ സെന്റ്റ് ബർത്തലോമിയോ ദിവസം, പാരീസിൽ ഏകദേശം ഇരുപതിനായിരം പ്രൊട്ടസ്റ്റന്റുകളെ ആണ് കത്തോലിക്കർ കൊന്നൊടുക്കിയത്. ഈ വാർത്ത അറിഞ്ഞ മാർപാപ്പ എന്താണ് ചെയ്തത്? – സന്തോഷം കൊണ്ട് തുള്ളിച്ചാടി! അഞ്ചാറ് ദിവസത്തെ ആഘോഷങ്ങളും പ്രഖ്യാപിച്ചു!
ഹിത്ലെർ, സ്റ്റാലിൻ, മാവോ. ആരും മോശമല്ല. ഇവരാരുടെയും മനസാക്ഷി സ്വല്പം പോലും അവരെ ഉപദ്രവിക്കാഞ്ഞത് എന്തായിരിക്കും?
ഇതിനെല്ലാം ഒരു ഉത്തരമേ ഉള്ളു- അനശ്വരമായ, അനന്തമായ, ആത്യന്തികമായ നന്മയോടുള്ള കൂറ്!
അനശ്വരമായ, അനന്ത നന്മക്ക് കൊടുക്കാവുന്ന വില എന്താ?
എന്തും!!
അറ്റമില്ലാത്ത, അളവില്ലാത്ത കൊടും ക്രൂരത! എണ്ണിയാലൊടുങ്ങാത്ത സാധാരണ മനുഷ്യരുടെ ചോര, നീര്, ആർത്തനാദങ്ങൾ, ഞരക്കങ്ങൾ!
ഉദാഹരണത്തിന്, ഇറാനിലെ അധികാരി ചിന്തിക്കുന്നത് എന്താ?
-‘ ലോകത്തിലെ ഏറ്റവും പാവനമായ, ഭരണമാണ് ഞങ്ങളുടെ. ലോകം മുഴുവൻ ആവേണ്ട നിയമവ്യവസ്ഥ ആണിത്. ജനാധിപത്യം, വ്യക്ത്യാവകാശങ്ങൾ ഒക്കെ പൈശാചിക ഗൂഢാലോചന ആണ്. അവയ്ക്ക് വേണ്ടി ശബ്ദമുയർത്തുന്നവരെ എങ്ങനെയും ശരിയാക്കാം. ആക്കണം!’
ഹിത് ലർ എന്താണ് ചിന്തിച്ചത്?
‘ ജര്മന്കാർ ലോകത്തിലെ ഏറ്റവും നല്ല വർഗം ആണ്. ജർമനി ലോകം കീഴടക്കാൻ ജനിച്ച രാജ്യം ആണ്. ഏറ്റവും നല്ല വർഗം ഭരിച്ചാൽ മനുഷ്യരാശി നന്നാവും. നീച വർഗ്ഗങ്ങൾ ആയ ജൂതന്മാരെയും, മറ്റു അകത്തും പുറത്തും ഉള്ള ശത്രുക്കളെ ഒക്കെ കൊല്ലണം! ടാണ്ടടാ!”
പതിനായിരക്കണക്കിന് മനുഷ്യർ ചത്തൊടുങ്ങിയതിന് തുള്ളിച്ചാടിയ പോപ്പിന്, നമ്മുടെ ഇപ്പോഴത്തെ ഫ്രാൻസിസ് പാപ്പായെക്കാളും ആ ഒരു പ്രത്യേക നന്മയോട് കൂറുണ്ടായിരുന്നു!
അത് കൊണ്ട്, പ്ലീസ്. ഈ ആത്യന്തിക നന്മയുടെ പാനപാത്രം ദയവ് ചെയ്ത് എനിക്ക് നീട്ടരുത്, പ്ലീസ്. വളരെ മിനിമം കാര്യങ്ങളായ മിനിമം വ്യക്തിസ്വാതന്ത്ര്യം, അവകാശങ്ങൾ, ജനാധിപത്യം, ജനാധിപത്യ മര്യാദകൾ, നിയമ വാഴ്ച, ഇതൊക്കെ മതി. അങ്ങനെ പതുക്കെ ലോകം നന്നാവുന്നുണ്ടല്ലോ- അത് മതി. ആത്യന്തിക നെന്മേടെ ഇൻജെക്ഷൻ വേണ്ട. മറ്റേ ചെറിയ ഭരണഘടനാ മൂല്യ ഗുളികകൾ ഇങ്ങു തന്നാ മതി. ഞാൻ വിഴുങ്ങിക്കോളാം.
മറ്റേത് വേണ്ടാത്തോണ്ടാ, പ്ലീസ്.
(ജിമ്മി മാത്യു)