കണ്ണ് മത്തായി- എന്റ്റെ അപ്പൻ

എം ബി ബി എസ് മൂന്നാം കൊല്ലമാണ് കണ്ണ് രോഗ വിഭാഗത്തിലേക്ക് പോസ്റ്റിങ്. തൃശൂർ മെഡിക്കൽ കോളേജിൽ എം ഡി, എം എസ്, ഒന്നും ഇല്ലല്ലോ. അത് കൊണ്ട് ഞങ്ങൾ വിദ്യാർഥികൾ ഒരു മേജർ സംഭവമാണ്.

 ഒഫ്താൽമോളജി വിഭാഗം മേധാവി ചാൾസ് സർ ആണ് ഞങ്ങൾക്ക് ആദ്യ ദിവസ അവബോധം തരുന്നത്. അദ്ദേഹം എൻ്റെ വീട്ടിലെ ഒരു സ്ഥിര സന്ദർശകനായിരുന്നു എന്നതാണ് സത്യം. അപ്പൊ ചെറുപ്പക്കാരിയായ അസിസ്റ്റന്റ് പ്രൊഫെസ്സർ രജനി മാഡം ആണ് അടുത്ത കസേരയിൽ. 

ചാൾസ് സാർ എണീറ്റ് നിന്നിട്ട് എന്നെ ഇങ്ങനെ ചൂണ്ടി. ഞാൻ അമ്പരന്നു പോയി.

“എടൊ- ദേ ജിമ്മി. മ്മ്‌ടെ മത്തായി സാറിൻറ്റെ മോനാ.”

രജനി മാഡം അത്യന്തം ജിജ്ഞാസയോടെ എന്നെ ആപാദ ചൂഢം ഒന്നുഴിഞ്ഞു. അവരുടെ കണ്ണുകൾ തെല്ലു വികസിച്ചു.

” മ്മ്‌ടെ കണ്ണ് മത്തായീന്റെ; മോനണ്‌?”

“ബെൽറ്റ് മത്തായി’ എന്ന ഒരു സിനിമ ഏതാനും കൊല്ലങ്ങൾക്ക് മുൻപേ ഇറങ്ങിയിരുന്നു. അതീപ്പിന്നെ ആണത്രേ എന്റ്റെ പപ്പാ എന്ന അപ്പന് ആ പേര് വീണത്!

അതായത് സുഹൃത്തുക്കളെ, എന്റ്റെ അന്പർകളെ, അന്പറികളെ. നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല. ചുള്ളനും ചെറുപ്പക്കാരനും, അരോഗദൃഢ എന്തൊയുമായ ഈ എളിയ എനിക്ക് ഇന്ത്യൻ സ്വാതന്ത്ര്യ സമരം ഓര്മയുള്ള ഒരു അപ്പൻ ഉണ്ടെന്നുള്ളത് ഒരു പരമാർത്ഥമാണ്.

“ഭാരത് മാതാ കീ ജെയ്” എന്ന് പറഞ്ഞ് സ്വന്തം ചേട്ടൻ ഒരു ജാഥയിൽ പങ്കെടുക്കന്നത് പപ്പാ കണ്ടത്രേ. അതാണ് ആദ്യ ഓർമകളിൽ ഒന്ന്. അതായത് മ്മ്‌ടെ കണ്ണ് മത്തായീൻറ്റെ വയസ്സപ്പോ നാലോ അഞ്ചോ ആയിരിക്കും.

അപ്പന്റപ്പൻ കർഷകൻ; അന്നത്തെ ആ പ്രദേശത്തെ സുറിയാനി ക്രിസ്ത്യാനികളുടെ ഒരു പ്രതിനിധി. ഉടുമ്പന്നൂർ എന്ന സ്ഥലത്ത് ഒരു പത്തു പന്ത്രണ്ടേക്കർ സ്ഥലത്തെ കൃഷിക്കാരന്റെ മോൻ- എന്റ്റെ അപ്പൻ.

ആകെ മൊത്തം കളി, അപ്പന്റെ അപ്പന്റെ പുറകെ നടക്കൽ. ഇടക്ക് ഒന്ന് രണ്ടു കൊല്ലം സ്‌കൂളിൽ പോകാതെ ‘കൃഷിയിൽ സഹായിക്കൽ’. പത്താം ക്ളസായപ്പോ നല്ല മാർക്ക്. ഏതോ അദ്ധ്യാപകൻ പറഞ്ഞു- മെഡിസിൻ നോക്കിക്കൂടെ?

അങ്ങനെ പ്രീ പ്രൊഫെഷ്ണൽ. റാങ്ക് വന്നപ്പോ എന്റപ്പൻ മത്തായി കോഴിക്കോട് മെഡിക്കൽ കോളേജിൽ. ട്രങ്ക് പെട്ടിയുമെടുത്ത് അങ്ങോട്ട്. പാസായി അധികം വൈകാതെ കല്യാണം. അന്ന് പോത്താനിക്കാട് എന്ന സ്ഥലത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഏക ഡോക്ടർ.

പോത്താനിക്കാട് എന്ന സ്ഥലത്ത് മത്തായി ജോലി ചെയ്യുന്നു. രാവും പകലും അവരെ നോക്കുന്നു. പ്രസവങ്ങൾ എടുക്കുന്നു. മൈനർ സർജറികൾ വരെ ചെയ്യുന്നു. ക്വാർട്ടേഴ്സിൽ പോകുന്നു. രോഗികൾ അപ്പോൾ വീട്ടിലേക്ക് വരുന്നു. അപ്പോൾ രോഗികളെ നോക്കൽ തുടരുന്നു.  രാവിലെ എഴുന്നേൽക്കുന്നു. അപ്പിയിടുന്നതിനു മുൻപേ രോഗികളെ നോക്കുന്നു; ഒന്ന് മുള്ളിയിട്ട് അടുത്ത ആളെ നോക്കുന്നു, പല്ലു തേച്ചു കഴിഞ്ഞ് വേറെ ആളെ നോക്കുന്നു- എന്നിട്ട് ആശുപത്രിയിൽ പോകുന്നു.

അവിടെ നൂറു കണക്കിന് രോഗികളെ നോക്കുന്നു. പ്രസങ്ങൾ എടുക്കുന്നു. അതിനിടക്ക് ഒരു ബ്രഹ്മാണ്ഡ സംഭവം നടക്കുന്നു:

ഞാൻ ഉണ്ടാവുന്നു! എന്നാൽ എനിക്ക് പോത്താനിക്കാട് എന്ന സ്ഥലമേ ഓർമയില്ല! എന്താല്ലേ.

അതങ്ങനെ പോകുന്നു. അവിടന്ന് മത്തായി ഡോക്റ്റർക്ക് സ്ഥലം മാറ്റം കിട്ടി തൃശൂരിനടുത്ത് എരുമപ്പെട്ടി എന്ന പി എച് സി യിലേക്ക് പോകുന്നു. ലോക്കൽ സർക്കാർ പ്രതിനിധികളാണ് പോത്താനിക്കാട് നിന്നും ആളെ സ്വന്തം ചിലവിൽ അവിടെ കൊണ്ട് വിടുന്നത്! വലിയ ഒരു യാത്രയയപ്പും ഉണ്ട്! അത്ര പ്രിയങ്കരനാണ് മത്തായി!

 അവിടെ കാര്യങ്ങൾ തുടരുന്നു. മത്തായി ഡോക്ടർ ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യുന്നു. എന്നിട്ടും അദ്‌ഭുതാവഹമാം വിധം അപ്പന്റെയും ഭർത്താവിന്റെയും റോളുകൾ നിർവഹിക്കുന്നു; ഞാൻ ആ തോളുകളിൽ ഇരിക്കുന്നു; ആ കവിളുകൾ ഉമ്മ വെയ്ക്കുന്നു.

അങ്ങനെ പോവുമ്പോ എന്റ്റെ പപ്പയ്ക്ക് ഒരു കാര്യം ബോധ്യമാവുന്നു:

“ഇത് നടക്കില്ല. അതായത് ഇങ്ങനെ ഒരു മനുഷ്യായുസ്സ് പോവില്ല- സാധിക്കില്ല, അതാണ്”

അങ്ങനെയാണ്, ആൾ കണ്ണ് വൈദ്യം പഠിക്കാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോകുന്നത്. അപ്പോൾ ഞാനും അമ്മയും അനിയനും (അപ്പൊ അനിയനും ആയി- കുഞ്ഞാണ്) മുവാറ്റുപുഴ അമ്മവീട്ടിൽ ചെന്ന് നിൽക്കുന്നു. 

പാസായ ഉടൻ ഡിപ്പാർട്മെന്റ്റ് പോസ്റ്റിയത് കൊട്ടാരക്കരയിൽ. അതും ഇ എസ് അയ്. പ്രാക്ടീസ് പാടില്ല. അന്നൊക്കെ ശമ്പളം കൊണ്ട് ജീവിക്കാൻ പാടാണ്‌. അങ്ങനെയാണ് ഹെൽത് സർവീസ് പോളിസി. അന്ന് ഞാൻ രണ്ടാം ക്‌ളാസിൽ. ഇടയ്ക്കിടെ ട്രാൻസ്ഫെറിനായി തിരുവനന്തപുരത്ത് പോവുന്ന പപ്പയാണ് മനസിൽ.

ഒരു കൊല്ലം കഴിഞ്ഞപ്പോ തിരുവനന്തപുരത്തിനടുത്ത് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്ക് സ്ഥലം മാറ്റം കിട്ടി. അങ്ങനെ അവിടേക്ക്.

അവിടെ നമ്മൾ മൂന്നാം ക്‌ളാസ് മുതൽ അഞ്ചാം ക്‌ളാസ്,. ഇടയ്ക്കിടെ പപ്പാ സർക്കാറിലെ ശസ്ത്രക്രിയ കാമ്പിനൊക്കെ ഇങ്ങനെ പൊക്കോണ്ടിരിക്കും. പണി ഒറ്റക്ക് ചെയ്യാൻ പഠിക്കണ്ടേ? തിമിരശസ്ത്രക്രിയ ഒരു മാതിരി എല്ലാ മനുഷ്യർക്കും വേണ്ടി വരും. അതിനുള്ള ഡോക്ടർമാർ അധികം ഒന്നുമില്ല. അതിന്റെ ഉപകരണങ്ങൾ ഒക്കെ പാപ്പാ വാങ്ങി.

അങ്ങനെ നെയ്യാറ്റിൻകര വന്നിട്ട് ആദ്യമായി പപ്പാ ശസ്ത്രക്രിയ ചെയ്യാൻ പോകുകയാണ് സുഹൃത്തുക്കളെ. ഉപകരണങ്ങൾ എല്ലാം റെഡി. അതെല്ലാം അമ്മ, വീട്ടിലുള്ള പ്രെഷർ കുക്കറിലാണ് അണുവിമുക്തമാക്കിയത്. ആശുപത്രിയിൽ അതിനുള്ള ഓട്ടോക്ലേവ് ഇല്ല! അന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു: ഞാനും അമ്മയും അനിയനും മുട്ടേൽ നിന്നാണ് പ്രാർത്ഥന:

“കർത്താവായ ദൈവമേ- ഇന്ന് ചെയ്യുന്ന രോഗിയുടെ ഓപ്പറേഷൻ നന്നായി പോകേണമേ- ആമേൻ”

ആ ഓപ്പറേഷൻ അന്ന് നെയ്യാറ്റിൻകര താലൂക്ക് ആസ്പത്രിയിലെ ആദ്യത്തെ ശരിക്കുള്ള (കണ്ണിന്റെ മാത്രം അല്ല) ശസ്ത്രക്രിയ ആയിരുന്നു! കേട്ടാൽ വിശ്വസിക്കില്ല.

അതോടെ തിരക്കോട് തിരക്ക്. രോഗികൾ രാവും പകലും. വീട്ടലും ആസ്പത്രിയിലും. അന്നൊക്കെ പ്രധാന തിമിര ശസ്ത്രക്രിയാ രീതി ലെന്സ് അങ്ങനെ മൊത്തം എടുത്ത് കളയലാണ് (extracapsular extraction). അതിനുള്ള കാർബൺ ഡയഓക്‌സൈഡ് മെഷീൻ വാങ്ങി വെച്ചിരുന്നു. പിന്നീട് കാപ്സ്യൂള് വെച്ചിട്ടുള്ള സംഭവം ആയി. അതൊക്കെ പഠിക്കാൻ എല്ലാ കൊല്ലവും നാലഞ്ച് മാസം കൂടുമ്പോ അവിടവിടെ പോകും.

മൂന്ന് വര്ഷം അവിടെ കഴിഞ്ഞപ്പോ അടുത്ത പ്രശ്നം. ആർക്കും വേണ്ടാതിരുന്ന നെയ്യാറ്റിൻകര പെട്ടന്ന് കണ്ണ് ഡോക്ടർമാർക്ക് വരാൻ ഭയങ്കര ഡിമാൻഡ്! സർക്കാരിൽ വലിയ പിടിയുള്ള ആരോ അവിടേക്ക് വരുന്നു. നമുക്ക് സ്ഥലം മാറി പോകേണ്ടി വരും! നല്ലൊരു സ്ഥലത്തേക്ക് കിട്ടിയില്ലെങ്കിൽ കണ്ണുവൈദ്യം തുടരാൻ പാടാണ്.

ങ്ങനെ പിന്നേം തിരുവനന്തപുരം പോക്ക് തുടങ്ങി. ഒരു ദല്ലാൾ വഴി അന്നത്തെ ആരോഗ്യമന്ത്രിക്ക് കൊടുത്തു- പതിനയ്യായിരം രൂപ! അന്നത് ഒപ്പിക്കാൻ പാടുപെട്ടു. ഒരു ബന്ധുവിന്റെ കയ്യിൽ നിന്ന് കുറച്ചു കടം വാങ്ങി. അങ്ങനെയാണ് തൃശൂർ ജില്ലാ ആശുപത്രിയിലെ എത്തുന്നത്. അന്നെനിക്ക് പതിനൊന്നു വയസ്സ്. അങ്ങനെയാണ് ഞാൻ ശരിക്കും തൃശൂർക്കാരൻ ആവുന്നത്!

തൃശൂർ വന്ന ഉടനെ പകുതി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജിനായി എടുത്തു പോയി! ഒന്ന് രണ്ടു കൊല്ലം കൊണ്ട് രോഗികൾ ആയി. കണ്ണടക്ക്പകരം, കോൺടാക്ട് ലെന്സ് വന്നു. അതും തുടങ്ങി.  എല്ലാ തരം കണ്ണ് ശസ്ത്രക്രിയകളും പപ്പാ ജില്ലാ ആശുപത്രിയിൽ ചെയ്തു തുടങ്ങി. നല്ല സമ്മർദം ഉണ്ട്. ജില്ലാ കളക്ടർ മുതൽ ത്രീശൂരിൽ ഉള്ള സിനിമ അഭിനേതാക്കൾ വരെ വീട്ടിൽ വരും; ചികിത്സക്ക്. ഫിലോമിനച്ചേച്ചിയുമായൊക്കെ മിണ്ടുന്നതു ഓർക്കുന്നു. ജീവിച്ചിരിക്കുന്ന അനേകം ആളുകളുടെ പേര് പറയുന്നില്ല.

അപ്പോഴാണ് കണ്ണിലെ ലെന്സ് എടുത്ത് കളഞ്ഞ് കണ്ണാടി വെയ്ക്കുന്ന പഴക്കം പോയി മൈക്രോസ്കോപ്പിലൂടെ ലെന്സ് എടുത്ത് കളഞ്ഞ് കണ്ണിനുള്ളിൽ വെയ്ക്കുന്ന കൃത്രിമ ലെൻസ് വന്നത്. അതില്ലാതെ മുന്നോട്ട് പോകാൻ പറ്റില്ല എന്നായി.

അപ്പസ്വാമി എന്ന കമ്പനിയുടെ മൈക്രോസ്കോപ്പ് വാങ്ങുന്നത് അന്ന് ഏഴാംക്‌ളാസിൽ പഠിക്കുന്ന ഞാൻ ഓർക്കുന്നു. അന്ന് അൻപതിനായിരം രൂപ. അമ്മയുടെ അമേരിക്കയിൽ ഉള്ള അങ്കിൾ ഡേറ്റ് കഴിഞ്ഞതിനാൽ ഉപയോഗശൂന്യമായ അൻപത് കൃത്രിമ ലെൻസ് ഒപ്പിച്ചു തന്നു.

പിന്നെ എല്ലാ ആഴ്ചയും ചന്തയിൽ പോയി ബീഫ് വാങ്ങുന്ന കൂടെ നാലഞ്ച് കാളകണ്ണുകൾ കൂടി വാങ്ങും!! ഞാൻ അന്നൊക്കെ എപ്പോഴും കൂടെയുണ്ട്. ആ കണ്ണുകളിൽ മൈക്രോസ്കോപ്പിലൂടെ ലെന്സ് വെച്ച് പ്രാക്ടീസ് ചെയ്യും. ഞായറാഴ്ചകൾ അങ്ങനെ പോകും.

ഒരു കൊല്ലം കഴിഞ്ഞ് മൈക്രോസ്കോപ്പ് തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് വെച്ചു. ആദ്യത്തെ ഇൻട്രാ ഒക്‌ലർ ലെന്സ് തൃശൂർ ജില്ലയിൽ ഒരു രോഗിയിൽ വെച്ചത് പപ്പാ ആണ്. അന്ന് മെഡിക്കൽ കോളേജിൽ ഉള്ള അനേകം ഡോക്ടർമാർ സ്ഥിരം വിളിക്കുമായിരുന്നു- ഉപദേശങ്ങൾ ചോദിച്ചു കൊണ്ട്.

പിന്നെ വീട് എന്നും തിരക്കാണ്, നൂറു കണക്കിന് രോഗികൾ ആശുപത്രിയിൽ, ബാക്കി വീട്ടിലും. എട്ടൊമ്പത് മണിയാകും തിരക്കൊന്ന് മാറുമ്പോ.

അന്നൊക്കെ ഓപ്പറേഷൻ ദിവസം ജില്ലാ ആശുപത്രിയിൽ പത്തു പന്ത്രണ്ട് രോഗികൾ ഉണ്ടാവും ഓരോ ദിവസവും ശസ്ത്രക്രിയാദിനത്തിൽ. മിക്കതും വീട്ടിൽ വന്നു കാണാത്തവർ. വീട്ടിൽ വരാത്തവരെ ആണ് ആദ്യം ചെയ്യുക. പിന്നെയെ വീട്ടിൽ വന്നു കണ്ടവരെ ചെയ്യുകയുള്ളൂ. അപ്പോഴേക്കും വിദ്യാർത്ഥിയായി മെഡിക്കൽ കോളേജിൽ കേറിയ ഞാൻ അന്നൊരിക്കൽ പപ്പയോട് ചോദിച്ചു:

“അങ്ങനയാവുമ്പോ വീട്ടി വന്നു കണ്ടവർക്ക് എന്താണ് ഗുണം?”

“ഒരു എക്സ്ട്രാ സ്‌മൈൽ” – എന്റ്റെ അപ്പൻ വെളുക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു- “ഒരു അധിക പുഞ്ചിരി” 🙂

പിന്നെയാണ് ഫാക്കോ എമൽസിഫിക്കേഷൻ എന്ന സങ്കേതം വരുന്നത്. വളരെ ചെറിയ ദ്വാരത്തിലൂടെ കണ്ണിന്റെ ഓപ്പറേഷനുകൾ ചെയ്യുന്ന അതിസങ്കീര്ണ വിധം. അപ്പോഴേക്കും പപ്പാ പത്തറുപത്തഞ്ചു വയസ്സ് കഴിഞ്ഞിരുന്നു. ഫാക്കോ പഠിക്കാൻ ഒന്ന് രണ്ടു വർക് ഷോപ്പുകൾ ഒക്കെ സംബന്ധിച്ചിരുന്നു.

അത് കഴിഞ്ഞ് ഒരു ദിവസം വന്നു പറഞ്ഞു:

“ഓപ്പറേഷൻ നിർത്താൻ സമയമായി”

പിന്നീട് ഒരു പതിറ്റാണ്ടോളം ഡോക്ടർ അന്ദ്രൂസ്, ഡോക്റ്റർ മെറിൻ എന്ന ചെറുപ്പക്കാരാണ് (അന്ന് ചെറുപ്പം:-D) വന്ന് പപ്പയുടെ ശസ്ത്രക്രിയകൾ ഒക്കെ ചെയ്തിരുന്നത്. പിന്നെ സർക്കാരിൽ നിന്ന് വിരമിച്ചു. സർക്കാരിൽ ജോലി ചെയ്ത ഏകദേശം അത്രയും തന്നെ സമയം തൃശൂർ അശ്വിനി ആശുപത്രിയിൽ ജോലി ചെയ്തു.

ഇതിനിടെ ഞാൻ പ്ലാസ്റ്റിക് സർജനായി. കുറെ നാൾ ബാംഗളൂരിൽ ജോലി ചെയ്തു വന്ന് ഏതാനും മാസങ്ങൾ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്നു. ഏതോ ഒരു കേസ് ചെയ്യുമ്പോ അവിടത്തെ കണ്ണുഡോക്ടറെ പരിചയപ്പെട്ടു. ഞാൻ മത്തായി ഡോക്ടരുടെ മകനാണ് എന്നറിഞ്ഞപ്പോ പുള്ളി വാചാലനായി:

 “മത്തായി സാർ ഒരു സംഭവമാണ്. ഒരു പയനിയർ ആണ് പുള്ളി. ഈ പ്രദേശത്തെ ഒരു മാതിരി എല്ലാ കണ്ണ് ഡോക്ട്രമാരും പുള്ളിയെ ഇടയ്ക്കിടെ വിളിക്കുമായിരുന്നു. ഒരു തലമുറ മുഴുവൻ അദ്ദേഹത്തിൽ നിന്ന് പഠിച്ചു. അറിയാവുന്ന കാര്യങ്ങൾ എല്ലാര്ക്കും പറഞ്ഞു കൊടുക്കും. ഒരു വലിയ മനുഷ്യൻ”

കോൾമയിർ. ഞാൻ തന്നെ സ്വന്തം അപ്പനെ പുകഴ്ത്തിയിട്ട് എന്ത് കാര്യം. അതാണിത് നിങ്ങളോട് ഞാൻ പറഞ്ഞത്.

 ഒരു ഡോക്ടറായി മാത്രമല്ല, ഒരു അപ്പനായും അടിപൊളി ആവാൻ നിങ്ങക്ക് എങ്ങനെ കഴിഞ്ഞു പപ്പാ? അതോ അതൊക്കെ ആ തലമുറയിൽ ഉള്ളവർക്ക് മാത്രം പറ്റുന്ന കാര്യങ്ങളാണോ?

ഒരു രണ്ടു മൂന്നു മാസമായി ആൾ ആശുപത്രിയിൽ പോക്ക് നിർത്തിയിട്ട്. ഇനി ഒരു രണ്ടു മൂന്നു കൊല്ലം കൂടി മിനിമം രോഗികളെ നോക്കും എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ഇപ്പൊ എൺപത്തൊന്നു വയസായി.

ഇന്നലെ അമ്മ വിളിച്ചിരുന്നു:

“ഡാ- മതിയായി; ഇനി നിർത്തുവാ..ന്നാ പപ്പാ പറയെന്നെ. പരിശോധന സമയത്തിന്റെ ബോർഡ് ഒക്കെ എടുപ്പിച്ചു കളഞ്ഞു.”

ബോർഡ് പോയപ്പോ ചെറുതായി അമ്മയ്ക്ക് കരച്ചിൽ വന്നത്രെ. പരിശോധനാമുറിയിൽ സഹായത്തിന് വര്ഷങ്ങളായി കൂടെയുള്ള സ്ത്രീയും കരഞ്ഞത്രേ. പപ്പാ മാത്രം കരഞ്ഞില്ല.

“എടാ. ഇതിലൊന്നും കാര്യമില്ല. ഓരോന്നും നിർത്തേണ്ട സമയത്ത് നിർത്തണം. അതാണ് ജീവിതം.” പപ്പാ പറഞ്ഞു.

“ശരിയാണ് പപ്പാ.” ഞാൻ സമ്മതിച്ചു. ഇന്നലെ രാത്രി പെട്ടന്ന് എണീറ്റ് കേട്ടോ. ഒരു പന്ത്രണ്ടു മണിക്ക്. എന്തോ- നല്ല കരച്ചില് വന്നു, കുറെ കരഞ്ഞു. അതിലൊന്നും കാര്യമില്ല. പൂവുകൾ വാടും. സമയം പോകും. മരങ്ങൾ ഉണങ്ങും. കടൽ കയറും. മലകൾ സമതലങ്ങളാവും. അങ്ങനെ സമയജലം ഒഴുകും.

അവേശഷിക്കുന്നവർ (ഞാൻ) പഴയവരുടെ ചെരുപ്പിന്റെ വാറഴിക്കാൻ യോഗ്യത ഇല്ലാത്തവർ ആയിരിക്കും. എങ്കിലും വേറെ മരങ്ങൾ പൊടിക്കും. ഇല വരും; പൂ വരും; കാ വരും- അങ്ങനെ പോകും. 

  

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .