നമ്മൾ ഹിറ്റ്ലറെ ഇങ്ങനെ കൊറേ കുറ്റം പറയുന്നു . അങ്ങേരു ഒരു നൂറ് ലക്ഷം പേരെ സൂപ്പർ ആയി സ്വയം കൊന്നു തള്ളി . രണ്ടാം ലോക മഹായുദ്ധം ഉണ്ടാക്കി . അതിൽ കോടികൾ മരിച്ചു .
അങ്ങേർക്ക് ഉണ്ടായിരുന്നു ഒരു ഫോർമുല . ജർമ്മൻ ആളുകൾ മൊത്തം ആര്യന്മാർ ആണ് . ജർമ്മൻ സംസ്കാരം അതി വിശിഷ്ട പ്രാചീന സംസ്കാരം . ജർമനി ലോകം മൊത്തം ഭരിക്കും . അതായിരുന്നു അടിസ്ഥാന പരമായി ഫോർമുല .
അകത്ത് ശത്രുക്കൾ , പുറത്ത് ശത്രുക്കൾ . നമ്മൾ ഒന്നിച്ച് നിന്ന് ഞാൻ പറയുന്നത് കേട്ടില്ലെങ്കിൽ നിങ്ങൾ മൂഞ്ചും . ഞാൻ , ഈ ഞാൻ , നിങ്ങളെ ലച്ചിപ്പോം . അതിനു ഇച്ചിരി കച്ചറകൾ ഒക്കെ ഞാൻ കാണിക്കും . അത് നിങ്ങ സഹിച്ചോണം . ഒരു അഞ്ച് പത്ത് കോടി ജനങ്ങൾ വിരിമാറ് കാണിക്കേണ്ടി വരും . ഇച്ചിരി ചോരപ്പുഴ , പിന്നെ ഇച്ചിരി പട്ടിണി , പരിവട്ടം . പിന്നെ , പാലും തേനും ശറ പറാ ഒഴുകുകയല്ലേ – !!!
പക്ഷെ എന്നെ , എന്നെ മാത്രം നിങ്ങൾ വിശ്വസിക്കണം . ഞാൻ ആണ് മഹാ സംഭവം . എന്റെ ഫോർമുല ആണ് പാല് തരുന്ന മുല . ഇതാണ് സ്ഥിരം ലൈൻ . ഇത് ചരിത്രത്തിൽ എത്ര പ്രാവശ്യം നടന്നു എന്ന് ചോദിച്ചാൽ കയ്യും കണക്കുമില്ല . എണ്ണവും വണ്ണവുമില്ല .
എന്തിന്, ഇന്ന് ഇന്ത്യയിൽ നടന്നോണ്ട് ഇരിക്കുന്നത് ഇത്തരം ഒരു പുരാണ കാല സംസ്കാര ഫോർമുല ആണോ എന്ന് നമ്മൾ ആശങ്കപ്പെട്ടു പോകും.
ക്രിസ്ത്യാനി ദൈവം രക്ഷിക്കും ; ഇസ്ലാം ഫോർമുല രക്ഷിക്കും – അടിക്കെടാ അവനെ , പിടിക്കടാ അവളെ . കൊറേ നമ്മള് കണ്ടിട്ടണ്ട് , കണ്ടിട്ട്ണ്ട് . എന്നിട്ട് വല്ലോം പഠിച്ചോ .
പഠിച്ചില്ല എന്ന് പറയാൻ പറ്റില്ല . അങ്ങനെ അല്ലെ , ഈ പ്രാന്തൻ നേതാക്കൾ വന്നാലും മൂത്ത് മൂത്ത് പ്രാന്ത് അപകടം ആവുന്നതിനു മുൻപേ ഓരേ പൊറത്താക്കാൻ , തെരഞ്ഞെടുപ്പ് കണ്ടു പിടിച്ചത് ? കോടതിയും , സെൻട്രൽ ബാങ്കും , ഉദ്യോഗസ്ഥരും , മാധ്യമങ്ങളും സ്വാതന്ത്രം ആണെന്ന് വരുത്തിയത്? ചോദ്യങ്ങൾ ചോദിക്കാം എന്നായത് ?
അപ്പൊ നമുക്ക് വിഷയത്തേക്ക് വരാം . മാവോ . ഇപ്പൊ ഈ മാവോയിസ്റ്റുകൾ കൊണ്ട് നടക്കുന്ന ഫോര്മുലയുടെ ഉപജ്ഞാതാവ് .
നമുക്ക് സ്വാതന്ത്ര്യം കിട്ടി ജസ്റ്റ് രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ ആണ് മാവോ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ നേതാവ് ആയി , ചൈന എന്ന മഹാ രാജ്യത്തിനെ ഭരണം എല്ക്കുന്നത് . അതിനു മുൻപേ പത്തു മുപ്പതു കൊല്ലം യുദ്ധവും അടിയും തന്നെ . അത് പോട്ടെ .
തുടങ്ങിയത് തന്നെ , കൃഷിക്കാരെ കൊന്നോണ്ട് ആണ് . വലിയ കൃഷിക്കാരെ ആണെന്നാണ് വെപ്പെങ്കിലും , ഒരു മാതിരി ഇച്ചിരി കൂടുതൽ ഭൂമി ഉള്ളവരെ ഒക്കെ കൊന്നോണ്ട് ആണ് . നല്ല അധികാരം ഉള്ളത് ഉപയോഗിച്ച് വസ്തു പിടിച്ചെടുത്ത് വീതിച്ചാൽ പോരെ ? പോരാ – കൊല്ലണം . അതും നൂറു കണക്കിന് നാട്ടുകാർ നോക്കി നിൽക്കെ അടിച്ച് , അടിച്ച് കൊല്ലണം . അതാണ് ഫോർമുല പറയുന്നത് .
വളരെ ലളിതമായി ഇരുപത് മുപ്പത് ലക്ഷം പേരെ കൊന്നു . പ്രാദേശിക പാർട്ടി ഘടകങ്ങൾക്ക് കോട്ട കൊടുത്തിരുന്നു – കൊല്ലൽ കോട്ട . ഹാപ്പിയായി കോട്ട യെക്കാൾ കൂടുതൽ തല്ലി കൊന്നും പോന്നു . അറുപത് , എഴുപത് ലക്ഷം പേരെ , അടിമവേല ക്യാംപുകളിൽ വിട്ടു , പതിയെ കൊല്ലിച്ചു .
പിന്നെ ഇച്ചിരി കാശോ , ബിസിനസ്സോ ഒക്കെ ഉള്ളവരെ സ്ഥിരം ശല്യം ചെയ്ത് , പരസ്യമായി അപമാനിച്ച് , ആത്മഹത്യയിലേക്ക് നയിക്കുക എന്ന ഉഗ്രൻ സൂത്രം മാവോ കണ്ടു പിടിച്ചതാണ് . അങ്ങനെ ശത ലക്ഷങ്ങൾ മരിച്ചു . അന്നൊക്കെ വലിയ കെട്ടിടങ്ങളുടെ അടിയിലൂടെ നടക്കാൻ പോലും ആളുകൾക്ക് പേടി ആയിരുന്നത്രേ . എപ്പോഴാണ് ആത്മഹത്യ ചെയ്യുന്നവർ നാടും പുറത്ത് വന്നു വീഴുക എന്നറിയില്ലല്ലോ .
1958 ൽ , മഹാ കുതിച്ചു ചാട്ടം എന്ന് പറഞ്ഞ ഒരു പരിപാടി തുടങ്ങി . ഗ്രാമങ്ങളിൽ നിന്ന് ആളുകളെ നിർബന്ധിച്ച് കൊണ്ട് വന്ന് , വലിയ വ്യവസായ ഫാക്ടറികളിൽ ജോലി ചെയ്യിച്ചു . ചെറു കൃഷിയിടങ്ങൾ ഒന്നിപ്പിച്ച് , കൂട്ട് കൃഷി തുടങ്ങി . ധാന്യം മൊത്തം രാജ്യം ഏറ്റെടുക്കും . അങ്ങനെ കൊറേ ഭ്രാന്തൻ തുഗ്ലക്കിയൻ പരിഷ്കാരങ്ങൾ അതിവേഗം നടത്തി . ഫോർമുല ഉണ്ടല്ലോ – ദൈവ തുല്യർ ആയ താത്വികാചാര്യർ , വലിയ ദൈവികത ഉള്ള വേദ പുസ്തകങ്ങളിൽ എഴുതി വച്ച എക്കണോമിക് , ദൈവ വചനങ്ങൾ അനുസരിച്ചാണ് ഭരണം . പിന്നെ സ്വയം ഒരു സംഭവം ആണല്ലോ . എല്ലാം രാജ്യത്തിന് വേണ്ടി അല്ലെ ? ഉദ്ദേശ ശുദ്ധി . ഉദ്ദേശ ശുദ്ധി – അത് മറക്കരുത് ആരും . മറന്നാൽ തന്നെ ഞങ്ങൾ ഓർമിപ്പിക്കും – ങ്ങാഹാ , അത്രക്കായോ .
പരീക്ഷണം വൻ വിജയം ആയിരുന്നു . നല്ല ക്ഷാമം വന്നു . ഗ്രാമങ്ങളിൽ ആളുകൾ പട്ടിണി കിടന്നു വഴികളിൽ ചത്തു മലച്ചു . സിംപിൾ ആയിട്ട് , ഏകദേശം അഞ്ഞൂറ് ലക്ഷം പേര് മരിച്ചു. രാജ്യം സംഭരിച്ച ധാന്യം വിതരണം ചെയ്യാൻ പോലും മാവോ സമ്മതിച്ചില്ലത്രെ . കുതിച്ചു ചാട്ടത്തിന്റെ മൊമെന്റം പോകുമത്രേ!.
അത് കഴിഞ്ഞപ്പോൾ പെട്ടന്ന് മാവോക്ക് മനം മാറ്റം . പറയൂ . എല്ലാരും പറയൂ . വിമർശനങ്ങൾ ക്ഷണിച്ചു കൊള്ളുന്നു . നമ്മൾ ചെയ്യുന്നതെല്ലാം ശരിയാണോ ?
കുറെ ഏറെ മണ്ടന്മാർ – എകണോമിസ്റ്റുകൾ , ടീച്ചർമാർ , ഡോക്ടർമാർ , ഉദ്യൊഗസ്ഥർ , ഒക്കെ വിമര്ശങ്ങളുമായി മുന്നോട്ട് വന്നു . എല്ലാരും പോരട്ടെ , പോരട്ടെ ….
പെട്ടന്ന് നേതാവ് മലക്കം മറിഞ്ഞു . വിമര്ശാനക്കാരെ ഒക്കെ കൊന്നു കളഞ്ഞു . കുറെ എണ്ണത്തിനെ എന്നേക്കും ആയി ജയിലിലും അടച്ചു . അയ്യേ , പറ്റിച്ചേ , പറ്റിച്ചേ .
1966 ൽ പിന്നെ സാംസ്കാരിക വിപ്ലവം . ഇതിനിടെ താപ്പിൽ വ്യക്തി സ്വാതന്ത്ര്യം , കണാ കുണാ എന്ന് പറയുന്നവരെ എല്ലാം നോക്കി വച്ച് കൊന്നു തള്ളുന്നതായിരുന്നു , ആ പരിപാടി . ആൾക്കൂട്ട കൊലകൾക്ക് മൗന അനുവാദം നൽകുക എന്ന ഉഗ്രൻ സ്ട്രാറ്റജി ആണ് ഇവിടെ കൂടുതൽ പ്രയോഗിച്ചത് .
അവസാനം മാവോ ഒരു ഉപകാരം ചെയ്തില്ല എന്ന് പറഞ്ഞു കൂടാ . 1976 ൽ മരിച്ചു കളഞ്ഞു . അതോടെ കുറെ രക്ഷപ്പെട്ടു .
ഇത് പറയുന്നതിൽ നമ്മുടെ ഇപ്പോഴുള്ള ഒരു ജനാധിപത്യ പാർട്ടികൾക്കും വിഷമം തോന്നേണ്ട കാര്യമേയില്ല . ഭരണ ഘടനക്കുള്ളിൽ നിന്ന് കൊണ്ടുള്ള , പ്രവർത്തനം ആണല്ലോ അവരൊക്കെ ചെയ്യുന്നത് , അഥവാ ചെയ്യേണ്ടത് . അല്ലാതെ ജനാധിപത്യം വെറും അടവ് നയം ആണെന്ന് സ്റ്റഡി ക്ളാസിൽ ഇപ്പോഴും പറയുന്നുണ്ടോ ആവോ ? അറിയില്ല .
ഈ ഫോർമുല വിപ്ലവം -വോ , വേണ്ട . ഇനി അഥവാ അതിനു തുനിഞ്ഞിറങ്ങുന്നവരെയും ഭരണഘടനക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ശക്തമായി നേരിടണം .
എല്ലാ ഫോർമുലയും പ്രഷ്നഷ്ടോ . ഫോർമുല – ലോക രക്ഷാ ഫോർമുലകൾ – ഇവയിൽ അന്തമായി വിശ്വസിക്കുന്ന , ഈ ഫോർമുലയും കൊണ്ട് ‘ ഞാൻ ഇപ്പൊ ശരിയാക്കി തരാം ‘ എന്ന് പറഞ്ഞു കൊറേ സ്പാനറുകളുമായി ഇറങ്ങുന്ന , സ്വയം പൊങ്ങി നേതാക്കളുടെ പുറകെ നടക്കുന്ന കുറെ അന്തങ്ങൾ ഉണ്ട് . അത് നമ്മുടെ തലച്ചോറിന്റെ ഒരു വയറിങ് പ്രശ്നം ആണെന്ന് തോന്നുന്നു .
അത്രേം ഒന്നും വേണ്ടഷ്ടോ . വേണ്ടാത്തോണ്ടാ , പ്ലീസ് . (ജിമ്മി മാത്യു )