ഗോത്രക്കാരനാ, ഗോത്രക്കാരൻ. ഞാനും.

മ്മ്‌ടെ ചിന്തയെ കോഞ്ഞാട്ട ആക്കുന്ന ധാരാളം കൊനുഷ്ടുകളിൽ ഒരു മാതിരി നേതാവായ കൊണാണ്ടർ ആണ് കൂട്ടക്കൂറ് ബയാസ്. കുട്ടിക്കൂറ അല്ല. ഏത് ഗ്രൂപ്പാണോ നമ്മടെ- അതാണ് നമ്മടെ ഏതൊരു സംഭവത്തോടുമുള്ള മനോഭാവത്തിന്റ്റെ ഒരു നെടുന്തൂൺ.

ഈ ഒരു കുട്ടിക്കൂറു ബയാസിന്റെ മൂലം അഥവാ ആധാരം അഥവാ തായ്‌വേര് അഥവാ അടിസ്ഥാനം എന്തവാ പിള്ളേരേ?

മ്മ്‌ടെ നല്ല തങ്കപ്പെട്ട ഗോത്രമനസ്. മൂന്നാല് ലക്ഷം കൊല്ലമായി ഉടുത്ത കോണാൻ ആണല്ലോ ഈ ഗോത്ര-കൂട്ടക്കൂറ്. അത്ര പെട്ടന്ന് നനച്ചാലൊന്നും വൃത്തിയാവില്ല മക്കളേ- ആവില്ല.

എന്ന് വെച്ച് ഇതില്ലാതിരുന്നാ നമ്മൾ എന്തായേനെ? ചന്ദ്രനിലേക്ക് റോക്കറ്റ് വിടാൻ പോയിട്ട് ഒരു കാക്കയെ എറിഞ്ഞിടാൻ പോലും ഒറ്റക്ക് പറ്റാത്ത മണകുണാഞ്ചൻമാരാണ് ഹോമോ സാപ്പിയൻ. നമ്മൾ ഇവിടെ വരെ എത്തിയത് ഇതേ കൂട്ടക്കൂറ് കൊണ്ടാണ്. പക്ഷെ ഈ കൂറ് പരിണമിച്ചുണ്ടായത് അന്യഗോത്ര വിരോധത്തിന്റെ ചൂളയിൽ ആണ്!!

അതായത്, നിങ്ങൾ ഒരു ലക്ഷം കൊല്ലം മുൻപ് മയിലാണ്ടി എന്ന ഗോത്രത്തിൽ പിറന്ന ഒരാൺ ആണെന്നിരിക്കട്ടെ- നിങ്ങൾ മൈലോ എന്ന ഭാഷ സംസാരിക്കും, മയിലിന്റെ പീലി ചൂടും, താടി വളർത്തും, ജെട്ടി ഇടുകയില്ല. അടുത്തുള്ള മൈലോ, മൈലി എന്നീ ഭാഷകൾ മിണ്ടുന്ന ഗോത്രങ്ങളോട് ഇച്ചിരി ലോഹ്യത്തിൽ ആയിരിക്കും- കൊടുക്കൽ വാങ്ങലുകൾ നടത്തും. പെണ്ണുങ്ങളെ അവിടന്നൊക്കെ കല്യാണം ചെയ്ത് കൊണ്ട് വരും; ഇടയ്ക്കിടെ ചെറിയ അടി കൂടും.

അവിടെത്തന്നെ ഉള്ള ഖുണ്ടി ഗോത്രത്തിൽ ഉള്ള ആളുകളെ നിങ്ങക്ക് കണ്ടു കൂടാ! അവന്മാർ ജെട്ടിയിടും!! അവളുമാരും!! മയിലാണ്ടി ഗോത്രമതം അനുസരിച്ച് അത് മാരക പാപം ആണ്. ജെട്ടിയിട്ട ആളുകളെ മരിച്ചു ചെല്ലുമ്പോൾ മയിലാണ്ടി മോറൻ എന്ന ചെകുത്താൻ ചുട്ടുപഴുത്ത ജെട്ടി ഇടീച്ച് ശിക്ഷിക്കും. എന്താല്ലേ. ഖുണ്ടി ഗോത്രക്കാർ എത്ര വൃത്തികെട്ടവർ! എത്ര മൃഗതുല്യർ! താപ്പ് കിട്ടിയാൽ അവരടെ ആണുങ്ങളെ കൊല്ലണം; പെണ്ണുങ്ങളെ തട്ടി എടുത്തോണ്ട് വരണം. നിങ്ങൾ ഒരു മയിലാണ്ടി ഗോത്ര സ്ത്രീ ആണേൽ ഇതിൽ ആവുന്ന രീതിയിൽ ഒക്കെ സഹകരിക്കും. ഏറെ ഖുണ്ടികളെ കാലപുരിക്കയച്ച മയിലാണ്ടി ആണുങ്ങളിൽ മാത്രമേ നിങ്ങക്ക് താല്പര്യം ഉണ്ടാകു! അങ്ങനത്തെ ഒരു മകനിൽ നിങ്ങൾ അഭിമാനകഞ്ചുകി ആവും!

വലിയ സംസ്കാരങ്ങൾ ആയപ്പോ കൂട്ടക്കൂറുകൾ കുറെ ഒക്കെ വിഘടിച്ച് പോയി. ശാസ്ത്രം വളർന്നു ബോധം ഉദിച്ചപ്പോ ആത്യന്തികമായി നമ്മൾ ഒക്കെ മനുഷമ്മാര് ആണെന്നും ജെട്ടിയുടെ പ്രത്യേകതകൾ പോലെ ഉള്ള ഗോത്രവിത്യാസങ്ങൾ നമ്മെ സമൂഹങ്ങളാക്കി നിർത്താനുള്ള ഉഡായിപ്പുകൾ ആണെന്നുമുള്ള സത്യങ്ങൾ കൂറുകളുടെ വരി ഉടച്ച് നേർപ്പിക്കുകയും ചെയ്തു. ഞാൻ വിശദമാക്കാം:

ഞാൻ എന്ന ഈ ഞാൻ ഫേസ്ബുക്കിലും കണ്ണാടി നോക്കുമ്പോഴും നൂറു ശതമാനം ആധുനിക മനുഷ്യൻ ആണ്. ഒന്നിനോടും ഒരു കൂറുമില്ലാത്ത ഒരു കൂർമബുദ്ധി! (എന്നാണ് എന്റ്റെ വിചാരം. അത് പലപ്പോഴും തെറ്റാവും 🙁 )

പക്ഷെ നസ്രാണി ബന്ധുക്കളോടൊക്കെ ഇടപെടുമ്പോൾ ഒരു പത്ത് ശതമാനം സിറിയൻ ക്രിസ്ത്യാനി കൂറ് കാണിക്കും. ജീവിച്ച് പോണ്ടേ സഹോ. ചുറ്റും നോക്കിക്കോ. മിക്കവരും ഇങ്ങനെയൊക്കെ ആണ്. ചിലർ മുപ്പത് ശതമാനം കൊടുക്കും. ചിലർ അൻപത്. ചില കാസ രോഗികൾ തൊണ്ണൂറ് ശതമാനം കൊടുക്കും.

ഞാൻ പുറത്തിറങ്ങുമ്പോ മലയാളി, കേരളാ കൂട്ടക്കൂറ് ഒരു പത്തു മുപ്പത് ശതമാനം പുറത്ത് വരും. അത് ആത്മാർഥമായി ഉള്ളത് തന്നെ ആണ്- എന്തെ, ഇഷ്ടപ്പെട്ടില്ലേ? പിന്നെ അവസരം വരുമ്പോ, ഇന്ത്യ എന്ന കൂറ് ഒരു മുപ്പത് ശതമാനം പുറത്താകും. ഇന്ത്യക്ക് പുറത്തൊക്കെ പോവുമ്പോ. അല്ലേൽ ഏതെങ്കിലും സായിപ്പ് ഇന്ത്യയെ കുറ്റം പറഞ്ഞാൽ. അങ്ങനെയങ്ങനെ. എന്തിന്, ഞങ്ങൾ ഡോക്ടർമാർ ഒത്തു കൂടുമ്പോ ഏതാനും ചില ശതമാനങ്ങൾ അവർക്കും കൊടുക്കും. എന്തിന്- ഞങ്ങടെ ഇടക്ക് സർജൻകൂർ കൂടുതൽ ഉള്ളവർ ജെനറൽ മെഡിസിൻകാരെ ഒക്കെ ചീത്തയും കുറ്റവും പറയും. അതേ, ഞങ്ങൾ ഓപ്പറേഷൻ ചെയ്യുന്ന ഗോത്രക്കാരാ; ഗോത്രക്കാർ.

പക്ഷെ ഒരു കാര്യം നമ്മൾ മനസിലാക്കണം. കൂട്ടക്കൂറ് ആളിക്കത്തിക്കാൻ പറ്റിയ ഒരു സാമാനം ആണ്. ഇത് കത്തിച്ചാൽ ഒരു ഗ്രൂപ്പിനെ ബോധമില്ലാത്തതാക്കി അടക്കി ഭരിക്കാൻ നല്ല എളുപ്പമാണ്. നൂറു ശതമാനം കൂറും കൊടുത്താൽ നമ്മൾ വെറും കൂറകളാവും- വൃത്തികെട്ട, ബുദ്ധിയില്ലാത്ത കുട്ടിക്കൂറകൾ. ഇത് ഒരു മാതിരി എല്ലാ ഗ്രൂപ്പ് നേതാക്കൾക്കും അറിയാവുന്ന ഒരു സത്യമാണ്. ഒരു തെളിയിക്കപ്പെട്ട ചരിത്രകൊണാണ്ടറി ആണ്.

മിത്തല്ല. അമ്മച്ചിയാണേ; അതൊരു മിത്തല്ല.

അതേ, ഗോത്രക്കാരാ, ഗോത്രക്കാര്. മ്മളെല്ലാരും.
(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .