ഈ പുട്ടു തിന്നാൽ കൊഴപ്പണ്ടൊ സാറേ ?- പുട്ടും കടലയും ചില തീറ്റ കാര്യങ്ങളും .

മോഡേൺ മെഡിസിൻ ഡോക്ടർമാർ സ്ഥിരം കേൾക്കുന്ന ഒരു ചോദ്യം ആണ് – സാർ എന്തൊക്കെ കഴിക്കാം എന്ന് . തിരക്ക് കാരണം ആയിരിക്കും പലപ്പോഴും ഇതിന് വിശദമായ ഉത്തരം ലഭിക്കാറില്ല . അത് കൊണ്ട് തന്നെ ശാസ്ത്രീയമായി പറഞ്ഞാൽ ഭക്ഷണ ക്രമം , പഥ്യം എന്നിവയിലൊന്നും മോഡേൺ മെഡിസിനിൽ ചിട്ടകൾ ഒന്നും ഇല്ല എന്ന് ഒരു വിചാരം പ്രകടമായി ഉണ്ട്.

 

വെണ്ടയ്ക്ക കഴിക്കരുത് എന്ന് സ്ഥിരമായി പറയാറുള്ള ഒരു സുഹൃത് ഡോക്ടർ എനിക്കുണ്ടായിരുന്നു . ഒരു മാതിരി എല്ലാ രോഗികളുടെ അടുത്തും അയാൾ കാച്ചും :

 

“ആ വെണ്ടയ്ക്ക അങ്ങട് ഒഴിവാക്ക് ക – എന്തേ ?”

“ഓ ”

 

പിന്നെ കൂടെ ഓ പി യിൽ ഇരിക്കുന്ന എന്നെ നോക്കി പറയും:

 

ഇങ്ങനെ ഒക്കെ പറഞ്ഞാലേ ആളുകൾക്ക് വിശ്വാസം വരൂ – ഈ പഥ്യം ഒക്കെ പറഞ്ഞില്ലെങ്കിൽ എന്ത് ഡോക്ടർ ?

 

ഇന്നാണെങ്കിൽ ആളുകൾ ചോദിക്കുന്നത് – “ഈ പുട്ടു തിന്നാൽ കുഴപ്പണ്ടൊ ഡോക് ?” എന്നാണു . “കുഴപ്പാവും …ന്നാ തോന്നുന്നത് ….” എന്ന് പറഞ്ഞാൽ പോരാ . ഇന്ന് ആളുകൾക്ക് വിവരമുണ്ട് . ഡോക്ടർമാർക്കും വെണ്ടയ്ക്കക്ക് അപ്പുറത്തേക്ക് ചിന്തിക്കാവുന്ന ഒരു വിവരം വേണ്ടതാണ് . അതിനുള്ള അറിവുകൾ ഇന്നുണ്ട് താനും .

 

കുറച്ചു ചരിത്രം പറയാതെ പൂർത്തിയാവില്ല . 1940 – കളിലാണ് ശരിക്കും ജീവിത ശൈലീ രോഗങ്ങൾ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് . കാരണമുണ്ട് . അതിനു മുൻപ് പാശ്ചാത്യ രാജ്യങ്ങളിൽ പോലും , ന്യൂമോണിയ , ക്ഷയം , വയറിളക്കം , മെനിഞ്ചൈറ്റിസ് തുടങ്ങി ഉള്ള പര  ശതം അണുക്കൾ കൊണ്ടുള്ള രോഗങ്ങൾ, പിന്നെ

അപകടങ്ങൾ എന്നിവ ,  വൃത്തി , വെടിപ്പ് , അറിവ് , മരുന്നുകൾ , സുരക്ഷ , മെച്ചപ്പെട്ട ചികിത്സ എന്നിവ മൂലം നിയന്ത്രണ ത്തിൽ വന്നു . മരണ നിരക്ക് കുത്തനെ കുറഞ്ഞു . ആളുകൾ ഒരു അമ്പതു അറുപതു വയസ്സിൽ മിക്കവാറും മരിക്കുന്നത് പതുക്കെ എഴുപത് , എൺപത് എന്ന നിലയിലേക്ക് മാറി .

 

അപ്പോഴാണ് പതിയെ ഹൃദയ രോഗങ്ങൾ , മസ്തിഷ്കാഘാതം , തുടങ്ങിയ രോഗങ്ങൾ മൂലമാണ് ആളുകൾ മരണപ്പെടുന്നത് എന്ന ഒരു ബോധം അധികാരികൾക്ക് വന്നത് . അതായത് , മാറിയ ജീവിത ശൈലികൾ മാത്രമല്ല , മറ്റു രോഗങ്ങൾ മൂലമുള്ള മരണ നിരക്ക് കുറഞ്ഞതും ആയുസ്സ് കൂടിയതും അതി പ്രധാന കാരണങ്ങൾ ആണ് .

 

ഈ വെളിപാടിന്റെ വെളിച്ചത്തിലാണ് ഫ്രെമിങ് ഹാം ഹാർട് സ്റ്റഡി പോലുള്ള ബ്രഹത് പഠനങ്ങളുടെ തുടക്കം . അതിൽ നിന്നാണ് പുകവലി , പ്രമേഹം , പൊണ്ണത്തടി , അതി രക്ത സമ്മർദം , രക്തത്തിലെ കൊഴുപ്പുകളുടെ (കൊളസ്‌ട്രോൾ , ട്രൈ ഗ്ലൈസെറൈഡ്സ് , LDL , എന്നിവയും മറ്റു പലതും ) അളവിലെ പ്രശ്നങ്ങൾ എന്നിവ ആണ് പ്രധാന അപകട ഘടകങ്ങൾ (റിസ്ക് ഫാക്ടേഴ്‌സ് ) എന്ന് കണ്ടു പിടിക്കുന്നത് .

 

ഇന്നും ലോകത്തിലെ നമ്പർ വൺ മരണ കാരണം ആണ് ഹൃദ്രോഗവും മസ്തിഷ്കാഘാതവും .

 

ഈ ശാസ്ത്രീയ കണ്ടെത്തലുകളിൽ  ഇന്ന് വരെ കാതലായ മാറ്റങ്ങൾ ഒന്നും ഉണ്ടായിട്ടില്ല .

 

ഇതിനെതിരെ അന്നത്തെ ആരോഗ്യ പ്രവർത്തകർ കൊണ്ട് വന്നത് ആണ് കൊഴുപ്പു തീരെ കുറഞ്ഞ ഭക്ഷണ ക്രമം എന്നുള്ളത് . അതായത് – പൂരിത കൊഴുപ്പുകൾ (വെണ്ണ , നെയ്യ് , ഇറച്ചിയിലെ എണ്ണ , മുട്ടയിലെ മഞ്ഞ കരു, ഡാൽഡ പ്രത്യേകിച്ചും  ) എന്നിവ തീരെ ഒഴിവാക്കി ഉള്ള ഒരു ഭക്ഷണം ആണ് ശിപാർശ ചെയ്തത് . സോയ എണ്ണ , ഒലിവെണ്ണ , മുതലായ എണ്ണകൾ വലിയ കുഴപ്പം ഇല്ല എന്ന് അന്ന് തന്നെ മനസ്സിലാക്കിയിരുന്നു .

 

ഈ ഭക്ഷണ ക്രമം കൊണ്ട് ഗുണം ഉണ്ടായി . 1950 മുതൽ ഉള്ള കണക്ക് എടുത്താൽ രണ്ടായിരം ആണ്ടോടു കൂടി ഹൃദ്രോഗം , മസ്തിഷ്കാഘാദം എന്നിവ കൊണ്ടുള്ള മരണ നിരക്ക് പകുതിയോളം കുറഞ്ഞു . ആയുസ്സും , ആളുകളുടെ വണ്ണവും , തീറ്റയുടെ അളവും കൂടിയിട്ടും ആണ് ഇതെന്ന് ഓർക്കണം .

 

പക്ഷെ 1970 – 1980 കളോടെ ഒരു കാര്യം മനസ്സിലായി – രണ്ട് റിസ്ക് ഫാക്ടേഴ്‌സ് കൂടി കൊണ്ട് തന്നെ ആണ് ഇരിക്കുന്നത് ;

 

പ്രമേഹം .

പൊണ്ണത്തടി .

 

അതായത് , പഞ്ചസാര , ധാന്യ സ്റ്റാർച്ചുകൾ (ചോറ് , ബ്രെഡ്, ചപ്പാത്തി ഒക്കെ – പുട്ട് , അപ്പം ഉൾപ്പെടെ ) , ഉരുള കിഴങ്ങ് എന്നിവ അത്ര നല്ലതല്ല , തടി കൂട്ടും , പ്രമേഹവും കൂട്ടും എന്ന് കുറച്ചു പണ്ടേ അറിയാമായിരുന്നെങ്കിലും , കൊഴുപ്പ് കുറക്കാനുള്ള ഉപദേശങ്ങളുടെ പ്രളയത്തിൽ മുങ്ങി പോയി . ഉപ്പിന്റെ ഉപയോഗവും കൂടി . സ്റ്റാർച്ചും പഞ്ചസാരയും കണ്ടമാനം കൂടി .

 

തിന്നുന്ന ഭക്ഷണത്തിന്റെ അളവ് മുപ്പതു ശതമാനം വരെ കൂടി . തടി നന്നായി കൂടി . പ്രമേഹവും കൂടി വരുന്നു .

 

ഇതേ കാര്യങ്ങൾ നമ്മുടെ നാട്ടിലും സംഭവിച്ചു കൊണ്ടിരിക്കുന്നു .

 

ഇതിങ്ങനെ പറഞ്ഞു പോയാൽ നമ്മൾ എവിടെയും എത്തില്ല . കുറെ ഏറെ പറയാതെ വിട്ടിട്ടുണ്ട് . മാത്രമല്ല മഹാ ബോറുമാണ് . പല ലേഖനങ്ങൾ ഇനിയും ഇടാം .

 

പൊതുവെ പറഞ്ഞാൽ ചുരുക്കത്തിൽ :

 

പൂരിത കൊഴുപ്പുകൾ – ഡാൽഡ . പാമോയിൽ ,വെണ്ണ , നെയ്യ് , ആട് , മാട് , പോർക്ക് എന്നിവയുടെ കൊഴുപ്പ് , പാല് , ചീസ്  – ഇവയുടെ അളവ് കുറക്കുന്നത് ആണ് നല്ലത് . ട്രാൻസ് ഫാറ്റ എന്ന് വിളിക്കുന്ന ഡാൽഡ , ഹൈഡ്രിജെനറെഡ് പാമോയിൽ എന്നിവയാണ് ഏറ്റവും പ്രശ്നം .

 

അത് മാത്രം പോരാ – പഞ്ചസാര , സ്റ്റാര്ച് ഉള്ള പുട്ട് , അപ്പം , നൂലപ്പം , ചോറ് , ചപ്പാത്തി , ഉരുളക്കിഴങ് , മറ്റു കിഴങ്ങുകൾ ഇവയുടെ ഒക്കെ അളവ് കുറക്കണം ! ( മുഴു ഗോതമ്പ് കൊണ്ടുള്ള ആട്ട , തവിടുള്ള ചോറ് എന്നിവ മൈദാ , വെളുത്ത ചോറ് എന്നിവയെക്കാൾ നല്ലത് ആണ് – ഗ്ളയേസീമിക് ഇൻഡക്സ് എന്ന ഒരു സാധനം ലേശം കുറവാണ് എന്നതാണ് കാരണം . പക്ഷെ അതിന്റെയും അളവ് കുറക്കുക തന്നെ വേണം – ങ്ങീ ങ്ങീ – കരയാൻ തോന്നുന്നു )

 

ഉപ്പും നന്നായി കുറക്കണം .

 

പിന്നെന്തൂട്ടാ ശവീ തിൻവാ ….ന്നണ് ചോദ്യം – ല്ലേ ?

 

മുഴു ധാന്യങ്ങളായ ആട്ട , തവിടു നന്നായുള്ള അരി എന്നിവ ഉപയോഗിച്ചുള്ള ഫുഡുകൾ കുറച്ചു കഴിക്കാം . അളവ് കുറക്കണം .

 

തൊലിയും കൊഴുപ്പും ഇല്ലാത്ത ചിക്കൻ , മീനുകൾ കൊഴുപ്പോടു കൂടി തന്നെ – കഴിക്കാം . ഒരു മാതിരി കുഴപ്പമില്ലാത്ത അളവിൽ തന്നെ താങ്ങാം . (ഒരു ഫുൾ ചിക്കൻ അടിക്കാം എന്നല്ല – ഒരു രണ്ടു മൂന്ന് കഷ്ണം )

 

പച്ച കറികൾ, ഇല കറികൾ, ആപ്പിൾ , ഓറഞ്ചു , ചാമ്പക്ക, പേരക്ക, പഴുക്കാത്ത മധുരം ഇല്ലാത്ത മാങ്ങ , ചക്ക , പപ്പായ ഒക്കെ അടിക്കാം . കിഴങ്ങുകൾ , നല്ല പഴുത്ത തീവ്ര മധുരമുള്ള പഴങ്ങൾ , വാഴപ്പഴം ഇതൊന്നും അധികം വേണ്ട .

 

ആഴ്ചയിൽ രണ്ടോ മൂന്നോ മുട്ട തിന്നാം . (അതായത് തിന്നുന്ന കൊളസ്‌ട്രോൾ അല്ല രക്ത കൊഴുപ്പു നിർണയിക്കുന്നത് എന്ന് ഒരു പത്തു വർഷമായി ഉള്ള അറിവാണ് . അതാണ് കൊളസ്‌ട്രോൾ കുഴപ്പില്ല , പുതിയ കണ്ടുപിടിത്തം ആണ് എന്നൊക്കെ പറഞ്ഞു ഇറക്കുന്നത് . മറ്റേ ഗൈഡ് ലൈനുകളിൽ ഒരു മാറ്റവും വന്നിട്ടില്ല . രക്ത കൊളസ്ട്രോളും മറ്റും കുറഞ്ഞു തന്നെ ഇരിക്കണം )

 

കപ്പലണ്ടി , ബദാം , കശുവണ്ടി , ഇതൊക്കെ ഒരു ചെറിയ പിടി ദിനം തട്ടാം . (വലിയ വെടി – സോറി – വലിയ പിടി വേണ്ട )

 

ഇതൊക്കെ എങ്ങനെ പറ്റും എന്നാണോ ? അത് ശരി . അപ്പോൾ പ്രകൃതി ചികിത്സകർ ഇതിനപ്പുറം ഉള്ള പഥ്യം പറയുമ്പോൾ ആർക്കും കുഴപ്പമില്ല . പ്രകൃതി ചികിത്സ പലപ്പോഴും ഗുണകരം ആവുന്നത് അങ്ങനെ ആണ് . ശരീര ഭാരം ഭക്ഷണം നിയന്ത്രിച്ചു ഒരു അഞ്ചു പത്തു കിലോ കുറഞ്ഞാൽ ലേശം തടിയുള്ള ഒരു വ്യക്തിയുടെ ആരംഭ ദശയിൽ ഉള്ള പ്രമേഹവും രക്ത അതി സമ്മർദവും പൂർണമായും നിയന്ത്രണത്തിൽ ആകാൻ നല്ല സാധ്യത ഉണ്ട് . ഇത് ശാസ്ത്രീയമായി പതിറ്റാണ്ടുകളായി അറിയാവുന്ന കാര്യമാണ് . ഇതിനെ ആണ് പ്രമേഹം പൂർണമായും മാറി എന്നൊക്കെ പറഞ്ഞു ഇറക്കുന്നത് .

 

അതായത് പൊന്നു സുഹൃത്തേ :

 

ഭക്ഷണത്തിന്റെ പൊതുവായ അളവ് നന്നായി കുറക്കണം . ഒരു അറുപതു കിലോ ഉള്ള പുരുഷൻ ഒരു 1800 കലോറി യെ ഒരു ദിവസം കഴിക്കാവൂ . സ്ത്രീ ആണെങ്കിൽ 1700 കലോറി .(പൊതുവെ പറയുന്നതാണ് – ഇപ്പോഴുള്ള ഭാരം വച്ചു കണക്ക് ഒക്കെ ഉണ്ട് – ബി എം ഐ ഒക്കെ പറയേണ്ടി വരും . അത് വേറെ ഒരു ലേഖനത്തിൽ ).

 

അതായത് നമ്മൾ പുട്ട് ആണ് തിന്നുന്നത് എങ്കിൽ – രണ്ടു കുറ്റി പുട്ട് , പഞ്ചസാര കൂട്ടി ഒരിക്കലും അടിക്കരുത് . ഒരു അര കുറ്റി (കാൽ കുറ്റി ആയാലും കുഴപ്പമില്ല ) പുട്ടു ഒരു പ്ലേറ്റ് പുഴുങ്ങിയ കടല കറിയുടെ കൂടെ തിന്നുക . കറി ഒലിവ് ഓയിലോ , സൺഫ്ലവർ ഓയിലോ , ചുരുങ്ങിയ പക്ഷം വെളിച്ചെണ്ണയോ ഉപയോഗിച്ചു പാകം ചെയ്യുക . കൂടെ ഒരു ഓറഞ്ചും തിന്നുക . അപ്പോൾ നമ്മൾ എന്തൊക്കെ നേടി ?

 

അളവ് കുറച്ചു . കൂടെ കടല കഴിച്ചപ്പോൾ ധാന്യ പ്രോടീനും പയർ വർഗ പ്രോടീനും ചേർന്ന് കുറച്ച കൂടി നല്ല ക്വളിറ്റി പ്രോടീൻ ആയി . ഓറഞ്ചു കഴിച്ചപ്പോൾ നാരും വിറ്റാമിനുകളും കുറച്ചു കിട്ടി . പ്രോടീൻ, കുറച്ചു നല്ല കൊഴുപ്പുകൾ എന്നിവ  കൂടി പുട്ടു കഴിക്കുമ്പോൾ മൊത്തം ഭക്ഷണത്തിന്റെ  ഗ്ലൈസീമിക് ഇൻഡക്സ് കുറയും . ബ്ലഡ് ഷുഗർ കൂടുന്നത് പതുക്കെ ആയിരിക്കും . അതിനാൽ വീണ്ടും പെട്ടന്ന് വിശക്കില്ല . പ്പെട്ടന്ന് വിശക്കാത്ത കൊണ്ട് കലോറി അളവും കുറക്കാം. പ്രമേഹ സാധ്യതയും കുറയും .

 

ഇല്ലെങ്കിൽ ഒരു കാൽ കുറ്റി ചിക്കൻ കറിയോ ഒരു മുട്ട ബുൾസ് ഐ ഓ കൂട്ടി അടിക്കാം . രണ്ടു മൂന്നു കഷ്ണം ചിക്കൻ നല്ല എണ്ണയിൽ പാകം ചെയ്തത് . മീൻ കറി ആയാലോ- ഓ , ബെസ്റ്റല്ലേ .

 

വല്ലപ്പോഴും ബീഫും കൂട്ടി അടിക്കാം . അളവ് കൺട്രോളിൽ വേണം – കൺട്രോൾ – അതാണ് ഏറ്റവും വേണ്ടത് . ശരീര ഭാരം കൺട്രോളിൽ നിക്കണം .

 

ഇതൊക്കെ ചെയ്താലും – ബ്ലഡ് ഷുഗർ , രക്ത സമ്മർദം , രക്ത കൊഴുപ്പുകളുടെ അളവ് എന്നിവ ഇടക്ക് നോക്കി കൺട്രോളിൽ ആക്കാൻ ഡോക്ടറുടെ അടുത്തു പോകുകയും വേണം . എന്താല്ലേ – മരുന്ന് മാഫിയ . പക്ഷെ വേണമെങ്കിൽ മതി കേട്ടോ . ആരും നിർബന്ധിക്കുന്നില്ല . പക്ഷെ ശാസ്ത്രീയ പഠനങ്ങൾ അനുസരിച്ചു അങ്ങനെ ചെയ്യുന്നത്  ഒരാളുടെ ആരോഗ്യത്തിനു നല്ലതാണ് – ശരാശരി കണക്ക് നോക്കിയാൽ .

 

ഉച്ചക്ക് പൊറോട്ട അടിക്കാം . കുഴപ്പം ഒന്നും ഇല്ല . പൊറോട്ട ഉണ്ടാക്കുന്നത് മൈദാ കൊണ്ടാണ് . പക്ഷെ പൊറോട്ടയിൽ കുറെ കൊഴുപ്പ് ഉണ്ട് . അതിനാൽ ഗ്ലൈസീമിക് ഇൻഡക്സ് കുറവാണ് . അത് കൊണ്ട് തന്നെ മൈദാ വിഭവങ്ങൾ ഒറ്റക്ക് തിന്നാലുള്ള ബ്ലഡ് ഷുഗർ പ്രശ്നം പൊറോട്ടക്ക് ഇല്ല !

 

പക്ഷെ പൊറോട്ടക്ക് കലോറി കൂടുതൽ ആണ് . ഡാൽഡ കൊണ്ടാണ് മിക്കപ്പോഴും പൊറോട്ട ഉണ്ടാക്കുന്നത് .

 

പൊറോട്ട തിന്നാം . ഉച്ചക്ക് ഒരൊറ്റ വലിയ പൊറോട്ടയെ തിന്നാവൂ . അത് സൺഫ്ലവർ ഓയിൽ . ഒലിവു ഓയിൽ , കുറഞ്ഞ പക്ഷം വെളിച്ചെണ്ണ – ഇതിൽ ഉണ്ടാക്കിയത് ആയിരിക്കണം . കൂടെ ചിക്കൻ തിന്നാം . മീൻ തിന്നാം . രണ്ടോ മൂന്നോ ചെറിയ പീസ് . സാലഡ് കൂടെ കഴിച്ച ഒരു ആപ്പിളും കഴിച്ചാൽ ബാലൻസ്ഡ് ആയി . ഒരു പൊറോട്ട മതിയെ .

 

അപ്പൊ പറഞ്ഞു വന്നത് – പുട്ടു തിന്നാം . പുട്ടല്ല പ്രശ്നം . ദേ …..പുട്ട് എങ്ങനെ തിന്നുന്നു എന്നതാണ് .  ആക്രാന്തം മൂത്തു വാരി വാരി വിഴുങ്ങരുത് . അളവാണ് പ്രധാനം . കൂടെ എന്തൊക്കെ കഴിക്കുന്നു ? പൊതുവെ ആഹാര ക്രമം എങ്ങനെ ? ശരീര ഭാരം നിയന്ത്രണത്തിൽ ആണോ – ഇതൊക്കെ നോക്കണം .

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .