ക്രിസ്മസ് കഴിഞ്ഞെങ്കിലും ക്രിസ്മസ് ആശംസകൾ, ബ്രോസ് ആൻഡ് ബ്രീസ്. ക്രിസ്മസ് ആഘോഷിച്ചു തകർത്തു. നാട്ടിൽ തൃശൂരോക്കെ പോയി. അടിപൊളി.
നോക്കുമ്പോ നാട്ടുകാരൊക്കെ ഒരേ ക്രിസ്മസ് ആഘോഷം. ഞങ്ങടെ യേശുൻറ്റെ ക്രിസ്മസ് ഇവിടെ ഒരു സെക്കുലർ സംഭവം ആയത് പെരുത്ത് സന്തോഷം.
പക്ഷേ ഒരു കാര്യമുണ്ട്. ഞാൻ ഒക്കെ ആത്യന്തികമായി വെറും കപടനാണ്, ഇരട്ടത്താപ്പിൻ്റെ ആശാനുമാണ് ഗുയ്സ്.
ദൈവം ഉണ്ടോ എന്ന് എനിക്ക് അറിഞ്ഞൂടാ. എന്തെങ്കിലും ആത്യന്തിക അർത്ഥം മനുഷ്യജീവിതത്തിന് ഉണ്ട്- ഉണ്ടാവണം എന്ന ആശ കൊണ്ട് മാത്രം അങ്ങോരെ പോലെ എന്തെങ്കിലും ഉണ്ടാവണം എന്നാശ തോന്നാറുണ്ട്.
അത്രേ ഉള്ളു.
അൾത്താരയിൽ അച്ചൻ നേരെ കുടവയർ കാണിച്ചു നിന്നാലും മക്കം തിരിഞ്ഞു നിന്നാലും എനിക്ക്, വളരെ സിംപിൾ ആയി പറഞ്ഞാൽ, ഒരു തെങ്ങേടെ അത്രേം ഉള്ള റംബൂട്ട് ആണ്.
ഹിന്ദു പോലീസിന് പള്ളിയിൽ എന്ത് കാര്യം- എന്നൊക്കെ ചോദിക്കുന്ന ആളെ ഇരുട്ടത്ത് താപ്പിന് കിട്ടിയാൽ ചെകിട്ടത്ത് ടപ്പാ എന്ന് പൊട്ടിക്കാൻ ആണ് തോന്നുന്നത്.
ദൈവം ഉണ്ടെങ്കിൽ തന്നെ, പുള്ളി ക്രിസ്ത്യാനികളുടെ മാത്രം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല! ഏതെങ്കിലും ഒരു ഗ്രൂപ്പ് മാത്രം അങ്ങേരെ മുഴുവനായി മനസിലാക്കിയിരിക്കാൻ യാതൊരു സാദ്ധ്യതയുമില്ല!
എന്നാലും എനിക്ക് ഈസ്റ്റർ, ക്രിസ്മസ് ഒക്കെ ഇഷ്ടമാണ്! ഓണം വളരെ വളരെ ഇഷ്ടമാണ്.
അപ്പൊ നിങ്ങൾ ചോയ്ക്കും- ഓണം ഒരു സമുദായ ഉത്സവം ആണോ?
അടിസ്ഥാനപരമായി ആണ്. പക്ഷെ അത് ഇപ്പൊ നമ്മൾ എല്ലാരുടെയും ഉത്സവം ആണ്. ഭാവിയിൽ ഈദും ഒക്കെ അങ്ങനെ ആവും. പക്ഷേ നാട്ടുകാർ മൊത്തം കപട, ഇരട്ടത്താപ്പിൻ്റെ ആളുകൾ ആവണം!
അതൊക്കെ മോശല്ലേ?
ഏയ്. എന്ത് മോശം? എല്ലാ ആധുനിക ബഹുസ്വര സമൂഹങ്ങളിലും അങ്ങനെ ഒക്കെ ആണ്. പലതരം ഗ്രൂപ്പ് മനുഷ്യർ ഒരുമിച്ചു ജീവിക്കുമ്പോ എല്ലാ പാരമ്പര്യവും കളഞ്ഞ് എല്ലാരും പ്യുവർ യുക്തിവാദി ഒന്നും ആവാൻ പോകുന്നില്ല, പോകേണ്ട ആവശ്യവുമില്ല. എന്തിന്, ഞാൻ പലപ്പോഴും താപ്പിൽ നേരിട്ട് ചോദിച്ചിട്ടുണ്ട്- പുറമെ നല്ല വിശ്വാസികളും മതനിഷ്ഠ പുലർത്തുന്നവരുമായ ആളുകളോട്-
“ഇതെല്ലാം ഇങ്ങനെ തന്നെ ആണെന്ന് ഉറപ്പാണോ?”
പുരോഹിതരടക്കം മിക്കവരും പറഞ്ഞത് അവർക്ക് ഉറപ്പില്ല, എന്നാണ്!
അപ്പൊ അത് ഓക്കേ ആണ്. വേറെ ആളുകളെ കൊല്ലാനും തല്ലാനും പുറന്തള്ളി സൈഡാക്കാനും പറ്റിയ നയൻ വൺ സിക്സ് ആത്മാർത്ഥ മതബോധം, ജാതി, ഗ്രൂപ്പ് ബോധം കൊണ്ട് നടക്കാതെ ഇരുന്നാൽ മതി.
അപ്പൊ എന്തിനാണ് ഈ ഇരട്ടത്താപ്പ്? എല്ലാം അങ്ങോട്ട് തള്ളിക്കളഞ്ഞാ പോരെ?
അതിപ്പോ നമ്മൾ ഒക്കെ മനുഷ്യമ്മാര് അല്ലേ? സ്വന്തം അമ്മേം അപ്പനും ആണ് ലോകത്തെ ഏറ്റവും നല്ല അമ്മേം അപ്പനും എന്ന് എനിക്ക് പറയാല്ലോ. ഒരു സുഖം- ഒരു മനസുഖം. എന്റ്റെ അമ്മേടെ ബർത്ഡേയ്ക്ക് ഞാൻ നിങ്ങളെ വിളിക്കുന്നു. നിങ്ങളും ആഘോഷിക്കുന്നു. എൻ്റെ അമ്മയാണ് ലോകത്തെ ഏറ്റോം നല്ല ‘അമ്മ എന്ന എൻ്റെ വിചാരം എനിക്ക് മാത്രം ഉള്ള ഒന്നാണെന്നും എനിക്ക് പോലും അത് ശരിയല്ല എന്ന് അറിയാമെന്നും നിങ്ങൾക്കും അറിയാം.
നിങ്ങടെ അമ്മേടെ ബർത്ഡേയ്ക്ക് ഞാനും വരും. ആന്റിയെ ഞാൻ ചെറുപ്പം മുതൽ അറിയുന്നതല്ലേ? അത്രേ ഉള്ളു. (ജിമ്മി മാത്യു)
pic courtesy- Shijin