“പന്നികളെപ്പോലെ പെറ്റു കൂട്ടുക “
ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ തന്നെ , ആകെ ഒരു ഡാർക്ക് സീൻ ആണ് മനസ്സിൽ . ഈ ചരിത്രം എല്ലാരേയും പോലെ , പഠിച്ച് , അപ്പോൾ തന്നെ മറന്നാൽ ആ പ്രശ്നം ഇല്ല .
ഇതിപ്പോ എന്തോ – മനുഷ്യ മനസ്സിലേക്കുള്ള ഒരു ചൂണ്ടുപലക എന്ന രീതിയിൽ ചരിത്രത്തെ സമീപിക്കുമ്പോൾ ഉള്ള കുഴപ്പം ആകാം .
പണ്ട് ന്യൂസീലൻഡിനടുത്തുള്ള ചാതാം എന്ന ദ്വീപിൽ , മോറിയറി എന്ന് സ്വയം വിളിക്കുന്ന ഒരു ഗോത്രം ജീവിച്ചിരുന്നു . മെയിൻലാൻഡ് ന്യൂസിലാൻഡിൽ മാവോറി എന്ന ഗ്രൂപ്പും . നമ്മൾ കേട്ടിട്ടുണ്ട് . രണ്ടു പേരും പോളിനേഷ്യൻ ഒറിജിൻ ഉള്ളവർ . ഒറ്റ കുടിയിൽ ഉള്ളവർ . അഞ്ഞൂറ് വര്ഷം മുൻപ് ന്യൂ സീലൻഡിലും ഈ ദ്വീപിലും ഒന്നിച്ചു വന്നവർ . പക്ഷെ പിന്നെ, ഏതാനും നൂറ്റാണ്ടുകൾ തമ്മിൽ ബന്ധം ഇല്ല . അങ്ങനെ അവർ വേറെ ഗോത്രം ആയി . കപ്പലുകൾ ഉണ്ടാക്കാനുള്ള വിദ്യ അവർ മറന്നു പോയിരുന്നു .
1830 ഓടെ മാവോറികൾക്ക് എവിടെ നിന്നോ ഒരു യൂറോപ്യൻ കപ്പൽ കിട്ടി . പെട്ടന്ന് ഒരു ദിവസം, കുറെ എണ്ണം , ചാതാം ദ്വീപുകളിൽ വന്ന് ഇറങ്ങുകയാണ് സുഹൃത്തുക്കളെ .
“ഹലോ – സഹോദരങ്ങളെ , നമുക്ക് ഒന്ന് പരിചയപ്പെടാം !” എന്ന് മാവോറി നേതാവ് പറഞ്ഞോ ?
പറഞ്ഞില്ല . ആദ്യം കണ്ട ഒരു പന്ത്രണ്ട് വയസ്സുകാരിയെ തല്ലിയും വെട്ടിയും കൊന്ന് , കുന്തത്തിൽ സമുദ്ര തീരത്ത് കുത്തി നിറുത്തി . വെറുതെ – ഒരു തമാശക്ക് .
കുറച്ചു നല്ല ആയുധങ്ങൾ ഉണ്ട് മാവോറികൾക്ക് . ആകെ 2000 പേര് മാത്രം ഉള്ള മോറിയറികൾക്ക് ഒന്നുമില്ല . അവർക്ക് ആവശ്യം വന്നിട്ടില്ലല്ലോ .
ചകാ ചകാ എന്ന് ഒരു മാതിരി പകുതിയെയും കൊന്നു തള്ളി . അടിച്ചും വെട്ടിയും കൊന്നു . കുറ്റം പറയരുതല്ലോ -അഞ്ചു വയസ്സുള്ള കുഞ്ഞുങ്ങളെയും എഴുപത് വയസ്സുള്ള അമ്മാമ്മമാരെയും ഒരേ ക്രൂരതയോടെ കൊന്നു . ബാക്കി എല്ലാരേം അടിമകൾ ആക്കി .
കഴുത്തിൽ കയർ ഇട്ടു നടത്തി . സ്വന്തം ഭാഷ സംസാരിക്കുന്നതിൽ നിന്ന് വിലക്കി . അറിയാതെ അവരുടെ സ്വന്തം ഭാഷയിൽ കരഞ്ഞതിനു , പെണ്ണുങ്ങളെ കടൽത്തീരത്ത് ജീവനോടെ കുന്തങ്ങളിൽ കൊരുത്ത് കുത്തി നിർത്തി – മരിക്കുന്നത് വരെ .
അവരിൽ ഒരു പെണ്ണ് പോലും പ്രസവിക്കാൻ അവർ സമ്മതിച്ചില്ല . ബലാത്സംഗം കഴിഞ്ഞു , ഗർഭം ധരിച്ചാൽ അപ്പൊ അങ്ങ് കൊന്നേക്കും .
മോറിയറികളുടെ ദൈവങ്ങൾ ഉള്ള പ്രതിഷ്ഠകളിൽ അവരെ കൊണ്ട് തുപ്പിക്കുകയും , മല മൂത്ര വിസർജനം ചെയ്യിപ്പിക്കുകയും ചെയ്തു .
1860 ആയപ്പോഴേക്കും ചില യൂറോപ്പിൻകാർ ഇടപെട്ടു . അങ്ങനെ ആണ് കാര്യങ്ങൾ പുറം ലോകം അറിഞ്ഞത്. ബാക്കി ചുരുക്കം ചില മോറിയറികൾ ഉണ്ടായിരുന്നു .
“അവർ ഞങ്ങളെ , മൃഗങ്ങൾ , നികൃഷ്ട ജീവികൾ എന്നൊക്കെആണ് വിളിച്ചിരുന്നത് .” ഒരു മോറിയറി പറഞ്ഞു !!
എന്തായാലും ‘ഞാൻ ഒരു മോറിയറി”- എന്ന് പറയാൻ ഒരു ആണോ പെണ്ണോ കുഞ്ഞോ ഇല്ലാതായി . ഇപ്പോഴും ഇല്ല . ആ ഭാഷ സംസാരിക്കുന്ന ആരും ഇന്നില്ല .
ഈ ക്രൂരത ചെയ്ത മാവോരികളെയും , ഓസ്ട്രേലിയൻ ആദിവാസികളെയും യൂറൊപ്യൻമാർ ഇത് പോലൊക്കെ ചെയ്തു . ഇത്രേം ചെയ്തില്ല .
അതിനു മുൻപേ അമേരിക്കൻ ഇന്ത്യക്കാരെയും യൂറോപ്യൻമാർ മൃഗങ്ങൾ ആയി തന്നെ ആണ് കരുതിയത് .
സൗത്ത് അമേരിക്കയിലെ യാനോ മാമോ വർഗക്കാരെപ്പറ്റി പഠിക്കാൻ അവരുടെ ഒരു ഗോത്രത്തിലെ അംഗം ആയി കയറിയ ഒരു ഇംഗ്ളീഷുകാരൻ ഒരു യുദ്ധത്തെ പറ്റി വിവരിക്കുന്നുണ്ട് . ആ ഗോത്രം ജയിച്ചു .
“ആകെ മൊത്തം ഉത്സവ പ്രതീതി ആയിരുന്നു . ആണുങ്ങളും പെണ്ണുങ്ങളും നൃത്തം ചവുട്ടി . മറ്റേ ഗോത്രത്തിലെ ആണുങ്ങളെ ഒക്കെ കൊന്നു . ചിലരെ പിടിച്ചു കൊണ്ട് വന്നു അവയവങ്ങൾ ഓരോന്നായി ഛേദിച്ചു . ചിത്ര വധം ചെയ്തു . കുഞ്ഞുങ്ങളെ അമ്മമാരുടെ കൈയിൽ നിന്ന് പിടിച്ചു വാങ്ങി , കാലിൽ പിടിച്ച് , പാറയിലും , മരത്തിലും തല അടിപ്പിച്ച് , തലച്ചോർ ചിതറിച്ച് കൊന്നു . അമ്മമാർ കരഞ്ഞു കൊണ്ടിരുന്നു . ചെറുപ്പക്കാരികളായ പെണ്ണുങ്ങളെ മാത്രം അവർ കൊന്നില്ല .”
ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും മനുഷ്യർ കുറെ നന്നായി എന്ന് നമ്മൾ വിചാരിക്കുന്നു . ഇച്ചിരെ സത്യം ആണ് താനും . എങ്കിൽ പോലും , കഴിഞ്ഞ ഒരു നൂറ് – നൂറ്റമ്പത് കൊല്ലത്തേക്ക് ഒന്ന് ഓടിച്ചു നോക്കാം . യുദ്ധങ്ങൾ നമുക്ക് വിടാം . കൂട്ടക്കൊലകൾ മാത്രം എടുക്കാം .
മ്മ്ടെ സൗമ്യശീലരും മര്യാദ രാമന്മാരും ആയ ജാപ്പനീസ് കാർ , ചെയ്ത ക്രൂരതകൾക്ക് സമാനതകൾ ഇല്ല . ചൈനക്കാരെ ആണ് അവർ ആക്രമിച്ചത് . നാങ്കിങ് എന്ന നഗരം ആക്രമിച്ച് മൂന്ന് ലക്ഷം പേരെ ആണ് ഒറ്റയടിക്ക് കൊന്നത് . അതിന്റെ പത്തിരട്ടി പെണ്ണുങ്ങളെ പിച്ചി ചീന്തി .
ഒന്നാം ലോക മഹാ യുദ്ധത്തിന്റെ മറവിൽ , ടർക്കിയിൽ , ഭൂരിഭാഗം വരുന്ന മുസ്ളീം വിഭാഗത്തിന്റെ സഹായത്തോടെ , പതിനഞ്ചു ലക്ഷം അർമേനിയൻ വൻശജരെ കൊന്നു തള്ളി .
നാസികൾ , ഹിറ്റ്ലറിൻറെ കൂടെ കൂടിയ ജർമൻ ജനത (അങ്ങനെ തന്നെ ആണ് ) അറുപത് ലക്ഷം ജൂതന്മാരെ കൊന്നു . പത്തിരുപത് ലക്ഷം വേറെ- ജര്മന്കാര് അല്ലാത്ത വർഗക്കാരെ .
ഇന്ത്യൻ വിഭജനം – അങ്ങോട്ടും ഇങ്ങോട്ടും കൊല്ലൽ . ആറു ലക്ഷം മുതൽ അറുപത് ലക്ഷം വരെ . ശരിക്ക് കണക്ക് അറിയില്ല .
സ്വന്തം തോന്ന്യ വാസങ്ങൾക്ക് എതിര് നിന്ന ആളുകളെ ആണ് മാവോയും സ്റ്റാലിനും കൊന്നത് . അതിൽ സ്റ്റാലിൻ , റഷ്യക്കാർ അല്ലാത്ത ന്യൂനപക്ഷങ്ങളെ കൊല്ലുന്നതിൽ മിടുക്കൻ ആയിരുന്നു . റഷ്യൻ ഭാഷ അറിയാത്തവരെയും പുള്ളി കൊന്നു .
സ്കോർ – സ്റ്റാലിൻ – എഴുപത് ലക്ഷം . മാവൊ – അൻപത് ലക്ഷം .
1975 – പോൾ പോട്ട് – ഇരുപത് ലക്ഷം . ആ ചെറിയ രാജ്യത്തെ മൂന്നിലൊന്ന് ആളുകളെ കൊന്നു തള്ളി .
പിന്നെ ബോസ്നിയയിൽ . ഓർത്തോഡക്സ് ക്രിസ്ത്യാനികൾ ആയ സെർബുകൾ , മുസ്ലീങ്ങൾ ആയ ബോസ്നിയക്കുകളെ ആണ് പ്രധാനമായും കൊന്നത് . രണ്ടു ലക്ഷം . ബലാത്സംഗം – ഇരുപതിനായിരം . 1992 ൽ. പ്രൊപ്പഗാണ്ട സമർത്ഥമായി ഉപയോഗിച്ച് , സെർബുകൾ . ബോസ്നിയക്കുകൾ സെർബുകളെ സിംഹങ്ങൾക്ക് തീറ്റയായി കൊടുക്കുന്നു എന്നായിരുന്നു ഒരു വ്യാജ വാർത്ത .
ഏറ്റവും അവസാനത്തെ കണക്കെടുപ്പ് കഴിഞ്ഞ ഭീകര കൂട്ടക്കൊല , റുവാണ്ടയിൽ ആണ് . ഭൂരിഭാഗം വരുന്ന ഹുട്ടു വർഗക്കാരെ സർക്കാർ 1990 മുതൽ റേഡിയോ വഴി ഒക്കെ പ്രൊപ്പഗാണ്ട കൊടുത്ത് , മാനസികമായി തയാറാക്കി എടുക്കുക ആയിരുന്നു . ടുട്സി വർഗക്കാരായ ന്യൂനപക്ഷത്തെ പന്നികളോടും , പുഴുക്കളോടും ഉപമിച്ചു .
ഗുണം ഉണ്ടായി . 1994 ൽ ആണ് കൊല്ലൽ തുടങ്ങിയത് . അത്രയും കാലം തോളത്ത് കൈ ഇട്ട് നടന്നിരുന്ന സ്വന്തം അയൽക്കാർ ആണ് കൊന്നു തുടങ്ങിയത് എന്ന് ദൃക്സാക്ഷികൾ പറയുന്നു . വെട്ടുകത്തി , വടി എന്നിവ ഉപയോഗിച്ച് അടിച്ചും വെട്ടിയും ആയിരുന്നു കൊല്ലൽ . എട്ട് ലക്ഷം പേരെ ഏതാനും മാസങ്ങൾ കൊണ്ട് കൊന്നു.(ഫോട്ടോ ) . അഞ്ചു ലക്ഷം പേരെ ബലാത്സംഗം ചെയ്തു . എച് ഐ വി ബാധിച്ച ഹുട്ടു ആണുങ്ങളെ കൊണ്ട് ബലാത്സംഗ സ്ക്വടുകൾ ഉണ്ടാക്കി . അങ്ങനെ ലക്ഷക്കണക്കിന് ടുട്സി സ്ത്രീകൾ പിന്നീട് എയ്ഡ്സ് ബാധിച്ചു മരിച്ചു .
പിന്നെ ഈയടുത്ത് , നാരകീയ പ്രത്യയ ശാസ്ത്രം കൊണ്ട് വന്ന ഐ സ് ഐ സ് ന്റെ പരാക്രമങ്ങൾ നമ്മുടെ ഓർമയിൽ ഉണ്ടല്ലോ .
അതായത് – നമ്മൾ പണ്ടേ ഈ സംസ്കാര , അഹിംസയുടെ ആളുകൾ ആണ് . ടോളറൻസ് ആണ് എന്നൊന്നും പറയല്ലേ . നമ്മൾ ഒക്കെ മനുഷ്യർ ആണ് . തിന്നും , വിസര്ജിക്കും . തുമ്മും , ചീറ്റും . സ്നേഹിക്കും . ഉമ്മ വയ്ക്കും. അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കും . അന്യ മനുഷ്യന് വേണ്ടി ജീവൻ വരെ ചിലപ്പോൾ ത്യജിക്കും .
പക്ഷെ , ചില പ്രത്യേക ബട്ടണുകൾ അമർത്തിയാൽ , കൊല്ലും , പീഡിപ്പിക്കും . ബലാത്സംഗം ചെയ്യും . കൂട്ടത്തോടെ വേറെ മനുഷ്യരെ ഉന്മൂല നാശം ചെയ്യാൻ മടിക്കയില്ല . ഈ സ്വഭാവത്തെയും മുതലാക്കാൻ ചിലർ ശ്രമിക്കും .
അത് കൊണ്ട് തന്നെ എനിക്ക് പേടിയുണ്ട് . സ്വയം നിയന്ത്രിക്കാൻ നമുക്ക് പറ്റിക്കൊള്ളണം എന്നില്ല . ഇപ്പോൾ നമ്മൾ കാണുന്ന മനുഷ്യത്വ ഭാവങ്ങൾ , നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കനത്ത വന്യതയുടെ പുറമെ ഉള്ള ഒരു മെയ്ക്ക് അപ്പ് ആണ് . അറിവിന്റെയും , യുക്തിയുടെയും , നന്മയുടെയും , എല്ലാ മനുഷ്യരും നമ്മെപ്പോലുള്ള ജീവികൾ ആണെന്നുള്ള പുതുതായി ഉണ്ടായ ബോധത്തിന്റെയും മെയ്ക്ക് അപ് . ഇത് മാച്ചു കളയാൻ അധികം പാടൊന്നും ഇല്ല .
എളുപ്പമാണ് എന്ന് വേണം പറയാൻ .(ജിമ്മി മാത്യു )