“തൊമ്മൻ മുറുകുമ്പോൾ ചാണ്ടി അയയും”- ഇതാണ് നെഗറ്റിവ് ഫീഡ്ബാക്ക് ലൂപ്പ്. പ്രകൃതിയിൽ സ്ഥിരതയുള്ള ഏത് മെക്കാനിസത്തിലും ഉള്ളതാണ് അവ. മനുഷ്യശരീരത്തിൽ ഒക്കെ നിറച്ചും ഇവയുണ്ട്.
ഉദാഹരണത്തിന്, മൂന്ന് ലഡു ഒന്നിച്ചു വിഴുങ്ങിയാൽ രക്ത പഞ്ചസാര ടപ്പോ എന്ന് കേറുന്നു. ഇതിന്റെ ഉയർച്ച പാൻക്രിയാസിലെ അയലെറ്റ് സെല്ലുകൾ അറിഞ്ഞ ഉടനെ ഇൻസുലിൻ ചാമ്പി വിടുകയായി. കുറെ ഏറെ ബൈയോകെമിക്കൽ റിയാക്ഷനുകൾ ചറപറാ സ്പീഡിൽ ആവുന്നു; പഞ്ചസാരയെ കത്തിക്കുന്നു, കുറെ കൊഴുപ്പ് ആക്കി മാറ്റുന്നു. ഫലം- ഷുഗർ കുറയുന്നു.
ഭൗമ ശാസ്ത്രത്തിലും ഇത് പോലെ ഒരുപാടുണ്ട്. ഇവ ഇല്ലാതെ പറ്റില്ല.
പോസിറ്റീവ് ഫീഡ് ബാക്ക് ലൂപ്പുകൾ ഉണ്ട്. തൊമ്മൻ മുറുകുമ്പോ ചാണ്ടിയും മുറുകും! അങ്ങനെ മുറുക് കൂടി കൂടി വരും. ഒരു ലക്കും ലഗാനുമില്ലാതെ അതങ്ങനെ പായും. പ്രകൃതിയിലും അവയുണ്ട്. പക്ഷെ അതിന് ബ്രെക് ഇടാനും പ്രകൃതിക്കറിയാം. ഇല്ലേൽ പണി കിട്ടും.
പോസിറ്റീവ് ഫീഡ്ബാക്കിന് പൊതുവെ പറയുന്ന പേരാണ് വിഷ്യസ് സൈക്കിൾ അഥവാ വിഷമവൃത്തം. ക്രൂര വട്ടം എന്നും പറയാം. എവിടെയെങ്കിലും ഇടിച്ച് സർവവും നശിപ്പിച്ചിട്ടേ അത് നിക്കു.
mods പോലുള്ള ചില അവസ്ഥകളിൽ ആൾ ചാവും വരെ ക്രൂര വട്ടം കറങ്ങിക്കൊണ്ടിരിക്കും.
സമൂഹത്തിൽ വിദ്വേഷം പടരുമ്പോ, പരിഷ്‌കൃത മനുഷ്യ കൂട്ടങ്ങളിൽ സമുദായനേതാക്കൾ പലപ്പോഴും അത് തണുപ്പിക്കാൻ ശ്രമിക്കും. മുകളിൽ ഉള്ള സർക്കാർ തീർച്ചയായും അതിനു ശ്രമിക്കും. നെഗറ്റീവ് ഫീഡ്ബാക്ക് കൊടുത്തേ പറ്റൂ.
ചില അവസരങ്ങളിൽ, പ്രത്യേകിച്ച് മുകളിൽ നിന്ന് തന്നെ വെറുപ്പ് ഉദ്പാദിപ്പിച്ച് വിടുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. താഴെ അതിനനുസരിച്ച് അത് കൂടും. അപ്പോൾ മുകളിൽ നിന്ന് പിന്നെയും.
കുട്ടികൾ അടക്കം കൊലവിളി നടത്തും. പുരോഹിതർ ചോരക്ക് ഉദ്ഘോഷിക്കും. അണികൾ അത് ചിന്തും. രാഷ്ട്രീയക്കാർ കുടിക്കും. ഇതിനൊന്നും ഒരു അവസാനം ഇല്ലേ?
ആവോ. അറിയില്ല.
(ജിമ്മി മാത്യു)