ബാഗ്രൗണ്ട് എന്താണെന്ന് വച്ചാൽ, ഇന്ത്യ നെഹ്റു ഭരിക്കുന്നു – സുന്ദരൻ ജനാധിപത്യം (നമ്മുടെ ഉള്ളത് വച്ച് എത്ര പറ്റുമോ , അത്രേം . പറ്റുന്നതല്ലേ പറ്റൂ . പറ്റാത്തത് പറ്റില്ലല്ലോ .)
ചൈന ചൗ ചൗ ചൗ .
ഛെ – ചൗ എൻ ലായി ഭരിക്കുന്നു – സുന്ദര സുരഭില കമ്മ്യൂണിസ്റ്റ് രാജ്യം . അതായത് , സുന്ദരമായ ഏകാധിപത്യ ഭരണം . അതോറിറ്റേറിയൻ .
പക്ഷെ നെഹ്രു – ജനാധിപത്യ ഐഡിയലിസ്റ്റ് . അമേരിക്ക , പാശ്ചാത്യ ശക്തികൾ ഒക്കെ പുള്ളിക്ക് ചതുർത്ഥി . കുറ്റം പറയാൻ പറ്റില്ല . കാരണം ഉണ്ടല്ലോ . അത് കൊണ്ട് ചേരി – ചേരാ നയം . പക്കേങ്കി – സോവിയറ്റു യൂണിയനോട് നല്ല മതിപ്പ് . റഷ്യ പാവാടാ . എന്തരോ ഒരു അട്രാക്ഷൻ . ഇപ്പൊ ആളുകൾ നെഹ്രൂനെ കമ്മ്യൂണിസ്റ്റ് ആക്കും . പക്ഷെ അന്നത്തെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർക്ക് നെഹ്രു സാമ്രാജ്യത്ത ഭീകരൻ ! എന്താല്ലേ .
ചൈനയോട് നെഹ്രു – “നമ്മൾ ഗെഡികൾ അല്ലേ – ഹിന്ദി ചീനി ഭായി ഭായി ” . നമ്മൾ പുതിയ രാജ്യങ്ങൾ . അമേരിക്കയെയും യൂറോപ്പിനെയും നമുക്ക് കാണിച്ചു കൊടുക്കണം . അതാണ് .
വി കെ കൃഷ്ണ മേനോൻ – മലയാളി . നല്ല ഇടതു പക്ഷക്കാരൻ . അമേരിക്കയുടെ ബദ്ധശത്രു . നെഹ്റുവിന്റെ വലം കൈ . പ്രധാന സമയത്ത് പുള്ളിയാണ് പ്രതിരോധ മന്ത്രി . പ്ലീസ് നോട്ട് ദിസ് പോയിൻറ്റെ . പല രീതിയിലും അത്ര വെടിപ്പല്ല കക്ഷി .
അങ്ങനെ അൻപതുകൾ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്നു . 1957 ലേ ഒക്കെ പ്രശ്നങ്ങൾ തുടങ്ങി . ചൈന സിങ്കിയാങിൽ നിന്ന് ടിബത്തിലേക്ക് ഒരു ആറ്റൻ റോഡ് ഉണ്ടാക്കി .
ഈ റോഡ് ഉണ്ടാക്കൽ ആണ് സാറേ ഇവരുടെ ഒരു മെയിൻ . കണ്ണ് തെറ്റിയാൽ റോഡ് ഉണ്ടാക്കും .
പിന്നെ നോക്കിയപ്പോ – അതാ , ചൈനീസ് മാപ്പുകളിൽ ഒരു തിരുത്ത് ! കുറെ ഇന്ത്യൻ സ്ഥലം അവരുടെ ആണെന്ന് .
ഈ മാപ്പ് തിരുത്ത് ആണ് സാറേ , അവരുടെ വേറെ ഒരു മെയിൻ . റോഡും മാപ്പും ചേർന്നാൽ ഓർത്തോ – കോപ്പ് !! പോക്ക് ശരിയല്ല .
നെഹ്രുവും ചൗ വും അങ്ങോട്ടും ഇങ്ങോട്ടും ലവ് ലെറ്റേഴ്സ് കൈമാറി . എഴുത്ത് തന്നെ എഴുത്ത് . ദെന്തൂട്ടാഡോ താൻ ഇങ്ങനെ , – അത് പിന്നെ അങ്ങനല്ല , മക് മോഹൻ ലൈൻ ഞങ്ങക്ക് ഇഷ്ടപ്പെട്ടില്ല . അങ്ങനെ കൊറേ എഴുതി .
അങ്ങനെ കാര്യങ്ങൾ നല്ല അവതാളത്തിൽ ഇരിക്കുമ്പോഴാണ് അടുത്ത പ്രശ്നം .
സിംപിൾ ആയി , അഞ്ചാറ് ലക്ഷം ചൈനീസ് പട്ടാളക്കാർ തിബത്ത് കേറി അങ്ങ് കൈയടക്കി – ജസ്റ്റ് ലൈക് ദാറ്റ് ! ഉടൻ പുറകെ പത്തമ്പത് ലക്ഷം ഹാൻ ചൈനീസ് വംശജരെ അവടെ കുടിയേറ്റി ഇരുത്തി . അവരാണല്ലോ അവിടെ മെയിൻ . തിബത്തൻ ബുദ്ധിസത്തെ ഒക്കെ പുച്ഛിച്ചു . ദലൈ ലാമയെ വിലയില്ല . തനത് സംസ്കാരത്തെ കൊല്ലാൻ നോക്കി . ഭീകര അടിച്ചമർത്തൽ . പുതിയ കാര്യം ഒന്നുമല്ല . അധിനിവേശ സാമ്രാജ്യത്വ ശക്തികൾ സ്ഥിരം ചെയ്യുന്ന കാര്യങ്ങൾ – അത്രേ ഉള്ളു .
തിബത്തുകാർ സംഘടിച്ചു , ശക്തമായി തിരിച്ചടി തുടങ്ങി . ആകെ കച്ചറ . അപ്പൊ പെട്ടന്ന് ചൈന , ദലൈ ലാമയെ പീക്കിങ്ങിലേക്ക് ക്ഷണിച്ചു – ഒരു സ്നേഹ സംഭാഷണത്തിന് !
കേട്ടത് പാതി , ദലൈ ലാമ ഒറ്റ ഓട്ടം ആയിരുന്നു . 1959 ൽ. ഹിമാലയം ചാടിക്കടന്ന് ആസാമിലെ ദിസ്പൂരിൽ എത്തി . പുള്ളിക്കറിയാം , ചൈനേടെ കാര്യം . പീക്കിങ്ങിൽ പോയാൽ , പിന്നെ തിരിച്ചു വരാൻ പറ്റില്ല ! നല്ല വിശ്വസിക്കാവുന്ന കൂട്ടങ്ങൾ ആണേ . അതാണ് .
ദലൈ ലാമയെ നെഹ്റു നേരിട്ട് കണ്ടു . അഭയം നൽകി . ഇന്ത്യയിലെ ആളുകളും പുള്ളിയെ ആരവത്തോടെ എതിരേറ്റു . പോരെ പൂരം ! ഇതിനെ ചൈന അവരോടുള്ള ഒരു ആക്രമണം ആയി തന്നെ അവർ കണ്ടു .
ചൈനയുടെ അഭിപ്രായത്തിൽ തിബത്തിൽ നടക്കുന്നത് , “അമേരിക്കൻ സാമ്രാജ്യത്ത ശക്തികളുടെ സഹായത്തോടെ , തിബത്തിലെ മുതലാളിത്ത ശക്തികൾ” ചൈനക്കെതിരെ നടത്തുന്ന ഒരാക്രമണം ആണ് ! അതിനെ ആണ് ഇന്ത്യ പിന്തുണക്കുന്നത് !
ഇവിടെ , ജയപ്രകാശ് നാരായൺ , അടൽ ബിഹാരി വാജ്പേയി , ആചാര്യ കൃപലാനി എന്നിവരുടെ നേതൃത്വത്തിൽ ഭയങ്കര കച്ചറ ! ചൈന നീതി പാലിക്കുക ! തിബത്ത് പാവാടാ ! അമേരിക്കയോട് പറഞ്ഞ് , തിബത്തിനെ മോചിപ്പിക്കണം !
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി താത്വികമായ മൗനം പാലിച്ചു . ദേശ സ്നേഹത്തിന്റെ കുറവ് കൊണ്ടല്ല കേട്ടോ – എന്തോ ഒരു സന്ദേഹം . അത്രേ ഉള്ളു .
അതിനിടെ കുറെ ഇന്ത്യൻ സമരക്കാർ മാവോയുടെ ഒരു ഫോട്ടോ വച്ചിട്ട് അതിനെതിരെ മുദ്രാവാക്യം വിളിച്ച് പ്രാർത്ഥിക്കുകയും ചീമുട്ട , തക്കാളി മുതലായ വിശിഷ്ട വസ്തുക്കൾ എറിഞ്ഞു നേദിക്കയും ചെയ്തു . ഹോ ! ദൈവ ദോഷം . അതോടെ ഗമ്പ്ലീറ്റ് പ്രശ്നം .
അപ്പൊഴൊക്കെ ആർമി ചീഫ് തിമ്മയ്യ ആണ് . അങ്ങേര് നല്ല ഉശിരൻ . പുള്ളി പറഞ്ഞു – “ഡോ മേന് നേ – പ്രശ്നട്ടോ . ആ അമേരിക്കയോട് പറഞ്ഞു കുറെ നല്ല തോക്ക് സംഘടിപ്പിക്ക് . ആ പാകിസ്ഥാൻ ബോര്ഡറില് നിന്ന് പട്ടാളക്കാരെ ഒക്കെ ചൈന ബോര്ഡറില് എത്തിക്കണം .
” ഒന്ന് പോടോ ഹേ “- എന്ന് വി കെ കൃഷ്ണ മേനോൻ , പ്രതിരോധ മന്ത്രി !
അവർ തമ്മിൽ നല്ല അടി !
ഇതിനിടെ നമ്മുടെ കുറെ പട്ടാളക്കാരെ ചൈനക്കാർ കൊന്നു . ബോര്ഡറില് സംഘർഷം . നമ്മുടെ കുറച്ചു സ്ഥലം ചൈന കയ്യേറുകയും ചെയ്തു .
നെഹ്രുവും ചൗ വും കുറെ സംസാരിച്ചൊക്കെ നോക്കി . ഒരു രക്ഷയുമില്ല .
കൃഷ്ണ മേനോനെ മാറ്റണം എന്ന് പറഞ്ഞു ഇന്ത്യ മൊത്തം ആളുകൾ ബഹളം . എന്റെ ചങ്കിനെ മാറ്റൂല്ല എന്ന് നെഹ്രുവും .
ചൈനയെ പാഠം പഠിപ്പിക്കണം ! ഇന്ത്യ മൊത്തം ഇളകി . എങ്ങനെ ?
അപ്പോഴേക്കും തിമ്മയ്യ റിട്ടയർ ചെയ്തിരുന്നു : അന്ന് തിമ്മയ്യ പറഞ്ഞത് :
“ഇന്ത്യയെ ക്കാൾ പതിന്മടങ്ങ് ശക്തൻ ആണ് തല്ക്കാലം ചൈന . കോംപ്രമൈസ് ആണ് നല്ലത് . അല്ലെങ്കിൽ അമേരിക്കയോട് അടുക്കണം .”
നെഹ്റുവിന് രണ്ടും പറ്റിയില്ല . കോംപ്രമൈസ് ചെയ്താൽ ജനം അയ്യേ എന്ന് പറയും . അമേരിക്ക – ഛായ് ! അത് നമുക്ക് പറ്റൂല്ല . ചേര . ഓർമയില്ലേ ? ചേരി – ചേര . അതാണ് .
നമ്മൾ പതിയെ യുദ്ധത്തിന് കോപ്പ് കൂട്ടി .
1962 ആണ് കേട്ടോ . ഹോ . ഒരൊറ്റ വരവായിരുന്നു . മെഷീൻ ഗണും ആർട്ടിലറി സപ്പോർട്ടും ഒക്കെ ആയി ചൈനീസ് സൈന്യം ആഞ്ഞടിച്ചു . നമ്മുടെ പട്ടാളക്കാർ . കുറെ ധീരതയോടെ തടുത്തു . പക്ഷെ രക്ഷയില്ല . ആയുധങ്ങൾ പോരാ . തയ്യാറെടുപ്പ് പോരാ . ഒരു ആഴ്ച അവർ കുറെ കേറി വന്നു . പിന്നെ നിന്നു .
ചൈനയിൽ നിന്ന് വീണ്ടും : “ഇവിടെ നിർത്തിയാലോ ?”
പറ്റൂല്ലെന്നു നമ്മൾ . ങ്ങാഹാ . പിന്നേം അവർ ഒറ്റ വരവ് . ആസാം ഒക്കെ കേറി അങ്ങ് മേഞ്ഞു . ദിസ്പൂർ വരെ വന്നു . കളക്ടർ ഒക്കെ ഓടിത്തള്ളി .
അപ്പോഴേക്കും നമ്മുടെ കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കം ചൈനക്ക് എതിരായി . നെഹ്റു അമേരിക്കൻ സഹായം അഭ്യർത്ഥിച്ചു . നാറ്റോ പടക്കോപ്പുകൾ എത്തിത്തുടങ്ങി .
വന്ന പോലെ ചൈന തിരിച്ചു പോയി . കുറച്ചു സ്ഥലം അവർ പിടിച്ചു വച്ച് .
എന്താണ് പിൻവാങ്ങാൻ കാരണം ? അതും നമുക്ക് വ്യക്തമായി അറിയില്ല .
ഇതാണ് നമ്മൾ ശരിക്കും തോറ്റ ഒരു യുദ്ധം . നെഹ്റു ഏറെ പഴി കേട്ട ഒരു യുദ്ധം ആണ് . പക്ഷെ ഈ തോൽവി ഒഴിവാക്കാൻ പറ്റുന്നത് ആയിരുന്നു എന്ന് മിക്ക ചരിത്രകാരന്മാരും വിശ്വസിക്കുന്നില്ല .
അന്ന് , നമ്മുടെ അഞ്ചു മടങ്ങെങ്കിലും സൈനീകപരമായി ശക്തമാണ് ചൈന . വേറെ ഒത്തിരി അനുകൂല ഘടകങ്ങൾ ചൈനക്ക് ഉണ്ടായിരുന്നു . ചൈനയോട് മൃദു സമീപനം എടുക്കാനാവാത്ത വിധം ഇന്ത്യൻ പൊതുബോധം ഇളകിയിരുന്നു . ഇത് നമുക്കും ഒരു പാഠം ആണ് .
ശീത യുദ്ധ കാലത്ത് ഒരു അമേരിക്കൻ അനുകൂല ശക്തി ആവുന്നത് ചിലപ്പോ നന്നായി തിരിച്ചടിച്ചേനെ .
ആകെ നെഹ്റുവിനെ കുറ്റപ്പെടുത്താവുന്നത് , ചൈനയെ ആദ്യം പ്രീണിപ്പിക്കാൻ ശ്രമിച്ചു , പരാജയപ്പെട്ടു എന്നതാണ് . പിന്നെ ചൈന ഇത്രയും വലിയ ഒരു ഭീഷണി ആണെന്ന് നമ്മൾ മനസ്സിലാക്കിയില്ല എന്നതും . അത് നമ്മൾ ഇപ്പോഴും ചെയ്തിട്ടുണ്ടോ ? പിന്നെ വി കെ കൃഷ്ണ മേനോനെ അതിയായി സ്നേഹിച്ചു എന്ന കുറ്റം . അത് ഇല്ലായിരുന്നെങ്കിൽ എന്ത് മാറ്റം വന്നേനെ ? വ്യക്തമല്ല .
പക്ഷെ ചില വസ്തുതകൾ അവശേഷിക്കുന്നു :
– ചൈന ഒരു ഏകാധിപത്യ രാഷ്ട്രം ആണ് – അപകടകാരി.
-ഇന്ന് ലോകത്തിൽ ഒരു സാമ്രാജ്യത്ത അധിനിവേശ ശക്തി ഉണ്ടെങ്കിൽ , അത് ചൈന ആണ് . (അതിന്റെ ഒറിജിനൽ അർത്ഥത്തിൽ )
– ഒരു ജനാധിപത്യ , ലിബറൽ ശക്തികളുടെ സഖ്യവും , ചൈനയും തമ്മിൽ ഉള്ള ഒരു രണ്ടാം ശീത സമരം ആയിരിക്കാം , ഇനി നാം കാണാൻ പോവുന്നത്
– 1950 ൽ സർദാർ പട്ടേൽ പറഞ്ഞത് സത്യമാണ് : “ചൈനയുടെ കമ്മ്യൂണിസം വെറും അതിദേശീയതാ വാദം ആണ് . വേറൊന്നുമല്ല “
-ഇന്ത്യയുടെ യഥാർത്ഥ വെല്ലുവിളി ചൈനയാണ് – മറ്റാരുമല്ല . അങ്ങനെ എളുപ്പത്തിൽ യുദ്ധം ചെയ്തു അവരെ തോൽപ്പിക്കാനും ആകില്ല . ദീർഘ വീക്ഷണം ആണ് വേണ്ടത് .
(ജിമ്മി മാത്യു )