ഇടയ്ക്കിടെ നേതാക്കൾ ഒക്കെ യൂണിവേഴ്സിറ്റികൾ ഒതുക്കുക, ശാസ്ത്രജ്ഞരെയും പ്രഫസർമാരെയും ഒക്കെ ആക്രമിക്കുക ഒക്കെ ചെയ്യുമ്പോ നമ്മൾ കൂറാറുണ്ട്. അയ് മീൻ, അദ്‌ഭുതം കൂറാറുണ്ട്.
എന്തിന്? ഇതൊക്കെ സ്ഥിരം സംഭവമല്ലേ.
12 മുതൽ പത്തൊൻപതാം നൂറ്റാണ്ടു വരെ ക്രിസ്തവ സഭകൾ ചെയ്തത് പിന്നെന്താ? ഒരു പതിമൂന്നാം നൂറ്റാണ്ടു തൊട്ടിങ്ങോട്ട് ഇസ്ലാമിക രാജ്യങ്ങൾ ചെയ്തതെന്താ? അതൊക്കെ പോട്ടെ, നമുക്ക് കഴിഞ്ഞ നൂറ്റാണ്ട് മാത്രം നോക്കാം:
എന്തിന്, മക് കാർത്തി എന്ന അലവലാതി ഇപ്പറഞ്ഞ അമേരിക്കയിൽ വല്യ ആളായിരുന്നപ്പോ കമ്മ്യൂണിസ്റ്റ് വേട്ട എന്നും പറഞ്ഞ് ആയിരക്കണക്കിന് ആളുകളെയാണ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് കൊല്ലാക്കൊല ചെയ്തത്. നൂറു കണക്കിന് നിർദോഷികളെ ജെയിലിൽ ഇട്ടു. പലരെയും നാട് കടത്തി. മിക്കവരും ടീച്ചർമാരും പ്രൊഫസര്മാരും ഒക്കെ ആയിരുന്നു.
സെയർ എന്ന ആഫ്രിക്കൻ രാജ്യത്തെ ഏകാധിപതി ആയിരുന്നു മോബിട്ടു സെസെ സീക്കോ. “ഉയർന്ന വിദ്യാഭ്യാസം” ഒരു കുറ്റമാക്കി പുള്ളി. വല്യ ഡിഗ്രി ഒക്കെ ഉള്ളവരെ, വിവരം ഉള്ളവരെ, പല ഭാഷകൾ അറിയുന്നവരെ ഒക്കെ അങ്ങോർ കൊന്നു തള്ളി. കുറെ എണ്ണത്തിനെ ജെയിലിൽ ഇട്ടു. വേറെ കുറെ ആൾക്കാരെ പുറത്താക്കി. കണ്ണാടി വെച്ചവരെ നോട്ടമിട്ടു ശിക്ഷിച്ചു; ചിലരെ കാലപുരിക്കയച്ചു. കണ്ണാടി, വിവരത്തിന്റെ ചിഹ്നം ആണല്ലോ, ഏത്?
ഉഗാണ്ടയിലെ ഇദി അമീൻ ആരുന്നു ഇത് പോലത്തെ വേറൊരു പുള്ളി. യൂണിവേഴ്സിറ്റികൾ മൊത്തം അങ്ങോർ അടച്ചു പൂട്ടിച്ചു. പ്രഫസര്മാരെ മുതലകൾക്ക് തീറ്റ ആയി എറിഞ്ഞു കൊടുത്തു. മണ്ടന്മാരെ സ്നേഹിച്ച ഒരു ഭീകരൻ ആയിരുന്നു അദ്ദേഹം.
പതിനൊന്നു മീശയുള്ള ജർമ്മൻ ഉണ്ടല്ലോ. പേരെന്തുവാ മക്കളെ? ങാ. എച് അയ് ടി ടി എൽ ഇ ആർ. പുള്ളീടെ കാര്യം ഒന്നും പറയണ്ട. ജൂതന്മാരെ നോട്ടമിടാൻ തന്നെ ഒരു കാരണം അവർ വിവരം ഉള്ളവർ ആണെന്നുള്ളതായിരുന്നു. 1933ൽ ബെർലിനിൽ ഒറ്റ രാത്രി കൊണ്ട് 25000 പുസ്തകങ്ങൾ ആണ് കത്തിച്ചു കളഞ്ഞത്. ഫ്രോയിഡ്, എയ്ൻസ്റ്റീൻ, ഹെമിങ്‌വേ ഒക്കെ കത്തിച്ചു. ഹെലൻ കെല്ലറുടെ പുസ്തകങ്ങളും കത്തിച്ചു. “അഴിമതിക്കും അന്യായത്തിനും എതിരെ!!” – തീയുടെ ചുറ്റും കൂടിയ ജനക്കൂട്ടം ആക്രോശിച്ചു. നോക്കണേ- പേന എടുത്ത ഒരു ബധിരയും മൂകയും അന്ധയുമായ ഒരു സ്ത്രീയെ വരെ അവർ പേടിച്ചു.
കണ്ണട ഉള്ള ആളുകളെ ആദ്യം തന്നെ തെരഞ്ഞു പിടിച്ചു തീർത്തു കളഞ്ഞ ഒരു മനുഷ്യൻ ആയിരുന്നു കംബോഡിയയുടെ പോൾ പോട്ട്. ആയിരക്കണക്കിന് കണ്ണട ധാരികളെ ‘പുസ്തകം വായിക്കുന്നവർ’ എന്ന കുറ്റം ചാർത്തി ഇല്ലാതാക്കി. കോളേജുകൾ തീർത്തും ഇല്ല. ചെറുതായി പതിനേഴു ലക്ഷം പേരെ ആണ് അങ്ങോർ മറ്റേ സ്ഥലത്തേക്ക് പറഞ്ഞു വിട്ടത്- കാലപുരി. രാജ്യത്തെ മൂന്നിലൊന്നു പേരെ. മണ്ടന്മാരെ സ്നേഹിച്ച ഒരു മണ്ടൻ. ഭീകര മണ്ടൻ. ക്രൂര മണ്ടൻ. ഗൊ…..ലയാളി മണ്ടൻ.
പിന്നെ നമ്മുടെ മാവോ ഒക്കെയുണ്ട് മോനേ. സാംസ്‌കാരിക വിപ്ലവം എന്ന് പറഞ്ഞ് ചെറു വിദ്യാർത്ഥികളെ കൊണ്ട് പ്രഫസര്മാരെയും ടീച്ചർമാരെയും പീഡിപ്പിക്കുകയായിരുന്നു. കുറെ പേരെ നാട്ടിലൂടെ നടത്തിച്ചു, പരസ്യമായി ചാട്ടക്കടിപ്പിച്ചു, മലം തീറ്റിച്ചു- അവസാനം കാലപുരിക്ക് വിസ എടുത്തു കൊടുക്കുകേം ചെയ്തു.
സ്റ്റാലിന്റെ ഗ്രേറ്റ് പർജ് ആരും മറന്നിട്ടില്ലല്ലോ? കുറെ ഏറെ ശാസ്ത്രജ്ഞരെയും ടീച്ചർമാരെയും ഒക്കെ കാണാണ്ടായി കേട്ടോ. എന്താണെന്നറിയില്ല. കുറെ പേര് സൈബീരിയൻ ജെയിലിൽ കിടന്നിട്ട് കാലപുരിക്ക് പോയി. കുറെ അധികം പേര് നേരിട്ടും. ജനറ്റിക്സ് എന്ന ശാസ്ത്രശാഖ തന്നെ നിരോധിച്ചു! ലൈസെൻകോവിനെ ഒന്നും ആരും മറന്നിട്ടില്ലല്ലോ? ഒരക്ഷരം മിണ്ടാൻ പാടില്ല, എന്നാലും……
ചിന്ത, വിവരം, ബുദ്ധി, വിശകലനം, പുസ്തകങ്ങൾ- ഇതിനോടൊക്കെ ഒത്തിരി അലർജി ഉള്ളത് ആണ് ലോകത്തെ ഒത്തിരി അധികാര കേന്ദ്രങ്ങൾ. മണ്ടന്മാരെ ഒത്തിരി ഇഷ്ടം ആണവർക്ക്. മണ്ടൻ ആയി അഭിനയിച്ചാലും മതി.
ചിന്ത- അത് ശത്രുവാണ്. ചിന്ത അദൃശ്യമാണെങ്കിലും അത് പടരാം, ആളിക്കത്താം. ചിന്തയും ചിന്തിക്കുന്നവനും മിണ്ടാതെ കുമ്പിട്ട് നിൽക്കണമെന്നില്ല. ചിന്ത അപകടമാണ്. ബുദ്ധി ഉണ്ടായിക്കോ- ഉപയോഗിക്കരുത്.
(ജിമ്മി മാത്യു)