ചീറ്റായും ഗ്രേ ഹണ്ടും പ്രകൃതിയുടെ പെറുക്കലും – ഒരു ചിന്ന ചിന്ത :

ഒരു അറുപതിനായിരം വർഷം മാത്രമേ ആയുള്ളൂ , പട്ടികളുടെ പൂർവികർ ആയ ചെന്നായ് പോലത്തെ ജന്തുക്കളെ മനുഷ്യർ കൂടെ കൂട്ടിയിട്ട് .

ഇപ്പോൾ നോക്ക് – എന്തെല്ലാം തരം പട്ടികൾ !

ഉമ്മ വക്കാനും കൊണ്ട് നടക്കാനും മാത്രം ഉള്ള ഇത്തിപ്പോരം ആയ ചിഹുവ ഹുവാ തൊട്ട് , മനുഷ്യനെ എടുത്തോണ്ട് നടക്കാൻ പറ്റുന്ന ഗ്രേറ്റ് ഡേൻ വരെ ഒരൊറ്റ സ്‌പീഷീസ് ആണ് . വേണേൽ തമ്മിൽ ഇണ ചേർന്ന് കുട്ടികൾ ഉണ്ടാവാം . ചിലവ തമ്മിൽ സ്വാഭാവികമായി ഇണ ചേരാൻ ബുദ്ധിമുട്ടാണ് എന്ന് മാത്രം . അങ്ങോട്ട് എത്തണ്ടേ ഷ്ടോ .

ഏതാനും നൂറ്റാണ്ടുകൾ മാത്രമേ ആയിട്ടുള്ളു മനുഷ്യർ പട്ടികളെ ഓട്ടത്തിന്റെ സ്പീഡിന് വേണ്ടി തിരഞ്ഞെടുത്തു തുടങ്ങിയിട്ട് . കാട്ടു മുയലുകളെ പിടിക്കാൻ , യൂറോപ്പിൽ ആണ് ഇത് തുടങ്ങിയത് . പിന്നീട് ഏതാണ്ട് ഇരുനൂറ് കൊല്ലം ആയി, മത്സര ഓട്ടത്തിന് അവയെ ഉപയോഗിച്ച് . ഏറ്റവും നല്ല ഓട്ടക്കാരെ തമ്മിൽ ഇണ ചേർത്ത് , കുട്ടികളെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത് .

ഇത് തന്നെ ആണ് മറ്റുള്ള വളർത്തു മൃഗങ്ങൾക്കും സംഭവിച്ചത് . ഏതാണ്ട് പത്തു പതിനായിരം കൊല്ലം കൊണ്ട് മാത്രം ഉണ്ടായവ ആണ് ഇപ്പോൾ ഉള്ള ആട് , പന്നി , പശു , കോഴി ഒക്കെ . ഒരു കെടാവിനു കുടിക്കാൻ പറ്റുന്നതിന്റെ എത്രയോ ഇരട്ടി പാലാണ് ചില പശുക്കൾ തരുന്നത് .

അത് പോലെ തന്നെ കാട്ടിൽ ഉള്ള ചില പുല്ലുകൾ ആണ് , അരി , ചോളം , ഗോതമ്പ് ഒക്കെ ആയത് . ഇതിന്റെ ഒക്കെ പൂർവികർ എന്ന് വിചാരിക്കുന്നവയെ കണ്ടാൽ നമ്മൾ അമ്പരന്നു പോകും . അത്രക്ക് മാറ്റം ആണ് ഇവക്ക് സംഭവിച്ചിരിക്കുന്നത് .

പട്ടികളുടെ സ്നേഹം , വിധേയത്വം , ഒക്കെ , ഇത് പോലത്തെ നമ്മൾ ഉണ്ടാക്കിയ കാര്യങ്ങൾ തന്നെ .

ഡാർവിന്റെ ‘ഒറിജിൻ ഓഫ് സ്‌പീഷീസ് ‘ – ‘ജീവി വർഗങ്ങളുടെ ഉദ്ഭവം ‘ എന്ന ഭീകര പുസ്തകം തുടങ്ങുന്നത് , മനുഷ്യ വളർത്തു മൃഗങ്ങളുടെ ഉദാഹരണം കൊണ്ടാണ് .

പല കാരണങ്ങൾ കൊണ്ടും , ജീവികൾ വളരെ കൊല്ലങ്ങൾ കൊണ്ട് പരിണമിക്കുന്നുണ്ട് എന്ന് വ്യക്തമായിരുന്നു . ഫോസിലുകൾ ധാരാളമായി കണ്ടെടുത്തു . ഡാർവിന്റെ അപ്പൂപ്പൻ എറാസ്മസ് ഡാർവിൻ ഇതിനെ പറ്റി എഴുതിയിട്ടുണ്ട് . എന്നാൽ ഇതിനു ഒരു മെക്കാനിസം അഥവാ രീതി എങ്ങനെ എന്നത് ഒരു ചോദ്യ ചിഹ്നം ആയി തുടർന്നു . ഇതിനാണ് ഡാർവിൻ ഉത്തരം നൽകിയത് .

  • ജീവികൾ ധാരാളമായി പെറ്റു കൂട്ടുന്നു .
  • ജീവികൾ മാതാപിതാക്കളുമായി സാമ്യം പുലർത്തുന്നു എങ്കിലും വ്യത്യസ്തം ആണ് . ഓരോ ജീവിക്കും ചെറു മാറ്റങ്ങൾ ഉണ്ട്. ഓരോന്നിനും പ്രത്യേകതകൾ ഉണ്ട്. ചിലത് ആകസ്മികമായി നല്ല വ്യത്യാസങ്ങൾ ഉള്ളവ ആണ് .
  • മിക്കവയും ചാവുന്നു . ചിലവ മാത്രമേ പിന്നീട് വീണ്ടും പേറുന്നുള്ളൂ .
  • പ്രകൃതിയിൽ തീറ്റ തേടാനും , കൊല്ലപ്പെടാതെ നിൽക്കാനും മിടുക്കുള്ള പ്രത്യേകതകൾ ഉള്ളവ മാത്രമേ വീണ്ടും പെറ്റു പേരുകൂ .
  • ഈ പ്രക്രിയ ആവർത്തിക്കും . പ്രകൃതീ മാറ്റങ്ങൾ ജീവികളിലും മാറ്റങ്ങൾ ഉണ്ടാവും .

ഏതാനും തലമുറകൾ കൊണ്ട് ഗ്രേ ഹണ്ടിൽ ഉണ്ടായ പ്രത്യേകതകൾ നോക്ക് :

  • നീണ്ട കാലുകൾ .
  • ചെറിയ തല
  • വലിയ ശ്വസകോശം ഉള്ള വലിയ നെഞ്ച് .
  • നീണ്ട വാൾ .
  • ചെറിയ തല .

ഇനി ചീറ്റയെ നോക്ക് . എന്ത് കാണുന്നു ?

അതായത് – ഒന്ന് – ആർട്ടിഫിഷ്യൽ സെലെക്ഷൻ – മനുഷ്യന്റെ പെറുക്കൽ .
രണ്ട് – നാച്ചുറൽ സെലെക്ഷൻ – പ്രകൃതിയുടെ പെറുക്കൽ .

അത്രേ ഉള്ളു . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .