thanthavibe@jimmichan #evidencevenelthapp #njangadegenugrangen
ഞങ്ങടെ ജെൻ- ഉഗ്രൻ ജെൻ. ഗെറ്റ് ഔട്ട്ഹൌസ്.
ഓൾഡ് ജെൻ, നയൻറ്റീസ് വസന്തങ്ങൾ എന്നൊക്കെ ആണല്ലോ ഞാൻ അടക്കം ഉള്ള ചെറുപ്പക്കാരെപ്പറ്റി പറയുന്നത്.
എന്നാ ഞാൻ ഒരു സത്യം ഖേദപൂർവ്വം നിങ്ങളെ അറിയിക്കട്ടെ- ആരും ബഹളം വെയ്ക്കരുത്. ഞാൻ ഉൾപ്പെടുന്ന ജെൻ ആണ് അടിപൊളി ജെൻ. എന്റ്റെ അപ്പൻ, അമ്മ ഒക്കെ അടങ്ങുന്ന ജെൻ ഭയങ്കര സ്വാർത്ഥ ജെൻ. എന്റ്റെ മക്കൾ അടങ്ങുന്ന ജെൻ ഭയങ്കര, ഭയങ്കര സ്വാർത്ഥ ജെൻ. വ്യക്തമാക്കാം.
എനിക്ക് മുന്നേ ഉള്ള ജെൻ എന്തിന് കെട്ടി? എന്തിന് കുട്ടികളെ ഉണ്ടാക്കി?
കെട്ടിയില്ലെങ്കിൽ അന്നൊക്കെ നാട്ടുകാർ കെട്ടിയിട്ട് കെട്ടിക്കും. അത് കൊണ്ട് കെട്ടി. ചോയ്‌സും ഇല്ല മണ്ണാങ്കട്ടയുമില്ല. അപ്പൊ കുട്ടികൾ? അതിനും ചോയ്‌സ് ഒന്നും ഇല്ല. രണ്ടു മൂന്നെണ്ണം ഉണ്ടായില്ലെങ്കിൽ നാട്ടുകാർ സൊര്യം കൊടുക്കില്ല. അത് മാത്രമല്ല!!
പിള്ളേർ ഇൻവെസ്റ്റ്മെന്റ്റ് ആണ്. പ്രത്യേകിച്ചും ആൺപിള്ളേർ. ഇനി ആണുങ്ങൾ ഇല്ലേലും പെണ്ണുങ്ങളും ഇൻവെസ്റ്റ്മെന്റ്റ് ഒക്കെത്തന്നെ. നാട്ടിൽ വയസാം കാലത്ത് നോക്കാൻ സർക്കാർ സംവിധാനങ്ങളോ ഒന്നും കാര്യമായി ഇല്ലല്ലോ. അപ്പൊ ഒരു തരം ഇൻഷുറൻസും ഓൾഡ് എയ്‌ജ് പെൻഷനും ഒക്കെ മക്കൾ തന്നെ.
അവർക്ക് നല്ല ഉത്തരവാദിത്തബോധം ഉണ്ടായിരുന്നിരിക്കും. കഷ്ടപ്പെടാതെ പിള്ളേർ വളരില്ല. എന്നാലും തനിയെ നടന്നും സൈക്കിളിലും ഒക്കെ കേറി സ്‌കൂളിൽ പൊക്കോളും. തരുന്നതൊക്കെ തിന്നോളും, അടിയും ചീത്തയും ഒക്കെ മേടിച്ചോളും.
അതേ സമയം ഞങ്ങളോ? അത്യാവശ്യം ചോയ്‌സ് ഒക്കെ ഉണ്ടായിരുന്നിട്ടും (എവടെ- ഒരു ഗുമ്മിന്) കെട്ടി. ബുദ്ധിമുട്ടി അങ്ങോട്ടും ഇങ്ങോട്ടും സഹിച്ചു പണ്ടാരമടങ്ങി. കുട്ടികളെ ഉണ്ടാക്കി. ഡയപ്പർ വേണമത്രേ, ഡയപ്പർ. കോപ്പിലെ പീഡിയാഷുവർ ഒക്കെ ഇല്ലാത്ത കാശ് കൊടുത്തു വാങ്ങി തൊള്ളയിൽ കുത്തിക്കേറ്റി. കാറിലും സ്‌കൂട്ടറിലും ദൂരെ ഉള്ള മുന്തിയ സ്‌കൂളിൽ കൊണ്ട് തട്ടണം. ഇതുങ്ങളൊന്നും പഠിച്ചില്ലെങ്കിൽ ടീച്ചറുടെ തെറി നമ്മൾ കേക്കണം, ഏത്?
ബില്യൺസ് ഓഫ് ബ്ലൂ ബ്ലിസ്റ്ററിങ് ബർനാക്കിൾസ്!!
ബുക്ക്സ്, ലാപ് ടോപ്, ടാബ്‌ലെറ്റ്, റ്റിയൂഷൻ, ഡാൻസ് ക്‌ളാസ്, ഗിറ്റാർ പഠിത്തം, ഒലക്കേടെ മൂഡ്, മാങ്ങേടെ സ്കിന്ന്, തെങ്ങേടെ ബഞ്ച്!!
അടിക്കാൻ പാടില്ല; കിഴുക്കാൻ പാടില്ല; പിച്ചാൻ പാടില്ല- ഒന്ന് കണ്ണുരുട്ടിയാൽ പോയി! കംപ്ലീറ്റ് പോയി.
റംബൂട്ട്!! പതിനായിരം റംബൂട്ടിന്റെ തോട്ടം!!!
എന്നിട്ടോ- വയസാംകാലത്ത് ആരെങ്കിലും നോക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നേ ഇല്ല. ഞങ്ങടെ അപ്പനേം അമ്മേനേം ഞങ്ങൾ നോക്കും! ഒരു സംശയവും വേണ്ട. എന്നിട്ട് സ്വയം ഓൾഡ് എയ്‌ജ് ഹോമിൽ പോയിക്കിടക്കാനുള്ള കാശുണ്ടാക്കാനുള്ള വഴി നോക്കും.
കംപ്ലീറ്റ് നിസ്വാർത്ഥ ജീവിതം! പുണ്യ ജന്മങ്ങൾ! പൂർണ പുണ്യ ജെൻ- ഞങ്ങക്കടെ ജെൻ.
ഇനി ന്യൂ ജെൻ ഓ?
ഞങ്ങൾ സ്വതന്ത്രർ ആണ്. ഞങ്ങക്ക് പിള്ളേർ വേണ്ട. എന്തിനാ കെട്ടുന്നത്? അതൊക്കെ പഴേ ഫാഷൻ അല്ലേ? ഞങ്ങക്ക് ഇങ്ങനെ പറക്കണം. ഫോണിൽ കുത്തണം. തല കുത്തി മറിയണം. യൂറോപ്പിൽ അങ്ങനെയാണ്, അമേരിക്കാവിൽ ഇങ്ങനെയാണ്, ആസ്‌ട്രേലിയയിൽ മറ്റേപ്പടിയാണ്.
വോക്കെ. എല്ലാം ഓക്കേ.
പക്ഷെ ഞങ്ങൾ യൂറോപ്പിലെയും അമേരിക്കാവിലെയും പോലെ പതിനെട്ട് കഴിഞ്ഞ് അഡൾട്ട്സ് ആയാൽ വീട്ടിൽ നിന്ന് ഇറക്കി ഒന്നും വിടുന്നില്ല, കേട്ടോ. വേണേൽ ഒരു പത്തിരുപത്തഞ്ചു വയസ്സ് വരെയൊക്കെ വീട്ടിലൊക്കെ നിന്നോ. അത്യാവശ്യം പഠിക്കാനുള്ള കാശും ആ വയസ് വരെയൊക്കെ ഒപ്പിച്ചു തരാൻ നോക്കാം.
മുറിയിൽ സ്വസ്ഥമായി ഇരിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ ആഴ്ചയിൽ രണ്ടു മൂന്നു ദിവസം വീടൊക്കെ അടിച്ചു വൃത്തിയാക്കണം. ഒരു രണ്ടു മൂന്നു ദിവസത്തെ തീറ്റവെയ്പ്പ് ഏറ്റെടുക്കണം. ടേസ്റ്റ് ഒക്കെ ഇച്ചിരി കുറഞ്ഞാലും കുഴപ്പമില്ല. ങേ സ്വിഗ്ഗിയോ- മിണ്ടിപ്പോവരുത്. ഇടയ്ക്കിടെ കടയിൽ പോയി പറയുന്ന സാധനങ്ങൾ വാങ്ങി വരണം – തല്ക്കാലം കാശ് തരാം.
ഒരു പത്തിരുപത്തെട്ട്‍ വയസൊക്കെ കഴിഞ്ഞാൽ വേറെ വീടൊക്കെ എടുത്ത് മാറുന്നതല്ലേ നല്ലത്? ജോലിസ്ഥലത്തിന്റെ അടുത്തേക്ക് മാറിക്കോ. ജോലിയൊക്കെ അപ്പോഴേക്കും ആവുമല്ലോ ല്ലേ?
ഇല്ലേലും കുഴപ്പമൊന്നുമില്ല. ഞങ്ങൾ നിസ്വാർത്ഥ ജെൻ ആണ്. യൂറോപ്പിലെപ്പോലെ ഇറക്കി വിടുകയോ മൊട കാണിക്കുകയോ ഇല്ല. മിണ്ടാണ്ട് കുക്കിങ്, ക്ളീനിങ്, ചില്ലറ വീടുപണി ഒക്കെ പകുതി ചെയ്തു വീട്ടിൽ കൂടിക്കോ. നോ പ്രോബ്ലം. ഒരു ഔട്ട് ഹൌസ് പണിഞ്ഞു തരാം. കാശുണ്ടേൽ.
അസൂയ കൊണ്ട് പറയുന്നതല്ല, ട്ടോ, പു …പുന്നാര മോളെ, മോനെ.
ജസ്റ്റ് ഒരു ഇൻഫോർമേഷൻ, അത്രേ ഉള്ളു.
ഗെറ്റ് ഔട്ട്ഹൌസ്!!
(ജിമ്മി മാത്യു)