ഇന്നാള് രാജുമോൻ എന്നോട് ചോദിച്ചു – ” അങ്കിൾ – ഹാരി ട്രൂമാൻ പൊട്ടനാണോ , അതോ ധീരനോ?”
അയാൾ നല്ല ഒരു മാതൃകയാണോ അതോ അനുസരണക്കേടിന്റെ മകുടോദാഹരണമോ ?
ഹാരി ട്രൂമാൻ എന്ന അമേരിക്കൻ പ്രസിഡന്റിനെ പറ്റി അല്ല രാജുമോൻ ചോദിച്ചത് . 1896 ൽ ജനിച്ച സാദാ ഒരു ഹാരി ട്രൂമാൻ. എൺപത്തി നാല് വയസ്സ് വരെ തീരെ ഫേമസ് അല്ലാത്ത ഒരു ലോഡ്ജ് ഉടമയും നടത്തിപ്പ് കാരനും .
1896 ൽ ജനിച്ച് പതിയെ വളർന്നു വന്നു ഹാരി . അത് പിന്നെ ജനിച്ചാ വളരുവല്ലോ . വളർന്നത് അമേരിക്കയിലെ വാഷിംഗ്ടണിൽ ഒരു കർഷക കുടുംബത്തിൽ . അപ്പൊ ജനിച്ചതോ ? അതും ആ കുടുംബത്തിൽ തന്നെ ! ഛെ – കൺഫ്യൂഷൻ അടിപ്പിക്കാതെടെ.
പട്ടാളത്തിൽ മെക്കാനിക് ആയി ചേർന്നു ഹാരി . ഒന്നാം ലോക മഹാ യുദ്ധത്തിൽ പങ്കെടുത്തു . യുദ്ധം കഴിഞ്ഞപ്പോ പട്ടാളത്തീന്ന് പോന്നു . അപ്പൊ അവിടെ മദ്യം നിരോധിച്ച സമയം ആണ് . ഇച്ചിരി വ്യാജവാറ്റ് ഒക്കെ ചെയ്തു നടന്നു കുറെ നാൾ . പിന്നെ കുറച്ചു നാൾ ഒരു ആട്ടോ വർക്ഷോപ്പ് ഒക്കെ നടത്തി .
പിന്നെ ആണ് ആശാൻ മൌണ്ട് ഹെലെൻസ് എന്ന മലയുടെ അടുത്ത് അമ്പത് ഏക്കർ സ്ഥലം വാങ്ങുന്നത് . അവിടെ സ്പിരിറ്റ് ലേയ്ക്ക് എന്ന സുന്ദര തടാകത്തിന്റെ കരയിൽ . അവിടെ സ്വന്തം കൈകൾ കൊണ്ട് ഒരു ലോഡ്ജ് ഉണ്ടാക്കി . (വേറെ പണിക്കാരേം കൂട്ടിക്കാണും . എന്നാലും തള്ളുമ്പോ ഇങ്ങനെ ഒക്കെ തള്ളണോല്ലോ ). ടൂറിസ്റ്റുകൾ വരും . അവിടെ തങ്ങും . തടാകത്തിൽ ബോട്ടിങ് ഒക്കെ ട്രൂമാൻ അറേഞ്ചു ചെയ്യും . ഖുശി ലൈഫ് . ഇപ്പോഴൊന്നും ആൾ ഫേമസ് അല്ല . പ്ലീസ് നോട്ട് .
ങാ . പറയാൻ മറന്നു . ഇടക്ക് രണ്ടു കെട്ടി – ഡൈവോഴ്സ് ആയി . രണ്ടാമത്തെ ഭാര്യയുമായി വാക്കുതർക്കം ഉണ്ടായപ്പോ , പുള്ളിക്കാരിയെ എടുത്തോണ്ട് തടാകത്തിൽ എറിഞ്ഞു . ആശാത്തിക്ക് നീന്തൽ അറിയില്ലായിരുന്നു ! ഉടൻ തന്നെ , ട്രൂമാൻ തന്നെ ചാടി രക്ഷിച്ചു കേട്ടോ . എന്തോ . അതിൽ പിന്നെ ആ ഭാര്യക്ക് അദ്ദേഹത്തെ വലിയ താല്പര്യം ഇല്ലാണ്ടായി . അതെന്താണോ എന്തോ .
മൂന്നാമത്തെ ഭാര്യയുമായി ദീർഘകാലം ജീവിച്ചു . അവർ ഹാർട്ട് അറ്റാക്ക് ആയി മരിക്കും വരെ . അതീപ്പിന്നെ വളരെ നാൾ ഒറ്റക്ക് . പതിനാറു പൂച്ചകളും കൂട്ട് . നല്ല കട്ടക്ക് വിസ്കി അടി . കൊക്ക കോള ചേർത്താണ് വിസ്കി അടി . പിന്നെ ഇടക്ക് , കാട്ടീ കേറി താപ്പിന് മുയലിനെ വെടി വെയ്ക്കും . ലോക്കൽ ഫോറെസ്റ്റ് ഗാഡ്സ് കുറെ നോക്കി . പക്ഷെ തെളിവ് കിട്ടിയില്ല .
അങ്ങനെ ഒറ്റയാനായി , പടുകൂറ്റനായി , പരട്ട് കിളവനായി , വിസ്കി കുടിയനായി ആൾ വാഴുകയാണ് സുഹൃത്തുക്കളെ , വാഴുകയാണ് .
ഛെ ഫേമസ് ഏങ്ങനെ ആയി ?
അതാ- ക്ലോക്കിൽ 1980 അടിച്ചു . ങേ , അതെങ്ങനെ എന്നോ ? ങ്ങാ – എന്നാ കലണ്ടറിൽ . ട്രൂമാൻ അപ്പാപ്പന് എൺപത്തിനാല് വയസ്സ് .
അതാ മലയിൽ നിന്ന് പുക വരുന്നു ! പൊട്ടലും ചീറ്റലും ഡും ഡും ശബ്ദങ്ങളും . നിന്ന സ്ഥലം ഒക്കെ കുലുങ്ങുന്നു . ലോക്കൽ ഭൂമി കുലുക്കങ്ങൾ .
അതായത് , ലേഡീസ് ആൻഡ് ജെന്റിൽമെൻ . മൌന്റ്റ് ഹെലെൻസ് വെറും ഒരു മല അല്ല – അഗ്നിപർവതം ആണ് – അഗ്നിപർവതം . യെസ് , ദാറ്റ് ഈസ് റൈറ്റ് – വോൾകാനോ . അതാ പൊട്ടാൻ പോകുന്നു !
ജിയോളജിസ്റ്റുകൾ വന്നു . ദേ ഇപ്പൊ പൊട്ടും ! നാട്ടുകാരെ , ഓടിക്കോ ! പോലീസുകാർ വന്നു . സർക്കാർ ഇണ്ടാസ് ഇറക്കി . അടുത്തുള്ള എല്ലാരും ഒഴിയണം ! ഇണ്ടാസ് വരുന്നതിനു മുൻപേ തന്നെ അവിടുത്തു കാരെല്ലാം ജീവനും കൊണ്ട് ഓടി തള്ളി .
ട്രൂമാൻ ഇങ്ങനെ രണ്ടു പെഗ് കോളയിൽ മിക്സ് ചെയ്ത് ഇങ്ങനെ സിപ്പി നിക്കുവാണ് .
പോലീസ് പറഞ്ഞു : “അപ്പപ്പോ . ഇപ്പം പൊട്ടും . പൊക്കോ .”
അപ്പൊ ട്രൂമാൻ പറയണേ :
“അപ്പാപ്പൻ നിന്റപ്പൻ . എന്റെ പട്ടി പോകും . പൂച്ചകളും ഞാനും എങ്ങും പോവൂല്ല “
പോലീസ് അമ്പരന്നു . അവർ ഇൻസ്പെക്ടറെ വിളിച്ചു . സർക്കാർ ഉദ്യോഗസ്ഥർ വന്നു . അപ്പാപ്പ , പ്ലീസ്, മാറിപ്പോക്കോ .
പോടാ പുല്ലെന്ന് , അപ്പാപ്പൻ . –
പൊട്ടുമെടോ , താൻ ചാകും .
“ചത്താലും പോവൂല്ലേടോ .”
സീ . ട്രൂമാൻ പറഞ്ഞത് ഇത്രേ ഉള്ളു . ഇത്രേം നാൾ കലക്കനായി ജീവിച്ചു . വിസ്കി കുടിച്ചു . ഒരു മകൾ വളർന്നു പോയി . ഭാര്യ ഇല്ല . ഈ ലോഡ്ജ് ആണ് എല്ലാം . ഇതാണ് എന്റെ വീട് . നാട് , മല , തടാകം . ഇതാണ് ഞാൻ . ഇതൊക്കെ വിട്ട് ഓടിയാൽ അല്ലെങ്കിലും ഞാൻ ഇല്ല .
ആഹാ . പത്രക്കാർ ഇരച്ചെത്തി . ഓടാത്ത അപ്പാപ്പൻ ! അഗ്നിപർവ്വതത്തെ വെല്ലുവളി – ഛെ വെല്ലുവിളിക്കുന്ന അപ്പാപ്പൻ . ടി വി റിപ്പോർട്ടർമാർ വന്നു . ആ പ്രദേശത്തേക്ക് വരരുത് എന്ന് പറഞ്ഞിട്ടും ട്രൂമാനെ ഇന്റർവ്യൂ ചെയ്യാൻ ആളുകൾ വന്നോണ്ടിരുന്നു . അപ്പാപ്പൻ ആണേൽ നല്ല കാച്ചാണ് :
“അവന്റെ അമ്മേടെ ഒരു വോൾകാനോ . ഒന്ന് പോടോ ഹേ . ഇത് പൊട്ടും പോലും . ഇനി പൊട്ടിയാൽ ഞാൻ അന്തസ്സായി ചാവുമെടോ . ഓടാൻ എന്റെ പട്ടി വരും; പട്ടി .”
അങ്ങനെ അപ്പാപ്പൻ വല്യ ഒരു ഹീറോ ആയി . ടി വി യിൽ ഒക്കെ നിറഞ്ഞു നിന്ന് . ഒത്തിരി ആളുകൾ അപ്പാപ്പന് ആശംസകൾ അയച്ചു . ആരാധകർ ജാഥ നടത്തി . കുറെ അമ്മായിമാർ ലവ് ലെറ്ററുകളും അയച്ചു . രണ്ടു തരുണീമണികൾ വിവാഹാഭ്യർത്ഥന നടത്തി . കൂടെ വേണേൽ ചാവാമെന്ന് !
രണ്ടു മാസത്തോളം മല പുകഞ്ഞു . ശബ്ദം കൂടി വന്നു . ഭയങ്കര ഭൂമികുലുക്കങ്ങൾ . ആളുകൾ ആരും വരാതായി . അധികാരികൾ ലാസ്റ്റ് അഭ്യർത്ഥന നടത്തി – അപ്പപ്പോ , പോയാലോ . നീ പോടാ ദിനേശാ ന്നു ട്രൂമാൻ.
1980 മെയ് 17 ന് , ഭീമാകാര ശബ്ദത്തോടെ അഗ്നിപർവതം പൊട്ടി . നൂറ്റമ്പത് അടി മണ്ണിന്റെ അടിയിൽ ലോഡ്ജും അപ്പാപ്പനും പൂച്ചകളും മറഞ്ഞു . തടാകം തന്നെ മൂടിപ്പോയി . അതി ശക്തമായ ചൂടുള്ള പയറോപ്ലാസ്ടിക് ഫ്ലോ എന്ന ചൂടുകാറ്റ് അപ്പാപ്പനെ ഞൊടിയിടയിൽ റോസ്റ്റ് ആക്കിക്കാണണം . ക്ഷിപ്ര മരണം .
അപ്പാപ്പന്റെ പേരിൽ , വല്യ ഒരു മെമോറിയൽ ആളുകൾ അവിടെ ഇണ്ടാക്കി കേട്ടോ . കുറെ ബുക്കുകളും , ഒരു സിനിമയും ഉണ്ടായി .
അപ്പൊ ചോദ്യം ഇതാണ് . രാജുമോന്റെ ചോദ്യം . ഹരി ട്രൂമാൻ ധീരനോ അതോ പൊട്ടനോ ?
എന്റെ അഭിപ്രായത്തിൽ ധീരൻ .
അപ്പൊ താൻ ആത്മഹത്യക്ക് കൂട്ട് നിൽക്കുവാണോടോ ?
ചീത്ത മാതൃക അല്ലെടോ ഇത് ?
അറിഞ്ഞൂടാ . നിങ്ങ പറയു (ജിമ്മി മാത്യു )