ഡി-പോപ്പുലേഷൻ അജണ്ട – വാക്സിനല്ല കെടന്നു മുള്ളി- ബാപ്പയാണ് അതായത് ദൈവം

വാക്‌സിനുകൾ ഉപയോഗിച്ച് ജനസംഖ്യ നിയന്ത്രിക്കുന്നു എന്ന് പറയുന്നത് “വർക്സ് ഹ്യൂമൻ റൈറ്റിസ് അറ്റ് യുണൈറ്റഡ് നേഷൻസ് “- “അന്താരാഷ്‌ട്ര” ഉടായിപ്പു ടീമുകൾ മാത്രം അല്ല .

 

ലോകത്തു പല സ്ഥലത്തും – അറബ് രാഷ്ട്രങ്ങൾ, ഇന്ത്യയിലെയും കേരളത്തിലെയും ചില സ്ഥലങ്ങളിൽ ഉള്ളവർ എന്നിവരൊക്കെ തള്ളുന്ന ഒരു സംഭവം ആണ് .

 

ഇവരൊക്കെ പ്രാന്തന്മാർ എന്ന് നമുക്ക് തോന്നുമെങ്കിലും അങ്ങനല്ല . പറയുന്നതിൽ ഒരു ലോജിക് ഉണ്ട് ! നമ്മൾ അത് മനസ്സിലാക്കാത്തത് ആണ് .

 

ഡാറ്റ നോക്ക് – ഉടായിപ്പന്മാർക്ക് എല്ലാ ഡാറ്റയും വേണ്ട . അവർക്ക് വേണ്ട പാറ്റയെ അവർ പിടിച്ചു കൊള്ളും . ഐ മീൻ – ഡാറ്റയെ .

 

വാക്സിനേഷൻ ഏറ്റവും കൂടിയ , ശിശു മരണ നിരക്ക് ഏറ്റവും കുറഞ്ഞ , ഏറ്റവും ആരോഗ്യ സൂചികകൾ വികസിച്ച സ്ഥലങ്ങളിൽ അതി ഭയങ്കരമായി പോപുലേഷൻ കൂടണ്ടേ? പക്ഷെ അങ്ങനെ അല്ല! നേരെ തിരിച്ചാണ്! ഏറ്റവും വാക്സിനേഷൻ ഉള്ള , ശിശു , മാതൃ മരണ നിരക്ക് കൂടുതൽ ഉള്ള രാജ്യങ്ങളിൽ ജന സന്ഖ്യ കുറയുകയാണ് സൂർത്തുക്കളെ , കുറയുക ആണ് .

 

വാക്സിനേഷൻ കൂടി , വികസനം കൂടി , ശിശു മരണം കുറഞ്ഞു , പെൺ വിദ്യാഭ്യാസം കൂടുമ്പോൾ – നമ്മുടെ സംസ്ഥാനത്തെ ചില ജന സംഖ്യ വല്ലാണ്ട് കൂടിയിരുന്ന ജില്ലകളിലടക്കം , ആളുകൾ എണ്ണം കുറയുന്നു !

 

ഇന്ത്യയിൽ ആകമാനം നോക്കിയാൽ ഇത് സത്യമാണ് . ഏറ്റവും പിന്നോക്ക സ്ഥലങ്ങളിൽ ആണ് ജന സംഖ്യ കണ്ടമാനം കൂടുന്നത് !

 

എല്ലാ സമുദായ നേതാക്കൾക്കും സ്വ സമുദായക്കാർ പെറ്റു പെരുകി വളരണം എന്നാണല്ലോ . മൊല്ലാക്ക , മെത്രാച്ചൻ , മഹർഷി വര്യന്മാർ അടക്കം പെറ്റു പെരുകൽ ആഹ്വാനം നടത്തിയത് നമ്മൾ കേട്ടതാണ് .

 

ക്രിസ്ത്യാനികൾ മുയലുകളെ പോലെ പെറ്റൊന്നും കൂട്ടണ്ടന്നു ഫ്രാൻസിസ് മാർപാപ്പ പറഞ്ഞപ്പോൾ എന്തായിരുന്നു ബഹളം . സഭയുടെ ഗോർബച്ചേവ് ആണത്രേ ഫ്രാൻസിസ് പാപ്പാ. കണ്ടാലും തോന്നും. ഗോർബച്ചേവ് കമ്മ്യൂണിസത്തോടു ചെയ്തത് അങ്ങേര് സഭയോട് ചെയ്യുമോ എന്നാണു അനുയായികൾ ചോദിച്ചത് .

 

അപ്പൊ – വാക്സിനേഷൻ ആണ് പോപ്പുലേഷൻ കുറയാൻ കാരണം – ആ ഒരു നിഗമനത്തിൽ എത്തിയത് വെറുതെ അല്ല .

 

എന്നാൽ ബാപ്പയാണ് കിടന്നു മുള്ളി ! അബ്ദുൽ കാദറോ , ബഷീറോ അല്ല . വാക്സിനേഷൻ നിരപരാധി ആണ് .

 

ആകെ കൺഫ്യൂഷൻ ആയല്ലേ – ചെറുപ്പത്തിൽ കിടന്നു മുള്ളിയ സഖാക്കളെ , സഖികളെ , ഒരിക്കലും കിടന്നു മുള്ളാത്ത ആസ്ഥാന നുണയ നുണച്ചികളെ :

 

ആനപ്പൂട എന്ന കഥയിൽ വൈക്കം മുഹമ്മദ് ബഷീർ വളരെ വ്യക്തമായി ഒരു സീൻ വരച്ചു കാട്ടുന്നുണ്ട് .

 

രാവിലെ പായയിൽ മൂത്രം കാണുന്നുണ്ട് . ഒഴിക്കുന്നത് ബഷീറാണ് . അതായത് – ബഷീർ ആണെന്ന് എല്ലാവരും പറഞ്ഞു ആക്കുന്നു . എന്ത് കൊണ്ട് സഹോദരൻ അബ്ദുൽ കാദർ അല്ല ? അവൻ ചട്ടുകാലനും എല്ലാരുടെയും കണ്ണിലുണ്ണിയും ആണ് .

 

അബ്ദുൾ കാദർ ആണ് എന്നാണു ബഷീറിന്റെ വാദം . അതായത് – ബാപ്പ , ബഷീർ , അബ്ദുൽ കാദർ എന്ന മഹാന്മാർ ഒരുമിച്ച് ഉറങ്ങാൻ കിടക്കുന്നു . രാവിലെ പായയിൽ അതി പുരാതനവും പുണ്യ പൂരിതവുമായ സാമാനം കാണുന്നു – മൂത്രം . അബ്ദുൽ കാദർ എന്ത് കൊണ്ട് ആയിക്കൂടാ ?

 

വീട്ടു വേലക്കാരി നങ്ങേലിയുടെ മകൻ നത്തു ദാമു ആണ് ആ വേറൊരു അചിന്തനീയവും എന്നാൽ സാധ്യത ഉള്ളതുമായ കാര്യം ധൈര്യ സമേതം പറയുന്നത് :

 

“കിടന്നു മുള്ളുന്നത് ബഷീറുമല്ല , അബ്ദുൽ കാദറും അല്ല – ബാപ്പയാണ് !”

 

അതിനു അവനെ നങ്ങേലി പറമ്പു മുഴുവൻ ഓടിച്ചിട്ട് അച്ചാലും മുച്ചാലും തല്ലുന്നുണ്ട് .

 

പക്ഷെ ഇവിടെ ബർത്ത് റേറ്റ് കുറഞ്ഞു , ജന സംഖ്യാ നിയന്ത്രണത്തിൽ വരാൻ ഉള്ള കാരണം – ബാപ്പ ആണ് – അതായത് ദൈവം !

 

സീ – ആദിയിൽ ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനും ആയി സൃഷ്ടിച്ചു . ആകാശത്തിലെ മണൽ തരികളെ പോലെയും , ഭൂമിയിലെ നക്ഷത്രങ്ങളെ പോലെയും പെറ്റു പെരുകിക്കോളാൻ പറഞ്ഞു . സൗകര്യത്തിനു തുണിയും കൊടുത്തില്ല നാണവും കൊടുത്തില്ല . ഏദൻ തോട്ടം കൊടുക്കുകയും ചെയ്തു . നിറച്ചും തണൽ മരങ്ങൾ , പൊന്തക്കാടുകൾ .

 

പോരെ പൂരം ! മനുഷ്യന്മാർ വാശിയോടെ പെറ്റു പെരുകി . (ആദ്യ ചിത്രം നോക്കുക )

 

മനുഷ്യർക്കു തന്നെ പേടി ആയി . ഇണ്ടാസുകൾ ഇറങ്ങി . നിരോധും കൊണ്ട് ഇന്ത്യൻ സർക്കാർ ഇറങ്ങി . അതും വീർപ്പിച്ചു എഴുപതുകളിൽ പിള്ളേർ കളിച്ചു . സഞ്ജയ് ഗാന്ധി എന്ന പാവം – ഞൊടിയിടയിൽ എൺപതു ലക്ഷം ഇന്ത്യൻ പുരുഷന്മാരെ പിടിച്ചു വാസ് ഡിഫെറെൻസ് എന്ന കുഴൽ കട്ട് ചെയ്ത് , ബക്കറ്റും കൊടുത്തു വിട്ടു . ചൈനയിൽ ഒറ്റ കുട്ടി മതി എന്ന് നിയമം വന്നു .

 

അതായത് – 1950 -ൽ ഒരു ശരാശരി ഇന്ത്യൻ സ്ത്രീക്ക് ആറു കുട്ടികൾ (ഫെർട്ടിലിറ്റി റേറ്റ് = 6 ).

ഇന്നത് ഏകദേശം 2.5 . ഗുണമുണ്ടായില്ലേ ? പിന്നെന്താ ?

 

അതേ – 1950 ൽ ബംഗ്ളാദേശിൽ ഫെർട്ടിലിറ്റി റേറ്റ് = 7 . ഇപ്പോഴോ – 2 .6 . ബംഗ്ളാദേശ് മുസ്ലിം രാജ്യമാണ് . ത്രികോണവുമില്ല തേങ്ങാക്കൊലയുമില്ല , അപ്പോഴോ ?

 

പാകിസ്ഥാനിലും നല്ല കുറവുണ്ട് . ഏഴിൽ നിന്നും മുന്നിലേക്ക്‌ താണു . അതിവേഗം പിന്നെയും താഴുന്നു . കുടുംബാസൂത്രണം എന്നും പറഞ്ഞങ് ചെല്ല് , അവന്മാർ വായിൽ ബോംബിട്ട് പൊട്ടിക്കും . അപ്പൊ അതെങ്ങനെ ?

 

 

 

ചൈനയുടെ ജനന നിരക്ക് 5 .5 ൽ നിന്ന് 1 .7 ആയി . പക്ഷെ നോക്കു – ഒരു നിര്ബന്ധവും ഇല്ലാതെ ശ്രീ ലങ്കയുടേത് 5 ൽ നിന്ന് 1 .9 ആയി !

 

അതായത് ഉത്തമ പുരുഷ കേസരികൾ സ്ത്രീ കേസര്യകളെ – നഗരവൽകരണം , വിദ്യാഭ്യാസം , സ്ത്രീ ശാക്തീകരണം , അഭിവൃദ്ധി – ഇവ കൂടുമ്പോൾ സ്വാഭാവികമായി കുറയുന്ന ഒന്നാണ് ഈ ജനന നിരക്ക്!

 

ജനന നിരക്ക് എല്ലാവരിലും കുറയുക ആണല്ലോ . ഹിന്ദുക്കളേക്കാൾ ഒന്നര ഇരട്ടി – അതായത് 50 ശതമാനം കൂടുതൽ വേഗത്തിലാണ് മുസ്ലിങ്ങളുടെ ജനന നിരക്ക് കുറയുന്നത് . വളരെ പെട്ടന്ന് അത് ഹിന്ദുക്കളുടെ അത്ര തന്നെ ആകും .

 

അതായത് ഒരു കണക്ക് അനുസരിച്ചു (ആധുനികത ഇതിലും പെട്ടന്ന് വന്നേക്കാം ) 2050 ൽ മുസ്ലിങ്ങൾ ജനസന്ഘ്യയുടെ പതിനെട്ടു ശതമാനം ആകും. (പിന്നെ മാറ്റങ്ങൾ ഒട്ടു വരികയുമില്ല ). ഹിന്ദുക്കൾ വെറും മൂന്നു ശതമാനം മാത്രമേ കുറയുകയുള്ളു (ക്രിസ്ത്യാനികളും സിക്കുകാരുമൊക്കെ പിന്നെയും കുറയും എന്ന് സാരം )

 

ആധുനികത – അത് എവിടെ വരുന്നോ – അവിടെ ജനന നിരക്ക് കുറഞ്ഞിരിക്കും .

 

നമ്മുടെ ഒന്നോ രണ്ടോ കുട്ടികൾ വളർന്നു വലുതാകും എന്ന് കുറഞ്ഞ ശിശു മരണ നിരക്കും , സൗകര്യങ്ങളും , വൈദ്യ ശാസ്ത്രവും മറ്റും മൂലം ആകുമ്പോൾ ലോകം ആകമാനം ജനന നിരക്ക് കുറയുന്നു .

 

വേറെ പല കാരണങ്ങളും ഉണ്ടാകാം . കൃഷിക്കാർ കുറയുന്നു . നഗര വാസികൾ കൂടുന്നു . കൃഷി സ്ഥലത്തു മക്കൾ മുതൽ കൂട്ടാണ്‌ . നഗരത്തിൽ കുറച്ചു മക്കൾ മതി . മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണം എന്നൊക്കെ ആളുകൾ വിചാരിക്കുന്നു .

 

സ്ത്രീ വിദ്യാഭ്യാസം കൂടുന്നു . സ്ത്രീകൾ ശാക്തീകരിക്കപ്പെടുന്നു . പെറ്റു പെരുകാൻ ഉള്ള ഉപകരണങ്ങൾ ആവാൻ അവർ വിസമ്മതിക്കുന്നു .

 

 

ഇപ്പോൾ ലോക ജന സംഖ്യ 750 കോടിയോളം ആണ് . എന്നിട്ടും ശാസ്ത്ര ,ആധുനികത വികാസങ്ങൾ കാരണം ഉണ്ണാനും ഉടുക്കാനും ഉണ്ട് . ദൈവ കൃപ . ദൈവത്തിന്റെ ഏറ്റവും വലിയ ഒരനുഗ്രഹം ആണ് ശാസ്ത്രം .

 

 

എങ്കിലും 2000 കോടി ഒക്കെ അതിവേഗം ആയാൽ നമ്മൾ പട്ടിണി കിടന്നേനെ . വെള്ളത്തിന് വേണ്ടി പോലും അടിച്ചു മരിച്ചു നരകിച്ചേനെ . എന്നാൽ ഇപ്പോഴത്തെ ചിന്ത ഗ്രാഫിലെ ഏറ്റവും താഴത്തെ പ്രൊജക്ഷൻ അനുസരിച്ചേ ലോക ജന സംഖ്യാ കൂടു എന്നാണു . അതായത് ഒര് 900 – 1000 കോടിയിൽ 2075 ഓടെ ലോക ജനസംഖ്യ നിന്ന നിൽപ്പിൽ നിന്നേക്കും .

 

സ്തോത്രം – ദൈവത്തിനു സ്തോത്രം – എന്നെ എനിക്ക് പറയാനുള്ളു .

 

വാക്സിനേഷൻ കുറച്ചു , ശിശു മരണ നിരക്ക് കൂട്ടി , സ്ത്രീ വിദ്യാഭ്യാസത്തിനു എതിരെ പട വെട്ടി , ചെയ്യുന്നതൊക്കെ ദൈവത്തിന്റെ മഹത്തായ പരിപാലന ക്കെതിരെ ഉള്ള പിശാചിന്റെ ചെയ്തികൾ ആയി കാണേണ്ടി വരും . ചെയ്യരുതേ – പാപം ചെയ്യരുതേ (ജിമ്മി മാത്യു )

 

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .