പതിനാലു വയസ്സ് . നല്ല വയസ്സല്ലേ ?
താഴെ ഒരു നൂറു മീറ്റർ നടന്നാൽ ഒരു ചതുപ്പുണ്ട് . അതാണ് ഇപ്പളത്തെ ശക്തൻ തമ്പുരാൻ സ്റ്റാൻഡ് . എന്താല്ലേ .
ഒരു കുഞ്ഞു വാടക വീട്ടിൽ ഞാൻ . ഈ വീടിന്റെ ഏറ്റവും അടിപൊളി കാര്യം , പുറകിൽ, ഒരു തുരുമ്പിച്ച ഗേറ്റ് തുറന്നാൽ , ഒരു അൻപത് സെന്റ്റ് പറമ്പ് ഉണ്ടെന്നുള്ളതാണ് . എന്തുട്ട് പറമ്പാഷ്ടോ . ഒരു പ്രപഞ്ചം മൊത്തം ആ പറമ്പിൽ . എപ്പോ വേണേലും അങ്ങോട്ട് ഇറങ്ങാം . അന്ഗടാ ചാടാം ; ഗെഡിയെ .
പറമ്പിൽ കൃഷി ഇല്ല . ചുമ്മാ കിടക്കയാണ് . അപ്പൊ കാട് അവിടെ കേറി വരുമല്ലോ . അതിഥി ആയിട്ടല്ല . അധികാരത്തോടെ തന്നെ . ‘ഞാനാണെടോ പണ്ടേ ഇവുടുത്തെ ‘ – അതാണ് .
കാലവര്ഷങ്ങൾ അതിൽ ചെറു കുളങ്ങൾ ഉണ്ടാക്കി . ഒരു ജൈവ സൂപ്പ് അതി ധ്രുതം അതിൽ ഉദയം ചെയ്തു . നിറച്ചും പുളക്കുന്ന ജീവൻ ! മരങ്ങൾ ആശാന്മാരെ പോലെ തലയുർത്തി തണൽ അടിച്ചേല്പിച്ചപ്പോ , താഴെ , ഒരു കൗമാരക്കാരന്റ്റെ തലയെ തോൽപിക്കും മട്ട് കുറ്റിച്ചെടികൾ തഴച്ചു .
താഴെ മണ്ണിൽ പലതരം കുഞ്ഞു പാമ്പുകൾ പുളച്ചു ; പല്ലി പോലുള്ളവ ചലിച്ചു . അണ്ണാന്മാരും കിളികളും ചിലച്ചു . അത്ര വിരളമായല്ലാതെ തന്നെ കീരികളും മരപ്പട്ടികളും രംഗം കൊഴുപ്പിച്ചു .
അന്നെനിക്ക് ആരാവണം എന്ന് ഒരു സംശയവും ഇല്ല – ജന്തു ശാസ്ത്രജ്ഞൻ . അമ്മയുടെ കണ്ണ് വെട്ടിച്ച് , എന്റെ മുറിയിൽ , കൂടുകൾക്കകത്ത് , മാക്രികളും വണ്ടുകളും ചിലന്തികളും സുഖമായി വാണു ; പല്ലികൾ വാലാട്ടി നിന്നു .
കുട്ടിക്കാലത്ത് ഉണ്ടാവുമല്ലോ , പകർച്ച പനികൾ . പക്ഷെ ഇതെന്നെ പിടിച്ച് രണ്ടാഴ്ച ആയിട്ടും പോവുന്നില്ല . പിന്നെ എന്റെ കഴുത്തിന്റെ രണ്ടു ഭാഗത്തും മുന്തിരിക്കുലകൾ പോലെ കഴലകൾ പൊന്തി .
കണ്ണ് ഡോക്ടർ ആയിരുന്ന എന്റ്റെ അപ്പനെ , ശരിക്കും ആധിയോടെ കണ്ട അപൂർവ സമയം . കുറെ അധികം ഡോക്ടർമാർ ആളുടെ സുഹൃത്തുക്കൾ ആയിരുന്നെങ്കിലും എന്നെ കൊണ്ട് കാണിച്ചത് വളരെ ആലോചിച്ച് , ചുരുക്കം ആളുകളെ . ഈനാശു സാർ അവരിൽ പ്രധാനി .
നിറയെ പരിശോധനകൾ . ഞെക്ക് , കുത്ത് , സ്റ്റെതസ്കോപ്പ് . രക്തം എടുപ്പ് .
കഴുത്തിലെ കഴല ഒന്ന് ഓപ്പറേഷൻ ചെയ്ത് പരിശോധിക്കണം എന്ന് പറഞ്ഞപ്പോഴും പപ്പാ കൊണ്ട് പോയത് ബാലകൃഷ്ണൻ ഡോക്ടറുടെ അടുത്തേക്ക് . കുറെ ചർച്ചകൾക്ക് ശേഷം . എനിക്കെല്ലാം കേൾക്കാം .
കണ്ണ് മൂടിയപ്പോ ഒരു പേടി . ” സാരമില്ലെടോ – ഉറങ്ങുന്നത് പോലെ കിടന്നോ “
ലോക്കൽ അനസ്തേഷ്യ ആണ് . വേദനിച്ചില്ല ; പക്ഷെ ഒക്കെ ഓർമയുണ്ട് .
ഓപ്പറേഷൻ തീയേറ്റർ കാണാൻ പറ്റിയില്ല – പിന്നീട് ഞാൻ സർജനോട് പരാതി പറഞ്ഞു .
“ആർക്കറിയാം . ചിലപ്പോ വലുതാവുമ്പോ ദിവസോം കാണും ” സർജൻ ചിരിച്ചോണ്ട് അച്ഛനെ നോക്കി .
പപ്പാ ചിരിച്ചില്ല . രണ്ടാഴ്ച കഴിഞ്ഞു റിസൾട്ട് വന്നോപ്പോ പപ്പാ ചിരിച്ചു . ഒന്നുമില്ലെന്ന്. പനിയും മാറി.
എനിക്ക് വലിയ ആശ്വാസം ഒന്നും തോന്നിയില്ല . അതിന് ആധി തോന്നിയിട്ട് വേണ്ടേ ആശ്വാസം തോന്നാൻ ?
എനിക്ക് ഒരു ആധിയും തോന്നിയില്ലായിരുന്നു . പപ്പാ , മറ്റു ഡോക്ടർമാർ – ഇവർക്കൊക്കെ എന്തിനും പരിഹാരം ഉണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു .
ഒരു ഓപ്പറേഷൻ തീയേറ്റർ ഭാവിയിൽ കണ്ടേക്കില്ലെന്നും ഞാൻ വിചാരിച്ചു .
രണ്ടു കാര്യത്തിലും എന്റെ കണക്കുകൂട്ടൽ തെറ്റി .
പാടെ തെറ്റി . (ജിമ്മി മാത്യു )