തേയ്ക്കും ഈ പെണ്ണുങ്ങൾ – തേപ്പ് നല്ലതാണ് .

ഇക്കഴിഞ്ഞ ദിവസം ഒരു വാർത്ത കണ്ടു – നമ്മുടെ ഒരു മെഡിക്കൽ കോളേജിലെ ഒരു ഫൈനൽ ഇയർ പയ്യൻ ഒരു ഫൈനൽ ഇയർ പെണ്ണിനെ – സഹപാഠിയെ – ക്രിക്കറ്റ് ബാറ്റിന് തലക്കടിച്ചു !

 

എന്താ കാര്യം ? പ്രണയാഭ്യർത്ഥന നിരസിച്ചു എന്നാണു കാരണം ആയി വാർത്തയിൽ പറയുന്നത് .

 

ഈ സങ്കട കരമായ കാര്യത്തെ പറ്റി കൂടുതൽ അറിയില്ല . അത് കൊണ്ട് തന്നെ അതവിടെ നിൽക്കട്ടെ .

 

ലോകത്തു മനുഷ്യർ ഉണ്ടായിരുന്നത് തൊട്ട് ഉള്ള പ്രശ്നം ആണെന്ന് തോന്നുന്നു പെണ്ണുങ്ങളുടെ തേപ്പ് . തേച്ചാൽ ആണുങ്ങൾക്ക് ദേഷ്യം വരും .

 

അപ്പൊ ആണുങ്ങൾ തേക്കാറില്ലേ ? ഉണ്ട് – അത് പലപ്പോഴും വേറൊരു കടന്ന സ്റ്റേജിൽ ആണെന്ന് മാത്രം . അപ്പോൾ അത് ചിലപ്പോഴെങ്കിലും മറ്റതിനെക്കാൾ ക്രൂരത ആവും. അത് കൊണ്ടാണ് പെണ്ണുങ്ങളുടെ തേപ്പിനു  ഞാൻ ഒരു ഫുൾ വട്ടി നിറച്ചും സപ്പോട്ടക്ക കൊടുക്കുന്നത് . അല്ലാതെ ഫ് ബിയിൽ പെണ്ണുങ്ങളുടെ കൈയടി കിട്ടാനല്ല  (കിട്ടിയത് വേണ്ടെന്നു വയ്ക്കുകയുമില്ല) .

 

എനിക്കും കിട്ടിയിട്ടുണ്ട് തേപ്പുകൾ . ഞാൻ ഒരു ഭയങ്കര ചെറുപ്പക്കാരൻ ആണെങ്കിലും തൊണ്ണൂറുകളിലെ മെഡിക്കൽ കോളേജ് ക്യാമ്പസ് ഒക്കെ നല്ല ഓർമയുണ്ട് . അത് എങ്ങനാണെന്നു എനിക്കറിയില്ല . പാരമ്പര്യമായി കിട്ടിയതാണ് ഈ ഓര്മ.

 

ദുർബല ഹൃദയൻ ആയതിനാൽ എനിക്കീ പെണ്ണുങ്ങളോട് പെട്ടന്ന് പ്രേമം തോന്നും . എന്നാൽ ഭീകര നാണം കുണുങ്ങി ആയതിനാൽ ഒന്നും പുറത്തു പറയില്ല .എന്നാൽ ഒരു പെണ്ണ് ഈ കാര്യം എങ്ങനെയോ മനസിലാക്കി (അവർക്ക് പിന്നെ ഈ കാര്യത്തിൽ ഒരു ഇ സ് പി ൻ ഉണ്ടല്ലോ ) എന്നോട് ഒരു അടി അടിച്ചു . ഒരു പെണ്ണ് സ്നേഹം ചോദിച്ചു വരുന്ന ആണിനോട് ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകൾ .

 

ഞാൻ അവൾക്ക് ഒരു സഹോദരനെ പോലെ ആണത്രേ . ങ്‌ഹും ങ്‌ഹും . ഞാൻ തകർന്നു പോയി സുഹൃത്തുക്കളെ – തകർന്നു പോയി .

 

“അല്ലെങ്കിലും കാണാൻ കൊള്ളാത്ത ആണുങ്ങളെ സഹോദരന്മാർ ആക്കുന്നത് പെണ്ണുങ്ങളുടെ സ്ഥിരം പണിയാ ” എന്ന ശ്രീനിവാസൻ മഹദ് വചനം ഉദ്ധരിച്ചാണ് എന്റെ അലവലാതി ഫ്രണ്ട് തെണ്ടികൾ എന്നെ എതിരിട്ടത് . അന്ന് മുതൽ എനിക്കീ ശ്രീനിവാസനെ ഇഷ്ടമല്ല .

 

“അങ്ങനെയൊന്വല്ല – ജിമ്മ്യേ ” എന്ന് പറഞ്ഞു ഒരാൾ എന്നെ ആശ്വസിപ്പിച്ചത് കൊണ്ട് ഫുൾ ഡിപ്രെഷനിൽ പോകാതെ ഞാൻ രക്ഷപ്പെട്ടു . പ്ലീസ് നോട്ട് ദി പോയിന്റ് – അത്ര പെട്ടന്ന് അങ്ങനെ പറയാൻ ഒരാൾ ഉണ്ടായി എന്നത് തന്നെ മഹത് വചനം എന്റെ കാര്യത്തിൽ ശരിയല്ല എന്നുള്ളതിന്റെ തെളിവല്ലേ ? ഏത് ?

എന്നിട്ടും എന്ത് കൊണ്ട് പെണ്ണുങ്ങളുടെ തേപ്പിനെ ഞാൻ പിന്താങ്ങുന്നു ?

 

അതായത് ഈ പെൺ തേപ്പാണ് ഈ ലോക ജീവ ജാല ഉത്പാദന പ്രക്രിയയിലെ ഒരു പ്രധാന ഇന്ധനം .

 

മനസ്സിലായില്ലേ ? അതായത് തേപ്പുകാരന്മാരെ , തേപ്പുകാരികളെ , മറ്റു മാന്യ ജനങ്ങളെ :

 

ആദിയിൽ ആണും പെണ്ണുമായി ദൈവം ജീവികളെ സൃഷ്ടിച്ചു .

 

ഉം – പൂർണമായും ശരിയല്ല . ആദ്യത്തെ ജീവികൾ പലതും വെറുതെ നെടുകെ പിളരും . പിന്നെയും പിന്നെയും പിളരും . അങ്ങനെ പിള്ളേരുണ്ടാക്കും .

 

കുറച്ചു കഴിഞ്ഞപ്പോൾ അത് ബോറായി . പെണ്ണുങ്ങളും ആണുങ്ങളും ആയി . അതായത് പെൺ പുഴു ആൺ പുഴു . പെൺ പൂച്ചി , ആൺ പൂച്ചി . പെൺ പൂച്ച ആൺ പൂച്ച . പെണ്ണുങ്ങൾ , ആണുങ്ങൾ .

 

ആണും പെണ്ണും കൂടി എന്തൊക്കെയോ കോപ്രാട്ടി ഒക്കെ ചെയ്യും . ജനിതക സംഭവങ്ങൾ സെക്സഞ്ചു ചെയ്യും .

പെണ്ണിന് മുട്ട . ആണിന് ഇത്തിരി കുഞ്ഞൻ സ്പേം . മുട്ടയിൽ ആണ് ഭ്രൂണത്തിന് വേണ്ട കൊഴുപ്പ് ഒക്കെ ശേഖരിച്ചു വച്ചിരിക്കുന്നത് . അപ്പോൾ മുട്ട ഉണ്ടാക്കാൻ സ്പേം ഉണ്ടാക്കുന്നതിനേക്കാൾ പാടാണ് .

ഹോ – ആ ഒരു കാര്യം തൊട്ട് പാവം പെണ്ണുങ്ങൾക്ക് കഷ്ടപ്പാടാണ് സൂര്ത്തുക്കളെ .

 

ആണ് പുഴു – സ്പേം കൊടുക്കണം . പിന്നെ പോയി ഒരു ഗ്ളാസ് നാരങ്ങാ വെള്ളം കുടിക്കണം . പാർട്ടി സൂക്തങ്ങൾ ഉറക്കെ ചൊല്ലണം . പരിപാടി കഴിഞ്ഞു . അടുത്ത പെൺ പുഴുവിനെ നോക്കി പോകാം .

പെൺ പുഴു – മുട്ട സ്വന്തം കൊഴുപ്പെടുത്തു ഉരുട്ടി ഉണ്ടാക്കണം . സ്പേം കിട്ടിക്കഴിഞ്ഞാൽ അതും ചുമന്നു നടക്കണം . മുട്ട ഇടണം .

 

പരിണാമ സ്രെണി കേറും തോറും പെണ്ണുങ്ങളുടെ തൊല്ല വർധിക്കുകയാണ് . പെൺ പൂച്ച – ഭ്രൂണത്തെ പേറി നടക്കണം , പെറണം . മുലയൂട്ടി വളർത്തണം . കണ്ടൻ പൂച്ച എവിടെ ? ആ .. എന്തൊരന്യായം !

 

ദൈവം ഭീകര ചെയ്തതാണ് പെണ്ണുങ്ങളോട് ചെയ്തത് . മനുഷ്യരുടെ കാര്യം തന്നെ എടുക്കൂ . ആണ് പെണ്ണിന്റെ കൂടെ നിന്ന് കുട്ടികൾക്ക് ചെലവിന് കൊടുത്തു വളർത്താൻ സഹായിക്കണം എന്ന് ജീവശാസ്ത്രപരമായും , സാമൂഹികമായും , വെറും ന്യായം നോക്കിയാലും വേണ്ടതാണെന്നിരിക്കെ , ഒറ്റ മുങ്ങു മുങ്ങിയാലോ ? അടി കൊടുക്കണം .

 

സമൂഹം വിവാഹം വേർപെടുത്തുന്നതിനെതിരെ നിയമ ഇണ്ടാസുകൾ ഇറക്കുന്നത് ലേശം പെണ്ണുങ്ങൾക്കും കൂടി വേണ്ടിയാണ് ! തോന്നുമ്പോൾ ആ സ്റ്റേജിൽ തേക്കാൻ ആണുങ്ങളെ സമ്മതിക്കാൻ പാടില്ല . അത് കൊണ്ട് തന്നെ നഷ്ട പരിഹാരം വളരെ കൂടുതൽ കൊടുക്കാൻ ആണ് ബാധ്യസ്ഥൻ ആണ് .

 

പെണ്ണുങ്ങൾ അത് കൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചേ ആണുങ്ങളെ തെരഞ്ഞെടുക്കാറുള്ളു .

 

അതായത് പരിണാമത്തിൽ പ്രകൃതി തെരഞ്ഞെടുക്കുന്ന അത്രയും പ്രധാനം തന്നെ പെണ്ണിന്റെയും ആണിന്റെയും തെരഞ്ഞെടുപ്പിനുണ്ട് . എന്നാൽ പെണ്ണുങ്ങളുടെ തെരഞ്ഞെടുപ്പിനാണ് വളരെ കൂടുതൽ പ്രധാനം .

എങ്ങനാണെന്നല്ലേ ?

 

ഒരു ആൺ പുഴു – ഭയങ്കര സുന്ദരൻ ആണ് . അവൻ ഓടി നടന്നു എല്ലാ പെണ്ണുങ്ങൾക്കും സ്പേം കൊടുക്കും . പെണ്ണുങ്ങൾ എല്ലാം സ്വന്തം ജനിതകം അടുത്ത തലമുറയ്ക്ക് കൈമാറും . എന്നാൽ കാണാൻ കൊള്ളാത്ത ശരാശരി ആൺ പുഴുക്കൾ ഒക്കെ വെറുതെ ചത്ത് പോകും . അവരുടെ സ്വഭാവങ്ങൾ അടുത്ത തലമുറയിലേക്ക് വരുന്നില്ല . സുന്ദരൻ ആൺപുഴുവിന്റെ സ്വഭാവങ്ങൾ അടുത്ത തലമുറയിലെ എല്ലാ പുഴുക്കൾക്കും ഉണ്ടാവും .

 

ആൺ മയിലിന്റെ വാൽ നോക്ക് . അവന്റെ ആട്ടം നോക്ക് . ഇതെങ്ങനെ ഉണ്ടായി ? ഇത് കൊണ്ട് ഇര തേടാനോ ശത്രുക്കളെ ഓടിക്കാനോ പറ്റില്ല . വാൽ കാരണം കടുവയോ കരടിയോ ഓടിച്ചിട്ട് പിടിക്കാൻ എളുപ്പം ആകുകയേ ഉള്ളു . ആകെ പ്രയോജനം മറ്റുള്ള ആണുങ്ങളെ ആടി തോൽപ്പിച്ച് പെണ്ണിന്റെ തെരഞ്ഞെടുപ്പിന് അർഹൻ ആകാം എന്നത് മാത്രം ആണ് .

 

മനുഷ്യർ വളരെ വ്യത്യസ്തം ആണെന്ന് പറയാൻ വരട്ടെ . മൈറ്റോകോൺഡ്രിയൽ ഡി ൻ എ , y ക്രോമസോമൽ ഡി ൻ അ എന്നിവ നോക്കിയാൽ പോപ്പുലേഷൻ ജനറ്റിക്സ് എന്ന ശാസ്ത്ര ശാഖാ ഉപയോഗിച്ച് നമുക്കറിയാം . നമ്മുടെ ഇപ്പോഴത്തെ ആൾക്കാരുടെ ജനിതകത്തിൽ പെണ്ണുങ്ങളുടെ പങ്ക് ആണുങ്ങളുടേതിനേക്കാൾ കൂടുതൽ ആണ് . അതായത് , ലക്ഷക്കണക്കിന് കൊല്ലങ്ങൾ പുറകിലേക്ക് നോക്കിയാൽ മിക്ക പെണ്ണുങ്ങൾക്കും കുട്ടികൾ ഉണ്ടായിട്ടുണ്ട് . പക്ഷെ കുറെ ഏറെ ആണുങ്ങൾക്ക് കുട്ടികൾ ഉണ്ടായിട്ടേയില്ല .

 

എങ്ങനുണ്ട് ? എങ്ങനുണ്ട് ?

 

അതായത് – പരിണാമം രൂപപ്പെടുത്തിയ ഒരു പെൺ മനസ്സിൽ – ഒരുത്തനെ മനസ്സാ വരിക്കുന്നതിനു മുൻപ് – നല്ലവൻ ആണോ , ഇട്ടേച്ചു പോകുമോ , മിടുക്കുണ്ടോ , കുട്ടികളെ നോക്കാൻ കഴിവുണ്ടോ ഇതൊക്കെ വളരെ നന്നായി നോക്കി , സ്റ്റാൻഡേർഡ് ഇല്ലാത്തവനെ തേക്കാൻ ഉള്ള പ്രവണത നന്നായി വികസിച്ചിരിക്കാൻ സാധ്യത ഉണ്ട് .

 

ഒരു കാര്യം ഇപ്പഴേ പറയാം . പരിണാമം അങ്ങനെ ആണ് അത് കൊണ്ട്, നമ്മൾ ഇങ്ങനെ ആയിരിക്കണം എന്ന് പറയുന്നത് പോഴത്തം ആണ് . യുദ്ധം , കൊല്ലൽ , ബലാത്സംഗം ഇതൊക്കെ അപ്പൊ ചിലപ്പം പരിണാമത്തിൽ ഉള്ളതായിരുന്നിരിക്കാം . പ്രകൃത്യാ ഉള്ളത് മിക്കതും നല്ലതല്ല . അത് മനസ്സിലാക്കാനാണ് നമ്മുടെ ബുദ്ധി ഉള്ളത് .

 

പക്ഷെ തേപ്പ് നല്ലതാണ് . പെണ്ണുങ്ങളുടെ തേപ്പ് വളരെ വളരെ നല്ലതാണ് .

 

തേച്ചോളു , പെണ്ണെ , തേച്ചോളു  പെണ്ണെ , തേപ്പു  പെട്ടി പോലെ ഇനിയും നിങ്ങാ ……..(ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .