“Do not judge me by my success, judge me by how many times I fell down and got back up again.”
― Nelson Mandela
ദൈവമേ, എന്താണിത്?
മനുഷ്യൻ ഇങ്ങനെ സഹിച്ചോണ്ടിരിക്കും. സഹിക്കാൻ പാടില്ലാത്തത് ഉണ്ടായിക്കൊണ്ടുമിരിക്കും. നല്ലത് വരും- ഉടൻ കൊടിയ പീഡനങ്ങൾ വന്ന് അതിനെ മായ്ക്കും.
എന്തുട്ടാണ്ടോ ഇത്?
ചുമ്മാ ഉണ്ടാക്കി വിട്ടിട്ട് ഇങ്ങനെ നടക്കാ? നിങ്ങക്ക് കാര്യങ്ങളിൽ പൊതുവെ എന്തേലും നിയന്ത്രണം ഉണ്ടോ?
ണ്ടെങ്കിൽ എന്തുട്ട് അക്രമ ഈ കാട്ട്ണെ? എന്തും നടത്താൻ കഴിവുള്ള ആളാണത്രെ-
ഓമ്നിപോട്ടെൻറ്റ്- മണ്ണാങ്കട്ട. ഓമ്നി റംബൂട്ട്.
മനുഷ്യന് പിന്നെ പറ്റുന്നത് ചോദ്യങ്ങൾ ചോദിക്കാനാണല്ലോ. രണ്ടാം ക്‌ളാസിൽ അടുത്ത കൂട്ടുകാരന്റെ അമ്മ വണ്ടി ഇടിച്ചു മരിച്ചിട്ട് അവന്റെ വീട്ടിപ്പോയി അവൻ വാവിട്ടു കരയുന്ന കണ്ടേപ്പിന്നെ ആണ് എന്റെ ഓർമയിൽ ഇത്തരം ചോദ്യങ്ങൾ ഉണ്ടാവുന്നത്.
താൻ ആരാണ്ടോ?
എന്തിനാണ് ഇതൊക്കെ?
പറ്റൂല്ലെങ്കി വേറെ ആരേലും ഏൽപ്പിച്ചു കൂടെ?
എന്തിനാണ് നാശം? എന്തിനാണ് വിപത്ത്? എന്ത് പണ്ടാരത്തിനാണ് വേദന? നിലക്കാത്ത നിരന്തരമായ വേദന?
പണ്ടേ മതവക്താക്കൾ നേരിടുന്ന ചോദ്യമാണല്ലോ. ആയിരക്കണക്കിന് കൊല്ലങ്ങളായി കുറെ ഉത്തരങ്ങൾ ഉണ്ടാക്കി വെച്ചിട്ടുണ്ട്.
ക്രിസ്ത്യാനികൾ പലതും പറയുന്നുണ്ട്. ഫ്രീ വിൽ എന്ന് പറയുന്ന ഒന്നുണ്ടത്രേ. മനുഷ്യന് തോന്നുന്നത് ചെയ്യാം. അപ്പൊ നമ്മൾ ഉണ്ടാക്കുന്നതാണത്രേ സഹനങ്ങൾ. പിന്നേ- ഈ ഒന്ന് കഴിഞ്ഞ് മറ്റൊന്ന് എന്ന രീതിയിൽ വരുന്ന മണ്ണിടിച്ചിൽ, അഗ്നിപർവതം പൊട്ടൽ, ഭൂമികുലുക്കം, സുനാപ്പി..ഛേ- സുനാമി- ഇതൊക്കെ നമ്മൾ ഉണ്ടാക്കുന്നതല്ലേ- ഒന്ന് പോടോ ഹേ. കോളറ, വസൂരി, ഡെങ്കി, അമീബിക് മെനിഞ്ഞോ എങ്കഫലൈറ്റിസ്, ദൂഷന്നേ മസ്കുലാർ ഡിസ്ട്രഫി, ഇഡിയോപ്പതിക് കാർഡിയോമയോപ്പതി, വരട്ടു ചൊറി, കരപ്പൻ, വായ്പുണ്ണ്, മുറിച്ചുണ്ട്, കൊതുക്, ഗുഹ്യ പേൻ, മണിയനീച്ച- ഇതൊക്കെ ഞങ്ങളാണോടോ ഉണ്ടാക്കിയത്?
ഉദ്ഭവപാപം ഉണ്ട്. ആത്മാക്കളെ പരീക്ഷിച്ച് ബലം വെയ്പ്പിക്കൽ, ചുമ്മാ പരീക്ഷിക്കൽ അങ്ങനെ ഒക്കെയുണ്ട്. ഇതിനൊക്കെ ഒരുത്തരമേ ഉള്ളു- കേരവൃക്ഷ അനവധി ഫല- അതായത് തേങ്ങാക്കുല.
പിന്നെ ചെകുത്താൻ ഉണ്ടത്രേ. അവനാണ് ഇതൊക്കെ ചെയ്യിക്കുന്നത്.
എന്റ്റെ പൊന്നണ്ണാ. രംഗൻ സേട്ടാ, ആശാനേ. ആശാൻ ഇത്ര ഉഷാറാണെങ്കിൽ ഈ ചെകുത്താനെ കുത്തി കുത്തി കുത്തി കുത്തി കുത്തി കുത്തി കുത്തി കുത്തി കുത്തി കുത്തി കുത്തി കുത്തി കുത്തി കുത്തി അങ്ങ് കൊല്ലാത്തത് എന്താണാശാനെ? കത്തിക്ക് തുരുമ്പു കേറിയാ?
അബ്രഹാമിക് മതങ്ങളായ ഇസ്ലാമിലും ജൂത മതത്തിലും ഇത് പോലൊക്കെ തന്നെ. പരീക്ഷണം. സ്വർഗത്തിൽ ഫലം. ഇവിടെ സഹനം- അവിടെ ഉല്സവം. ഇവിടെ ത്രീ ജി- അവിടെ നീ മാലാഖ ജി. എന്തുവാടെ ഇതൊക്കെ?
പിന്നെ ഒരു വെറൈറ്റി സാധനമുണ്ട്- മാനേജരുടെ യുക്തി!
ഇതൊക്കെ മാനേജരുടെ യുക്തിയാണത്രെ. നമ്മൾ സഹിച്ചോണം. അതെ- ഈ യുക്തിയില്ലാത്ത കാര്യങ്ങളെയാണോ യുക്തി എന്ന് പറയുന്നത്?
ഹിന്ദു, ബുദ്ധ മതങ്ങളിൽ ഇതിനെക്കാളും യുക്തിയില്ലാത്ത പരിപാടികൾ ഉണ്ട്- കർമ്മ ഫലം. നമ്മൾ ചെയ്യുന്നതിന്റെ ഒക്കെ ഫലമാണത്രെ നമ്മൾ അനുഭവിക്കുന്നത്. ഇപ്പൊ നന്മ ചെയ്തിട്ടും കാര്യമില്ല. പണ്ട് നമുക്ക് ഓര്മയില്ലാത്ത ഒരു ജന്മത്തിൽ ചെയ്തതിന്റെ നമ്മൾ ഇപ്പൊ അനുഭവിക്കണം. കുഷ്ഠരോഗിയായാലും അടിമ ജാതിയായാലും അത് നമ്മുടെ കർമഫലം!
ഈശ്വരാ, ഞാൻ ഒന്നും പറയുന്നില്ല.
ഗ്രീസിലും ഒക്കെയുള്ള സെക്കുലർ ഫിലോസഫേർസ് എന്ന തത്വജ്ഞാനികൾ കൊറേ കൊറേ കൊണ കാലങ്ങളായി അടിച്ചിട്ടുണ്ട്- നാച്ചുറൽ ഈവിൾ, എക്സ്റ്റെൻഷ്യലിസം, ഹ്യൂമനിസ്റ്റ് എസ്സെൻഷ്യലിസം- അങ്ങനെ കൊറേ. ഇതെല്ലാം പൊതുവെ രണ്ടു വാക്കുകളിൽ ചുരുക്കാം-
കേരവൃക്ഷ അനവധി ഫല- തേങ്ങാക്കൊല.
ആമ്ര ഫല ചര്മാഹ – മാങ്ങാത്തൊലി.
എനിക്കാകെ ഒന്നേ പറയാനുള്ളു.
വീണാൽ ഞങ്ങൾ ഇനിയുമിനിയും എണീക്കും. പരസ്പരം കൈ കോർക്കും. നടക്കും. വീണു വീണ്, വീണ്ടും നടക്കും. കണ്ണുനീർ ഒലിച്ചിറങ്ങുമ്പോൾ പുറംകൈ കൊണ്ട് തുടയ്ക്കും. എന്നിട്ട് വീണ്ടും നടക്കും.
എങ്ങോട്ട്? അതറിയില്ല.
ഇനി ഞങ്ങൾ തന്നെയാണോ രങ്കണ്ണൻ? എന്നാൽ ഞങ്ങൾ കാണിക്കും. എടാ മോനെ- രങ്കൻ സേട്ടൻ കാണിക്കും എന്ന് പറഞ്ഞാൽ കാണിക്കും.
വാശിയിൽ ആണേലും ഞങ്ങളിൽ ചിലർ പ്രാർത്ഥിച്ചു എന്നൊക്കെ വരും. കരഞ്ഞു കാലു പിടിച്ചേക്കാം. അപ്പൻ അടിച്ചു തല പൊട്ടിച്ചാലും മുള്ളാൻ മുട്ടുമ്പോ നിക്കർ ഊരിത്തരാൻ അപ്പന്റെ അടുത്ത് തന്നെ രണ്ടു വയസുകാരൻ പോകുമല്ലോ? അപ്പൻ ഉണ്ടെന്ന വിചാരമുണ്ടെങ്കിൽ.
എടോ അപ്പാ, നീ ഉണ്ടോ?
ഇറങ്ങി വാടാ ഇങ്ങോട്ട്!
(ജിമ്മി മാത്യു )