നമ്മളെ നമ്മളാക്കുന്ന കണ്ണാടികൾ:

ആദ്യത്തെ ഫോട്ടോയിൽ ഉള്ള സ്ത്രീയെ കണ്ടിട്ട് ഭാഷ, പ്രദേശം, സമുദായം ഒക്കെ ഊഹിക്കാമോ എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. ഒത്തിരി പേര് കമന്റ്റ് ചെയ്തു. പലരും ദ്രവീഡിയൻ എന്നൂഹിച്ചു. അത് ശരിയാണ്. രസകരമായ ഒരു കാര്യം, കുറെ പേർ, ‘ഉയർന്ന ജാതിയിലുള്ള സൗത്ത് ഇന്ത്യൻ’ എന്ന് പറഞ്ഞു എന്നതാണ്. അതിന് കാരണവും ഉണ്ടാവാം. കുറെ പേര് വളരെ കറക്ട് ആയി പറഞ്ഞു- സോഴ്സ് അറിഞ്ഞിട്ടാവാം.

ടോണി ജോസഫിന്റെ ‘ഏർളി ഇന്ത്യൻസ്’ എന്ന പുസ്തകത്തിലെ ഒരു പടമാണ് ഇത്. ചെത്തീസ്ഗറിലെ ബസ്തർ പ്രദേശത്തുള്ള ഒരു ഗോണ്ട് വർഗക്കാരി സ്ത്രീ ആണിവർ. അടുത്ത ഫോട്ടോ ലിറ്റിൽ ആൻഡമാൻ ദ്വീപിൽ ഉള്ള ഓങ്ങേ ഗോത്രക്കാരൻ ആണ്. അറുപത്തയ്യായിരം കൊല്ലം മുൻപ് ആഫ്രിക്കയിൽ നിന്ന് കുറ്റിയും പറിച്ച് എറിട്രിയയിൽ നിന്ന് ബാബ് എൽ മാൻഡബ് വഴി യെമെനിലേക്ക് ചാടി പുറത്ത് കടന്ന ഒറിജിനൽ മനുഷ്യരുടെ പിന്നീട് കലർപ്പില്ലാത്ത ആദ്യ ഇന്ത്യക്കാരുടെ പ്രതിനിധി ആണ്! വ്യത്യാസം ശ്രദ്ധിക്കു.

മധ്യപ്രദേശ്, മഹാരഷ്ട്ര, ഛത്തീസ്ഗർ ഒക്കെ ഉള്ള ഒരു ദ്രവീഡിയൻ ഭാഷ ആയ ഗോണ്ടി ആണ് ഗോണ്ടികളുടേത്. ഇങ്ങനെ ബലൂചിസ്ഥാനിൽ പോലും ബ്രഹൂയി എന്നൊരു ദ്രവീഡിയൻ ഭാഷ ഉണ്ട്. അതായത്, ഇന്ത്യ മൊത്തം അങ്ങിങ്ങായി ഇപ്പോൾ ഉള്ള ഈ ഭാഷാ കുടുംബം ഇപ്പൊ പ്രധാനമായി ഉള്ളത് സൗത്ത് ഇന്ത്യയിലാണ് (തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഒക്കെ). ഇന്ത്യയിൽ മിക്കവാറും സ്ഥലങ്ങളിൽ ഇപ്പൊ ഉള്ളത് ഇൻഡോ-യൂറോപ്യൻ ഭാഷയായ സംസ്‌കൃത കുടുംബത്തിൽ ഉള്ള ഹിന്ദി, രാജസ്ഥാനി, ഗുജറാത്തി പോലെ ഉള്ളവ ആണ്.

അതായത് ഇന്ത്യയുടെ ആഴത്തിൽ ഉള്ള ചരിത്രം അറിയാൻ ഹിസ്റ്റോറിക്കൽ ലിംഗയ്സ്റ്റിക്സ് എന്ന ഭാഷാശാസ്ത്ര ശാഖാ സഹായിക്കും.

പിന്നെ ആർക്കിയോളജി ഉണ്ടല്ലോ. ഫോസിലുകൾ ഉണ്ട്.

അടുത്ത കാലത്ത് വന്ന വിപ്ലവമുന്നേറ്റം ഡി എൻ എ ഉപയോഗിച്ചുള്ള പോപ്പുലേഷൻ ജെനറ്റിക്സിൽ ആണ്.

മൈറ്റോകോൺഡ്രിയൽ ഡി എൻ എ വെച്ച് ‘അമ്മ വഴി ഉള്ള (പെണ്ണുങ്ങൾ) പാരമ്പര്യം അറിയാം.

വൈ ക്രോമസോം വെച്ച് അപ്പൻ വഴി ഉള്ള (പുരുഷുസ്) പാരമ്പര്യം അറിയാം.

മുഴുവൻ ഡി എൻ എ വെച്ച് ആകെ മൊത്തം ടോട്ടൽ അറിയാം.

നമുക്ക് അറിയാവുന്നത് ഏറ്റവും ചുരുക്കി പറഞ്ഞാൽ ഇതാണ്:

ആഫ്രിക്ക കഴിഞ്ഞാൽ ജനിതക വൈവിദ്ധ്യം ഏറ്റവും കൂടുതൽ ഇന്ത്യയിൽ ആണ്. അതായത് ഇവിടെ ഒരു 35000 കൊല്ലം എങ്കിലും ആയി ആളുകൾ തിങ്ങി പാർത്തിരുന്നു. ഒരു ഒമ്പതിനായിരം കൊല്ലം മുൻപ് ബലൂചിസ്ഥാന്റെ അവിടെ ഒക്കെ ഹാരപ്പൻ സംസ്കാരത്തിന്റെ പൂർവികനായ മെഹർഗർ സംസ്കാരത്തിൽ കൃഷി ആരംഭിച്ചു. ഇറാനിലെ സാഗരോ ഭാഗത്തു നിന്ന് വന്ന ചില കർഷക കൂട്ടങ്ങളുടെ താരതമ്യേന ചെറിയ ജനിതക മിശ്രണം ആദ്യ ഇന്ത്യൻസുമായി സംഭവിച്ചു. ആ ഒരു പോപുലേഷനിൽ നിന്നാവാം ഹാരപ്പൻ സംസ്കാരം ഉടലെടുത്തത്. ഹാരപ്പൻ ഭാഷ ഒരു ദ്രവീഡിയൻ ഭാഷ ആയിരുന്നിരിക്കാൻ നല്ല സാധ്യത ഉണ്ട്. (സാഹചര്യ തെളിവുകൾ വെച്ച്). അന്നത്തെ ലോകത്തെ ഏറ്റവും വലിയ സംസ്കാരം ആയിരുന്നു ഹാരപ്പൻ.

വരൾച്ച മൂലം ആണെന്ന് തോന്നുന്നു, ഹാരപ്പൻ സംസ്‌കാരം ക്ഷയിച്ചു. ആളുകൾ പതിയെ തെക്കോട്ട് പോയിരിക്കാം. അപ്പോഴേക്കും 1500 ബി സി യോടെ ഇൻഡോ യൂറോപ്യൻ ഭാഷകളുമായി യൂറേഷ്യൻ സ്റ്റെപ്പി പാരമ്പര്യമുള്ള, കുതിര തേരുകളിൽ സഞ്ചരിക്കുന്ന ആളുകളുടെ വരവായി.

എല്ലാരും നന്നായി മിക്സ് ആയി. ഈ മിക്സിങ്ങിൽ ചില പ്രത്യേകതകൾ ഉണ്ട് കേട്ടോ.

നോർത്ത് ഇന്ത്യയിൽ , ഇൻഡോ യൂറോപ്യൻ മിക്സിങ് കൂടുതൽ ആണ് . സൗത്തിലേക്ക് വരും തോറും , മിക്സിങ് കുറഞ്ഞു കുറഞ്ഞു വരുന്നു . (ഇന്ത്യൻ ക്ളിൻ , എന്ന് പറയും -indian cline )

ഇൻഡോ യൂറോപ്യൻ ആണുങ്ങളിൽ നിന്ന് ദ്രവീഡിയൻ പെണ്ണുങ്ങളിലേക്ക് ആണ് കൂടുതൽ മിക്സിങ്ങും നടന്നിട്ടുള്ളത്.

ഉയർന്ന ജാതികളിൽ ഇൻഡോ യൂറോപ്യൻ മിക്സിങ് കൂടുതൽ ആണ് . ജാതി സ്രെണിയിൽ താഴ്ന്നു വരും തോറും മിക്സിങ് കുറഞ്ഞു വരും. സൗത്തിലും ഇങ്ങനെ തന്നെ.

ജാതികൾ തമ്മിൽ ചുരുക്കം മിക്സിങ് നടന്നിട്ടുണ്ട്. അതും, ഉയർന്ന ജാതി ആണുങ്ങളിൽ നിന്നും, താഴ്ന്ന ജാതി പെണ്ണുങ്ങളിലേക്ക് ആണ്.

എ ഡി നൂറ്, ഇരുനൂറ് ആയപ്പോഴേക്കും ജാതികൾ ഉറച്ചു. പിന്നെ മിക്സിങ് വളരെ കുറവേ നടന്നിട്ടുള്ളൂ. അതായത് ഏകദേശം നൂറ് തലമുറകൾ മിക്സിങ് ഇല്ലാതെ ഇവിടെ ഉണ്ടായിട്ടുണ്ട്.
ഒരേ ഇന്ത്യൻ ഗ്രാമത്തിൽ ഉള്ള , രണ്ടു ജാതികൾ തമ്മിൽ , ഒരു നോർത്ത് യൂറോപ്യനും സൗത്ത് യൂറോപ്യനും ഉള്ളതിനേക്കാൾ ജനിതക വ്യത്യാസം ഉണ്ടായേക്കാം.

ഈ ഫോട്ടോയും ചോദ്യവും ഇട്ടപ്പോൾ തന്നെ ഇത് പൊ. ക. അല്ല എന്ന് ചിലർ അഭിപ്രായപ്പെട്ടിരുന്നു.

ഞാൻ വിയോജിക്കുന്നു. വസ്തുതകൾക്ക് നേരേ മനഃപൂർവം കണ്ണടക്കുന്ന പൊ. ക. യോട് പണ്ടേ ഈപ്പച്ചന്‌ ബഹുമാനം പോയതാ തിരുമേനി.

അപ്പൊ അടുത്ത ചോദ്യമുണ്ട്: ഇതൊക്കെ അറിഞ്ഞിട്ടെന്തിനാ?

നമ്മള് നമ്മളായത് എങ്ങനെ എന്ന് നമുക്കറിയാമ്പാടില്ലെങ്കിൽ നമ്മൾ വാട്സപ്പിനോട് ചോദിക്കും നമ്മളാരാണെന്ന്. ചോദിച്ചില്ലെങ്കിലും വാട്സാപ്പിലൂടെ അവർ പറഞ്ഞു തരും നമ്മളാരെന്ന്. ആ നൊണ കേട്ട് നമ്മൾ തമ്മിൽ തല്ലി ചാകും.

പാഠങ്ങൾ:

വളരെ പഴേ ഒരു ജനത ആണ് നമ്മൾ. ഒത്തിരി ജനിതക മിക്സിങ് നടന്ന ജനത. ആർക്കും അധികം ഒറിജിനാലിറ്റി അവകാശപ്പെടാനില്ല.

ആരെയും അടിച്ചമർത്താത്ത പുണ്യ ജനത അല്ല നമ്മൾ. വളരെ വലിയ ഒരു സംസ്കാരം നമുക്കുണ്ടായത് വലിയ സംസ്കാരങ്ങൾ ചേർന്നിട്ടാണ്. അതിന്റെ എളിമ ഇച്ചിരി ഉണ്ടായാൽ നമുക്ക് ഗുണമേ ചെയ്യൂ.
(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .