എല്ലാം കുളമാകുന്നെ എന്നതാണല്ലോ ഇന്നത്തെ ഒരു ട്രെൻഡ്. സോഷ്യൽ മീഡിയയുടെയും എല്ലാ മീഡിയയുടെയും പൊതുവെ ഒരു ലൈൻ അതാണ്. അതാണല്ലോ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
എന്നാൽ സത്യം എന്താണ്?
എല്ലാം കുളം ഒന്നും ആകുന്നില്ല. ഇന്ത്യയുടെ എകണോമി സാമാന്യം ഭേദമായി വളർന്നു കൊണ്ട് തന്നെ ഇരിക്കുന്നു. (പടം രണ്ട്- സോഴ്സ്- വിക്കിപീഡിയ).
അപ്പൊ ആളോഹരി വരുമാനമോ? അതും വളർന്നു കൊണ്ട് തന്നെ ഇരിക്കുന്നു. (പടം മൂന്ന്- ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്)
ലിബറൽ മുതലാളിത്ത വ്യവസ്ഥ കാരണം ദാരിദ്ര്യം വർദ്ധിച്ചോ? അങ്ങനെ കാണുന്നില്ല. ഇന്റർനാഷണൽ ഏജൻസികൾ അളക്കുന്ന ദാരിദ്ര്യ സൂചിക വളരെ സ്ഥിരമായി ഇന്ത്യയിൽ കുറഞ്ഞു കൊണ്ട് തന്നെ ഇരിക്കുന്നു. (പടം നാല്- അവർ വെള്ഡ് ഇൻ ഡാറ്റ). ചൈനയുടെ വളർച്ച മൊത്തം ലിബറലൈസേഷനും ഗ്ലോബലൈസേഷനും വലിയ തോതിൽ ഉപയോഗിച്ചിട്ടാണ് എന്നോർക്കണം.
ഇന്ത്യയുടെ എകണോമി വലിയ ഒരു പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് മൻമോഹൻസിങ് വരുന്നത്. എകണോമിയുടെ ലിബറലൈസേഷൻ ഗുണകരമായി എന്ന് വേണം കരുതാൻ. അത് കൊണ്ട് ജനങ്ങൾക്ക് എന്ത് മാത്രം ഗുണം ഉണ്ടായി എന്നറിയാൻ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് നോക്കിയാൽ മതി. 1990 കഴിഞ്ഞിട്ടാണ് അന്തരാഷ്ട്രത്തലത്തിൽ അത് കണക്കാക്കി തുടങ്ങിയത്. എങ്കിലും 90ൽ ഉണ്ടായ എക്കണോമിക് ലിബറലൈസേഷന് ശേഷം ഉടനെയാണ് ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സിൽ ഏറ്റവും പുരോഗതി ഉണ്ടായത്. (പടം അഞ്ച്- UN ഡെവലപ്മെന്റ് റിപ്പോർട്ട്).
മൊത്തം കുളമാകുന്നില്ല. പ്രത്യേകം ശ്രദ്ധിക്കേണ്ടത്, 2014 നു ശേഷം നാടകീയമായ ഒന്നും ഉണ്ടായതായി കാണുന്നില്ല. പെർ കാപിറ്റ ജിഡിപി 2005 നു ശേഷമൊക്കെ നന്നായി ഉയർന്നിട്ടുണ്ട്. എന്നാൽ ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് കഴിഞ്ഞ പത്തുപതിനഞ്ചു വർഷമായി ബംഗ്ലാദേശിന്റെ അതേ വളർച്ചയെ കൈവരിച്ചിട്ടുള്ളു.
അതായത് റാഡിക്കൽ ആയ മാറ്റങ്ങൾ ഒന്നും ഇല്ല. ഇനിയും ഒത്തിരി ദൂരം പോകാനുണ്ട്. അഹങ്കാരം തീരെ വേണ്ട. എങ്കിലും ‘അയ്യോ എല്ലാം കുളമായെ”- അതും വേണ്ട. ഇത് സാമ്പത്തികമായി നോക്കുമ്പോ മാത്രമാണ് കേട്ടോ. ജനാധിപത്യ മൂല്യങ്ങൾ, വർഗീയത, ഇതൊക്കെ നോക്കിയാൽ സ്ഥിതി വേറെ ആണ്.
(ജിമ്മി മാത്യു)