നാറാണത്ത് ഭ്രാന്തന്റെ കഥ നമ്മൾ കേട്ടിട്ടുണ്ട്. പക്ഷെ പല പഴേ കഥകളെയും പോലെ , അത് പൂർണമല്ല . ചില കാര്യങ്ങൾ ആരോ വിഴുങ്ങി !
ഉദാഹരണത്തിന് , വേറൊരുത്തൻ ഉണ്ടായിരുന്നു – ഉപ നായകൻ – നാറാണത്ത് ബുദ്ധിമാൻ !
പിന്നെ സഹനടൻ ഇല്ലാതെ എന്താഘോഷം ? അയാൾ ആണ് തൊര ദേവൻ എന്ന ഒരു ചുള്ളൻ .
ശോ – പേടിക്കണ്ട . ആദ്യം മുതൽ ഞാൻ ഗമ്പ്ലീറ്റ് പറഞ്ഞു തരാം . അപ്പൊ ഉള്ള കിളി കൂടി പോയി എല്ലാം വ്യക്തമാകും.
നാറാണത്ത് ഭ്രാന്തൻ ചുമ്മാ മലേടെ താഴെ റെസ്റ്റ് എടുക്കയായിരുന്നു . ജസ്റ്റ് ലൈക് ദാറ്റ് . അപ്പൊ ആണ് തൊര ദേവൻ പ്രത്യക്ഷപ്പെടുന്നത് .
ആരാ ഈ തൊര ദേവൻ ?
അത് സിംപിൾ അല്ലെ ? നമ്മുടെ നാട്ടിൽ ദേവൻ , ദേവി , കാളൻ , കാളി , കൂളി , കുട്ടിച്ചാത്തൻ , ജിന്ന് , ശെയ്ത്താൻ , സാത്താൻ , നാഗ ദൈവം , ഗന്ധർവ്വൻ , ആന മറുതാ- അങ്ങനെ പലേ കുരിശും ഉണ്ടല്ലോ . അതിൽ ഒന്ന് എന്ന് വിചാരിച്ചാൽ മതി .
അപ്പൊ ശരിക്കും ത്വര അല്ലെ , ത്വര ? തത്വതിന്റെ ത്വര .
ങ്ങാ . അങ്ങനെയും പറയാം . പക്ഷെ ഈ ത്വ ഒക്കെ എപ്പോ ഉണ്ടായതാ ? വെറും മൂവ്വായിരത്തഞ്ഞൂറു കൊല്ലം മുൻപ് സിന്ധു നദി കടന്നെത്തിയ ഇൻഡോ യൂറോപ്യൻ ….
ഛെ ഛെ …കളഞ്ഞു . അത് പോട്ടെ . അത് ഇവിടെ പറയണ്ട .
അത് കൊണ്ട് വെറും തൊ . തൊര ദേവൻ . തൊരപ്പന്റെ തൊ . മാങ്ങാ തൊലിയുടെ തൊ . നല്ല കറുമ്പന്മാരുടെ സൊയമ്പൻ തൊഴിയുടെ തൊ .
തൊര ദേവൻ മലയുടെ മോളിൽ നിന്ന് ആവേശം കേറ്റും :
“വാടാ , വാടാ മോനെ .
പാറെം കേറ്റി ക്കൊണ്ട് .
വാ നീ വേഗം വന്നാൽ ,
പാലും പഴവും നൽകാം .”
ഇത് കേട്ട് നാറാണത്ത് ഭ്രാന്തൻ പാറ ഉരുട്ടി , കിതച്ച് മോളിൽ ചെല്ലും . പക്ഷെ ഉച്ചിയിൽ എത്താറാവുമ്പോ , ആ തൊര ദേവൻ ഇങ്ങനെ കോട്ടും സൂട്ടും ഇട്ട് കോർപറേറ്റ് ടൈയും കെട്ടി നിക്കുന്നത് കാണുമ്പോ , എന്താന്നറിയില്ല , മിസ്റ്റർ എൻ , ഭ്രാന്തന് എന്തോ പോലെ തോന്നും .
ഉടൻ പാറ താഴേക്ക് ഉരുട്ടി കളയും . പൊട്ടിച്ചിരിച്ചു കൊണ്ട് തുള്ളി ചാടും .
തൊര ദേവൻ മുഖം ചുളിക്കും . ഒന്നൂടി കൊണ്ട് വരാൻ പ്രോത്സാഹിപ്പിക്കും . മേലെ പറഞ്ഞ ഊള പാട്ട് പിന്നേം പാടും . പിന്നേം ഇതൊക്കെ ആവർത്തിക്കും . ഉരുട്ടി കേറ്റൽ . ഉരുട്ടി ഇടൽ . തുള്ളി ചാട്ടം . പൊട്ടി ചിരി .
അവസാനം മടുത്തപ്പോ പുള്ളി താഴെ ഒറ്റ ഇരുപ്പ് ഇരുന്നു . അങ്ങനെ ഇരുന്ന് ഒരു പാറ ആയി മാറി . ഇതാണ് കഥ .
വേറെ ഒരാൾ ഉണ്ടായിരുന്നു നാറാണത്ത് . നാറാണത്ത് ബുദ്ധിമാൻ !
അയാളെയും തൊര ദേവൻ ചാക്കിട്ടു . മല മോളിൽ നിന്ന് ആ ക്ണാപ്പൻ ദേവൻ പാടി സുഹൃത്തുക്കളെ , പാടി :
“വാടാ വാടാ മോനെ
പാറെം ഉരുട്ടി കേറ്റ് .
വാ നീ ബുദ്ധിമാനെ
പാലും പഴവും കേറ്റാം “
മിസ്റ്റർ എൻ . ബുദ്ധിമാൻ , വലിയ ഒരു പാറ ഉരുട്ടി മേലെ മലയുടെ മേലെ കേറ്റി വച്ചു. ഒരു തുള്ളി പാല് നക്കാൻ കൊടുത്തു .
എന്നിട്ട് തൊര ദേവൻ പാടി :
“ഇനിയും കൊണ്ട് വാടാ മോനെ
ഇനി വാ , ശരിക്കും നക്കാം തോനെ “
അങ്ങനെ , കാര്യമായി ഉണ്ണാനും കിട്ടാതെ , നാറാണത്ത് ബുദ്ധിമാൻ , പാറകൾ ഉരുട്ടി കേറ്റി മലയുടെ മോളിൽ വെയ്ക്കാൻ തുടങ്ങി . പിന്നെയും പിന്നെയും . കട്ട സീരിയസ് ജോലി ആന്നെ . ഇടക്ക് തളർന്നു വീഴും . എണീറ്റ് കണ്ണീരും വിയർപ്പും തുടയ്ക്കും . പിന്നേം ഉരുട്ടി കേറ്റം .
യുഗ യുഗാന്തരങ്ങൾ കഴിഞ്ഞു . മന്വന്തരങ്ങൾ കൊഴിഞ്ഞു വീണു . (അതെന്ത് പൂട്ട് ആണാവോ . കൊറേ കാലം കഴിഞ്ഞു . അത്രേ ഉള്ളു ). ഇങ്ങനെ ഒക്കെ കാച്ചിയാലേ ഒരു ഗുമ്മുള്ളൂ .
അവസാനം , തൊണ്ണൂറ്റി ഒന്പതിനായിരത്തി തൊള്ളായിരത്തി ഒൻപതാം പാറ ഉരുട്ടി മേലെ കയറ്റിയതും , നാറാണത്ത് ബുദ്ധിമാന്റെ എന്തോ ഫ്യൂസ് കത്തി . പുള്ളി താഴെ വീണു .
വീണുരുണ്ടു . ഉരുണ്ടുരുണ്ട് താഴേക്ക് പതിച്ചു . നേരത്തെ എൻ ഭ്രാന്തൻ ഉരുട്ടിയിട്ട പാറ പോലെ ….അല്ല – അത് പോലത്തെ ഒരു പാറ സ്വയം ആയി , നാറാണത്ത് ബുദ്ധിമാൻ താഴേക്ക് ഉരുണ്ടു .
മോളിൽ നിന്ന് മ്മ്ടെ തൊര ദേവൻ പൊട്ടിച്ചിരിച്ചു തുള്ളിച്ചാടി ! – അലവലാതി . ബ്ലഡി ആസ് ഹോൾ . യൂസ്ലെസ്സ് പീസ് ഓഫ് ഷിറ്റ് .
താഴെ എത്തി . അവിടെ ഏതോ പശു ഇട്ട ചാണക കട്ട പോലെ , അവിടെ കിടന്നു .
അപ്പൊ സംഭവം ഇതാണ് ….
ഇതിൽ ആരാണ് ഭ്രാന്തൻ , ആരാണ് ബുദ്ധിമാൻ ?
അതായത് , ഇതിൽ വലിയ കഥ ഒന്നുമില്ല . വലത്തേ കാലിലെ മന്താണോ ഇടത്തെ കാലിലെ മന്താണോ കൂടുതൽ നല്ലത് ?
എന്തായാലും എലി പത്തായത്തിൽ ആയിക്കഴിഞ്ഞാൽ പുറത്തേക്ക് പിന്നെ ഇല്ലല്ലോ ? അവിടല്ലേ ,
ശുഭം , ദി ഏൻഡ് ?
പിന്നെ ഒന്നുണ്ട് – പൊട്ടിച്ചിരി , തുള്ളിച്ചാട്ടം . അതാര് ചെയ്തു ? അതിൽ കാര്യമില്ലേ ? അതാണ് ഇപ്പൊ ഞാൻ ഇരുന്നും കിടന്നും ചിന്തിച്ചോണ്ടിരിക്കുന്നത് .
എന്നിട്ട് വേണം അടുത്ത കല്ല് ഉരുട്ടി കേറ്റാൻ . (ജിമ്മി മാത്യു )