നോൺ വെജിറ്റേറിയൻ ആകുന്നതും ആരോഗ്യവും മറ്റു കുനുഷ്ടുകളും

ഞാൻ ഒരിക്കൽ സംസ്ഥാനത്തിന് പുറത്തു പഠിക്കുമ്പോൾ ഒരാളുമായി ഒരു തർക്കം നടന്നു – അയാൾ പറഞ്ഞു :

 

“മനുഷ്യൻ ശരിക്കും വെജിറ്റേറിയൻ ആണ് . നമ്മുടെ പണ്ടുണ്ടായിരുന്ന പൂർവിക മനുഷ്യരും വെജിറ്റേറിയൻ തന്നെ. നമ്മൾ ആവണം ”

 

ഉടൻ ഞാൻ ഇടങ്കോലിട്ടു . ഇടണമല്ലോ . നമ്മൾ നോൺ വെജിറ്റേറിയൻ ആണല്ലോ . അപ്പോൾ പിന്നെ ഉടക്കിയല്ലേ പറ്റൂ .

 

നമ്മുടെ മനസ്സിലെ ന്യായീകരണ ഫാക്ടറി ഇങ്ങനെയാണ് വർക് ചെയ്യുന്നത് . നമ്മൾ എല്ലാവരും ന്യായീകരണ തൊഴിലാളികൾ ആണ്. നമ്മുടെ വിശ്വാസങ്ങൾ വച്ച് ഒരലക്കാണ് . അതിനനുസരിച്ചുള്ള തെളിവുകൾ അവിടന്നും ഇവിടന്നും തപ്പി പിടിക്കും . എന്നാലും ഒരു പരിധി വരെ ഇതിനെ മാറി കടന്നു സത്യത്തെ പുൽകാൻ നമുക്ക് കഴിയും – കഴിയണം .

 

പത്തുപതിനഞ്ചു ലക്ഷം വര്ഷങ്ങളായി മനുഷ്യരും മനുഷ്യപൂർവികരും ഇറച്ചി നല്ല ഉഷാറായി കഴിച്ചിരുന്നു എന്നതിന് ആർക്കും തർക്കമില്ല .(ആധുനിക മനുഷ്യൻ ഉണ്ടായിട്ടു രണ്ടു ലക്ഷം വർഷങ്ങൾ എങ്കിലും ആയി . ഹോമോ ഇറക്റ്റസ് എന്ന മനുഷ്യ പൂർവികർ ഉണ്ടായിട്ടു ഇരുപതു ലക്ഷം വർഷങ്ങളും .)

 

അതെങ്ങനെ മനസ്സിലായി ? നമ്മൾ നോക്കിയത് കൊണ്ട് മനസ്സിലായി . ഫോസിൽ തീട്ടം – അങ്ങനെ ഒരു സാധനമുണ്ട് ! എന്താല്ലേ ? ലക്ഷക്കണക്കിന് വര്ഷം പഴക്കമുള്ള ആദിമ മനുഷ്യന്റെ ഫോസിൽ തീട്ടം തപ്പി നോക്കിയാൽ കാണാം – എല്ലുകൾ, മുള്ളുകൾ , ഇറച്ചിയിലെ പ്രോടീൻറ്റെ അംശങ്ങൾ .

 

പിന്നെ പഴയ മനുഷ്യന്റെ വാസസ്ഥലങ്ങളിൽ നിറച്ചും എല്ലുകളും, മുള്ളുകളും, കക്കയുടെയും മറ്റും തോണ്ടുകളും  കുറെ അധികം ഉണ്ട് . പിന്നെ എല്ലുകളിൽ നിന്നും കല്ല് കത്തികൾ ഉപയോഗിച്ചു ഇറച്ചി എടുത്തത്തിന്റെ പാടുകളും .

 

ഇപ്പോഴും ആദിമ മനുഷ്യ ഗോത്രങ്ങൾ ഉണ്ടല്ലോ . ഒറ്റ എണ്ണം പോലും വെജിറ്റേറിയൻ അല്ല !

 

നമ്മുടെ ശരീരവും ഇറച്ചി തിന്നാൻ തന്നെ ഉള്ളതാണ് . നമ്മുടെ കുടലിനു അത്ര നീളം ഇല്ല. പൊതുവെ  വെജിറ്റേറിയൻ ആയ ഗൊറില്ലയുടെ വീർത്ത കുട വയർ നോക്കൂ . ഇറച്ചി നന്നായി വെട്ടുന്ന ചിമ്പാൻസി ആണ് നമ്മുടെ ഏറ്റവും അടുത്ത ബന്ധു . നമ്മുടെ വയറിന്റെ ഘടന ഏകദേശം അങ്ങനാണ് .

 

നമ്മുടെ ചോരയിലുള്ള ഓക്സിജന്റെ ഇരുപതു ശതമാനം വിഴുങ്ങുന്ന നമ്മുടെ ഭീകര തല ചോറിനെ തീറ്റ കൊടുത്തു നില നിർത്താൻ വെജിറ്റേറിയൻ ഭക്ഷണം കൊണ്ട് മാത്രം പഴയ കാലത്തു സാധിക്കുമായിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെടുന്നു .

ചോരയിലുള്ള ഹേം എന്ന ഇരുമ്പു സത് ദഹിപ്പിക്കാൻ നമുക്ക് വേറൊരു മെക്കാനിസം തന്നെ ഉണ്ട് . പച്ചക്കറിയിലെ ഇരുമ്പ് വലിച്ചെടുക്കുന്നത് അങ്ങനല്ല .

 

പ്യുവർ വെജിറ്റേറിയൻ ആയാൽ (പാല് പോലും കഴിക്കാത്ത ) മനുഷ്യർക്ക് വിറ്റാമിൻ ബി ട്വൽവ് എന്ന വിറ്റാമിന്റെ കുറവ് മൂലം അസുഖങ്ങൾ വരും . അതിന്റെ ഗുളിക കഴിച്ചാലേ പ്യുവർ വെജിറ്റേറിയൻ ആയി ജീവിക്കാൻ പറ്റൂ . ഇത് വൈദ്യ ശാസ്ത്രത്തിനു അറിയാവുന്ന ഒരു സത്യമാണ് .

 

എന്നാൽ ഇതൊന്നും നോൺ വെജിറ്റേറിയൻ ആകുന്നതിനുള്ള ന്യായീകരണങ്ങൾ അല്ല . പണ്ട് നമ്മൾ സ്ഥിരം തമ്മിൽ തല്ലി കൊല്ലും കൊലയും ആയിരുന്നു . എന്ന് വച്ച ഇന്നും അങ്ങനെ ചെയ്യണോ ?

 

ഇന്ന് നമുക്ക് കാലങ്ങളായി വീർപ്പിച്ചെടുത്ത അരിയും ഗോതമ്പും പയറും ഒക്കെയുണ്ട് . മെച്ചപ്പെട്ട വെജിറ്റേറിയൻ പ്രോടീനുകൾ ഉണ്ട്. പാലും തൈരുമുണ്ട് . അതും കഴിക്കാത്തവർക്ക് വിറ്റാമിൻ ബി 12 ടാബ്‌ലറ്റുകൾ ഉണ്ട് . ഇന്ന് വെജിറ്റേറിയൻ ആകാൻ ഒരു പാടുമില്ല . അതാണോ നമ്മുടെ ആരോഗ്യത്തിനു നല്ലത് ?

 

അങ്ങനെ പറയാൻ പറ്റില്ല എന്ന് തന്നെ പറയാം . ചൈനക്കാരും ജപ്പാൻ കാരും ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ ലോകത്തിൽ തന്നെ മുന്നിൽ നിൽക്കുന്നവരാണ് . അവർ എല്ലാവരും തന്നെ മാംസവും മീനും ഇഷ്ടം പോലെ കഴിക്കുന്നവരും ആണ് .

 

ഇപ്പോഴുള്ള ആദിമ ഗോത്ര സമൂഹങ്ങൾ എല്ലാം തന്നെ ഇറച്ചി തീനികൾ ആണ് . ചിലർ കൂടുതലും വെജിറ്റേറിയൻ ആണ് കഴിക്കുന്നത് . ചിലർ ഇറച്ചി മാത്രം കഴിക്കുന്നവർ ആണ് . എന്നാൽ  പ്രമേഹം, പ്രെഷർ തുടങ്ങിയ അസുഖങ്ങൾ ഇല്ലായ്മ ഇവയൊക്കെ എല്ലാ ആദിമ മനുഷ്യ ഗോത്രങ്ങളുടെയും പ്രത്യേകതകളാണ് (അവര്ക്ക് ആരോഗ്യം കൂടുതൽ ആണെന്നോ ആയുസ്സു കൂടുതൽ ആണെന്നോ പറയാൻ പറ്റില്ല . അവർക്ക് വേറെ പ്രശ്നങ്ങൾ ഉണ്ട് ). ഇതിൽ വെജിറ്റേറിയൻ – നോൺ വെജിറ്റേറിയൻ വ്യത്യാസങ്ങൾ ഇല്ല എന്ന് സാരം .

 

ഇന്ത്യയിൽ പ്രത്യേകിച്ച് വെജിറ്റേറിയൻ ആളുകളിലും ഹൃദയാഖാതം , സ്‌ട്രോക് , പ്രെഷർ , പ്രമേഹം ഇവയൊക്കെ നോൺ വെജിറ്റേറിയൻ ആളുകളിലും ഒരേ പോലെ തന്നെ കാണുന്നു .

 

എന്നാൽ ചില പാശ്ചാത്യ പഠനങ്ങളിൽ വെജിറ്റേറിയൻ ആളുകൾ ലേശം കൂടുതൽ ആരോഗ്യവാൻമാരും ഒക്കെ ആണെന്ന് കാണുന്നു . പക്ഷെ പാശ്ചാത്യ ലോകത് പൊതുവെ വെജിറ്റേറിയൻസ് മറ്റുള്ളവരെക്കാൾ മെലിഞ്ഞവരും വ്യായാമം ചെയ്യുന്നവരും ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ ഉള്ളവരും ആണെന്നാണ് കാണുന്നത് . അത് കൊണ്ട് താരതമ്യം ബുദ്ധിമുട്ടാണ് .

 

റെഡ് മീറ്റ് എന്ന് പറയുന്ന, ആട് , മാട് , പോർക്ക് എന്നിവയുടെ ഉപയോഗം കൊലെസ്റ്ററോൾ കൂട്ടുന്നതായും കൊളോൺ ക്യാൻസറിന്റെ സാധ്യത നേരിയ തോതിൽ വര്ധിപ്പിക്കുന്നതും ആയി കാണുന്നു . എന്നാൽ കോഴിക്ക് ഈ കുഴപ്പം ഇല്ല . മൽസ്യം വളരെ നല്ലതാണ് എന്നാണു കാണുന്നത് !

 

ഇപ്പോൾ വളരെ ആരോഗ്യകരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ‘മെഡിറ്ററേനിയൻ ഭക്ഷണ ക്രമം ‘ ഒരു പക്കാ നോൺ വെജിറ്റേറിയൻ ക്രമം ആണ് .

 

പൊതുവെ പറഞ്ഞാൽ ഭക്ഷണത്തിന്റെ അളവാണ് ഏറ്റവും പ്രധാനം എന്ന് കാണാം . അളവ് കുറച്ചു , വ്യായാമം കൂട്ടി പൊണ്ണത്തടി ഒഴിവാക്കുന്നതാണ് ആരോഗ്യ ഭക്ഷണ ക്രമത്തിന്റെ കാതൽ . അല്ലാതെ വെജിറ്റേറിയനോ നോണോ ആണെന്നുള്ളതല്ല . റെഡ് മീറ്റ് ‘ആഴ്ചയിൽ ഒരിക്കൽ കുറച് ‘ എന്നി വേണമെങ്കിൽ പറയാം . അത്ര മാത്രം.

 

എന്നാൽ രണ്ടു കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതായി ഉണ്ട് :

 

ക്രൂരത

 

കാർബൺ

 

മൃഗങ്ങളെ കൊല്ലുന്നത് ക്രൂരത ആണെന്ന് പൊതുവെ പറയാം . നമുക്ക് വേണ്ടി നൂറ്റാണ്ടുകളായി ബ്രീഡിങ് വഴി ഉണ്ടാക്കി നമ്മുടെ അടിമകളാക്കി പാല് പിഴിഞ്ഞെടുത്തു ഉപയോഗിക്കുന്നതും ഒക്കെ ചെറു ക്രൂരതകൾ തന്നെ .

 

പിന്നെ കാർബൺ . ആട് മാട് എന്നിവയെ ഉണ്ടാക്കാൻ ചിലവുണ്ട് . ഒഴിവാക്കിയാൽ മനുഷ്യന്മാർക്ക് ചെലവ് കുറയും . ആഗോള താപനം കുറക്കാം . പക്ഷെ കാറ്, ബസ് ഇതൊക്കെ ഒഴിവാക്കി നടന്നോ സയ്‌ക്കിളിലോ പോകുന്നത് വഴി ഇതേ എഫെക്ട് വരുത്താം .

 

അങ്ങനെ മനുഷ്യ രാശിക്ക് വേണ്ടി, മൃഗ സ്നേഹം കാരണം ഒക്കെ വെജിറ്റേറിയൻ ആവുന്നത് നല്ലതാണ് . പക്ഷെ നോൺ വെജിറ്റേറിയൻസ് പാപികൾ ആണെന്ന് ചിന്തിക്കേണ്ട കാര്യം ഇപ്പോഴുണ്ടോ (ഞാൻ പാപിയാണ് – ഇക്കാര്യത്തിൽ . അതിനാൽ ഉത്തരം പറയാൻ പറ്റില്ല )

 

പക്ഷെ ആരോഗ്യ കാര്യത്തിൽ വെജിറ്റേറിയൻ ആകുന്നത് കൊണ്ട് മാത്രം കാര്യമില്ല . മാത്രമല്ല സ്വല്പം മൽസ്യ, മുട്ട , മാംസാദികൾ കഴിക്കുന്നവർക്ക് ഭക്ഷണ അളവ് കുറക്കാൻ കുറച്ചു കൂടി എളുപ്പം ആണെന്ന് ചില പഠനങ്ങൾ കാണിക്കുന്നു .

 

പിന്നെ പ്രാണികളെ തിന്നാം . പാറ്റ , വിട്ടിൽ , പുഴുക്കൾ അങ്ങനെ . ക്രൂരത കുറവാണ് .

 

ടിഷ്യു എഞ്ചിനീർഡ് ഇറച്ചി ഫാക്ടറികളിൽ ധാരാളമായി ഉണ്ടാക്കുന്ന ഒരു കിനാശ്ശേരി അധികം താമസിയാതെ വരും . പിന്നെ പ്രശ്നമില്ലല്ലോ . ഇതും പറഞ്ഞു തമ്മിൽ തല്ലി ചാകുകയും വേണ്ട .

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .