കത്തോലിക്കാ സഭയുടെ മനോഭാവ പരിണാമത്തിൽ നിന്ന് പഠിക്കേണ്ടത്:
ഇപ്പോഴുള്ള ജീവികൾ പരിണാമം എന്ന സ്വാഭാവിക പ്രക്രിയയിലൂടെയാണ് ഉണ്ടായത് എന്നത് പൊതുവെ വിവരമുള്ളവർ എല്ലാം അംഗീകരിച്ചത് ഡാർവിൻ ചേട്ടൻ ‘ഒറിജിൻ ഓഫ് സ്പീഷീസ്’ പ്രസിദ്ധീകരിച്ചതിന് ശേഷമാണ്.
ഇപ്പൊ ഉള്ള ഏറ്റവും പാരമ്പര്യവാദികളായ വലിയ ക്രിസ്ത്യൻ സഭ കത്തോലിക്കാ സഭയാണ്. ഇവർ അപ്പൊ എന്ത് ചെയ്തു? ഇപ്പൊ എന്ത് ചെയ്യുന്നു? ഈ മനോഭാവ മാറ്റം എങ്ങനെ, എന്തിനുണ്ടായി?
അപ്പൊ, അന്ന്- എന്തുട്ടാ ചെയ്തേ?:
ഞെട്ടി, ഞെട്ടിത്തരിച്ചു. ബഹളമുണ്ടാക്കി- ഒത്തിരി ബഹളമുണ്ടാക്കി. കർദിനാൾ മാനിംഗ് ഒക്കെ പരിണാമത്തിനെതിരെ ആഞ്ഞടിച്ചു. 1869 ലെ ഒന്നാം വത്തിക്കാൻ കൗൺസിൽ ബൈബിളിൽ ഉള്ളതെല്ലാം അങ്ങനെ തന്നെ ശരിയാണ് എന്ന് ഘോരമായി പ്രഖ്യാപിച്ചു. തെറ്റായി വിശകലിച്ചാൽ കൊടും പാപം!! പോപ്പ് പിയൂസ് IX ഇതിനെ അടിവരയിട്ട് ‘സിലബസ് ഓഫ് എറർസ്’ എന്നൊരു സാധനം ഇറക്കി. പിന്നെ താത്വികമായി നിയോ സ്‌കോളാസ്റ്റിസിസം എന്നൊരു സാമാനം ഉണ്ടാക്കി- പരിണാമത്തെ പൂർണമായും തള്ളി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് പോപ്പ് പീയൂസ് X ‘ആധുനികത’ക്ക് എതിരെ ഒരു യുദ്ധം തന്നെ പ്രഖ്യാപിച്ചു. 1907 ലെ ‘പാസ്സെണ്ടി ഡൊമിൻസി ഗ്രെഗിസ്’ എന്ന എൻസൈക്ലിക്കൽ ആരും മറന്നിട്ടില്ലല്ലോ? എന്നാൽ ഇതാ ഇപ്പൊ ഓർമിപ്പിക്കുന്നു. എല്ലാ അച്ചന്മാരെക്കൊണ്ടും “ആധുനികക്കെതിരെ” എന്നൊരു പ്രതിജ്ഞയും എടുപ്പിച്ചു.
പെട്ടന്ന് ഒരു രണ്ടു മൂന്നു പതിറ്റാണ്ടു കൊണ്ട്, പ്ലേറ്റ് മറിഞ്ഞു.
രണ്ടാം വത്തിക്കാൻ കൗൺസിൽ കൂടിയപ്പോ (1962- 1965) , സ്വരം വളരെ മധുരതരമായി. കാർക്കശ്യം ഇല്ല!! പിന്നെ ബൈബിൾ അങ്ങനെ തന്നെ മനസിലാക്കേണ്ട ഒന്നല്ല! അത് ദൈവം നേരിട്ട് എഴുതി എന്ന് കരുതാൻ പറ്റില്ല- ദൈവനിവേശിതം- ഇൻസ്പിരേഡ് ബൈ ഗോഡ്- ദൈവത്താൽ പ്രചോദിതരായി- മനുഷ്യൻ എഴുതിയതാണ്. പിന്നീട് വിശകലനങ്ങൾ മാറി:
അതായത്, ശരിക്കുമുള്ള സംഭവങ്ങളെ ഒരു കഥ പോലെ പറഞ്ഞു എന്നേയുള്ളു. പരിണാമം ശരിക്കും ഉണ്ടായത് തന്നെ. പ്രകൃതിനിയമങ്ങളിലൂടെ ദൈവം പ്രവർത്തിക്കുന്നു- അത്രേയുള്ളു. ഇതിനാണ് ഈ ബഹളമൊക്കെ. മനുഷ്യന് ആത്മാവ് ഉണ്ടെന്നേ. അത് എപ്പോഴോ മനുഷ്യരിൽ ഉണ്ടായി. ബാക്കി ഒക്കെ കറക്ട് ആണ്.
1950ൽ പോപ്പ് പിയൂസ് XII ‘ഹ്യൂമാനി ജെനെറിസ്’ എന്ന ഒരു എൻസൈക്ലിക്കൽ ഇറക്കി:
” പഴേ ജീവികളിൽ നിന്ന് പരിണമിച്ചാണോ മനുഷ്യർ ഉണ്ടായത് എന്ന് വിവരമുള്ള മനുഷ്യർ ശാസ്ത്രീയമായി അന്വേഷിക്കുന്നതിൽ തെറ്റില്ല!!” – ടാണ്ടടാ!!
1996 ൽ പോന്റിഫിക്കൽ അക്കാഡമി ഓഫ് സയൻസസിൽ വെച്ചു ഒരു പ്രഭാഷണത്തിൽ പോപ്പ് ജോൺ പോൾ II പറഞ്ഞു:
” പരിണാമം ‘വെറും ഒരു തിയറി മാത്രം’ എന്ന് പറയാൻ പറ്റില്ല! ശാസ്ത്രീയ തെളിവുകൾ ഒത്തിരി ഉണ്ട്. ആത്മാവ് പക്ഷെ ദൈവം ഉണ്ടാക്കിയതാണ്.” – കഴിഞ്ഞില്ലേ കാര്യം. പോപ്പ് ബെനെഡിക്ടും പരിണാമവാദിയാണ്! ദൈവം അതിലൂടെ പ്രവർത്തിക്കുന്നു എന്നങ് വിശ്വസിച്ചാൽ മതി. പോപ്പ് ഫ്രാൻസിസും 2014 ൽ ആ നഗ്ന സത്യം വെളിപ്പെടുത്തുകയുണ്ടായി:
” പരിണാമവും സൃഷ്ടിയും തമ്മിൽ ഒരു വ്യത്യാസവുമില്ല. പരിണാമം തന്നെയാണ് സൃഷ്ടി!!!!!!!!”
ഇനി നമ്മൾ നോക്കേണ്ടത് എന്ത് കൊണ്ട് ഈ മാറ്റം ഉണ്ടായി എന്നതാണ്.
ഉത്തരം സിംപിൾ ആണ്. അത് ജോൺ പോൾ രണ്ടാമൻ വ്യക്തമായി പറഞ്ഞല്ലോ:
“ഒത്തിരി ശാസ്ത്രീയ തെളിവുകൾ അതിനെ ശരി വെയ്ക്കുന്നു”
- അത്രേ ഉള്ളു കാര്യം.
അപ്പൊ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ, ഇപ്പൊ പരിണാമത്തെ എതിർക്കുന്ന ടീമ്സിനു കത്തോലിക്കാസഭയിൽ നിന്ന് ഒത്തിരി പഠിക്കാനുണ്ട്.
അതൊന്നും പറ്റില്ല. പരിണാമം തെറ്റാണ്. അങ്ങനെ വിശ്വസിക്കുന്നവർ എന്ത് ചെയ്യണം? ഇതാണ് ചോദ്യം.
ആവോ. എനിക്കറിയില്ല. ഇത്തരം ഊരാൻ പറ്റാത്ത കുടുക്കുകളിൽ പെടുമ്പോ ഞാൻ ചെയ്യുന്ന ഒരുപായമുണ്ട്. വേണേൽ പരീക്ഷിച്ചു നോക്കാവുന്നതാണ്:
കുറച്ചു മാറിയിരുന്ന് ഒന്ന് കരയാം. തത്കാലം ഇച്ചിരി ആശ്വാസം കിട്ടും.
(ജിമ്മി മാത്യു)