പാപി ചെല്ലുന്നിടം പപ്പടക്കെട്ട്- തലച്ചോറിൻറ്റെ സർജറി:

മാളോരേ അഥവാ മാലോകരേ-

ലൈഫിലെ ചില എപ്പിസോഡുകൾ അലമ്പ് സീരിയലിലെ ചിലവ എന്ന പോലെ നമ്മൾ മറക്കാൻ ആഗ്രഹിക്കും. അഥവാ ഓർക്കാൻ ആഗ്രഹിക്കുകയില്ല.

എങ്കിലും പലതും ഓർക്കണ്ട എന്ന് വെച്ചാലും വെള്ളത്തിനടിയിൽ താഴ്ത്തിപ്പിടിച്ച ഫുട്ബോൾ പോലെ, നിലത്ത് വീണ മെസ്സിയെ പോലെ, ബും എന്ന് ചാടി പൊങ്ങി വരും.

പഠിച്ച ചില പ്രയോഗങ്ങളും അങ്ങനാണ്. നട്ടെല്ലിന്റെ ഇടയിൽ കുത്തി സുഷുമ്ന നാഡിയുടെ പുറത്ത് എത്തുന്ന പോലെ.

ഞാൻ കോഴിക്കോട് പ്ലാസ്റ്റിക് സർജറി റെസിഡൻസി ചെയ്യുമ്പോ, കൈക്ക് ഉളുക്ക് പറ്റി ബാന്ഡേജ് ഇട്ട ഒരു അനെസ്തേഷ്യോളജിസ്റ്റ്  എന്ന മയക്ക് ഡോക്ടർ സ്‌പൈനൽ അനസ്തേഷ്യ കൊടുക്കാൻ പറ്റുമോ എന്ന് ചോയ്ച്ചു. ഒരു വെല്ലുവിളി പോലെ!

അപ്പൊ തന്നെ നല്ല നീണ്ട നേരിയ സൂചി രണ്ടു നട്ടെലിന്റെ ഇടയിലൂടെ കൃത്യമായി കുത്തണം. നല്ല ബുദ്ധിമുട്ടുള്ള ഈ പരിപാടി, അസാദ്ധ്യ കയ്യടക്കത്തോടെ, അതിവേഗം അതിനിപുണം ഞാൻ ചെയ്തത് കണ്ട് ആ മയക്കു സുന്ദരിയുടെ കോമള നയനങ്ങൾ അന്യഗ്രഹ ജീവികളുടേത് പോലെ ഉരുണ്ടുരുണ്ടു വന്നു!

“ഇതെങ്ങനെ?” എന്ന ചോദിക്കാത്ത ചോദ്യം ആ ഫുട്‍ബോൾ മിഴികളിൽ വീക്ഷിച്ച് ഞാൻ ഗമയോടെ കൃതാർത്ഥനായി നിന്നു. ഞാൻ പക്ഷെ പറഞ്ഞില്ല.

എന്ത് പറഞ്ഞില്ല?

തിരുവനന്തപുരത്തെ പ്രസിദ്ധമായ ശ്രീ ചിന്ന തിരുനാൾ ഇൻസ്റ്റിറ്റിട്യൂട്ടിൽ നാലു മാസം ന്യൂറോസർജറി റെസിഡൻസി ചെയ്ത കാര്യം ഞാൻ കമാ എന്ന് മിണ്ടിയില്ല. രണ്ടു ദിവസം കൂടുമ്പോ ഉള്ള നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് അതിരാവിലെ മുള്ളാൻ പോലും നിൽക്കാതെ നാലു പേരെ തിരിച്ചു കിടത്തി സ്‌പൈനൽ ടാപ്പ് ചെയ്തിട്ടാണ് ബാത്റൂമിലേക്ക് ഓടുന്നത്. എന്നിട്ട് ശർർർ ന്ന് മുള്ളുമ്പോ ഉള്ള ആശ്വാസം- എന്റ്റെ മോനെ- ഇങ്ങനെ പഠിച്ച പാഠങ്ങൾ എങ്ങനെ വേഗം മറക്കാൻ സാധിക്കും? പറയൂ മാളോരേ.

ഞാൻ ഈ തലച്ചോറിന്റെ സർജറി വിഭാഗത്തിൽ എത്തിപ്പെട്ടതിന്റ്റെ പുറകിൽ ഒരു രസകരമായ കഥ ഉണ്ട്. പക്ഷെ ഇതൊന്നും പ്ലാൻ ചെയ്ത് ഉണ്ടാകുന്നതല്ല. ഈ രസകരത്തം എന്ന രസികത്തം എങ്ങനെയോ ആയിപ്പോകുന്നതാണ്. കട്ട സീരിയസ് ആയാണ് കാര്യങ്ങൾ തുടങ്ങുന്നത്. ലൈഫിൽ പലതും അങ്ങനാണല്ലോ.

ജിപ്മെറിൽ നിന്ന് സർജറി എം എസും കഴിഞ്ഞ് എം ബി ബി എസ് പഠിച്ച അതെ തൃശൂർ മെഡിക്കൽ കോളേജിൽ സർജനായി കേറി പെണ്ണും കെട്ടി നല്ല സുഖമായി കഴിഞ്ഞു പോരുകയായിരുന്നു. മെഡിക്കൽ വിദ്യാർത്ഥികളുടെ (നികളുടെയും) ഒക്കെ കണ്ണിലുണ്ണിയായി, യുവ കോമളനായി, ആരാധനാ പാത്രമായി ഇങ്ങനെ വിജാരിച്ചു….ഛേ…വിരാജിച്ചു പോകുവാരുന്നു. അങ്ങനെ അങ്ങ് വിരാജിച്ച് പോയാ പോരാരുന്നോ? വല്ല കാര്യവുമുണ്ടോ?

പക്ഷെ കൃമികടി!

ഇരിക്കപ്പൊറുതി ഇല്ലായ്മ എന്ന വെറും കൃമികടി!

ഈ ആരാ. പാത്രവും ഗ്ലാസുമൊക്കെയായി വിജാരിക്കുന്ന ആൾക്ക് എന്തിനാണ് ഈ കൃമികടി?

ആ. മനുഷ്യർ ഇങ്ങനെ ആണ്. വളരെ കഷ്ടപ്പെട്ട് എവിടെ എങ്കിലും അള്ളിപ്പിടിച്ചു കയറും. നല്ല ഒരു ഇരിപ്പുവശമുള്ള സ്ഥലത്ത് ചന്തി കുത്തി സുഖമായി ഇരിക്കുമ്പോഴേക്കും തുടങ്ങും- മറ്റേ കടി. കൃമികടി.

ഇരിപ്പ് ഉറക്കില്ല!! ഇന്നേ വരെ മിക്ക മനുഷ്യർക്കും ഒരു കാലത്തും ഉറക്കാത്ത ഒരു സാമാനമാണ് ഈ ഇരിപ്പ്. എത്ര മാന്തിയാലും തീരാത്ത കടി ആണ് ഈ അസ്തിത്വ കടി. ഓൻ നമ്മളെ കുഴച്ച് ഉണ്ടാക്കിയപ്പോ ഉള്ള മാനിഫാക്ച്ചറിങ് ഡിഫെക്ട് ആണ് ഈ ചൊറിച്ചിൽ. അതി പുരാതനമായ കടി!!

എം സി എച് എടുത്ത് സൂപ്പസ്പെഷ്യലിസ്റ്റ് ആവണം! കടവുളേ- ഇനീം എൻട്രൻസ് എഴുതണം! ഓരോ വിഭാഗത്തിനും വേറെ വേറെ!

ഗ്യാസ്‌ട്രോ സർജറിയാണ് വേണ്ടത്, അതിനു പക്ഷെ ഒരു സീറ്റേ ഉള്ളു. അത് കിട്ടിയില്ല. പക്ഷെ ചുമ്മാ ന്യൂറോസർജറിയും കൂടെ എഴുതിയിരുന്നു. ഒരു രസത്തിന്. അതിൽ സ്റ്റേറ്റ് ഒന്നാം റാങ്ക്!

ഇച്ചിരി സാമാന്യവിവരം ഉണ്ടായിപ്പോയതിന്റ്റെ ഗുണമേ! അപ്പോ ഇനി ഇതാണോ നമുക്ക് വിധിച്ചിട്ടുള്ളത്, പുണ്യാളാ? ഗെഡിയെ? ഗോഡേ?

അപ്പൊ ആണ് അതിപ്രസിദ്ധമായ ശ്രീ ചിന്ന തിരുനാൾ ഇൻസ്റ്റിറ്റിയൂട്ടിന്റെ ന്യൂറോസർജറി എൻട്രൻസ് വരുന്നത്. വലിയ പാടാണ് കിട്ടാൻ. എഴുതിയാ നോക്ക്യാലോ?

ആരോടോ ചോയ്ച്ച് ഒരു ബുക്കാ വാങ്ങി:

“ഇലസ്ട്രേറ്റഡ് ന്യൂറോളജി ആൻഡ് ന്യൂറോ സർജറി ബൈ ലിൻഡ്‌സെ ആൻഡ് ബോൺ”

ആ പേര് എന്റ്റെ ജീവിതത്തിൽ മറക്കൂല്ല. ലിൻഡ്‌സെ കള്ള ബഡുവ. ഒടുക്കത്തെ ബോൺ. ഇപ്പോഴും സാനം കയ്യിലുണ്ട്.

ഒരാഴ്ച കൊണ്ട് അത് രണ്ടാവർത്തി വായിച്ചു. ട്രെയിനിൽ കേറി എൻട്രൻസ് തലേന്നാൾ വൈകിട്ടോടെ ട്രിവാൻഡ്രം കാമ്പസിൽ എത്തി. ആ കാമ്പസിൽ ഒരു മൂലക്കാണ് ശ്രീ ചിന്ന. ഒരു കൂട്ടുകാരന്റ്റെ റൂമിന്റെ കീ കയ്യിലുണ്ട്. അവൻ അവിടില്ല. ഞാൻ റൂം തുറന്ന് കേറിക്കൂടി. പിന്നെ പുറത്തിറങ്ങി ഒരു ഫോൺ വിളിച്ചു.

അതാണ് ഞാൻ ചെയ്ത തെറ്റ്!

പഴേ ജിപ്മെർ എം എസ് ഗ്യാങിലെ റെനി കുമാറിനെ ആണ് ഫോൺ ചെയ്തത്. അവൻ അവിടെ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുകയാണ്. പിന്നെ അതേ ഗ്യാങിലെ ഹരിശ്ചന്ദ്രൻ, രവി, കുഞ്ചാക്കോ ഒക്കെ ട്രിവാൻഡ്രത്താണല്ലോ.

ഒരര മണിക്കൂറിനുള്ളിൽ എല്ലാം ഹാജർ. കെട്ടിപ്പിടുത്തം, തോളത്തടി, പൊട്ടിച്ചിരി ഇജ്ജാതി കലാപരിപാടികൾ ഒക്കെ കഴിഞ്ഞു. “തള്ളേ, സൊകങ്ങള് തന്നേ?”- “തന്നെടെ. അതിന് എന്തുട്ടിന തള്ളേനെ വിളിക്കണേ”.

അടിപൊളി.

അങ്ങനെ ആകുമ്പോ ഉടൻ ബാറിൽ പോണംന്ന് ഒരുത്തൻ. ന്നാ പോവാമെന്ന് മറ്റുള്ളോർ.

അങ്ങനെ അടുത്തുള്ള ഒരു കേന്ദ്രത്തിൽ എത്തിപ്പെട്ടു. അവിടെ ഒഴിക്കുന്നതിൽ വെയ്റ്റർമാർക്ക് ഒരു മടിയും ഇല്ല- നമുക്ക് പിശുക്കില്ലെങ്കിൽ. പ്രപഞ്ച ഉത്പത്തിയിൽ ഉണ്ടായ പ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും ഞങ്ങൾ ചർച്ച ചെയ്തു. കുറെ ഒന്നും ഓർമയില്ല. അടുത്ത ടേബിളിൽ ഉള്ള ആൾക്കാരുമായി എന്തോ താത്വിക അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതും, കുറെ തടിയന്മാർ ഞങ്ങളെ പതുക്കെ ഉന്തി പുറത്താക്കുന്നതും നേരിയ ഓര്മ ഉണ്ട്. അതെന്തിനാണാവോ പുറത്താക്കിയത്? ആ. അത് പോട്ടെ.

തിരിച്ചു ഹോസ്റ്റലിൽ വന്നപ്പോ ആണ് അടുത്ത പ്രശ്നം. ജിപ്മറിലെ പോലെ ഇവിടേം പോർട്ടിക്കോയിൽ ഡാൻസ് കളിച്ച് പാടണം. സോറി- പാടി ഡാൻസ് കളിക്കണം! തൊല്ല ഗെഡികൾ!

എന്നാ അങ്ങനെ. പാട്ടും ഡാൻസും തുടങ്ങി. മലയാളത്തിലെ പ്രസിദ്ധ, സുന്ദര പാട്ടുകളാണ് പാടുന്നത്. ഡാൻസ് ഉഷാർ. ചെറിയ ഒരു പ്രശ്നമുണ്ട്. ലിറിക്സിൽ അവന്മാർ എന്തൊക്കെയോ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്! മ്ലേച്ചന്മാർ!

പ്ലീസ് നോട്ടേ- ഒക്കെ അവന്മാർ ആണ്, അലവലാതികൾ. ഡീസന്റ് ആയ ഞാൻ ചുമ്മാ കൂടിയെന്നേ ഉള്ളു.

ഒന്ന് രണ്ടു മണിക്കൂർ ഇതങ്ങനെ പോയി. പെട്ടന്ന്, നീണ്ടു മെലിഞ്ഞ, പഴുതാര മീശ ഒക്കെ ഉള്ള ഒരു ചെങ്ങായി എവിടുന്നോ പുറത്തിറങ്ങി ഒരേ ഒച്ച! ബഹളം അവന് ഇഷ്ടപ്പെടുന്നില്ലെന്ന്! ഒറങ്ങണം പോലും- അയ്യേ.

ഞാൻ നേരെ നിന്ന് അവനോട് ഒറ്റ ചോദ്യമാണ്:

“നീയാരാടാ മ…മ….- മഹാനുഭാവാ?”

ഹരി ചാടി മുന്നോട്ട് വന്നു. – “ഇത് നമ്മുടെ ഗോമേശ്വരൻ അല്ലേ? എടാ പാവയ്ക്കമോറാ, ഓഡ്രാ”

ഗോമേശ്വരൻ ഓടിയില്ല. അവനും ഹരിയും നേർക്ക് നേർ നിന്നു. ഇന്ത്യയും ചൈനയും പോലെ. തെറി മിസൈലുകൾ പാഞ്ഞു. നാക്കുകൾ വെടിയുണ്ടകൾ വർഷിച്ചു. അതിർത്തിയിൽ പത്രക്കാർ പറയുന്ന പോലെ, ഒരു സംഘർഷം രൂപപ്പെട്ടു. പെട്ടന്ന്, ഹരി മുന്നോട്ട് ചുവട് വെച്ച് മക് മഹോൻ ലൈൻ താണ്ടി ടിബറ്റൻ അതിർത്തി ഭേദിച്ചു. ചാടി ഗോമേശ്വരന്റെ കരണക്കുറ്റിക്ക് ഒറ്റയടി! “എടാ, ശ്രീ ചിന്നയിലെ ന്യൂറോസർജറി ഫൈനൽ ഇയർ ആണെന്ന് വെച്ച് അഹങ്കരിക്കുന്നോടാ”- ഹരി അലറി.

ഇത് കേട്ടതോടെ ഞാൻ തന്ത്രപൂർവം പിന്മാറി റൂമിലേക്ക് പോയി. പെട്ടന്ന് ആരെയും കാണാനില്ല. ക്ളോക്കിൽ നോക്കി- രാവിലെ അഞ്ചു മണി! ഏഴു മണിക്കാണ് എന്ട്രന്സിന്റെ എഴുത്തു പരീക്ഷ! മുഖം കഴുകി. പല്ലു തേച്ചു. ഒരു കാൽ കിലോ പേസ്റ്റ് എടുത്ത് വായിലിട്ട് കോപ്ലിച്ചു.

നേരെ പോയി എൻട്രൻസ് എഴുതി. കണ്ണ് തുറക്കാൻ ബുദ്ധിമുട്ട്. എന്താണോ എന്തോ. നല്ല ചോദ്യങ്ങൾ ആരുന്നു.

റൂമിൽ പോയി കുറച്ചു കിടന്നു. ബാഗൊക്കെ എടുത്ത് പോവാൻ തിരിച്ചിറങ്ങി. ശ്രീ ചിന്നയുടെ മുന്നിലെത്തിയപ്പോ ആരോ പറഞ്ഞു- റിസൾട്ട് വന്നത്രെ. നോക്കണോ- നോക്കിയേക്കാം. തിക്കിത്തിരക്കി നോട്ടീസ് ബോർഡ് നോക്കിയപ്പോ-

പതിനാറു പേരിൽ ഞാനും ഉണ്ട്! ആകെ നാലു സീറ്റേ ഉള്ളു. ഇനി ഒരു ക്ലിനിക്കൽ പരീക്ഷയും ഇന്റർവ്യൂവും ഉണ്ട്. ക്ലിനിക്കൽ പരീക്ഷ ഡിപ്പാർട്മെന്റിൽ ആണ്. അവിടെ രോഗികളെ ഒക്കെ അലോട്ട് ചെയ്യാൻ നിക്കുന്നത് ആരാ? ഗോമേശ്വരൻ!

ഞാൻ രോഗിയെ പരിശോധിക്കുമ്പോ അവൻ എന്നെ ഒരേ നോട്ടം. ഇടക്ക് വന്ന് ഒരു ചോദ്യം- “നിന്നെ ഞാൻ എവിടെയോ ……?”

“ഇല്ല സാർ, ഞാനില്ല സാർ”

“ഇന്നലെ?”

“ഇന്നലെ ഞാനില്ല സാർ. രാവിലെ എത്തിയെ ഉള്ളു സാർ”

എം ബി ബി എസ് നന്നായി ചെയ്തത് കാരണം, സെറിബെല്ലർ സൈനുകളും ന്യൂറൽ ഡെഫിനെസും മനസിലായി. ഫേഷ്യൽ പാൾസി കൂടി ഉള്ളത് കൊണ്ട് സെറിബെല്ലോ പൊൻറ്റൈൻ ആംഗിൾ ട്യൂമർ ആയി പ്രേസേന്റ്റ് ചെയ്തു.

അതിലും കേറിക്കൂടി. ഇനി ആണ് ഇന്റർവ്യൂ. ഡയറക്ടറും എല്ലാം ഉണ്ട്. ഡയറക്ടർ എന്നോട് ചോദിച്ചു:

“എന്താണ് ന്യൂറോസർജറിയിൽ താല്പര്യം വരാൻ കാരണം?”

“ചലഞ്ചിങ്ങ് ആണ് ന്യൂറോസർജറി. നല്ല അച്ചടക്കം വേണം ന്യൂറോസർജനാവാൻ. അത് കുട്ടിക്കളിയോ തമാശയോ അല്ല. നല്ല സീരിയസ് ആയുള്ള സമീപനം ഉള്ള ആൾക്കേ നല്ല ഒരു ന്യൂറോസർജൻ ആവാൻ പറ്റൂ. ജീവിതത്തിൽ വേറെ ഒരു താല്പര്യങ്ങളോ ദുഃശീലങ്ങളോ പാടില്ല. അങ്ങനെ ഒരാൾ ആണ്-

-ഞാൻ.”

സംഭവം കിട്ടി!

ചെന്നപ്പോ, ഡിപ്പാർട്ട്മെന്റ്റ് ചീഫ് പറഞ്ഞു- “കൺഗ്രാചുലേഷൻസ്. അസിസ്റ്റന്റ്റ് പ്രൊഫെസ്സർ ഗോമേശ്വരൻ നിങ്ങളെ ബ്രീഫ് ചെയ്യും.”

അസിസ്റ്റന്റ് പ്രൊഫെസ്സറ്! – എന്റെ സെറിബെല്ലോ പൊന്റൈൻ ആംഗിളിൽ ഒരു കൊള്ളിയാൻ മിന്നി.

ഗോമേശ്വരൻ എന്നെ തുറിച്ചു നോക്കി.

“ഹേ- ഐ ഹാവ് സീൻ യു….”

പണ്ടാരം- ജീവിതം രസകരം അല്ലെന്ന് ആരാ പറഞ്ഞേ?

(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .