ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റാറ് . തൃശൂർ മെഡിക്കൽകോളേജ് മെഡിസിൻ അത്യാഹിത വിഭാഗം . അങ്ങ് മുളങ്കുന്നത്ത് കാവിലെ ഒരു കാട്ടിലാണ് സംഭവം . അതേ – ഈ തൃശൂർ മെഡിക്കൽ കോളേജ് എന്ന് പേരെ ഉള്ളു . അത് തൃശൂരിൽ ഒന്നുമല്ല .
പരീക്ഷ പാസായി , ആദ്യത്തെ ഹൌസ് സർജൻസി അഥവാ ഒരു കൊല്ലത്തെ ജോലീ പരിശീലനം തുടങ്ങി, രണ്ടു ദിവസമേ ആയുള്ളൂ . കയ്യും കാലും, പിന്നെ മേൽ ആകമാനം വിറക്കുക , വെട്ടി വിയർക്കുക എന്ന സംഭവങ്ങൾ എനിക്കുണ്ട് . ഡ്യൂട്ടി ഇൻ ചാർജ് സീനിയർ ഡോക്ടറും മറ്റു സഹ ഹൌസ് സർജന്മാരും കൂട്ടിനില്ലാതെ , ഒറ്റക്ക് ചിലപ്പോ അത്യാഹിത വിഭാഗത്തിൽ നിൽക്കേണ്ടി വരും . അപ്പോഴാണ് ടി അസുഖങ്ങൾ , മേല്പറഞ്ഞ ഞാൻ എന്ന വ്യക്തിക്ക് ഉണ്ടാകുന്നത് .
അത് പോലെ ഇങ്ങനെ നിൽക്കുമ്പോൾ , ഒരു പത്തു പതിനഞ്ചു പേര് ചേർന്ന് ഒരു രോഗിയെ എടുത്തു കൊണ്ട് വന്ന് , കട്ടിലിൽ കിടത്തി . മൂന്നാലു സ്ത്രീകൾ ഒക്കെ . അലമുറയോട് അലമുറ .
‘അയ്യോ …എന്റെ മോൻ പോയേ…”
“ഞാനിതെങ്ങനെ സഹിക്കും …..അയ്യോ …..”
ആറടി രണ്ടിഞ്ച് പൊക്കവും , ഒത്ത തടിയും , സർവത്ര രോമവും ഉള്ള ഒരു ചെറുപ്പക്കാരൻ ആണ് വെട്ടി ഇട്ടത് പോലെ കിടക്കുന്നത് . കണ്ണടഞ്ഞാണ് . ബോധമില്ല . ശ്വാസം ഭയങ്കരമായി അകത്തേക്കും പുറത്തേക്കും എടുക്കുന്നുണ്ട് .
അപ്പോൾ തന്നെ ഞാൻ പ്രാർത്ഥിച്ചു . ഏതോ ഒരജ്ഞാത ശക്തി . അതുണ്ടാവണമല്ലോ .
സീ – അപ്പൊ പ്രാർത്ഥിക്കാമോ – അതൊക്കെ ഔട്ട് ഓഫ് ഫാഷൻ അല്ലെ –
ശരിയാണ് . പക്ഷെ ഈ മോദിയുടെ കാര്യം ചിലർ പറയുന്നത് പോലെ ആണ് പ്രാർത്ഥന . ചില സമയത്ത് , വേറെ എന്താണ് ഒരു പോംവഴി ?
പറ്റുന്ന രീതിയിൽ എല്ലാം , നമുക്കാവുന്ന രീതിയിൽ ഒക്കെ , ജീവിത വെല്ലുവിളികളെ നേരിടാൻ നമ്മൾ ശ്രമിക്കുന്നു .
പക്ഷെ – എന്തോ ഒരു ഉറപ്പിന്റെ കുറവില്ലേ ?
ഉണ്ട് . മിക്ക മനുഷമ്മാർക്കും ഉണ്ട് . ചങ്കുറപ്പ്, കരളുറപ്പ് , അങ്ങനെ പല അവയവങ്ങൾക്കും ഉറപ്പ് കുറവുള്ള സാദാ മനുഷ്യനായ എനിക്ക് ചില പ്രത്യേക സന്ദർഭങ്ങളിൽ , ദൈവത്തെ ഓര്മ വരും ! അതെന്താണ് എന്നറിയില്ല . അല്ലാതെ മിക്ക സമയങ്ങളിലും അങ്ങേര് ഉണ്ടോ എന്ന് സംശയവും തോന്നും . അതിപ്പോ കുറെ ഏറെ ആളുകൾ അങ്ങനെ ഒക്കെ ആണ് . ഇതിൽ താത്വികം പറഞ്ഞിട്ട് വല്യ കാര്യമൊന്നുമില്ല .
ചെയ്യേണ്ട കാര്യം ചെയ്യാതെ ഇരിക്കുന്നില്ലെങ്കിൽ , അന്യരെ ദ്വെഷിക്കാനും മാറ്റി നിർത്താനും , അധികാരം ഉറപ്പിക്കാനും ആളോളെ ചവിട്ടി മെതിക്കാനും ഉപയോഗിക്കുന്നില്ലെങ്കിൽ , സ്വകാര്യ വിശ്വാസങ്ങൾ ഉണ്ടാവുന്നതിൽ തെറ്റ് ഇല്ല എന്ന് തോന്നുന്നു . നിങ്ങൾക്ക് വിയോജിക്കാം .
അങ്ങനെ പ്രാർത്ഥിച്ചാൽ രോഗം മാറുമോ ?
ശരിക്കും പഠനങ്ങൾ ഉണ്ട് !!
പഠിക്കാൻ സത്യം പറഞ്ഞാൽ എളുപ്പമാണ് . ഗുരുതര രോഗം – ഒരേ രോഗം ഒരേ സ്റ്റേജിൽ ഉള്ളവരെ രണ്ടു ഗ്രൂപ്പായി തിരിക്കുക . കുറെ പ്രാർത്ഥനക്കാർക്ക് , ഒരു ഗ്രൂപ്പിൽ പെട്ട ആളുകളുടെ വിവരങ്ങൾ കൊടുത്ത് അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയുക . പ്രാര്ഥിക്കുന്നവരും രോഗികളും തമ്മിൽ കാണുന്നെ ഇല്ല . ചികില്സിക്കുന്ന ഡോക്ടർമാർക്കും , രോഗികൾക്കും ഒന്നും ഏത് ഗ്രൂപ്പിൽ ആണ് ഓരോരുത്തരും എന്ന് അറിയുകയുമില്ല . ശരിക്കും മരുന്നുകൾ , ചികിത്സാവിധികൾ ഒക്കെ പരീക്ഷിക്കുന്ന പോലത്തെ റാൻഡ്മൈസെഡ് കൺട്രോൾഡ് ട്രയൽ തന്നെ .
നൂറു കണക്കിന് പഠനങ്ങൾക്ക് ശേഷവും , പ്രത്യേകിച്ച് ഒരു ഫലവും കണ്ടു കിട്ടിയിട്ടില്ല . ഒരു പക്ഷെ എം ഈ പീറ മനുഷ്യരുടെ കട്ടായങ്ങൾ കണ്ടു കുപിതൻ ആയതിനാൽ ആവാം .
ഛെ – വിഷയത്തിലോട്ട് വരട്ടെ :
അത്യാഹിത വിഭാഗം . ഘടാ ഘടിയൻ രോഗി . ഘടാ ഘടിയൻമാർ ആയ ബന്ധുക്കൾ . ഡബ് ടുബ് എന്നടിക്കുന്ന എന്റെ ഹാർട്ട് . പ്രാർത്ഥന .
അധികം വാചകങ്ങളോ സമയമോ ഈ പ്രാർത്ഥനക്ക് എടുക്കുകയില്ല . ഒരൊറ്റ സെക്കൻഡിൽ , ഞാൻ ഇത്രയും കാര്യങ്ങൾ , ഉണ്ടാവണം എന്ന് നമ്മൾ ആശിക്കുന്ന ആളോട് പറഞ്ഞു :
- ഈ രോഗിയുടെ യഥാർത്ഥ പ്രശ്നം എന്താണ് എന്ന് മനസ്സിലാക്കാൻ എനിക്ക് പറ്റണെ .
- ഉടൻ എന്തൊക്കെ ചെയ്യണം എന്നുള്ളതൊക്കെ തോന്നിക്കണേ
- അറ്റ് ലീസ്റ്റ് – സാറും , എന്നെ തനിച്ചാക്കി ചായ കുടിക്കാൻ പോയ മറ്റവൻമ്മാർ (ദൈവമേ അവർക്ക് നല്ലത് മാത്രം വരുത്തണേ) തിരിച്ചു വരുന്നത് വരെ പിടിച്ചു നിക്കാൻ പറ്റണെ.
- അടി കിട്ടിക്കല്ലേ . (അതോ കിട്ടല്ലേ എന്നാണോ ? ‘മേടിച്ചു തരല്ലേ ?’- എന്തായാലും നിങ്ങക്ക് മനസ്സിലായില്ലേ – പിന്നെ ദൈവത്തിനാണോ മനസിലാക്കാൻ പ്രയാസം ? ഒന്ന് പോ – ഉവ്വേ .)
മുഖത്ത് ഗൗരവം വരുത്തി , സ്റ്റെതസ്കോപ്പ് കൈയിൽ പിടിച്ച് ഞാൻ ചെന്നു . വിവരങ്ങൾ ചോദിച്ചറിഞ്ഞു .
“എന്നും തെണ്ടി നടന്നു രാത്രി കേര്യാ വരും ടാക്ട്രേ. ഇനി ഇങ്ങനെ ജോലി എടുക്കാതെ നടക്കാൻ പറ്റില്ല്യ , നാളെ മൊതല് പണിക്കാ വരണംന്ന് പറഞ്ഞ് അവന്റെ അച്ഛൻ . ഒരു അലർച്ച. പിന്നെ ഒറ്റ വീഴ്ചയാണ്. “
അമ്മ അടുത്ത് കുറ്റബോധത്തോടെ നിക്കുന്ന ഒരു മെലിഞ്ഞ പേക്കോലം ആയ അച്ഛനെ നോക്കി . അച്ഛൻ ദൈന്യതയോടെ എന്നെ നോക്കി . ചുറ്റും ഉള്ള നാട്ടുകാരും വീട്ടുകാരും ഒക്കെ മത്സരിച്ച് എന്നെ നോക്കി . ഞാൻ തിരിഞ്ഞു പേഷ്യന്റിനെ നോക്കാൻ ആരംഭിച്ചു .
എല്ലാം നോർമൽ .
ഒരു പ്രശ്നവും കാണാനില്ല . കണ്ണ് ഇറുക്കിയടച്ച് കിടക്കുകയാണ് . ഇടക്ക് പാതി തുറന്ന നോക്കിയാ പോലെ . തോന്നിയതാണോ ?
സിസ്റ്ററെയും മറ്റു ജോലിക്കാരെയും വിളിച്ച് , ചുറ്റും സ്ക്രീൻ വയ്ക്കാൻ പറഞ്ഞു .
“എന്തായാലും ഉടൻ മൂത്രം പോവാൻ കുഴൽ ഇടണം . മൂക്കിലൂടെ അയറ്റിലേക്കും കുഴൽ ഇടണം .”
“കുഴൽ നിർബന്ധം ആണോ ടാക്ട്രേ ?”
“പിന്നേ . കിഡ്നി അസുഖം ആണോ എന്ന് നോക്കണം . മൂത്രം പോവുന്നതിന്റെ അളവ് നോക്കാൻ ആണ് .”
ആളുകളെ ഒക്കെ പുറത്താക്കി . ഷർട്ടും മുണ്ടും അഴിച്ചു . നേഴ്സിങ് അസിസ്റ്റന്റ് ജോസേട്ടൻ അണ്ടർവെയർ അഴിക്കാൻ നോക്കിയപ്പോ കൈ ഒക്കെ കൊണ്ട് വന്ന് എന്തോ ഒരു ഉടക്ക് ലൈൻ . കണ്ണ് ഇറുക്കി അടച്ചു തന്നെ . അഴിച്ചിട്ടു തന്നെ ബാക്കി കാര്യം എന്ന മട്ടിൽ തടിയൻ ജോസേട്ടൻ .
പെട്ടന്ന് , അതാ അത്ഭുതം നടക്കുകയാണ് .
രോഗി കണ്ണ് തുറന്ന് എഴുന്നേറ്റ് ഒറ്റ ഇരുപ്പ് . എന്നെ ചുട്ട ഒറ്റ നോട്ടം .
“എന്റെ സാമാനത്തില് റ്റിയൂബ് കേട്യാ – കണ്ണേ – നീ വെവരം അറിയും മയിലേ .”
ഈ പറഞ്ഞത് എന്താണ് എന്ന് നിങ്ങളിൽ പലർക്കും മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്നെനിക്കറിയാം .
എന്നാ ഞാൻ ഒരു സത്യം പറയട്ടെ . എനിക്കും മനസ്സിലായില്ല . ഇനി വേറെ വല്ലോം ആണോ പറഞ്ഞെ ? ഞാൻ കേട്ടതിന്റെ കുഴപ്പം ആണോ ?
എനിക്കറിഞ്ഞൂടാ . ഞാൻ ഒരു നിഷ്കളങ്കൻ ആണേ . അതാ .
പക്ഷെ ഒരു കാര്യം എനിക്ക് മനസിലായി .
രോഗി പരിപൂർണ സൗഖ്യം പ്രാപിച്ചിരിക്കുന്നു !. ബഹുത് ബഹുത് സ്തോത്ര ഹോ .
ഞാൻ പതിയെ അവനോട് പറഞ്ഞു :
“അല്ലയോ മഹാത്മാവേ . താങ്കൾക്ക് എന്ത് വാക്കുകൾ വേണമെങ്കിലും ഉചിതം ആയവ ഉപയോഗിക്കാം . ഇത് ഒരു ജനാധിപത്യ രാഷ്ട്രം ആകുന്നു . പക്ഷെ ഒരു കാര്യം താങ്കൾ കൂലങ്കഷമായി മനസ്സിലാക്കണം . അസുഖം മാറിയില്ലെങ്കിൽ , താങ്കളുടെ നാസികയിലൂടെയും ശിശ്നം അഥവാ ലിംഗത്തിലൂടെയും നാളിക പ്രവേശിപ്പിക്കേണ്ടി വരും എന്ന് അത്യന്തം വിനീതമായി ഉണർത്തിച്ചു കൊള്ളുന്നു .”
ഇത് കേട്ടതും അവൻ ഒന്നൂടി എന്നെ തുറിച്ചു നോക്കി , ഞാൻ പറഞ്ഞു:
“അസുഖം ഒക്കെ മാര്യാ , ഗഡീ ? മ്മക്ക് വീട്ടിലേക്കാ പോയാല ?”
അവൻ തലയാട്ടി .
ചുറ്റും ഉള്ള കർട്ടൻ എല്ലാം മാറ്റി . ആളുകൾ എന്റെ ചുറ്റും കൂടി .
“ഒരു പ്രശ്നോല്യ . കണ്ടില്യേ എഴുന്നേറ്റ് ഇരിക്കണേ . സാർ വന്നു കണ്ടിട്ട് പോയാ മതി .”
ഇത്രയും വലിയ രോഗ ശാന്തികൾ അപൂർവം ആണെങ്കിലും , ഇത് പോലെ പിന്നിങ്ങോട്ട് ഇഷ്ടം പോലെ രോഗ ശാന്തികൾ കണ്ടിട്ടുണ്ട് . ചെറു രോഗങ്ങൾ , ഗുരുതര രോഗങ്ങൾ – ഒക്കെ മാറി ആളുകൾ വീട്ടിലേക്ക് പോകുന്നു . ചിലപ്പോൾ ചിലർക്ക് രോഗം മൂർഛിക്കുന്നു . മരിക്കുന്നു . നിസാര രോഗങ്ങൾ മൂലം മരിക്കുന്നതും കണ്ടിട്ടുണ്ട് .
ഇപ്പോഴും രോഗികൾക്ക് ഗുരുതര പ്രശ്നം വരുമ്പോൾ അറിയാതെ പ്രാർത്ഥിച്ചു പോകും . ദൈവം ഉണ്ടെന്നു വിശ്വസിക്കുന്ന രോഗികളെ ആണ് ഞങ്ങൾ ഡോക്ടർമാർക്ക് ഇഷ്ടം . ഇല്ലെങ്കിൽ രോഗി മോശമാകുന്നതിന്റെയും , മരിക്കുന്നതിന്റെയും ഒക്കെ കുറ്റം ഭാഗികമായെങ്കിലും ഏറ്റെടുക്കാൻ ആരെങ്കിലും വേണ്ടേ ? ഷ്ടോ ?
രോഗം ഭേദം ആവുന്നതിന്റെ ഇച്ചിരെ ക്രെഡിറ്റ് ദൈവത്തിനു പോയാലും കുഴപ്പമില്ല . ല്ലേ ?
ഉം . (ജിമ്മി മാത്യു )