ഒന്ന് രണ്ടു ലക്ഷം കൊല്ലമായി തെണ്ടിത്തിരിഞ്ഞു , നൂറും ഇരുനൂറും ഉള്ള കൂട്ടങ്ങളായി , ആണും പെണ്ണുമായി , ഒരു മൂപ്പന്റെ കീഴില് നടന്നിരുന്നു മാനവരാശി മൊത്തം . ഇടയ്ക്കിടെ അടുത്ത കൂട്ടങ്ങളുമായി കച്ചറകൾ ഉണ്ടാകും . അങ്ങോട്ടും ഇങ്ങോട്ടും കൊല്ലും . ചിലപ്പോൾ മറ്റേ ഗോത്രത്തിലെ എല്ലാ ആണുങ്ങളെയും കൊല്ലും . പീഡിപ്പിച്ചും പെട്ടെന്നും കൊല്ലും . ഒക്കെ ലോക്കൽ ആചാരങ്ങൾ അനുസരിച്ചിരിക്കും . പെണ്ണുങ്ങളെ ബലാത്സംഗം ചെയ്യും . പിടിച്ചോണ്ട് പോകും . ഒക്കെ ആചാരങ്ങൾ തന്നെ . അവരവരുടെ ദൈവങ്ങൾക്ക് ജയിച്ചവർ നന്ദിയും , മൃഗബലിയും , ചിലപ്പോ നര ബലിയും കൊടുക്കും കേട്ടോ . കുറ്റം പറയരുതല്ലോ – എന്ത് മനോഹരമായ ആചാരങ്ങൾ !
ആളോള് തല ഉപയോഗിച്ചു . പ്രകൃതിയെ കുറച്ചൊക്കെ വരുതിയിൽ വരുത്തി . ആനേക്കാൾ വലിയ മാമോത്തുകളെ കല്ലും വടിയും മാത്രം കൊണ്ട് അച്ചാലും കൊന്നു തീർത്തു . തിന്നു . ഉണക്കിറച്ചി സൂക്ഷിച്ചും വച്ചു. ചുമ്മാ ചില്ലറ ആളോളല്ല , ഈ ആളോള് .
ഫലം എന്താ – കണ്ടമാനം പെറ്റുപെരുകി . അലഞ്ഞു തിരിയാൻ സ്ഥലം തികയാതെ ആയി . കൃഷി , മൃഗവളർത്തൽ തുടങ്ങി . നഗരങ്ങൾ ആയി . വലിയ ആൾതാമസമുള്ള മേഖലകൾ ആയി .
കച്ചവടം കുറെ പണ്ടേ തന്നെ തുടങ്ങിയിരുന്നു . ഇപ്പൊ അത് ഉച്ചസ്ഥായിയിൽ ആയി . ഇല്ലാതെ പറ്റില്ലല്ലോ . അമ്പും വില്ലും ചറ പറ ഉണ്ടാക്കുന്നവന് വേറൊന്നിനും സമയം ഇല്ല . തിന്നാൻ അത് കൊടുത്ത് ധാന്യം വാങ്ങണം . മീൻ പിടിക്കുന്നവന് തുണി ഉടുക്കണ്ടേ ? നല്ല ഉഷാർ പരുത്തി ഉണക്കി തുണി ഉണ്ടാക്കുന്ന ഒരു ഗ്രാമം തന്നെ ഉണ്ട് . അവന്മാർക്ക് പക്ഷെ വേറൊന്നും അറിഞ്ഞൂടാ . കച്ചോടം ഇല്ലെങ്കിൽ നിപുണന്മാർ ഇല്ല . ഏതെങ്കിലും ഒരു കാര്യത്തിൽ നിപുണതകൾ വികസിപ്പിക്കാൻ പറ്റിയില്ലെങ്കിൽ മനുസ്സന്മാർ ഇപ്പോളും തുണിയുടുക്കാതെ , പല്ലിയെയും പാറ്റയെയും തിന്നു ജീവിച്ചേനെ .
പക്ഷെ കുഴപ്പം ഉണ്ട് . യുദ്ധം ചെയ്യാൻ നിപുണന്മാർ ഉണ്ട് . കള്ളന്മാരിലും എക്സ്പെർട്ടുകൾ ഉണ്ട് . കൊലപാതകികളും , ബലാത്സംഗികളും ആണ് ഒക്കെ . ഉദ്ഭവപാപം ആളോളെ വിട്ട് പോകുന്നില്ലല്ലോ .
അപ്പൊ ലോക്കൽ ഗുണ്ടകൾ പൊങ്ങി വരും . തടിമാടന്മാർ ഉണ്ട് . വാളും കുന്തവും ഉപയോഗിക്കുന്നതിൽ ആണ് നിപുണത . അതിൽ ചിലർ കൂട്ടാളികളെയും കൂട്ടി റോന്ത് ചുറ്റും . പൈസ പിരിക്കും . വേറെ കൊള്ളക്കാരെ വന്നാൽ അടിച്ചോടിക്കാം എന്ന് . ആദ്യത്തെ ഗുണ്ടാ പിരിവ് . ഈ ഗുണ്ടാ നേതാക്കന്മാർക്ക് പിന്നീട് കാലക്രമേണ വന്ന പേരാണ് രാജാവ് ! ഗുണ്ടാ പിരിവിനു പിന്നീട് പറഞ്ഞ പേരാണ് കരം അഥവാ ടാക്സ് !
ഇപ്പൊ നമ്മുടെ ഗവെർന്മെന്റ് ചെയ്യുന്നതും ഇതാണ് . ആളോള് ഓരോന്ന് ഉണ്ടാക്കുന്നു , അല്ലെങ്കിൽ സേവനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നു . സർക്കാർ കാശു പിരിക്കുന്നു . നിയമങ്ങൾ നടപ്പാക്കുന്നു . പോലീസ് , പട്ടാളം , ഒക്കെ വച്ച് കൊണ്ടിരിക്കുന്നു . വളരെ ഷോർട്ടായി , ഹ്രസ്വമായി , ചുരുക്കി , ഒറ്റയടിക്ക് , ചട് പിടു എന്ന് പറഞ്ഞാൽ ഇതൊക്കെ ആണ് കാര്യങ്ങൾ .
ഇതിന്റെ ഇടക്ക് വേറെ ചിലർ ഉണ്ട് . വില്ലുണ്ടാക്കുന്നവരുടെ കുല ദൈവത്തെ എങ്ങനെ പ്രീതിപ്പെടുത്താം ? മഴദേവനെ എങ്ങനെ കൈക്കൂലി കൊടുത്ത് ഒതുക്കാം ? ഭാവി പറയണോ ഹേ ? എന്ത് ? മരിച്ച അപ്പനോട് എന്തേലും ചോദിക്കണം എന്നോ ? വഴിയുണ്ടാക്കാമല്ലോ .
മനുഷ്യന് സ്പിരിച്വൽ ആവശ്യങ്ങൾ ഉണ്ട് – സ്പിരിച്വൽ . സ്പിരിറ്റും വേണം . കഞ്ചാവും വേണം . സ്പിരിച്വാലിറ്റിയും വേണം .
ഇവരും രായാക്കന്മാരും ഇപ്പോഴും ഒത്തു പോകും . രാജാവിനെ ഭയക്കണം . എന്നാലേ ലക്ഷങ്ങൾ ഉള്ള ഒരു രാജ്യം ഭരിക്കാൻ പറ്റൂ . അപ്പൊ രാജാവാരാ ? ദൈവം . അല്ലെങ്കിൽ ദൈവത്തിന്റെ അളിയൻ . രാജ്യദ്രോഹം പാപം . ദൈവം കോപിക്കും !
വി പി മേനോൻ എന്ന മലയാളി മേനോൻ , ആയിരവും രണ്ടായിരവും മാത്രം ജനസംഖ്യ ഉള്ള ചില രാജ്യങ്ങളിലെ രാജാവിനെ കണ്ട് , ആയിരത്തി തൊള്ളായിരത്തി നാല്പത്താറിൽ, ഇന്ത്യയിൽ ചേരു പ്രഭോ , എന്നും പറഞ്ഞു നടക്കുമ്പോൾ , പല ഡൂക്കിലി രാജാവും പറഞ്ഞത് ഇതാണ് .
“ഞാൻ രാമന്റെ കുലത്തിൽ ഉള്ളതാണ് .”
“ഞാൻ കൃഷ്ണന്റെ !”
“ഞാൻ സൂര്യവംശിയാ.”
സോറി . പറയാൻ വന്നത് , ഇന്ത്യയുടെ കാര്യം ആണ് . ബ്രിറ്റീഷുകാർ ഭാണ്ഡം തുറന്നു നമ്മളെ മോചിപ്പിക്കാൻ തീരുമാനിച്ചു . പുറത്ത് വരുന്നത് രണ്ടു രാജ്യങ്ങൾ – ഇന്ത്യ , പാകിസ്ഥാൻ .
അല്ല – വേറെ കുറെ ഉണ്ട് . 1946 ആയപ്പോൾ ആണ് ആ മൂന്നു പേർക്കും അത് കത്തിയത് . ഏത് മൂന്നു പേര് ?
ഗാന്ധി
നെഹ്റു
പട്ടേൽ . ഇവർ ആണ് പ്രധാന നായകർ , അന്ന് .
ഭാണ്ഡം കുടഞ്ഞിടുമ്പോൾ, ഒരു വലിയ ഇന്ത്യയും , വലിപ്പം അധികം ഇല്ലാത്ത പാകിസ്ഥാനും പുറത്തു വീഴുന്നതിനൊപ്പം , അഞ്ഞൂറ്റി അൻപതോളം ചെറു രാജ്യങ്ങളും ചില്ലറ പൊഴിയുമ്പോലെ പുറത്തു വീഴും . ഇതിനെ ഒക്കെ എന്ത് ചെയ്യാൻ ? ചിലത് കശ്മീർ , ഹൈദരാബാദ് , പോലെ ഉള്ള നല്ല വലിപ്പം ഉള്ളവ ആണ് . തിരുവിതാംകൂർ പോലെ വളരെ ചുരുക്കം ചിലത് കുഴപ്പമില്ലാതെ ഭരിക്കുന്നുണ്ട് . പ്രജകൾ , ബ്രിടീഷ് ഇന്ത്യ യെക്കാൾ ഒരു പിടി നന്നായിത്തന്നെ ഇരിക്കുന്നു .
എന്നാൽ മിക്കതും ” ഊള കുപ്പത്തൊട്ടികൾ ആണ് . രാജാക്കന്മാർ ക്രൂരരും പ്രാന്തന്മാരുമായ അലവലാതികളും ആണ് .” ഇത് ഞാൻ പറഞ്ഞതല്ല . ഒരു ചരിത്രകാരന്റെ വാക്കുകൾ ആണ് .
നെഹ്റുവിനെ പേടിയും മഹാ വെറുപ്പും ആണ് രായാക്കന്മാർക്ക് . അത് കൊണ്ടാണ് , നറുക്ക് പട്ടേലിന് വീണത് . പട്ടേൽ മൌണ്ട് ബാറ്റനെ കണ്ടു . പിന്നെ – സന്തോഷിച്ചാട്ടെ , സന്തോഷിച്ചാട്ടെ – ഒരു മലയാളിയും കൂടി ചേർന്നാണ് രായാക്കന്മാരെ ഒതുക്കിയത് . വി പി മേനോൻ എന്ന ഒരു ഉദ്യോഗസ്ഥൻ . കുറുക്കരിൽ കുറുക്കൻ . ചാണക്യരിൽ മുതു ചാണക്യൻ . ഉഡായിപ്പിൽ പി എച് ഡി .
അപ്പൊ മൂന്നു പേര് ചേർന്നാണ് രായാക്കന്മാരെ ഒതുക്കിയത് :
മൗണ്ട് ബാറ്റൻ
പട്ടേൽ
വി പി മേനോൻ
മൗണ്ട് ബാറ്റനോട് പട്ടേൽ പറഞ്ഞു :
“സായിപ്പണ്ണ , പോയാ പിന്നെ ഇവരെ തിരിഞ്ഞു നോക്കൂല്ല എന്ന് പറഞ്ഞേക്കണം .”
മൌണ്ട് ബാറ്റൻ ഉള്ള രാജാക്കന്മാരെ ഒക്കെ വിളിച്ചു കൂട്ടി പറഞ്ഞു :
“ഞങ്ങ പോവ്വാണ് . നിങ്ങ എന്ത് വേണോ ആയിക്കോ . പക്കേങ്കി , ഒന്നോർക്കണം . ഇനി ഇന്ത്യ ആണ് ഗുണ്ട . ചേർന്നോ , ചേർന്നോ . ഇല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും . വലിയ വില .”
“ചതി – കൊലച്ചതി . എന്താണ് ചിലയിടത്ത് ചാരം , ചിലയിടത്ത് പുക ,???!!!”
“വിശ്വാസം , അതല്ലേ എല്ലാം ?” എന്നെല്ലാം കുറെ രായാക്കന്മാർ നിലവിളിച്ചു . മൌണ്ട് ബാറ്റൺ മൈൻഡ് ചെയ്തില്ല .
അങ്ങനെ വി പി മേനോൻ ഓരോ ചെറു രാജ്യങ്ങളും സന്ദർശിച്ചു . രാജാക്കന്മാരുടെ കാലും ഒക്കെ തലോടി . പദവി നില നിർത്താം , കാശ് കൈൽ വച്ചോ എന്നൊക്കെ പറഞ്ഞു . രാജ്യം നമ്മക്ക് വേണം . പട്ടേൽ പറഞ്ഞിരിന്നു :
“അവന്മാരുടെ സ്വർണോം പെണ്ണുങ്ങളേം ഒന്നും ഇന്ത്യക്ക് വേണ്ട . പക്കേങ്കി , അവരടെ സ്ഥലം . മിട്ടി . മണ്ണ് . അത് ഞമ്മക്ക് കിട്ടണം .” സംഭവം സ്ത്രീകളെ അപമാനിച്ചു പട്ടേൽ . പക്ഷെ പറഞ്ഞതാണ് .
ഓരോരുത്തർ ആയി ചേർന്നു . ഭയങ്കര രസികൻ കഥകൾ ആണ് . അവസാനം നാല് പേര് ആണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത് . അതിൽ , സന്തോഷിച്ചാട്ടെ , സന്തോഷിച്ചാട്ടെ – മ്മ്ടെ തിരുവിതാംകൂറും ഉണ്ട് !
കശ്മീർ
ജുനഗഢ്
ഹൈദരാബാദ്
തിരുവിതാംകൂർ .
കശ്മീർ ഇപ്പോഴും പ്രശ്നം തന്നെ . അത് വേറെ ടോപിക് ആണ് . ഹിന്ദു രാജാവും ഭൂരിപക്ഷം മുസ്ലിം പ്രജകളും .
ജുനഗഢ് – മുസ്ലിം രാജാവും ഭൂരിപക്ഷം ഹിന്ദു പ്രജകളും . പട്ടി പ്രേമി ആണ് രായാവ് . രണ്ടായിരം പട്ടികൾ ഉണ്ട് . രണ്ടു പട്ടികളുടെ കല്യാണം നടത്തി . മൂന്ന് ലക്ഷം രൂപ അന്ന് ചിലവിട്ട് ആണ് സദ്യ കൊടുത്തത് . ഒരു ശരാശരി പ്രജയുടെ മാസ വരുമാനം മൂന്നു രൂപ . ബെസ്റ്റ് രായാക്കന്മാർ ആരുന്നേ .
അങ്ങേരു ചാടിക്കേറി പാകിസ്ഥാനിൽ ചേരുന്നു എന്നും പറഞ്ഞു , കത്തും കൊടുത്തു ! പ്രജകൾ ഇളകി . അങ്ങേര് പട്ടികളെയും കൊണ്ട് ഓടി പാകിസ്ഥാനിൽ പോയി ഒളിച്ചു . ഇന്ത്യ കേറി ഇങ്ങോട്ട് ചേർത്ത് . ഹിത പരിശോധന നടത്തി കേട്ടോ .
ഹ്യദരാബാദിലെ നിസാം . അട്ട കടിച്ചാൽ വിടുവിക്കാൻ ഉപ്പ് തേക്കാത്ത മഹാൻ . ശത കോടീശ്വരൻ . അങ്ങേർക്ക് സ്വതന്ത്ര രാജ്യം ആയി നിക്കണം ! ഭൂരിപക്ഷം ഹിന്ദുക്കൾ തന്നെ . കുറെ ഏറെ മുസ്ലീങ്ങൾ ഉണ്ട് . മുസ്ലീങ്ങളിൽ ചിലരെ സംഘടിപ്പിച്ചു ലഹളയോട് ലഹള . കാസിം റാസ്വി എന്ന ഒരാളുടെ കീഴിൽ രാസാക്കാർ എന്ന ഒരു ചാവേർ പട ഉണ്ടാക്കി , മുടിഞ്ഞ ലഹളന്ന്യെ.
പട്ടേൽ കുറച്ച് കാത്തിരുന്നു . ഒരു രാത്രി കുറെ പട്ടാളക്കാരെ വിട്ടു . കുറെ രസാക്കർ ആൾക്കാരെ പെട്ടന്ന് കാണാനില്ലാതെ ആയി . പെട്ടന്ന് നിസാം റേഡിയോയിൽ വന്നു പറഞ്ഞു :
“രസാക്കർ ഒക്കെ ഊളകൾ . കാസിം റാസ്വി മുതു ഊള .
ഇന്ത്യക്കാർ നല്ലവർ . എന്ത് നല്ല രാജ്യം. നുമ്മക്ക് ഇന്ത്യയിൽ ചേരണം .”
മനം മാറി , മനം മാറി ! ഉഷാർ ഉഷാർ . എല്ലാം വളരെ പെട്ടന്നായിരുന്നു .
തിരുവിതാംകൂർ ഉണ്ടല്ലോ . ദിവാൻ സി പി രാമസ്വാമി അയ്യർ . മിഡ് മിടുക്കൻ . രാജാവ് ഉള്ളം കൈലെ പാവ . കുറെ സദ്ഭരണം ക്രെഡിറ്റ് പുള്ളിക്ക് എടുക്കാം എന്ന് കൂട്ടിക്കോ . പക്ഷെ ഗാന്ധി ഊള . നെഹ്റു തെണ്ടി- ഇങ്ങനെ ഇരുപത്തിനാലുമണിക്കൂറും പറഞ്ഞോണ്ടിരിക്കും . സ്വാതന്ത്ര്യ സേനാനികളെ ഒക്കെ അടിച്ചമർത്തും .
തിരുവിതാംകൂർ വേറെ രാജ്യമായി നിക്കും – ദിവാൻ പ്രഖ്യാപിച്ചു . മോണോസൈറ്റ് ബ്രിട്ടന് വിൽക്കാൻ കരാർ വരെ ഉണ്ടാക്കി . മറ്റു രാജ്യങ്ങളിലേക്ക് അംബാസഡർമാരെ അയച്ചു . കപ്പൽപ്പട റെഡി ആക്കി . ആകെ ജക പോക . പൊന്നു തമ്പുരാൻ ആചന്ദ്രതാരം വാഴും . ജയ് മഹാരാജൻ ! ദീവാൻ നീണാൾ വാഴട്ടെ .
ജനങ്ങൾ ഇളകി . സി പി പോലീസിനെ വിട്ട് അടി തുടങ്ങി .
ഒരു പരിപാടിക്കിടെ കറന്റ് കളഞ്ഞു , ഒരു അയ്യർ , സ്വാതന്ത്ര്യ സേനാനി , സുബ്ര അയ്യർ വെട്ടുകത്തി വച്ച് സി പി യെ ഒറ്റ വെട്ട് വെട്ടി , മുണ്ടില്ലാതെ ഓടി രക്ഷപ്പെട്ടു . ഐ മീൻ , വന്നപ്പോൾ ഉണ്ടായിരുന്നു . ഓടിയപ്പോ അഴിഞ്ഞു പോയി . മുണ്ട് വേറെ ആരോ ഒളിപ്പിച്ചു .
സീ – അക്രമം ഒന്നിനും ഒരു പരിഹാരം അല്ല . പക്ഷെ സ്ഥിരം നിങ്ങളെ വഴിയിൽ വച്ച് തെറി പറയുന്ന ഒരു കള്ളുകുടിയൻ ഉണ്ട് എന്ന് വിചാരിക്കുക . എന്ത് ചെയ്യും ? പല വഴികൾ നോക്കീട്ട് ഒന്നും നടക്കുന്നില്ല . പോലീസ് മൈൻഡ് ചെയ്യുന്നില്ല .
കരണക്കുറ്റിക്ക് ഒരറ്റയെണ്ണം ഒരു ദിവസം കൊടുത്തു എന്ന് വിചാരിക്ക് – സംഭവം മിക്കവാറും സോൾവ് ആകും . അതിന്റെ ഒരു കിടപ്പു വശം , സോറി അടിപ്പ് വശം അങ്ങനാണ് .
ഇവിടെ അയ്യർ അയ്യരെ വെട്ടിയപ്പോൾ , അയ്യരുടെ ചെവി അറ്റു തൂങ്ങി . പക്ഷെ ഒറ്റ വെട്ടിൽ ഒട്ടിപ്പോയി ! തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേർന്നു !
മുണ്ട് പോയ അയ്യർ , ചെവി പോയ അയ്യർ . എന്താ ഒരു അയ്യര് കളി!
ആശുപത്രി കിടക്കയിൽ വച്ച് തന്നെ ചെവി പോയ അയ്യർ രാജാവിനോട് ഉപദേശിച്ചു :
“രായാവെ – ചേർന്നോ , ചേർന്നോ . അതാ നല്ലത് . ”
മനം മാറി , മനം മാറി ! കണ്ടോ കണ്ടോ . അഭിപ്രായം ഒരിക്കലും ഇരുമ്പുലക്ക ആവാൻ പാടില്ല .
മുണ്ട് പോയ അയ്യർ മുണ്ടുടുത്ത് പുറത്തേക്കിറങ്ങി . ഇനി ഒളിക്കണ്ടല്ലോ . ചെവി പോയ അയ്യർ തലയിൽ മുണ്ടും ഇട്ട് മദിരാശിക്ക് വണ്ടി കേറി .
ഇതോടെ ഇവിടെ രായാക്കന്മാരുടെ വാഴ്ച അവസാനിച്ചു .
പക്ഷെ ചരിത്രമല്ലേ – ഇനിയും പല തരത്തിൽ ഉള്ള രാജാക്കന്മാർ തല പൊക്കാൻ മതി . നമ്മൾ അത്രേം പുരോഗമിച്ചിട്ടൊന്നും ഇല്ല . ഗുണ്ടാ പിരിവും ഗുണ്ടായിസവും അവസാനിച്ചിട്ടും ഇല്ല . നിയമ വാഴ്ച എന്നൊക്കെ ഡയലോഗ് ഒക്കെയേ ഉള്ളു . ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ . (ജിമ്മി മാത്യു )